Image

സംസ്കാരവും ബുദ്ധിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത സാംസ്കാരിക നായകരും ബുദ്ധിജീവികളും... അവര്‍ സിപിഎമ്മിനെ തകര്‍ക്കുന്നു; കേരളത്തെയും

കല Published on 21 June, 2019
സംസ്കാരവും ബുദ്ധിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത സാംസ്കാരിക നായകരും ബുദ്ധിജീവികളും... അവര്‍ സിപിഎമ്മിനെ തകര്‍ക്കുന്നു; കേരളത്തെയും

ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയോട് അഭിപ്രായം പറയാനും, നിര്‍ദേശം വെക്കാനും ആര്‍ക്കെല്ലാം അവകാശമുണ്ട്?. തീര്‍ച്ചയായും ആ പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശമുണ്ടാകേണ്ടതാണ്. പാര്‍ട്ടിക്ക് ഫണ്ട് പിരിവ് നല്‍കുന്നവര്‍ തുടങ്ങി വോട്ട് ചെയ്യുന്നവര്‍ വരെയുള്ള എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ കേരളത്തിലെ സിപിഎം ഇത്തരത്തിലൊരു അവകാശത്തെ മാനിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഇന്നത്തെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയെന്നത് ജനത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പിന്നെ പാര്‍ട്ടി കണക്കിലെടുക്കുക നവ ബുദ്ധിജീവികളെയും സാംസ്കാരിക നായകരെയുമാണ്. ദീപാ നിശാന്ത് മുതല്‍ ആഷിക് അബു വരെ ബുദ്ധിജീവി പക്ഷത്തും സാംസ്കാരി പക്ഷത്തമുണ്ട്. ഈ ഗണത്തിലേക്ക് ലൈംഗീക വ്യാപരം നടത്തിയതിന് അറസ്റ്റിലായ ചുംബന സമര ദമ്പതികള്‍ വരെ വന്ന് ചേരുന്നു. എല്ലാവരും സിപിഎമ്മിനെ പുകഴ്ത്തുന്നു. സിപിഎം ഉള്ളതുകൊണ്ടാണ് കേരളം ഉണ്ടായതെന്നൊക്കെ വെച്ച് കീച്ചുന്നു. ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും സിപിഎമ്മിന് ഒരു ചുക്കുമില്ല എന്ന് തട്ടിമൂളിക്കുന്നു. സിപിഎം ഇതര സകലതിനെയും ചീത്ത വിളിക്കുന്നു, കളിയാക്കുന്നു, കൊഞ്ഞനംകുത്തുന്നു. 
സുകുമാര്‍ അഴിക്കോടിന്‍റെയും, വിജയന്‍മാഷിന്‍റെയും സുഗതകുമാരിയുടെയും സാറാ ജോസഫിന്‍റെയും എംഎന്‍ കാരിശേരിയുടെയും സ്ഥാനത്തേക്ക് ഫേസ്ബുക്കും, ചാനലുകളും വളര്‍ത്തിയെടുത്ത ഈ പമ്പര വിഡ്ഡികളാണ് ഇന്ന് നവോത്ഥാന കേരളത്തിന്‍റെ ശാപം. ഫേസ്ബുക്ക് നേടികൊടുക്കുന്ന ഫാന്‍ ഫോളോയിംഗ്, ചാനല്‍ നല്‍കുന്ന വിസിബിലിറ്റി. ഇവ രണ്ടുമാണ് ഇവരുടെ മൂലധനം. അതിനപ്പുറത്ത് ജനമെന്തെന്നോ സമൂഹമെന്തെന്നോ സാധാരണ സമൂഹത്തിലെ ജനജീവിതമെന്തെന്നോ ഈ എ.സി റൂം ബുദ്ധിജീവികളും സാംസ്കാരിക നായകന്‍മാരും അറിയുന്നില്ല എന്നതാണ് സത്യം. 
നിലവില്‍ കേരളത്തിലെ സിപിഎമ്മിനെതിരെ ഉയര്‍ന്നിരിക്കുന്ന വിഷയങ്ങള്‍ രണ്ടാണ്. ഒന്ന് സിപിഎം ഏകപക്ഷീയമായി ഭരിക്കുന്ന കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗമായ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ ശ്യാമള ചെയര്‍പേഴ്സണാണ്. ശ്യാമളയുടെയും നഗരസഭയുടെയും പീഡനം കാരണം സാജന്‍ പറയില്‍ എന്ന സിപിഎം അനുഭാവി കൂടിയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് കേരളാ ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയും പ്രാദേശിക സിപിഎം നേതാവുമായ ശ്യാമളയുടെ പങ്ക് വിഷയത്തില്‍ വ്യക്തമായിട്ടും കേരളത്തിലെ സാംസ്കാരിക നായരും സിപിഎമ്മിലെ യുവതുര്‍ക്കികളും മിണ്ടാതെ വായുംപൊത്തി ഇരിക്കുകയാണ്. 
സംഭവം നടന്നത് യുഡിഎഫ് ഭരണകാലത്തായിരുന്നെങ്കില്‍ ഒരു കോണ്‍ഗ്രസുകാരിയായിരുന്നു പ്രതിസ്ഥാനത്തെങ്കില്‍ സിപിഎം ഇപ്പോള്‍ ഹര്‍ത്താലുകള്‍ നടത്തി അക്രമം നടത്തി കേരളത്തെ തിരിച്ചു വെച്ചേനെ. ദീപാ നിശാന്തു മുതല്‍ അശോകന്‍ ചെരുവില്‍ വരെയുള്ള സാംസ്കാരിക കഴുതകള്‍ പ്രവാസിയുടെ കണ്ണീരിനെക്കുറിച്ച് കവിത എഴുതിയേനെ. പക്ഷെ ഇപ്പോള്‍ ആരും ഇങ്ങനെയൊന്ന് അറിഞ്ഞതായി ഭാവിക്കുന്നതേയില്ല. ഇത്രമേല്‍ നികൃഷ്ടമായ ഒരു സാംസ്കാരിക സാഹചര്യത്തിലൂടെ കേരളം ഇതിന് മുമ്പ് കടന്നു പോയിട്ടില്ല. 
യുപിയിലെ കാര്യങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ആര്‍ജ്ജവം എന്താണ് കേരളത്തില്‍ കാണിക്കാത്തതെന്ന് ബിജെപി ചോദിച്ച് പോയാല്‍ കുറ്റം പറയാന്‍ കഴിയുമോ? ജനങ്ങളെങ്കിലും കരുതില്ലേ എന്ത് തരം മൗനമാണെന്ന്. 
ഇപ്പോഴിതാ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ലൈംഗീക പീഡന ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നു. ദുബായില്‍ ബാര്‍ ഡാന്‍സറായ യുവതിയെ അവിടെ സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെടുകയും വിവാഹവാഗ്ദാനം നല്‍കി ലൈംഗീകമായി ഉപയോഗിക്കുകയും ചെയ്തു എന്നാണ് പരാതി. ഈ പരാതി സത്യമോ വ്യാജമോ എന്നത് രണ്ടാമത്തെ കാര്യം. അത് പോലീസ് അന്വേഷണത്തില്‍ വെളിപ്പെടട്ടേ. 
പക്ഷെ ഇവിടെ പാര്‍ട്ടിയും പാര്‍ട്ടിയുടെ സാംസ്കാരിക ബുദ്ധിജീവികളും പറയുന്നത് ബിനോയ് ഈ കേസില്‍ ഉള്‍പ്പെട്ടുവെങ്കില്‍ തന്നെ അതിന് പാര്‍ട്ടി എന്ത് പിഴച്ചു. കോടിയേരി ബാലകൃഷ്ണന്‍ എന്ത് പിഴച്ചു. കോടിയേരിയെ ഇതിന്‍റെ പേരില്‍ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നൊക്കെയാണ്. സിപിഎമ്മിന്‍റെ പുതിയ ബുദ്ധിജീവിയായ, തിരഞ്ഞെടുപ്പ് കാലത്തെ പ്രാസംഗികയായ സുനിത ദേവദാസ് എന്ന സോ കോള്‍ഡ് പത്രപ്രവര്‍ത്തക, മനുഷ്യന്‍ പൊതുവില്‍ പോളിഗാമസ് ആണെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുന്നു. പോളിഗാമസ് എന്നാല്‍ നിരവധി ഇണകളുമായി ബന്ധം സ്ഥാപിക്കാന്‍ വിധം ബയോളജിക്കല്‍ സാധ്യത മനുഷ്യനുണ്ടെന്നും അതൊരു തെറ്റല്ലെന്നുമാണ് സുനിതയുടെ പക്ഷം. എങ്ങനെയെങ്കിലും പാര്‍ട്ടി സെക്രട്ടറിയുടെ മകനെയൊന്ന് ന്യായീകരിക്കണമല്ലോ. അതിനായി സംഭവം മൊത്തം മനുഷ്യകുലത്തിന്‍റെയും തലയിലാക്കി. എന്തൊരു ന്യായീകരണ വൈധഗ്ധ്യം. 
സംഭവം ശരിയാണ്. ഒരു പുരുഷന് നുറു സ്ത്രീകളുമായി ബന്ധമുണ്ടാകുന്നതോ, ഒരു സ്ത്രീയ്ക്ക് ആയിരം പുരുഷന്‍മാരുമായി ബന്ധമുണ്ടാകുന്നതോ ഒരു തെറ്റേയല്ല. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. പക്ഷെ ബന്ധമെന്നത് ബലാല്‍ക്കാരമാകുമ്പോള്‍, വാഗ്ദാനം നല്‍കി വഞ്ചിക്കലാകുമ്പോള്‍ തെറ്റാണ്, ക്രൈമാണ്. ആ ക്രൈം ബിനോയ് ചെയ്തുവെന്നാണ് ആരോപണം. 
രണ്ടാമതായി കോടിയേരിയെ ഇതില്‍ ബന്ധപ്പെടുത്തേണ്ടതില്ല എന്ന വാദം. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല. ഈ കോടിയേരി ബാലകൃഷ്ണന്‍റെ രണ്ടു മക്കളും സിപിഎമ്മിന്‍റെ ബഹുജന സംഘടനകളില്‍ എസ്.എഫ്.ഐ പോലെയുള്ളവയില്‍ സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ്. ചുവന്നമുണ്ടും ഉടുത്ത് പാര്‍ട്ടി വേദികളില്‍ നടക്കുന്നവരുമാണ്. അവര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല എന്നത് സാങ്കേതികം മാത്രമാണ്. 
ഇനി സാങ്കേതികത്വം തന്നെ ഉയര്‍ത്തി എന്നിരിക്കട്ടെ, അപ്പോഴും സ്വന്തം വീട്ടിലെ ആണ്‍മക്കളെ നിലക്ക് നിര്‍ത്താന്‍ അറിയാത്ത തന്ത ഏത് വകുപ്പിലാണ് നാട്ടിലെ സ്ത്രീ സംരക്ഷണവും നാട് നന്നാക്കാലും ഏറ്റെടുക്കുന്നത് എന്ന ചോദ്യം വരും. ആ ചോദ്യം അഭിമുഖീകരിച്ചേ പറ്റു. മാത്രമല്ല കേസില്‍ നിന്ന് രക്ഷപെടാന്‍ കോടിയേരിയുടെ മകന്‍ എന്ന ലേബല്‍ അയാള്‍ ഉപയോഗിക്കില്ല എന്ന് ആര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. 
മുമ്പ് ഉമ്മന്‍ചാണ്ടിയുടെ മകളെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ പോലും നടത്തിയത് സിപിഎം നേതാക്കളായിരുന്നില്ലേ. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ എത്രത്തോളം നീചമായി നിങ്ങള്‍ ആക്രമിച്ചു. അന്നില്ലാത്ത ധാര്‍മ്മിക ഇപ്പോള്‍ വേണമെന്ന് ആവശ്യപ്പെടുന്നത് എന്ത് നീതിയാണ്. 

Join WhatsApp News
Thomas Vadakkel 2019-06-23 10:18:03
കോൺഗ്രസ്സ് പാർട്ടിയുടെ വക്താവെന്ന നിലയിൽ ഈ ലേഖനം നീതീകരിക്കാൻ സാധിക്കും. നിഷ്പക്ഷ ചിന്തയുള്ള ഒരു വായനക്കാരനെ സംബന്ധിച്ച് ഇതിലെ ഉള്ളടക്കം അധികപ്പറ്റാണെന്ന് തോന്നുന്നു. സമീപകാലത്തു വന്ന ചില കുട്ടി, മഞ്ഞ പത്ര വാർത്തകളെ ആധാരമാക്കിയുള്ള ലേഖനമാണിത്. അതിൽ ഭരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പങ്ക് വ്യക്തമല്ല. 

കോടിയേരി ബാലകൃഷ്ണന്റെ മകൻ പിഴച്ചതുകൊണ്ട് കോടിയേരിയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും? ഭരിക്കുന്ന കോടിയേരി എന്ന വ്യക്തിയെ ആണ് നോക്കേണ്ടത്! അല്ലാതെ കോടിയേരിയുടെ കുടുംബത്ത് സംഭവിക്കുന്ന വസ്തുതകളെ ആധാരമാക്കിയല്ല അദ്ദേഹത്തെ വിധിയെഴുതേണ്ടത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നുള്ള ആരോപണം ഉണ്ടായാൽ അത് ചർച്ചയാകാം. എന്നാൽ മകളുടെ കാര്യത്തിലുള്ള കാര്യങ്ങൾ ചാണ്ടിയുടെ സ്വകാര്യ പ്രശ്നമാണ്. അതുപോലെ കൊടിയേരിയുടെയും. 

പതിനെട്ട് വയസുകഴിഞ്ഞാൽ മക്കൾ മാതാപിതാക്കളുടേതല്ല. അവൾ അല്ലെങ്കിൽ മകൻ സ്വയം ചിന്തിക്കേണ്ട പൗരന്മാരാണ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള ആരോപണം പ്രിയങ്കയുടെ ഭർത്താവിനെതിരെയുള്ള കോടതിക്കേസുകളായിരുന്നു. അതിന് രാഹുൽ എങ്ങനെ കുറ്റക്കാരനാകും? അതുതന്നെയല്ലേ കോൺഗ്രസുകാരാ, കോടിയേരിയുടെ കുറ്റവും!  

ഒരാളിന്റെ കുടുംബം നന്നാക്കിയിട്ട് നാട് നന്നാക്കണമെന്ന ചിന്തകൾക്കും എന്തടിസ്ഥാനമാണുള്ളത്? മക്കളും ഭാര്യയും ഇല്ലാത്ത ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. കുടുംബമില്ലാത്തവർക്ക് അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയാകാൻ യോഗ്യതയുണ്ടോ?  

കോടിയേരി ബാലകൃഷ്ണനെ സ്വതന്ത്രമായി വിടൂ. അയാളുടെ മകന്റെ കാര്യം സ്വകാര്യ പ്രശ്നമാണ്. അതിനെപ്രതി കോൺഗ്രസ്സ്കാർ എന്തിന് പ്രയാസപ്പെടണം! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക