Image

ഇതു നമ്മുടെ അമ്മാവനല്ലേ?(നര്‍മ്മം)- ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 10 July, 2019
ഇതു നമ്മുടെ അമ്മാവനല്ലേ?(നര്‍മ്മം)- ജോസ് ചെരിപുറം
നമ്മുടെ അമ്മാവനെ അറിയില്ലെന്നോ, എന്ത് കഥ നാട്ടുകാര്‍ക്കെല്ലാമറിയുന്ന
അമ്മാവനല്ലേ അദ്ദേഹം. എല്ലാ കാര്യങ്ങള്‍ക്കും മുമ്പില്‍ നില്‍ക്കുന്ന നമ്മുടെ നാട്ടുകാരുടെ അമ്മാവന്‍. അദ്ദേഹത്തിന്റെ പേരെന്തെന്ന് ചോദിച്ചാല്‍ സാക്ഷാല്‍ അമ്മാവനുപോലും അറിയില്ല. ഉത്സവം, പെരുന്നാള്, ചന്ദനകുടം ഇതിനെല്ലാം മുമ്പില്‍ നിന്ന് കാര്യങ്ങള്‍ ഭംഗിയോടും ചിട്ടയോടും ചെയ്യുന്ന അമ്മാവന്‍. അദ്ദേഹത്തിന് പ്രായം കൂടി വരികയാണ് ഇനി എത്രനാള്‍ ഈ ഭൂമിയില്‍ കാണുമെന്ന് ഒരു നിശ്ചയവുമില്ല. അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് ഇത്ര നിശ്ചയം. അമ്മാവന് അവസാനമായി ഒരാഗ്രഹം. ഇത്രയും കാലം സകലമതങ്ങളുടെ സംരംഭങ്ങള്‍ക്കൊക്കെ പുറകില്‍ നിന്നു പ്രവര്‍ത്തിച്ചു. ഇനി മുന്നോട്ടു കയറണം. അതായത് തലയെടുപ്പുള്ള, തിടമ്പേറ്റുന്ന മുന്തിയ ഒരാനയുടെ പുറത്ത് കയറണം. വെഞ്ചാമരം വീശണം. മനസ്സില്‍ പല ഗജവീരന്മാരും ഉണ്ട്, പാമ്പാടി രാജന്‍, തെറ്റിക്കോട്ടു കാവില്‍ രാമചന്ദ്രന്‍, ഗുരുവായൂര്‍ കേശവന്‍ അങ്ങിനെ പലരും. ആര്‍്ക്കാണ് ഇതിലൊരു ഗജവീരന്റെ മുകളില്‍ കയറാന്‍ ആഗ്രഹമില്ലാത്തത്. പക്ഷേ ധൈര്യമില്ല. 'ആനയുടെ കുറ്റമാണോ കൗപീനത്തില്‍ വിസര്‍ജ്ജിച്ചത് ' എന്നൊരു പഴമൊഴിയുണ്ടല്ലോ. അത്‌കൊണ്ട് ആഗ്രഹമുണ്ടെങ്കിലും അത് മനസ്സില്‍ കുഴിച്ചു മൂടി നടക്കുകയാണ് പല ധൈര്യശാലികളും.

അമ്മാവന്‍ പല പ്രാവശ്യം ദേവസം ബോര്‍ഡിനോടും നാട്ടിലെ ഉത്സവകമ്മറ്റി അംഗങ്ങളോടും തന്റെ ഇംഗിതം ബോധിപ്പിച്ചു. അവര്‍ പല പല കാരണങ്ങളാല്‍ അദ്ദേഹത്തെ നിരസിച്ചു. കാരണം എല്ലാ സംഘടനകളിലും നടക്കുന്നതു പോലെ കുറെ ആള്‍ക്കാരെ നടത്തിപ്പിനായി മോഹനവാഗ്ദാനങ്ങള്‍ നല്‍കി 'കുറുനരി മുട്ടനാടിന്റെ പുറകേ നടക്കുന്ന രീതി' നടപ്പാക്കി.  അവസാനം അമ്മാവന്‍ തന്റെ ആഗ്രഹം ഉപേക്ഷിച്ച് വഴിയരികില്‍ വെക്കത്ത് കുത്തിയിരിക്കുമ്പോള്‍ ഇതാവരുന്നു സാക്ഷാല്‍ തെറ്റിക്കോട്ടു കാവില്‍ രാമചന്ദ്രന്‍. ഗജരാജ വിരാജിത മന്ദഗതയില്‍. അമ്മാവന്‍ പുറകേ വച്ചുപിടിച്ചു. രാമചന്ദ്രന്‍ പാപ്പാന്മാര്‍ മിനുങ്ങാനായി ഷാപ്പില്‍ കയറി അമ്മാവനും അവരുടെ കൂടെകൂടി. ഒരു കാര്യം അമ്മാവനു മനസ്സിലായി കാര്യം സാധിക്കണമെങ്കില്‍ മുകളില്‍ പിടിച്ചിട്ട് കാര്യമില്ല. പാപ്പാന്മാരും അമ്മാവന്‍മാരുമായുള്ള സ്‌നേഹബന്ധം ലഹരിയുടെ മധ്യസ്ഥതയില്‍ ഒരു തീരുമാനത്തിലെത്തി. അടുത്ത ഉത്സവത്തിന് അമ്മാവന്‍ ആനപ്പുറത്ത് കയറുന്നു. വെഞ്ചാമരം വീശുന്നു. ഇതില്‍പ്പരം ഒരു സന്തോഷം അമ്മാവന്നെല്ല എനിക്കു പോലും ഇതുവരെ ഉണ്ടായിട്ടില്ല.

അങ്ങിനെ ഉത്സവദിവസം വന്നണഞ്ഞു. അമ്മാവന്‍ നേരത്തെ ഉണര്‍ന്നു. കുളിച്ചു ചന്ദകുറിതൊട്ടു വെള്ളമുണ്ടുടുത്തു. ഉത്സാഹത്തിന്റെ തിമര്‍പ്പിനാല്‍ ഒരു 20 വയസ്സു കുറഞ്ഞതായി അമ്മാവനും അമ്മാവന്റെ ബന്ധുക്കള്‍ക്കും തോന്നി. ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ അമ്മാവന്‍ അമ്പലത്തിലെത്തി. തെറ്റിക്കോട്ടുകാവില്‍ രാമചന്ദ്രന്‍ റെഡി. അമ്മാവന്‍ ആന നീട്ടിയ ഇടതുകാലില്‍ ചവിട്ടി അനായാസേന ആനപുറത്ത് കയറി. പഞ്ചവാദ്യമേളത്തോടെ പ്രദക്ഷിണം തുടങ്ങി, അവസാനം വരെ നമ്മുടെ അമ്മാവന്‍ ആനപ്പുറത്ത് എഴുന്നേറ്റു നിന്നു വെഞ്ചാമരം വീശി. അമ്മാവനും കുടുംബവും ആത്മസംതൃപ്തിയോടെ മടങ്ങി. എന്നാല്‍ ദേവസം ബോര്‍ഡും ഉത്സവകമ്മിറ്റിയും പറഞ്ഞു പരത്തി നമ്മുടെ അമ്മാവന്‍ 'കോണകം' ഉടുത്തിരുന്നില്ല.

ആനപ്പുറത്ത് കയറിയതും വെഞ്ചാമരം വീശിയതും ഒന്നും ആരും കണ്ടില്ല. കോണകം ഉടുക്കാത്തതു മാത്രം കാണുന്ന  ഒരു ജനത..

ഇതു നമ്മുടെ അമ്മാവനല്ലേ?(നര്‍മ്മം)- ജോസ് ചെരിപുറം
Join WhatsApp News
Jack Daniel 2019-07-10 14:57:13
"പാപ്പാന്മാര്‍ മിനുങ്ങാനായി ഷാപ്പില്‍ കയറി അമ്മാവനും അവരുടെ കൂടെകൂടി. ഒരു കാര്യം അമ്മാവനു മനസ്സിലായി കാര്യം സാധിക്കണമെങ്കില്‍ മുകളില്‍ പിടിച്ചിട്ട് കാര്യമില്ല. പാപ്പാന്മാരും അമ്മാവന്‍മാരുമായുള്ള സ്‌നേഹബന്ധം ലഹരിയുടെ മധ്യസ്ഥതയില്‍ ഒരു തീരുമാനത്തിലെത്തി" -That is spirit bro.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക