Image

അപകടകരമായ വിധത്തില്‍ ന്യൂനപക്ഷ അപരവല്‍ക്കരണം (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 16 June, 2019
അപകടകരമായ വിധത്തില്‍ ന്യൂനപക്ഷ അപരവല്‍ക്കരണം (കലാകൃഷ്ണന്‍)

റെഡി ടു വെയ്റ്റ് സമരങ്ങള്‍ക്കും ശബരിമല പ്രക്ഷോഭങ്ങള്‍ക്കും ശേഷം കേരളം കൂടുതല്‍ വിഭാഗീയമായി ചിന്തിക്കുന്നു എന്നത് വളരെ പ്രകടമാകുകയാണ്. കടുത്ത ന്യൂനപക്ഷ അപരവല്‍ക്കരണത്തിലേക്കാണ് കേരളത്തെ ഒരു സംഘം ഹിന്ദുത്വ വര്‍ഗീയ വാദികള്‍ കൊണ്ടു ചെന്നെത്തിക്കുന്നത്. കേരളത്തില്‍ ശക്തമായ ഐ.എസ് ആശയങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ശക്തിപകരുന്നു എന്നതാണ് സത്യം. ഒരു ചെറിയ ഉദാഹരണം പറയാം.  ന്യൂനപക്ഷ വിഭാഗമായ മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സൗജന്യമായി കൊടുക്കുന്ന പദ്ധതി നേരത്തെ തന്നെ നിലവിലുണ്ട്. മോദി സര്‍ക്കാര്‍ ഇതിലേക്കായി ഏറ്റവും ഉയര്‍ന്ന തുകയായ 74 കോടി രൂപ വകയിരുത്തി എന്നത് യഥാര്‍ഥ്യമാണ്. നല്ല കാര്യം ചെയ്തത് മോദി സര്‍ക്കാരാണെങ്കിലും നല്ലത് എന്ന് തന്നെ പറയണമല്ലോ. ആയിര കണക്കിന് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഈ സ്കീം വഴി പ്രയോജനം ലഭിക്കുകയും ചെയ്യും. കേന്ദ്രമന്ത്രി സഭയിലെ അംഗമായ മുക്താര്‍ അബ്ബാസ് നഖ്വി ഇത് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ വൈകാരികമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ശബരിമല പ്രക്ഷോഭത്തിലെ മുന്‍നിരക്കാരിയും റെഡി ടു വെയ്റ്റ് സമരത്തിന്‍റെ സംഘാടകയുമായ ശ്രീമതി പദ്മ പിള്ള. റെഡി ടു വെയ്റ്റിന് വേണ്ടി ദേശിയ അന്തര്‍ദേശിയ ചാനലുകളില്‍ എത്തുന്ന മുഖമാണ് പദ്മാ പിള്ളയുടേത്. ന്യൂനപക്ഷ സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ള കാര്യങ്ങള്‍ നടത്തുന്നതിനെപ്പോലും ഇവിടെ പദ്മാ പിള്ളയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മറിച്ച് ഇത് ശരിയല്ല എന്നതും മോദി സര്‍ക്കാര്‍ ചെയ്യുന്നത് തീരെ ശരിയല്ല എന്നതുമാണ് ഇവിടെ പദ്മ പിള്ള മുന്നോട്ടു വെക്കുന്ന പ്രശ്നം.
കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ മലയാള സിനിമയെ സംബന്ധിച്ച ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നു. ബിജെപി സ്പോണ്‍സേര്‍ഡ് പത്രത്തിലല്ല മറിച്ച മതേതര പത്രത്തിലാണ് ലേഖനം വരുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ ഇറങ്ങിയ സിനിമകളാണ് ലേഖനം മുമ്പോട്ടു വെക്കുന്നത്. വൈറസ്, തമാശ, തൊട്ടപ്പന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ദ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്നീ സിനിമകള്‍ ഒരേ ദിവസം റിലീസ് ചെയ്തു. ഈ സിനിമകളുടെ എല്ലാം സംവിധായകന്‍ മുസ്ലിംങ്ങളാണ് എന്നാണ് ലേഖനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസിന്‍റെ സംവിധായകന്‍ ആഷിക് അബു, തമാശയുടെ സംവിധായകന്‍ അഷ്റഫ് ഹംസ, തൊട്ടപ്പന്‍റെ സംവിധായകന്‍ ഷാനവാസ് ബാവുക്കുട്ടി, ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍റെ സംവിധായകന്‍ ഷാഫി, ഗ്രാന്‍ഡ് ഫാദര്‍ ഒരുക്കിയത് അനീഷ് അന്‍വര്‍. തൊട്ടടുത്ത ആഴ്ച റിലീസ് ചെയ്ത ഉണ്ടയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍. ഷാഫിയും ആഷിഖും ഇവിടെ എത്രയോ നാളായി സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍ ആരും അവരുടെ മതം നോക്കിയല്ല സിനിമ കണ്ടിരുന്നത്. എന്നാലിപ്പോള്‍  സിനിമാ സംവിധായകന്‍ മതം തിരയുന്ന വിധത്തില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. 
കൊച്ചിയിലെ മുസ്ലും സംവിധായരുടെ സിനിമാ ലൊക്കേഷനില്‍ ചെന്നാല്‍ മുസ്ലിം പള്ളിയിലെ നമസ്കാരം കഴിഞ്ഞ് ആളുകള്‍ ഇറങ്ങി വരുന്ന പോലെയാണെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. എത്രത്തോളം വര്‍ഗീയ ഭ്രാന്ത് പിടിച്ച ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാന്‍ കഴിയു എന്ന് ആലോചിക്കണം. എന്നാല്‍ ഈ വര്‍ഗീയ ഭ്രാന്ത് കേവലം പത്രലേഖനത്തില്‍ നിന്ന് ഹൈന്ദവ ധര്‍മ്മ സംരക്ഷകരുടെ ഫേസ്ബുക്കിലൂടെ നീളുന്നു. മുസ്ലിം നാമധാരികളായ സംവിധായരുടെ സിനിമകളെ 'മലപ്പുറം പടങ്ങള്‍'  എന്ന് വിളിച്ചു കൊണ്ടാണ് ഈ ഫേസ്ബുക്ക് പേജുകളില്‍ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഈ സിനിമകളില്‍ ഹിന്ദുക്കളെ മോശമാക്കുന്നു എന്ന വിധത്തില്‍ നിരൂപണങ്ങളും പ്രചരിക്കപ്പെടുന്നു. ആഷിക് അബുവിനെപ്പോലെയുള്ള സംവിധായകര്‍ ഇടതുപക്ഷ അനുഭാവികളാണ് എന്നതും വിഭാഗീയതയ്ക്കായി എടുത്തു കാട്ടപ്പെടുന്നു. ഒരു കാലത്ത് രഞി്ജിത്തും ഷാജി കൈലാസും പ്രീയദര്‍ശനും സവര്‍ണ ഹൈന്ദവ ബിംബങ്ങളെ അപകടരമായ വിധം ആഘോഷിച്ചപ്പോള്‍ ആരും അതിനെ ചോദ്യം ചെയ്തിട്ടില്ല. മലപ്പുറം ബോംബ് കിട്ടുന്ന സ്ഥലമാണെന്ന് മോഹന്‍ലാലിനെക്കൊണ്ട് രഞ്ജിത്ത് പറയിച്ചിട്ടുണ്ട് ആറാം തമ്പുരാനില്‍. ആരും സിനിമക്കപ്പുറത്തേക്ക് അതിനെ വിമര്‍ശിക്കാന്‍ പോയില്ല. എന്നാലിന്ന് മലപ്പുറത്തെ കഥ സിനിമയില്‍ പറഞ്ഞാല്‍ കൂടി പ്രശ്നമാണ് എന്ന വിധത്തിലായിരിക്കുന്നു കാര്യങ്ങള്‍. 
മതസംഘര്‍ഷങ്ങള്‍ക്ക് സാധ്യതകള്‍ തിരയുന്ന ഒരു വിഭാഗം ഹൈന്ദവ തീവ്രവാദികള്‍ ഇപ്പോള്‍ കേരളത്തില്‍ വളരെ സജീവമായിരിക്കുന്നു എന്നത് ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്. പാഞ്ചാലിമേട് എന്ന ഹില്‍ സ്റ്റേഷനിലെ കുരിശ് സ്ഥാപനത്തിനെതിരെ ഇവര്‍ ഇപ്പോള്‍ സജീവമായി രംഗത്ത് വന്നിരിക്കുന്നു. പഞ്ചാലിമേട് കൈയ്യേറി അനധികൃതമായി കുരിശ് നാട്ടിയിരിക്കുകയാണ് എന്നത് വസ്തുതയാണ്. പാഞ്ചിമേട്ടില്‍ മാത്രമല്ല പല മലകളിലും ഈ വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാണാം. കുറെയൊക്കെ റവന്യൂവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ വീണ്ടും കുരിശ് സ്ഥാപനം മുറയ്ക്ക് നടക്കും. ഈ പ്രദേശങ്ങളെയാണ് ഇപ്പോള്‍ തീവ്രഹൈന്ദവ സംഘടനകളും ലക്ഷ്യം വെക്കുന്നത്. നിയമപരമായി കോടതിയില്‍ നേരിടാവുന്ന കൈയ്യേറ്റങ്ങളെ ത്രിശൂലം സ്ഥാപിച്ച് നേരിടുകയാണ് രണ്ട് ദിവസമായി കേരളത്തില്‍. കുരിശിന് മുമ്പില്‍ തൃശൂലം സ്ഥാപിച്ചുകൊണ്ട് പാഞ്ചിലമേട്ടില്‍ നേര്‍ക്ക് നേര്‍ മത സംഘടനത്തിന്‍റെ വഴിമരുന്ന് ഇട്ടിരിക്കുന്നു. 
ന്യൂനപക്ഷ അപരവല്‍ക്കരണം എന്ന സാധ്യതയിലേക്കാണ് ഇപ്പോള്‍ തീവ്രഹൈന്ദവ പ്രചാരകര്‍ കടന്നു പോകുന്നത്. ഇതിന്‍റെ മുന്‍ നിരത്തിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഒന്നും തന്നെയില്ല. അല്ലാതെ തന്നെ ഒരു കൂട്ടം ഹൈന്ദവ ജീനിയസുകള്‍ എന്ന ലേബലുകളില്‍ ആചാരവിശ്വാസധര്‍മ്മ സംരക്ഷകര്‍ ഉദയം കൊണ്ടിരിക്കുന്നു. കടുത്ത മതവിദേഷ്വവും വിഭാഗീയതും പ്രചരിപ്പിക്കുകയാണ് ഇവരുടെ ആന്ത്യന്തിക ലക്ഷ്യം. അതിന്‍റെ തുടക്കമാണ് മുസ്ലിം സംവിധായകരുടെ സിനിമകളോടുള്ള വെറുപ്പായും കുരിശിന് മുമ്പിലെ ത്രിശൂലമായും രംഗത്ത് വരുന്നത്. ശക്തിയോടെ പ്രതികരിച്ചില്ലെങ്കില്‍ കേരളത്തിന്‍റെ മതേതര സ്വഭാവത്തിന്‍റെ കടക്കല്‍ ഇവര്‍ കോടാലി വെക്കുമെന്ന് തീര്‍ച്ച. 

Join WhatsApp News
josecheripuram 2019-06-18 20:00:05
We all are concerned about all the facts of "VARGHIETHA"but we all are "VARGEEYA VADIKAL".
josecheripuram 2019-06-19 15:21:02
I see a Christian&Hindu togetherness.A cross&a Thrisul,If  as Jesus said peace doesn't worked out,use" TRISUL."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക