Image

സത്യം പറഞ്ഞാല്‍ ഒരു ലളിത സുന്ദര ചിത്രം

Published on 13 July, 2019
സത്യം പറഞ്ഞാല്‍ ഒരു ലളിത സുന്ദര ചിത്രം


`ഒരു വടക്കന്‍ സെല്‍ഫി' ക്കു ശേഷം ജി.പ്രജിത്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത മലയാളികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട നടി സംവൃത സുനില്‍ ആറു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക്‌ തിരിച്ചെത്തി എന്നതാണ്‌. അതും നായികയായി തന്നെ.

 മറ്റൊരു പ്രത്യേകത ഈ ചിത്രത്തിനുള്ളത്‌ ഇതിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകന്‌ പരിചയമുള്ളവര്‍ തന്നെ എന്നുള്ളതാണ്‌. നമ്മുടെ ജീവിത പരിസരത്ത്‌ കണ്ടു മുട്ടുന്ന ആളുകള്‍ തന്നെ പല കഥാപാത്രങ്ങളായി വരുന്നു.

നാട്ടിന്‍പുറത്തെ ജീവിതവും അവിടുത്തെ സാധാരണക്കാരായ ആളുകളും അവരുടെ തൊഴിലും സ്വപ്‌നങ്ങളും ജീവിതപ്രശ്‌നങ്ങളും വീട്ടമ്മമാരുടെ സങ്കടങ്ങളുമൊക്കെയാണ്‌ സിനിമയില്‍. നാട്ടിന്‍പുറത്താന്‌ കഥ നടക്കുന്നതെങ്കിലും പ്രേക്ഷകെ ചിരിപ്പിക്കാന്‍ സന്തോഷവും കോമഡിയും ആകാംക്ഷയും ഉദ്വേഗവുമെല്ലാം ഈ ചിത്രത്തിലുണ്ട്‌.

സുനി(ബിജു മേനോന്‍) സമര്‍ത്ഥനായ ഒരു കെട്ടിട നിര്‍മാണ തൊഴിലാളിയാണ്‌. ഇഷ്‌ടം പോലെ ജോലി ചെയ്യും. പ്രേമ വിവാഹമായിരുന്നു സുനിയുടേത്‌. ഭാര്യയും ഒരു മകളുമുണ്ട്‌. അവരോട്‌ കക്ഷിക്ക്‌ വളരെ സ്‌നേഹവുമാണ്‌. എങ്ങനെയെങ്കിലും കുറച്ച്‌കാശുണ്ടാക്കി ജീവിതം ഒന്നു നിറം പിടിപ്പിക്കണം. അതാണ്‌ സുനിയുടെ ആഗ്രഹം. 

 പക്ഷേ ഇഷ്‌ടം പോലെ ജോലി ചെയ്യുമെങ്കിലും കിട്ടുന്ന കാശൊന്നും സമ്പാദിക്കാനോ ആവശ്യത്തിനു വീട്ടുകാര്യങ്ങള്‍ നടത്താനോ സുനി ശ്രമിക്കാറില്ല. കൂട്ടുകാരുമൊത്ത്‌ ഷെയറിട്ട്‌ മദ്യപാനവും കൂട്ടുകാരുമൊത്തുള്ള കറക്കവും പിന്നെ ഭാഗ്യം പരീക്ഷിച്ച്‌ ലോട്ടറിയെടുപ്പും. അതോടെ കൈയ്യിലെ കാശ്‌ ഏതാണ്ട്‌ തീരും. വീട്ടാവശ്യങ്ങള്‍ക്ക്‌ പിന്നെ ഒന്നും കാണുകയില്ല. ഇക്കാരണം കൊണ്ട്‌ സുനിയുടെ ഭാര്യ എന്നും വഴക്കാണ്‌. എങ്കിലും അയാളുടെ സ്വഭാവത്തിന്‌ കാര്യമായ മാറ്റമൊന്നും വരുന്നില്ല.

മദ്യപാനവും വീട്ടില്‍ അല്ലറ ചില്ലറ പിണക്കങ്ങളുമൊക്കെയുണ്ടെങ്കിലും ജീവിതം മെച്ചപ്പെടണമെന്നും പുരോഗതി ഉണ്ടാകണമെന്നും സുനിക്കാഗ്രഹമുണ്ട്‌. അതിന്‌ എങ്ങനെയെങ്കിലും കുറച്ച്‌ കാശൊപ്പിക്കുക അതാണ്‌ അയാളുടെ ലക്ഷ്യം. ഈ അവസരത്തിലാണ്‌ അയാള്‍ ഒരപകടത്തിന്റെ ദൃക്‌സാക്ഷിയാകുന്നത്‌. 

കഥാഗതിക്ക്‌ ഒരു വേഗം കൈവരുന്നതും ഈ അപകടദൃശ്യം എത്തുന്നതു മുതലാണ്‌. കിട്ടിയ അവസരം മുതലാക്കാന്‍ സുനിയും കൂട്ടുകാരും ശ്രമിക്കുന്നു. പക്ഷേ അത്‌ അവരെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ്‌ തള്ളിവിടുന്നത്‌. ഒടുവില്‍ അയാള്‍ തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങളില്‍ നിന്നും ചില പുതിയ പാഠങ്ങള്‍ പഠിച്ച്‌ പുതിയ തിരിച്ചറിവുകള്‍ നേടി പുതിയൊരു മനുഷ്യനായി മാറുന്നിടത്താണ്‌ കഥയവസാനിക്കുന്നത്‌.

കാലം മാറിയപ്പോള്‍ നാട്ടിന്‍പുറത്തെ ജീവിത പശ്ചാത്തലവും മാറിയിരിക്കുന്നു എന്ന സത്യമാണ്‌ കഥയിലൂടെ വ്യക്തമാകുന്നത്‌. വലിയ രാഷ്‌ട്രീയ പിന്നാമ്പുറക്കളികളുടെ മിനി പതിപ്പുകള്‍ ഇവിടെയും കാണാം. പരസ്‌പരം പാര പണിയുകയും ഏഷണി കൂട്ടുകയും ചെയ്യുന്ന ആളുകള്‍. 

ആളുകളുടെ കള്ളത്തരങ്ങളും എല്ലാം തനിക്ക്‌ എന്ന മട്ടിലുള്ള സ്വാര്‍ത്ഥതയുമെല്ലാം ചിത്രം കാട്ടിത്തരുന്നു. മാത്രമല്ല, കല്യാണം വന്നാലും മരണ വന്നാലും മദ്യക്കുപ്പി വേണം എന്ന അവസ്ഥയെ കുറിച്ച്‌ നല്ല നര്‍മ്മത്തില്‍ പൊതിഞ്ഞ രംഗങ്ങളുണ്ട്‌ ചിത്രത്തില്‍. മദ്യപാനം മൂലം സൈ്വര്യക്കേടു സഹിക്കേണ്ടി വരുന്ന വീട്ടമ്മമാരുടെ നിസഹായതയും ചിത്രം കാട്ടിത്തരുന്നുണ്ട്‌.

അലസനും മദ്യപാനിയും വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലാത്ത ഗൃഹനാഥന്‍ സുനിയായി ബിജു മേനോന്‍ തിളങ്ങി. കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ശരീരഭാഷ വളരെ കൃത്യമായി തന്നെ ബിജു മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. 

കള്ളുകുടിച്ച്‌ വീട്ടുകാര്യങ്ങള്‍ തിരക്കാത്ത ഭര്‍ത്താവിനെ കൊണ്ട്‌ വലഞ്ഞ നാട്ടിന്‍പുറത്തുകാരി ഭാര്യയുടെ വേഷം സംവൃത മനോഹരമാക്കിയിട്ടുണ്ട്‌. ഒട്ടും അമിതാഭിനയമില്ലാതെ തികച്ചും സ്വാഭാവികമായി ആ കഥാപാത്രത്തെ ഉള്‍#്‌കൊണ്ട്‌ ചെയ്യാന്‍ സംവൃതക്കായിട്ടുണ്ട്‌. 
 
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സജീവ്‌ പാഴൂര്‍ കഥയും തിരക്കഥയും എഴുതിയിരിക്കുന്നു. അലന്‍സിയര്‍, സൈജു കുറുപ്പ്‌, സുധി കോപ്പ, ശ്രുതി ജയന്‍, ശ്രീകാന്ത്‌ മുരളി, സുധീഷ്‌, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്‌ എന്നിവരാണ്‌ മറ്റു താരങ്ങള്‍. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തി. പ്രത്യേകിച്ച്‌ അലന്‍സിയര്‍, ശ്രുതി ജയന്‍ എന്നിവര്‍.

ഷെഹനാദ്‌ ജലാല്‍ ആണ്‌ ഛായഗ്രഹണം. ഷാന്‍ റഹ്മാന്‍ ഗാനങ്ങളും ബിജിപാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. കഥയില്‍ നിര്‍ണ്ണായകമായ അപകടരംഗം വളരെ മനോഹരമായി നല്ല ഒറിജിനാലിറ്റിയോടെ എടുത്തിട്ടുണ്ട്‌. കഥയ്‌ക്ക്‌ ഉദ്വേഗം കൈവരുന്ന രംഗങ്ങളില്‍ പശ്ചാത്തല സംഗീതം ഏറെ മികച്ചതാകുന്നുണ്ട്‌. കുടുംബസമേതമോ കൂട്ടുകാര്‍ക്കൊപ്പമോ പോയി കാണാനും ആസ്വദിക്കാനും കഴിയുന്ന ചിത്രമാണിത്‌. ധൈര്യമായി ടിക്കറ്റെടുക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക