Image

പറയാതെ ബാക്കി വച്ചത് (കവിത:ബിന്ദു രാമചന്ദ്രന്‍)

Published on 05 July, 2019
പറയാതെ ബാക്കി വച്ചത് (കവിത:ബിന്ദു രാമചന്ദ്രന്‍)
തിരക്കുകള്‍ തീറെഴുതുന്ന
നിന്റെ ദിവസങ്ങള്‍ക്കിടയില്‍ പറയാതെ ,
അറിയാതെ പോവുന്ന ഒരായിരം വിശേഷങ്ങള്‍ .
പകരാതെ , നുകരാതെ വിങ്ങുന്ന
ചില മധുര നൊമ്പരങ്ങള്‍  .

നിശ്ശബ്ദം , പായല്‍പ്പോളകളാല്‍
പുതഞ്ഞു പോവുന്നത് പ്രണയപ്രവാഹങ്ങളാവാം .

കനത്ത  മഴമേഘങ്ങള്‍
മായ്‌ച്ചൊളിപ്പിച്ചത്
മഴവില്‍ക്കൊടികളെയാവാം.

ഇന്നലെകളില്‍ വിരല്‍ കോര്‍ത്തു നാം
ഇഴ പിരിച്ച രഹസ്യങ്ങള്‍,
നിഴലുകളൊരുമിച്ച നട്ടുച്ചയില്‍
 നീ പതിപ്പിച്ച ചുണ്ടൊപ്പുകള്‍ ,
അടുപ്പത്തിനൊടുക്കത്തില്‍
തളര്‍ന്നുറങ്ങിയ നീണ്ട ഇടവേളകള്‍ .
തീണ്ടാപ്പാടിലാണീ തിരയിളക്കങ്ങള്‍ !!

തരാനോങ്ങിയ ഉമ്മകള്‍
ഞാന്‍ തിരിച്ചെടുക്കട്ടെ.
പറന്നുയരുന്നവയുടെ ചിറക് വെട്ടല്‍
എത്ര ശ്രമകരമെന്നോ !

ലിപിയില്ലാത്ത ഭാഷയിത്.
എഴുത്തു വഴങ്ങാത്ത അക്ഷരങ്ങളെ
ഞാന്‍ കുരുതി  കൊടുക്കട്ടെ .

അര്‍ത്ഥമില്ലാത്ത  വാക്കിനിയെന്തിന് ?
ഒച്ച കേള്‍ക്കാത്ത  മൊഴികള്‍ക്ക്
ഞാന്‍ ഒപ്പീസു പാടട്ടെ

ചാപിള്ളകള്‍ക്കു ബലിയിടുന്നത്
ആരുടെ നിയോഗമാവാം !

കടലാഴങ്ങള്‍ കവര്‍ന്ന  കനവുകളില്‍
കപ്പല്‍ചേതങ്ങളവശേഷിക്കുന്നു.
കാറ്റ്  കവര്‍ന്നെടുത്തത് എന്റെ
കുഞ്ഞിലഞ്ഞിപ്പൂക്കളെയാണ് .

ഇനി ഒരു വസന്തമില്ല.
വിടരാനൊരു മൊട്ടു പോലുമില്ല .

ഇവിടെ  ഞാന്‍, 
ഒരല്പ നേരം
എന്റെ ഓര്‍മ്മകള്‍ക്ക് 
കൂട്ടിരിക്കട്ടെ



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക