Image

ബി.ജെ.പി. എന്ന് ഒരു ദേശീയ പാര്‍ട്ടി ആകും?(ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 21 June, 2019
ബി.ജെ.പി. എന്ന് ഒരു ദേശീയ പാര്‍ട്ടി ആകും?(ഡല്‍ഹികത്ത് :  പി.വി.തോമസ് )
ബി.ജെ.പി.യുടെ തെക്കന്‍ വരള്‍ച്ചക്കും വടക്കന്‍വീരഗാഥയും എല്ലാവര്‍ക്കും അറിയാവുന്നതാണ്. വടക്കന്‍ വീരഗാഥകൊണ്ട് മാത്രം ആണ് അത് ഇന്ന് ഇന്‍ഡ്യ ഭരിക്കുന്നത്. ബി.ജെ.പി.യുടെ തെക്കന്‍ വീരഗാഥക്ക് ഒരു ഭാവി ഉണ്ടോ?
രണ്ടാം പ്രാവശ്യവും തടുര്‍ച്ചയായി അധികാരത്തില്‍ വന്നിട്ടും ബി.ജെ.പി.യുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അസ്വീകാര്യത തുടരുകയാണ്. ഒരു കാലത്ത് ബി.ജെ.പി.യുടെ പ്രധാന മുദ്രാവാക്യം ആയിരുന്നു- ഒരു പക്ഷേ ആര്‍.എസ്. എസില്‍ നിന്നും ഹിന്ദുമഹാസഭയില്‍ നിന്നും കടം എടുത്തത്്- 'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍' എന്നത് ഇന്നും അത് ഏതാണ്ട് തുടരുകയാണ്. അത് ഇപ്പോഴും ഒരു ദക്ഷിണേന്ത്യ ഇതര ഉത്തരേന്ത്യന്‍ കക്ഷിയായി തുടരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ അല്ലെങ്കില്‍ കൗബെല്‍റ്റില്‍ ലഭിച്ച സ്വീകാര്യത ഇല്ലായിരുന്നെങ്കില്‍ അതിന് അധികാരത്തില്‍ വരുവാന്‍ സാധിക്കുകയില്ലായിരുന്നു. അങ്ങനെ അത് ഒരു പശുപ്രവശ്യ പാര്‍ട്ടി ആയിതീര്‍ന്നിരിക്കുന്നു. അതായത് ഇന്‍ഡ്യയുടെ ഭരണകക്ഷി. തെക്ക് അഞ്ചു സംസ്ഥാനങ്ങളും യൂണിയന്‍ ടെറിട്ടറിയും-കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തെലുങ്കാന, പുതുച്ചേരി-ബി.ജെ.പി.യെ തള്ളി. ദക്ഷിണേന്ത്യ കേന്ദ്രഭരണത്തെ കാര്യമായി സ്വാധീനിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു പരിധിവരെ ദക്ഷിണേന്ത്യ കേന്ദ്രഭരണത്തില്‍ അംഗസംഖ്യ കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി. ഭരണത്തില്‍ അതിന് പ്രധാന പങ്കൊന്നും ഇല്ല. പക്ഷേ, കേന്ദ്രഭരണത്തിന് ദേശീയ പ്രതിരൂപം നല്‍കുന്നതിന് ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യം അത്യാന്താപേക്ഷിതം ആണ്. ഇവിടെ ആണ് ബി.ജെ.പി.യുടെയും ഈ ഗവണ്‍മെന്റിന്റെയും പാന്‍ ഇന്‍ഡ്യ പ്രതിഛായ ചോദ്യം ചെയ്യപ്പെടുന്നത്. അതായത് അതിന്റെ അഖിലേന്ത്യ ദേശീയത. ഒരു തെന്നിന്ത്യന്‍ റിപ്പബ്ലിക്ക് വിഭാവന ചെയ്യുക അല്ല അതിന്റെ പ്രതിവിധി. അത് 1960 കളില്‍ കെട്ടടങ്ങിയ ഒരു സി.ഐ.എ.പദ്ധതി ആണ്. അതിനെ വീണ്ടും കുത്തിപ്പൊക്കരുത്. പക്ഷേ, ഇന്‍ഡ്യയുടെ ഭരണം ശരിക്കും തെക്കും വടക്കും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരിക്കണം. അത് വടക്കിന്റെ മേധാവിത്വം ആയിരിക്കരുത്. അത് ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യത്തിന്റെ മാറ്റൊലി ആകരുത്. അത് ഹിന്ദു ദേശീയതയുടെ പ്രകടനം ആകരുത്. സന്ദര്‍ഭവശാല്‍ ഇപ്പോഴത്തെ ഭരണത്തില്‍ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ചെറുതാണ്. എല്ലാവരുടെയും വികസനത്തിനും വിശ്വാസത്തിനും മുന്‍ഗണന വാക്യാല്‍ നല്‍കുന്ന പ്രധാനമന്ത്രി ഇത് ശ്രദ്ധിക്കണം. ദക്ഷിണേന്ത്യയില്‍ അംഗബലം ലഭിക്കാതെ പോയത് മോഡിയുടെ തെറ്റല്ല. പക്ഷേ അതിന്റെ അന്തരാര്‍തഥം അദ്ദേഹം മനസിലാക്കി മുമ്പോട്ട് പോകണം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പുതുച്ചേരിയിലും ആകെ ഉള്ളത് 130 ലോകസഭ സീറ്റുകള്‍ ആണ്. ഇതില്‍ 29 സീറ്റുകള്‍ മാത്രം ആണ് ബി.ജെ.പി.ക്ക് ലഭിച്ചത്. സീറ്റുകളുടെ കാര്യം പറഞ്ഞാല്‍ ഉത്തര്‍പ്രദേശും ബീഹാറും മാത്രം 120 സീറ്റുകള്‍ ഉണ്ട്(80+40). അതുകൊണ്ട് ദക്ഷിണേന്ത്യ ഇല്ലാതെയും ബി.ജെ.പി.ക്ക് ഇന്‍ഡ്യ ഭരിക്കാം. പക്ഷേ, അതല്ലല്ലോ ജനാധിപത്യവും, ദേശീയതയും. 

കേരളം തൊട്ട് തുടങ്ങിയാല്‍ ബി.ജെ.പി.ക്ക് അവിടെ ലഭിച്ചത് പൂജ്യം സീറ്റ് ആണ്. തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നും നാലും സീറ്റുകള്‍ എന്നൊക്കെ കൊട്ടിഘോഷിച്ചെങ്കിലും തിരുവനന്തപുരവും പത്തനംതിട്ടയും പോലും ലഭിച്ചില്ല. തിരുവനന്തപുരത്ത് രണ്ടാംസ്ഥാനത്ത് വരുവാനായത് ഒരു വിജയം ആയിരുന്നു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ഒരു നേതാവിനെ ഗവര്‍ണ്ണര്‍ ആക്കുക പിന്നീട് മറ്റൊരു സുപ്രഭാതത്തില്‍ അദ്ദേഹത്തെ രാജിവയ്പ്പിച്ചു ലോകസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കുക എന്നതൊക്കെ ജനാധിപത്യ മര്യാദക്ക് ചേര്‍ന്നതാണോ? പത്തനംതിട്ടയില്‍ ശബരിമല വച്ചുള്ള ഒത്തുകളി ആയിരുന്നു. അതും ഫലിച്ചില്ല. പക്ഷേ, കോണ്‍ഗ്രസ് 20-ല്‍ 15 സീറ്റുകളും നേടിയ കേരളത്തില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതം 2.48 ശതമാനം വര്‍ദ്ധിച്ചു എന്നത് മനസിലാക്കണം. കര്‍ണ്ണാടകയിലും തെലുങ്കാനയിലും ബി.ജെ.പി. യുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചു.(8.1,8.5 ശതമാനം). ആന്ധ്രപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് തരംഗത്തില്‍ ബി.ജെ.പി.ക്ക് ഒന്നും നേടുവാനായില്ല. ഡി.എം.കെ. തൂത്തുവാരിയ തമിഴ്‌നാട്ടിലും തഥൈവ.

അപ്പോള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ ബി.ജെ.പി.ക്ക് ഇന്നും ബാലികേറാമല ആണ് കര്‍ണ്ണാടകം ഒഴിച്ച്. കര്‍ണ്ണാടക ബി.ജെ.പി. ഭരിച്ചതാണ്. 2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി ആയതും ആണ്. പക്ഷേ ഭരണം ലഭിച്ചില്ല എന്നത് കോണ്‍ഗ്രസ് ജെ.ഡി.(എസ്) സഖ്യത്തിന്റെ തന്ത്രം. കര്‍ണ്ണാടകത്തില്‍ ബി.ജെ.പി.ക്ക് ഇപ്പോഴും സ്വാധീനം ഉണ്ട് ഇതാണ് ദക്ഷിണേന്ത്യയിലെ ഒരേ ഒരു സംസ്ഥാനം ബി.ജെ.പി.ക്ക് അധികാരമായി അവകാശപ്പെടാവുന്നത്. കേരളവും തമിഴ്‌നാടും ആന്ധ്രപ്രദേശും തെലുങ്കാനയും തല്‍ക്കാലം അപ്രാപ്യം ആണ്. തല്‍ക്കാലം എന്ന് മാത്രമെ രാഷ്ട്രീയത്തില്‍ പറയുവാന്‍ ആകൂ. കാരണം രാഷ്ട്രീയം ഒരിക്കലും നിശ്ചലം അല്ല. അത് ഡൈനാമിക്ക് ആണ്. രൂപഭേദം വരുന്നതാണ്. പക്ഷേ, ഒരു കാര്യം ഏത് രാഷ്ട്രീയ നിരീക്ഷകനും ഉറപ്പിച്ച് പറയുവാന്‍ സാധിക്കുന്നത് ഇത് മാത്രം ആണ്. തമിഴ്‌നാട് ആയിരിക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അവസാനം ബി.ജെ.പി.ക്ക് അടിയറവ് പറയുന്നത്. അതാണ് തമിഴിന്റെ ദ്രവീഡിയന്‍ സത്വരാഷ്ട്രീയം. കേരളം പോലും ആന്ധ്രപ്രദേശിന് മുമ്പ് വാതില്‍ തുറന്നേക്കാം. ഭരണകക്ഷി ആയിട്ടില്ല.
ബി.ജെ.പി. ഭരണം തെക്കും വടക്കും ആയിട്ടുള്ള സമരം ആയി മാറരുത്. കാരണം ബി.ജെ.പി.യുടെ ശക്തിദുര്‍ഗ്ഗങ്ങള്‍ എന്ന് പറയാവുന്നത് ഹിന്ദി ഹൃദയഭൂമി ആണ്. മദ്ധ്യപ്രദേശും, മഹാരാഷ്ട്രയും, ഗുജറാത്തതും രാജസ്ഥാനും ഉത്തര്‍പ്രദേശും ആണ് ബി.ജെ.പി.യെ അധികാരത്തിലേറ്റിയത്. പക്ഷേ, അതുകൊണ്ട് അംഗബലത്തില്‍ ദുര്‍ബലമായ തെക്ക് അവഗണിക്കപ്പെട്ടുകൂട. ദക്ഷിണേന്ത്യയുടെ സഹായം ഇല്ലാതെ അധികാരത്തിലേറിയ ബി.ജെ.പി.ക്ക് അതിന്റെ യാതൊരു സഹായവും ഇല്ലാതെ അധികാരത്തില്‍ തുടരുവാനും സാധിക്കും എന്ന കാര്യത്തില്‍യാതൊരു സംശയവും ഇല്ല. പക്ഷേ, അവഗണിക്ക പ്പെട്ടാല്‍ പ്രാദേശിക വികാരങ്ങള്‍ വൃണപ്പെടുമെന്ന കാര്യത്തില്‍ സംശയവും ഇല്ല. അത് ഇന്‍ഡ്യയുടെ ഭരണഘടനാനുസൃതമായ ഫെഡറല്‍ സംവിധാനത്തെ ഉലക്കും.

ദക്ഷിണേന്ത്യക്ക് പ്രാമാണ്യം ലഭിച്ചിട്ടുള്ളത് കൂട്ടുകക്ഷി ഭരണത്തിലും കേവലഭൂരിപക്ഷം ഇല്ലാത്ത ഭരണകക്ഷിയുടെയും കാലത്താണ് ദേവഗൗഡ പ്രധാനമന്ത്രി ആയത് ഒരു കൂട്ടുകക്ഷി ഭരണകാലത്ത് ആണ് (1996). പി.വി.നരസിംഹറാവു പ്രധാനമന്ത്രി ആയത് കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാത്ത കാലത്താണ്(1991). അതുകൊണ്ട് എന്ത് നേട്ടം ഉണ്ടായെന്ന് ചോദിച്ചാല്‍ അത് തന്നെയാണ് നേട്ടം എന്ന് പറയാം. എന്ത് കോട്ടം ഉണ്ടായി എന്ന് ചോദിച്ചാല്‍ എന്താണ് പറയുവാന്‍  ഉള്ളത്? ഗൗഡക്ക് അധികം താമസിക്കാതെ സ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും നരസിംഹറാവുവിന്റെ കാലത്താണ് സാമ്പത്തീക പരിഷ്‌ക്കരണങ്ങളും മറ്റും വന്നത്.

അപ്പോള്‍ മോഡിയും ബി.ജെ.പി.യും മനസിലാക്കേണ്ടത് ബി.ജെ.പി.ഭരണം ഉത്തരേന്ത്യന്‍ മേധാവിത്വം ആയി ദക്ഷിണേന്ത്യക്ക് തോന്നരുത് എന്നതാണ്. മത മേധാവിത്വം അല്ല ഇവിടെ വീക്ഷിക്കുന്നത്. വടക്കന്‍  മേധാവിത്വം ആണ്. ശരിയാണ് ദക്ഷിണേന്ത്യയിലെ 130 സീറ്റുകള്‍ വടക്കേ ഇന്‍ഡ്യയിലെ ശിഷ്ടം സീറ്റുകളുമായി തുലനം ചെയ്യുമ്പോള്‍ ഒന്നും അല്ല. ബി.ജെ.പി.ക്ക് ഈ 130 സീറ്റുകളില്‍ വളരെ കുറച്ച് സീറ്റുകള്‍ മാത്രമെ ലഭിച്ചിട്ടും ഉള്ളൂ. പക്ഷേ ഭരണത്തിലും രാഷ്ട്രീയത്തിലും അത് പ്രതിഫലിക്കരുത്. ദക്ഷിണേന്ത്യക്ക് ഒരു പ്രത്യേക സംസ്‌ക്കാരവും കാഴ്ചപ്പാടും ഉണ്ട്. അതുകൊണ്ടാണ് അത് ഇന്നും ബി.ജെ.പി.യ്ക്കും സംഘപരിവാറിന്റെ രാഷ്ട്രീയ-മത-സാമൂഹിക കാഴ്ചപ്പാടിനും വ്യത്യസ്തമായി നിലകൊള്ളുന്നത്. ഈ വിധ നാനാത്വത്തം ആണല്ലോ ഇന്‍ഡ്യയുടെ ആത്മാവ്. അത് അങ്ങനെ നിലകൊള്ളട്ടെ. വടക്ക്-കിഴക്കന്‍ മലനിരകള്‍ വെട്ടിപ്പിടിച്ചതുപോലെ വിന്ധ്യനു തെക്കുള്ള ഭൂപ്രദേശം ആയിരിക്കാം ബി.ജെ.പി.യുടെ അടുത്ത ലക്ഷ്യം. വംഗ നാടും കീഴ്‌പ്പെട്ടു തുടങ്ങിയപ്പോള്‍ പിന്നെ എന്ത് വേണം? വിന്ധ്യക്ക് തെക്കോട്ടുള്ള ബി.ജെ.പി.യുടെ പടയോട്ടം ആണ് അടുത്തത്. പക്ഷേ, ഭരണത്തില്‍ തെക്കിന്റെ അംഗബലത്തിലുളള അപ്രസക്തി പ്രകടമാകരുത്.


ബി.ജെ.പി. എന്ന് ഒരു ദേശീയ പാര്‍ട്ടി ആകും?(ഡല്‍ഹികത്ത് :  പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക