Image

ഇന്ത്യന്‍ ബജറ്റും അമേരിക്കന്‍ ജീവിതവും (പകല്‍ക്കിനാവ് 156: ജോര്‍ജ് തുമ്പയില്‍)

Published on 11 July, 2019
ഇന്ത്യന്‍ ബജറ്റും അമേരിക്കന്‍ ജീവിതവും (പകല്‍ക്കിനാവ് 156: ജോര്‍ജ് തുമ്പയില്‍)
ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക ബജറ്റ് എങ്ങനെ അമേരിക്കന്‍ ജീവിതത്തെ ബാധിക്കുന്നു? അത് പ്രത്യക്ഷമായാണെന്ന് ആരും കരുതരുത്. പരോക്ഷമായി വളരെ പ്രത്യാഘാതങ്ങള്‍ അതുണ്ടാക്കുന്നുണ്ട് താനും. അപ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച നേടാം എന്ന വിശ്വാസത്തിലാണ് ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ഇപ്പോഴത്തെ കണക്കനുസരിച്ച് 2.7 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം തന്നെ മൂന്ന് ട്രില്യണ്‍ ഡോളര്‍ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്നാണ് കണക്കുകൂട്ടുന്നത്. അടിസ്ഥാന സൗകര്യവികസനം മുതല്‍ ബഹിരാകാശം വരെ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ക്രയശേഷി കണക്കാക്കിയാല്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ്. അതായത്, അമേരിക്കയ്ക്കു പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ മാനവശേഷി ഇന്ത്യയ്ക്കുണ്ട്. അതാണ് അമേരിക്കന്‍ ജീവതത്തിനു വെല്ലുവിളിയാകുമെന്നു നേരത്തെ പറഞ്ഞത്. കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലടക്കം ഇന്ത്യന്‍ പ്രൊഫഷണലുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടുണ്ട്. ഇവരില്‍ പലരും അവിടെ ജോലി ചെയ്തു നേടുന്നതിന്റെ മൂന്നിലൊന്നു പണവും ഇന്ത്യയിലേക്ക് അയക്കുന്നു. അവരുടെ ബന്ധുമിത്രാദികള്‍ ഇന്ത്യയിലാണെന്നതും അവരുടെ പണത്തിന്റെ അത്ര തന്നെ ചെലവഴിക്കപ്പെടുന്നത് ഇന്ത്യയിലാണെന്നതും ബജറ്റിലെ വന്‍ശക്തി എന്ന അടിക്കുറിപ്പിന്റെ ഒരു വസ്തുതയാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ പുളകിതരാകുന്നതിനു പിന്നിലെ ഒരു കാരണമിതാണ്.

ഇതൊക്കെയും അമേരിക്കയും ഇന്ത്യയുടെയും പ്രശ്‌നമാണെങ്കില്‍ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സ്ഥിതിയെക്കുറിച്ച് കൂടി നാമൊന്നറിയണം. ബജറ്റ് ഇവരെ എങ്ങനെ ബാധിക്കുന്നുവെന്നു നോക്കാം. വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നതൊക്കെ ശരി തന്നെ. എന്നാല്‍, പ്രവാസികള്‍ക്ക് ആശങ്കയുണ്ടെന്നത് ആരുമറിയുന്നില്ല. വളര്‍ച്ചാ നിരക്ക് ക്രമമായി ഉയര്‍ത്തുന്നതിന് ബജറ്റ് മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ധന വിലകൂടുന്നത് മൂലം നാട്ടിലെ കുടുംബച്ചെലവുകളും വിമാന നിരക്കും വര്‍ധിക്കും. രൂപയുടെ മൂല്യം ഉയരുന്നതോടെ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനു കുറവുണ്ടാകും. ഇത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നു. നാട്ടിലെ ബാങ്ക് നിക്ഷേപങ്ങളില്‍ പലിശ കുറയുന്നു. ഭവനവായ്പ പലിശ ഏറുന്നു. ഇതൊക്കെ ശരിയായ വിധത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ഇതൊക്കെ പരോക്ഷമായെങ്കിലും അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് ചങ്കിടിപ്പേറ്റുന്ന കാര്യങ്ങളാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കക്കാരുടെ മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കാവുന്ന ചില കാര്യങ്ങളൊക്കെയും ബജറ്റില്‍ കാണുന്നുണ്ട്. ബഹിരാകാശ ഗവേഷണത്തിലെ വാണിജ്യസാധ്യതകള്‍ക്ക് കോര്‍പറേഷന്‍ തുടങ്ങുന്നുവെന്നതാണ് അതിലൊന്ന്. നാഷണല്‍ ഹൈവേ കോര്‍പറേഷന് 24000 കോടി അനുവദിക്കുന്നുവത്രേ. 1.95 കോടി വീടുകള്‍ 2020-ല്‍ നിര്‍മ്മിക്കാന്‍ പോകുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 2 ശതമാനം ജിഎസ്ടി ഇളവ് നല്‍കുന്നു. ചെറുകിട കച്ചവടക്കാരുടെ പെന്‍ഷന്‍ വ്യാപകമാക്കുന്നു. 1,25000 കിലോമീറ്റര്‍ റോഡ് അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മിക്കുന്നു. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ റെയില്‍കൂടി യാഥാര്‍ഥ്യമാകുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് വരുന്ന വികസനത്തില്‍ അമേരിക്ക ഒന്നു കണ്ണു നട്ടാല്‍ കുറ്റം പറയാനാകുമോ, പറയൂ.

ഒറ്റരാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുന്നുവെന്നതും അമേരിക്കയ്ക്കു താത്പര്യമുണ്ടാക്കും. കാരണം, അടിസ്ഥാന മെഷിനറീകള്‍ പലതും ഇറക്കുമതി ചെയ്യേണ്ടത് ഇവിടെ നിന്നാണല്ലോ. ചിലവില്ലാ കൃഷി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്, അങ്ങനെയെങ്കില്‍ അതു കയറ്റുമതി വര്‍ദ്ധിപ്പിക്കും. അമേരിക്കയില്‍ ഇത്തരം സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകും. 2024 ഓടെ എല്ലാ വീടുകളിലേക്കും ജലവിതരണം എന്ന പദ്ധതിയുമുണ്ട്. എന്തു നല്ല ബജറ്റ്. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ഇതൊക്കെ നടന്നു കിട്ടിയാല്‍ പിന്നെ ആരെങ്കിലും ഇങ്ങോട്ടു വരുമോ എന്തോ?

ഇതുമാത്രമല്ല ഇനിയമുണ്ട് ഏറെ ബജറ്റില്‍. അതും അമേരിക്കയിലുള്ള ഇന്ത്യന്‍ ജനതയെ ഹഠാദാകര്‍ഷിക്കുന്നത്. കേട്ടു നോക്കൂ, റെയില്‍ വികസനത്തിന് കൂടുതല്‍ വിഹിതം. ശുചീകരണ തൊഴിലാളികള്‍ക്ക് പകരം കൂടുതല്‍ റോബോട്ടുകളെ എത്തിക്കും. വീടുകളില്‍ സോളാര്‍ അടുപ്പുകള്‍ പ്രോല്‍സാഹിപ്പിക്കും. 10 ദശലക്ഷം യുവാക്കള്‍ക്ക് നൈപുണ്യവികസന പരിശീലനം നല്‍കും. വികസനത്തില്‍ സ്ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പദ്ധതികള്‍ക്ക് പ്രത്യേക സഹായം. സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് 5000രൂപ ഓവര്‍ഡ്രാഫ്റ്റ്. സ്ത്രീകളെ സംരംഭകരാക്കാന്‍ കൂടുതല്‍ പദ്ധതികള്‍. മുദ്ര പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ. സറ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ദൂരദര്‍ശന്‍ നെറ്റ് വര്‍ക്കില്‍ പുതിയ ചാനല്‍. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ പദ്ധതി. തൊഴില്‍നിയമങ്ങള്‍ ഏകീകരിക്കും. മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് ഉടന്‍. പോരെ, അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് ഇതൊക്കെ പോരെ, ആഹ്ലാദതിമര്‍പ്പിലാറാടാന്‍.

അമേരിക്കയില്‍ നിന്നും വിവിധ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്ന വിധത്തില്‍ ബജറ്റില്‍ പദ്ധതി വക കൊള്ളിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇവിടെയുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളും വിദേശ നിക്ഷേപകരും പ്രതീക്ഷയോടെയാണ് കാണുന്നത്. ഫോറിന്‍ പോര്‍ട്‌ഫോളിയോ ഇന്‍വസ്റ്റ്‌മെന്റ് (എഫ്പിഐ) നിക്ഷേപ പരിധി 24% ആക്കി ഉയര്‍ത്തിയതും കടപത്രങ്ങള്‍ വാങ്ങി വില്‍ക്കുന്നത് കൂടുതല്‍ സുതാര്യമാക്കിയതും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന വരുത്തും. ഇതിനൊപ്പം വിദേശ നിക്ഷേപകര്‍ക്ക് എഫ്പിഐ അക്കൗണ്ടുകള്‍ തുറക്കാനുള്ള നടപടികള്‍ ലളിതമാക്കുകയും ചെയ്തു. പ്രവാസികള്‍ക്കായി ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള പിഐഎസ് (പോര്‍ട്‌ഫോളിയോ ഇന്‍വസ്റ്റ്‌മെന്റ് സ്കീം) നിക്ഷേപ അക്കൗണ്ടുകള്‍ എഫ്പിഐ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതോടെ പ്രവാസികള്‍ക്ക് വന്‍ നിക്ഷേപ ശൃംഖല തുറന്നുകിട്ടും. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി മുഖേന പ്രവാസികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് ഇന്ത്യയില്‍ സാധ്യതയേറുന്നുമുണ്ട്. ആ നിലയ്‌ക്കൊക്കെ നോക്കിയാല്‍ ഇതു നല്ലൊരു ബജറ്റാണ്. എന്നാല്‍, ഇതൊക്കെ ബജറ്റില്‍ മാത്രമേ കാണുമോയെന്നുള്ളതാണ് പ്രശ്‌നം. എന്തായാലും ഇന്ത്യന്‍ ബജറ്റിന് അമേരിക്കന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്താപ്രാധാന്യമാണ് ഈ കുറിപ്പിന് ആധാരം. ആ നിലയ്ക്ക് അവലോകനം ചെയ്യപ്പെടുന്നുവെന്നതു മാത്രമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതും. എന്തായാലും അമേരിക്കയിലേക്കു കണ്ണും നട്ടിരുന്നുവര്‍ക്ക് വലിയൊരു മാറ്റമുണ്ടായിരിക്കുന്നു; ഇനി ഇവിടെയുള്ളവര്‍ അവിടേക്കുള്ള സാധ്യതയില്‍ സാകൂതം നോക്കിയിരിക്കും. അതു തന്നെ വലിയൊരു കാര്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക