Image

പ്രവാസികള്‍ മരിച്ച് പോവുമ്പോള്‍.. (മിനി വിശ്വനാഥന്‍)

Published on 23 June, 2019
പ്രവാസികള്‍ മരിച്ച് പോവുമ്പോള്‍.. (മിനി വിശ്വനാഥന്‍)
ഓരോ പ്രവാസിയും പ്രവാസത്താല്‍ ചുറ്റിവരിയപ്പെട്ടവരാണ്. തിരിച്ചു നാട്ടിലേക്ക് പോവുക എന്നതാണ് അവന്‍ കാണുന്ന  ഏറ്റവും മധുര മനോഹരമായ സ്വപ്നം.

പറഞ്ഞ് പഴകിയ നാട്ടിലെ കാറ്റും, കിളിപ്പാട്ടും, പാടവരമ്പും ഒന്നുമല്ല അവന്റെ നൊസ്റ്റാള്‍ജിയ. തന്റെ ബാല്യയൗവനങ്ങള്‍ നടന്നു തീര്‍ത്ത വഴികളാണ്. തിരിച്ച് പോവേണ്ടത് അവിടേക്കാണ്. തന്നെ സ്‌നേഹിക്കുന്ന ചേര്‍ത്ത് പിടിക്കുന്ന നാട്ടുകാരുടെയും ബന്ധുക്കളുടേയുമിടയിലേക്കാണ്.

മിക്ക പ്രവാസികളും ഉറുമ്പ് അരി മണികള്‍ ചേര്‍ത്ത് വെക്കുന്നത് പോലെയാണ് പണം സമ്പാദിക്കുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യങ്ങളും, അനാവശ്യങ്ങളും പരിഹരിച്ച് തീര്‍ത്തതിന് ശേഷമേ  അവന്റെ ചെറിയ ഭണ്ഡാരത്തിലേക്ക് നാണയത്തുട്ടുകള്‍ വീഴാറുള്ളു. ഓരോ നാണയത്തുട്ടിനൊപ്പവും ഒരു സ്വപ്നം കൂടി ചേര്‍ത്തു വെക്കുവന്‍. തിരിച്ചു പോവുക എന്ന സ്വപ്നം.
ഉറക്കം വരാത്ത ഓരോ രാത്രിയിലും അവന്‍ ഗുണിച്ചും ഹരിച്ചും കൂട്ടിയും കിഴിച്ചും ചെറു ബിസിനസുകള്‍ രൂപപ്പെടുത്തിയെടുക്കും. ആ ഒരു പ്രതീക്ഷയില്‍ വിശപ്പ് മുഴുവനായി തീര്‍ക്കാതെ അവസാനത്തെ റൊട്ടിക്കഷണം നാളെ കഴിക്കാനായി സൂക്ഷിച്ചു വെക്കും.

തിരിച്ചു പോയാല്‍ ജോലി കിട്ടില്ലെന്നുറപ്പാണ്. സര്‍ക്കാര്‍ ജോലിയുടെ പ്രായപരിധി കഴിഞ്ഞു പോയിട്ടുമുണ്ടാവും. മുണ്ട് മുറുക്കിയുടുത്ത് സമ്പാദിച്ച പണം കൊണ്ട് വല്ലതും തുടങ്ങിയാല്‍ മറ്റുള്ളവര്‍ക്കുമൊരു സഹായമാവും. റിട്ടയര്‍മെന്റ് വരുമാനമില്ലാത്ത പ്രവാസികള്‍ക്ക് മുന്നില്‍ നാട്ടിലെ ഭാരിച്ച ജീവിതച്ചെലവ് താങ്ങാന്‍ ബാങ്കില്‍ സമ്പാദ്യമിട്ട് കിട്ടുന്ന പലിശ മാത്രം മതിയാവുകയുമില്ല. അങ്ങിനെ അദ്ധ്വാനിക്കാതെ തിന്നു ജീവിക്കുന്നതിലും ഒരു രസമില്ല.

വ്യാവസായിക സ്വപ്നങ്ങളുമായി നാട്ടില്‍ കാല് കുത്തിയ അന്ന് മുതല്‍ തുടങ്ങുന്ന പിരിവുകള്‍ക്കും  കൈക്കൂലികള്‍ക്കും ഒരിക്കലും അവസാനമുണ്ടാവില്ല. നാട്ടുനടപ്പിങ്ങനെയാണെന്ന് സഹായിക്കേണ്ടവരൊക്കെ കൈ മലര്‍ത്തും. "ഓ നല്ലോണം പൈസയുണ്ടാക്കിയിട്ടുണ്ടല്ലോ ,കുറച്ച് ചിലവാക്കിയാലെന്താ " എന്ന അശരീരികള്‍ തലയ്ക്ക് ചുറ്റും  മുഴങ്ങും.

30 ദിവസത്തെ എണ്ണിച്ചുട്ട ലീവിനു വന്നാലും ഗതി ഇത് തന്നെ. അനുഭവത്തില്‍ നിന്നൊരു കഥ ഇങ്ങിനെയും..ലോണും ലോണിന്മേല്‍ ലോണുമായി വാങ്ങിയ ഫ്‌ലാറ്റിന്റെ ഒരു സര്‍ട്ടിഫിക്കറ്റിനായി മുനിസിപ്പല്‍ ഓഫീസില്‍ പോവുന്നു, നാട്ടില്‍ വന്നതിന്റെ അടുത്ത ദിവസം തന്നെ. മുപ്പത് ദിവസത്തെ സമയക്കണക്ക് അറിയാവുന്ന ഉദ്യോഗസ്ഥന്‍ നിഷ്കരുണം അപേക്ഷ തള്ളി. 45 ദിവസങ്ങള്‍ ചുരുങ്ങിയത് വേണം ആ പേപ്പര്‍ കിട്ടാനെന്ന് പറഞ്ഞു. ബാങ്ക് ലോണ്‍ ക്ലോസ് ചെയ്യേണ്ട അത്യാവശ്യമുള്ള സമയം ആയിരുന്നു. നിരാശരായി തിരിഞ്ഞ് നടക്കുമ്പോള്‍ അയാളുടെ പിന്‍ വിളി. നിങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങളും മനസ്സിലാക്കേണ്ടിയിരിക്കുന്നു, നാല്പത്തഞ്ചു ദിവസത്തിനു ശേഷം തിരിച്ച് വരുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം ഞങ്ങള്‍ക്കും ഊഹിക്കാവുന്നതാണ്... സര്‍ക്കാര്‍ ശമ്പള വ്യവസ്ഥിതി തീരെ ശരിയല്ലാത്തത് കൊണ്ട് മാത്രമാണ്, ഇത്ര രൂപ എനിക്ക് സമ്മാനമായി തന്നാല്‍ എല്ലാം ശരിയാക്കിത്തരാം. അല്ലേല്‍ 45 ദിവസം കഴിഞ്ഞാലും മറ്റാരെങ്കിലു ഇടങ്കോലിടാനും മതി....
മുപ്പത് ദിവസത്തെ ലീവില്‍ വരുന്ന ഒരു പ്രവാസിയും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ ഇഷ്ടപ്പെടില്ല. സ്വയമറിയാതെ കൊടുത്തു പോവും പണം.

ഇത് പോലെ സ്വന്തമായി വല്ലതും ചെയ്യണമെന്ന് സ്വപ്നം കണ്ട് നാട്ടിലെത്തുന്ന മിക്ക പ്രവാസികളും
തിരിച്ച് പ്രവാസ തീരം തേടിയെത്തുന്നത് നിത്യ കാഴ്ചയാണ്. അല്പം കൂടി സൗകര്യമുള്ള ഒന്നാമത്തെ ബര്‍ത്തില്‍ നിന്ന് സൗകര്യങ്ങളൊന്നുമില്ലാത്ത മൂന്നാം തട്ട് ബര്‍ത്തി ലേക്ക് അവന്റെ സ്ഥാനം മാറും. കൈയുയര്‍ത്തി യാല്‍ മച്ച് തൊടുമെന്നതിനാന്‍ നീണ്ടു നിവര്‍ന്ന് കിടക്കാന്‍ അവന്‍ പഠിക്കും.
അവന്റെ മുഖത്ത് പ്രതീക്ഷകള്‍ക്ക് പകരം സ്ഥായിയായ നിരാശ അലങ്കാരമാവും. നാടിനോടുള്ള വൈകാരികമായ അടുപ്പം ഇല്ലാതാവും.

വീണ്ടും പ്രവാസം തേടി തിരിച്ചു വന്നവന്‍ പൊള്ളലേറ്റവനാണ്; ചിലരെങ്കിലും മാനസികമായി മരിച്ചവരാണ്.

സാജന്‍ സ്വപ്നങ്ങള്‍ കണ്ട  പ്രവാസിയായിരുന്നു..
ഇപ്പോള്‍ ആത്മാവും ശരീരവും നഷ്ടപ്പെട്ടവനുമാണ്.
ആശ്വാസവാക്കുകളില്ല ആ കുടുംബത്തോട് പറയാന്‍.

പരാതികളുമില്ല ഏറെ....

കരുതിയിരിക്കണം, സൂക്ഷിക്കണം....
ഇത് നമ്മുടെ നാടാണ് എന്ന് സ്വയം ഓര്‍മ്മിപ്പിക്കാനല്ലാതെ മറ്റൊന്നിനുമാവാത്ത ഒരു പ്രവാസി.
നേര്‍രേഖകളില്‍ നിന്ന് വലിയ ഏറെ ഉയരങ്ങളിലേക്ക് ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്ത  ഗ്രാഫുമായി
സ്വപ്നങ്ങളൊടുങ്ങിയ പാവം പ്രവാസി....

പ്രവാസികള്‍ മരിച്ച് പോവുമ്പോള്‍.. (മിനി വിശ്വനാഥന്‍)
Join WhatsApp News
josecheripuram 2019-06-23 15:04:35
We should know by this time that any politicians come abroad is not see the welfare of"PRAVASI"&their promises are false do not believe what they say.If you have money invest in some other states/countries.In Kerala,every one treat you like you are an alien.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക