Image

മോദിക്ക് അല്ലേ വോട്ട് ചെയ്തത്, ഞാനെന്തിന് പരാതി കേള്‍ക്കണം'; വാഹനം തടഞ്ഞവരോട് പൊട്ടിത്തെറിച്ച്‌ കുമാരസ്വാമി

Published on 26 June, 2019
മോദിക്ക് അല്ലേ വോട്ട് ചെയ്തത്, ഞാനെന്തിന് പരാതി കേള്‍ക്കണം'; വാഹനം തടഞ്ഞവരോട് പൊട്ടിത്തെറിച്ച്‌ കുമാരസ്വാമി

ബെംഗളൂരു: വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി പരാതി പറയാന്‍ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി. നിങ്ങള്‍ മോദിക്കാണ് വോട്ടുചെയ്തത് എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം താപ വൈദ്യുത നിലയത്തിലെ ജീവനക്കാരോട് ക്ഷോഭിച്ചത്. നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്.

'നിങ്ങള്‍ വോട്ടുചെയ്തത് നരേന്ദ്രമോദിക്കാണ്. എന്നാല്‍, നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെ ടുന്നു. നിങ്ങളെ ഞാന്‍ ബഹുമാനിക്കണമെന്ന് പറയുന്നു. എത്രയും വേഗം ഇവിടെനിന്ന് പിരിഞ്ഞുപോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ ലാത്തിച്ചാര്‍ജ് നടത്താന്‍ എനിക്ക് നിര്‍ദ്ദേശിക്കേണ്ടിവരും' - ജനക്കൂട്ടത്തോട് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

റായ്ചൂര്‍ ജില്ലയിലെ താപ വൈദ്യുത നിലയത്തിലെ ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി അദ്ദേഹത്തോട് പരാതി പറയാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി ഗ്രാമങ്ങളില്‍ ചിലവഴിക്കുന്ന 'ഗ്രാമ വാസ്തവ്യ' പരിപാടിയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു ഇത്.

വൈദ്യുത നിലയത്തിലെ ജീവനക്കാരോട് ക്ഷോഭിച്ച ശേഷം കുമാരസ്വാമി സ്ഥലത്തു നിന്ന് പോയി. പിന്നീട് ടെലിവിഷന്‍ ചാനലുകളോട് സംസാരിക്കവെ അദ്ദേഹം നടന്ന സംഭവത്തെ ന്യായീകരിച്ചു. വൈദ്യുത നിലയത്തിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 15 ദിവസം നല്‍കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷവും തന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു. അത് ഇംഗീകരിക്കാനാവില്ല. ഇതുകൊണ്ടാണ് കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എല്ലാവരോടും സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. എന്നാല്‍, ഓരോ സാഹചര്യത്തിലും എങ്ങനെ പെരുമാറണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക