Image

എനിയ്ക്കു വിശക്കുന്നു- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 04 July, 2019
എനിയ്ക്കു വിശക്കുന്നു- (രാജു മൈലപ്രാ)
കുര്‍ബാനയ്ക്കു ശേഷം പള്ളിയില്‍ പൊതുയോഗമുണ്ടായിരുന്നു. പൊതുയോഗം എന്നു പറഞ്ഞാല്‍ അതു വെറും 'ഞഞ്ഞാ കുഞ്ഞാ' ഏര്‍പ്പാടൊന്നുമല്ല. സാക്ഷാല്‍ 'ജനറല്‍ ബോഡി'- അവിടെയാണ് കാതലായ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമെടുക്കുന്നത്. കുറഞ്ഞത് പതിനഞ്ചു ദിവസത്തെ നോട്ടീസ് നല്‍കിയതിനുശേഷം മാത്രമേ യോഗം കൂടാന്‍ പാടുള്ളൂ എന്നാണ് നിയമാവലി നിബന്ധന- അപ്പോള്‍ തന്നെ സംഗതിയുടെ ഗൗരവസ്വഭാവം നമ്മള്‍ക്ക് മനസ്സിസിലാക്കാമല്ലോ!

പള്ളിയിലൊരു മെംബര്‍ഷിപ്പ് ഉള്ളതുകൊണ്ടുമാത്രം പൊതുയോഗത്തില്‍ കയറിയിരുന്ന് വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാമെന്നു കരുതരുത്.
അതിനു ചില പ്രത്യേക നിബന്ധനകളൊക്കെയുണ്ട്. കുടിശ്ശിക ഒന്നും കാണരുത്. അതായത് പള്ളിക്കു കൊടുക്കുവാനുള്ള തുക അണാ-പൈസാ കണക്കു തീര്‍ത്തു കൊടുത്തിരിക്കണം.

കൂടാതെ, ആണ്ടു കുമ്പസ്സാരം നടത്തിയതിന്റെ തെളിവ്(വികാരിയച്ചന്റെ സാന്നിദ്ധ്യത്തില്‍ കുമ്പസ്സാര രജിസ്റ്ററില്‍ പേര് എഴുതി ഒപ്പിട്ടത്) വേണം-
കുമ്പസ്സാരം എന്നുള്ള എടപ്പാട് ആരു കണ്ടു പിടിച്ചതാണെന്നു അറിയില്ല- നിങ്ങള്‍ ചെയ്ത പാപങ്ങള്‍ പുരോഹിതനോടു ഏറ്റു പറഞ്ഞാല്‍, അ്‌ദ്ദേഹം അത് ദൈവമുമ്പാകെ സമര്‍പ്പിക്കുകയും, അതുവരെ നിങ്ങള്‍ ചെയ്ത പാപങ്ങള്‍ ദൈവം ക്ഷമിക്കുകയും ചെയ്യും.

കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ പുരോഹിതന്‍ എന്ന വക്കീല്‍, ദൈവമാകുന്ന ന്യായാധിപന്റെ കോടതിയില്‍ വാദിക്കുകയും, നമ്മള്‍ക്ക ജാമ്യം നേടിത്തരുകയും ചെയ്യുന്ന ഒരു പ്രക്രിയ. ജാമ്യം കിട്ടിക്കഴിഞ്ഞാല്‍ അടുത്ത കുമ്പസ്സാരം വരെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാപം ചെയ്യുവാനുള്ള ലൈസന്‍സായി ഏതു പോക്രിത്തരവും കാണിച്ചിട്ട് അതു പുരോഹിതന്റെ അടുത്തു പോയി കുമ്പസ്സാരിച്ചാല്‍ നിങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിച്ചു കിട്ടിമെന്നു പഠിപ്പിച്ചാല്‍, പിന്നെ നമ്മള്‍ക്കിഷ്ടമുള്ള പാപം ചെയ്യുവാന്‍ എന്തിനു മടിക്കണം?

'ഇടയ്ക്കിടെ കള്ളം പറയും-വല്ലപ്പോഴും മദ്യപിക്കും.-' ഈ രണ്ടു പാപങ്ങളാണ് പുരുഷന്മാരുടെ കുമ്പസ്സാരത്തിലെ താരങ്ങള്‍-ഏരിവും പുളിയും അല്പം മസാലയുമുള്ള പാപങ്ങളൊന്നും ഒരു മാതിരി വിവരമുള്ളവരൊന്നും വെളിപ്പെടുത്തുകയില്ല. നാണം കെടാന്‍ വേറെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്! 'ആകാ സ്വപ്‌നമശുദ്ധിയില്‍ നിന്ന് എന്നെ നീ രക്ഷിച്ചുകൊള്ളണമേ'- എന്നാണു സന്ധ്യപ്രാര്‍ത്ഥന. അതായത് വിലക്കപ്പെട്ട സ്വപ്‌നങ്ങള്‍ കാണുന്നതു പോലും പാപമാണത്രേ!

അറുപതു കഴിഞ്ഞ ആണുങ്ങളുടെ നനവുള്ള സ്വപ്‌നങ്ങള്‍ക്കൊക്കെ ഒരു പരിധിയില്ലേ?
കുര്‍ബാനക്കു ശേഷം പൊതുയോഗത്തിന്റെ കാര്യം പുരോഹിതന്‍ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു. ദീര്‍ഘമായ കുര്‍ബാന കഴിഞ്ഞാലും, പിന്നീട് ഒരു അരമണിക്കൂറെങ്കിലും അറിയിപ്പുകള്‍ കൊണ്ട് ആള്‍ക്കാരെ മുഷിപ്പിക്കുന്നത് ഭൂരിപക്ഷം പുരോഹിന്മാരുടെയും ഒരു വിനോദമാണ്.

അറിയിപ്പുകളുടെ കൂട്ടത്തില്‍ ഒരു പ്രത്യേക അറിയിപ്പുകൂടി ഉണ്ടായിരുന്നു.
കൈമുത്തിനു ശേഷം, പൊതുയോഗത്തിനു മുമ്പായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

അപ്പവും മുട്ടയും പാല്‍ക്കാപ്പിയുമാണ് വിഭവങ്ങള്‍. ദയവായി പൊതുയോഗത്തില്‍ ഇരിക്കുവാന്‍ അര്‍ഹതയുള്ളവര്‍ മാത്രമേ അപ്പവും മുട്ടക്കറിയും ഭക്ഷിക്കുവാന്‍ പോകാവൂ. ബാക്കിയുള്ളവരെ ആ ഏരിയായില്‍ കണ്ടു പോകരുത്. മറ്റുള്ളവര്‍ മുട്ട വിഴങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ ബന്ധപ്പെട്ട ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൈമുത്തിനു ശേഷം കൊച്ചുകുട്ടികള്‍ ഭക്ഷണശാലയിലേക്കു ഓടി- ഭാരവാഹികള്‍ കാവല്‍പ്പട്ടികളേപ്പോലെ ഭക്ഷണത്തിനു കാവല്‍ നില്‍ക്കുകയാണ്.
പോയിനെടാ പിള്ളാരേ! അച്ചന്‍ പറഞ്ഞതു നീയൊന്നും കേട്ടില്ലേ? - കുട്ടികള്‍ നിരാശ്ശയോടും വിശപ്പോടും കൂടി അവിടെ നിന്നും മടങ്ങി.
ഭക്ഷണകാര്യത്തില്‍ നമ്മുടെ 'മേല്‍പ്പട്ടക്കാര്‍, പട്ടക്കാരോടു ശെമ്മാശന്മാര്‍' ഇവര്‍ വളരെ ലാളിത്യം പാലിക്കുന്നവരാണ്.

ഇവര്‍ക്കു വേണ്ടി മേശയൊരുക്കുവാന്‍ കമ്മറ്റിക്കാര്‍ വാങ്ങിക്കുന്ന സാധനങ്ങളുടെ ലിസ്റ്റു കണ്ടാല്‍ അന്തംവിട്ടു പോകും.
സാധാരണ സദ്യക്കു പുറമേ
കശുവണ്ടിപ്പരിപ്പ്- 1 കിലോ,
 മുന്തിരിങ്ങാ - 1 കിലോ,
 ആപ്പിള്‍- 2 കിലോ,
 പൂവന്‍ പഴം- ഒരു കുല,
 കൂടാതെ ഫിഷ് മോളി, കരിമീന്‍ മപ്പാസ്, പെപ്പര്‍ ചിക്കന്‍, പ്രോണ്‍സ്(കൊഞ്ച്)ഫ്രൈ!
അങ്ങിനെ ആ ലിസ്റ്റു നീളും. ഏതായാലും അപ്പവും മുട്ടക്കറിയും സേര്‍വു ചെയ്യുന്ന ഹാളിന്റെ വാതില്‍ തുറക്കപ്പെട്ടു. കുമ്പസ്സാരിക്കുന്ന ഒരു പതിവ് എനിക്കില്ല. വീട്ടിലാണെങ്കില്‍ ദൈവകൃപയാല്‍ ആഹാരത്തിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല. എങ്കിലും പള്ളിയില്‍ നിന്നും കിട്ടുന്ന ആഹാരത്തിനു ഒരു പ്രത്യേക രുചിയുണ്ട്. പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ചയിലെ കഞ്ഞിവീഴ്ത്തലിനും, പെരുന്നാളിന്റെ നേര്‍ച്ച വിളമ്പിനും-
വരുന്നതു വരട്ടെ എന്നു കരുതി രണ്ടും കല്പിച്ച് ഞാനും മുട്ടലൈനില്‍ ചേര്‍ന്നു. പലരും സംശയദൃ്ഷ്ട്യ എന്നെ നോക്കുന്നുണ്ട്.

പാത്രം കൊടുക്കുന്ന സ്ഥലത്തു ചെന്നപ്പോള്‍, ഭാരവാഹികളില്‍ ഒരാള്‍ എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. കഴിഞ്ഞ ആഴ്ച ഏതോ പള്ളിപ്പിരിവിനു വീട്ടില്‍ വന്ന സംഘത്തില്‍പ്പെട്ട ഒരുവനാണ്.

'അച്ചായന്‍ കുമ്പസ്സാരിച്ചതായിരുന്നോ?' ഒട്ടും മാര്‍ദ്ദവമില്ലാത്ത ഒരു ചോദ്യം- ഞാനൊന്നു പരുങ്ങി.

ലിസ്റ്റില്‍ അച്ചായന്റെ പേരില്ല-മുട്ട തരുവാന്‍ വകുപ്പില്ല.

എന്റെ മുന്നിലും പിന്നിലും നിന്നവര്‍ ഇവനെ ക്രൂശിക്കുക- ഇവനെ ക്രൂശിക്കാ-എന്നു വിളിച്ചു പറയുന്നതു പോലെ എനിക്കു തോന്നി.

പള്ളി പെരുന്നാള്‍
ക്രിസ്തുമസ്
ആദ്യഫലശേഖരണം
ഭവനനിര്‍മ്മാണ പദ്ധതി
ജീവകാരുണ്യപദ്ധതി
ചാപ്പല്‍ പെരുന്നാളുകള്‍
വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍
ഈ വക വകുപ്പുകളുമായി പള്ളി ഭാരവാഹികള്‍ പലതവണ വീട്ടില്‍ വന്നിരുന്നു. എല്ലാവരോടും ന്യായമായ രീതിയില്‍ സഹകരിച്ചു.

അവരാരും ഞാന്‍ കുമ്പസ്സാരിച്ചെന്നോ കുര്‍ബാന കൈക്കോണ്ടോ എന്നൊന്നും എന്നോടും ചോദിച്ചില്ല.
സന്തോഷസൂചകമായി
തന്നതിനെ സ്വീകരിച്ച്
ബാലകരാം ഞങ്ങളിതാ പോകുന്നു...'
എന്ന പാട്ടും പാടി സന്തോഷത്തോടെയാണ് അവര്‍ പോയത്.

കോടികള്‍ വരവുചിലവുള്ള ഒരു പള്ളിയില്‍, കുഞ്ഞുങ്ങളെ വായ്‌നോക്കികളാക്കി നിര്‍ത്തി ഉളുപ്പിലാതെ അപ്പവും മുട്ടയും ഭക്ഷിച്ച ഭക്തജനങ്ങള്‍ക്ക് എന്റെ അഭിവാദ്യം.
കുമ്പസ്സരിച്ചു കുര്‍ബാന കൊള്ളാത്തവര്‍ക്കു അപ്പവും മുട്ടക്കറിയും നല്‍കില്ലെന്നു നിയമം പോലീസ് സ്‌റ്റൈലില്‍ പ്രാവര്‍ത്തികമാക്കിയ വികാരിയച്ചനും ഭാരവാഹികള്‍ക്കും നമോവാകം.

ചിന്താവിഷയം: ഇനി മേലില്‍ പള്ളിയുടെ ഒരു ആവശ്യത്തിനും കുമ്പസാരിച്ചു കുര്‍ബാന കൈക്കൊള്ളാത്തവരുടെ പക്കല്‍ നിന്നും സംഭാവന സ്വീകരിക്കില്ല എന്നൊരു നിയമം കൂടി നടപ്പിലാക്കിയാല്‍ നന്നായിരുന്നു.

Join WhatsApp News
josecheripuram 2019-07-04 10:06:03
I wonder when we have the sense to give priority to Children,Ladies&Elders.Especially food being served.When I go to Malayalam church I eat&Go,I don't want fight with little Kids to have some food.
78 2019-07-04 10:48:11
"അറുപതു കഴിഞ്ഞ ആണുങ്ങളുടെ നനവുള്ള സ്വപ്‌നങ്ങള്‍ക്കൊക്കെ ഒരു പരിധിയില്ലേ?"  ഉറവ വറ്റി മോനെ . ഇനി എവിടെ നനവുണ്ടാവാനാ ?  ഉറവ ഒന്ന് സ്റ്റാർട്ട് ചെയ്യാൻ പറ്റിയ സ്വപ്നം വല്ലതും കയ്യിലുണ്ടോ ? 

valnjavattom 2019-07-04 11:58:24
സുപ്രീം കോടതി വിധിപ്രകാരം ഇനി പാത്രിയര്കിസ് വിഭാഗത്തിന് പള്ളിയില്ല. അവർക്കു ദൈവത്തോട് പ്രാർത്ഥിക്കുവാൻ വകുപ്പുമില്ല. മൈലപ്രയിക്കു ചീമൊട്ട വേണമെങ്കിൽ, മണർകാടോ , പിറവോം വലിയപള്ളിയിലോ ഈ ഞായറായഴ്ച പോകാം. അവിടെ ഓർത്തഡോൿസ് വിഭാഗവും പാത്രിയര്കിസ് വിഭാഗും തമ്മിലുള്ള കല്ലേറിനു ശേഷം മുട്ട വിതരണം ഉണ്ടായിരിക്കുന്നതാണ്. കുമ്പസാരിച്ചു കുർബാന കൊള്ളണമെന്നുള്ള നിയം രണ്ടു കൂട്ടർക്കും ബാധകമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക