Image

അവസാനത്തെ പച്ചത്തുരുത്തിന് സ്വയം തീപിടിക്കുമ്പോള്‍; സഖാക്കള്‍ ഇല്ലാതാക്കുന്ന കേരളത്തിന്‍റെ സഖാവത്വം

കലാകൃഷ്ണന്‍ Published on 13 July, 2019
അവസാനത്തെ പച്ചത്തുരുത്തിന് സ്വയം തീപിടിക്കുമ്പോള്‍; സഖാക്കള്‍ ഇല്ലാതാക്കുന്ന കേരളത്തിന്‍റെ സഖാവത്വം

കനല്‍ ഒരു തരിമതി. കേരളത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണത്. ത്രിപുര ബിജെപി പിടിച്ചെടുത്തപ്പോഴാണ് ഈ മുദ്രാവാക്യം തുടങ്ങുന്നത്. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. ബംഗാളും ത്രിപുരയും കേരളവും. ബംഗാള്‍ നഷ്ടമായിട്ട് കാലങ്ങളാകുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രുപരയും നഷ്ടമായി. പാര്‍ലമെന്‍ററി പൊളിറ്റിക്സില്‍ കേരളത്തിലേക്ക് മാത്രമായി ഇടതുപക്ഷം ചുരുങ്ങി. ആ സമയം ഉയര്‍ന്ന് പൊങ്ങിയതാണ് കനല്‍ ഒരു തരി മതി എന്ന മുദ്രാവാക്യം. കേരളത്തില്‍ ബാക്കിയാകുന്ന സിപിഎം കോട്ട തന്നെ ധാരാളം എന്നതായിരുന്നു അതിന്‍റെ ചുരുക്കം. എന്നാല്‍ സഖാക്കളുടെ മുദ്രാവാക്യം അക്ഷരം പ്രതി സത്യമാക്കിക്കൊണ്ട് ലോക്സഭയില്‍ കേരളത്തില്‍ ചുവന്നത് ആലപ്പുഴ മാത്രം. കനല്‍ അക്ഷരാര്‍ഥത്തില്‍ ഒരു തരി മാത്രമായി. 
എങ്കിലും കേരളം ഒരു പച്ചത്തുരുത്താണ് ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം. അത് എത്രത്തോളം പ്രധാനമാണ് എന്ന് മനസിവാണമെങ്കില്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിലെ എം.പി മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാത്രം ഓര്‍മ്മിച്ചാല്‍ മതി. ജനങ്ങളോടും ജനാധിപത്യത്തോടും പ്രതിബന്ധരായിരിക്കും എന്ന സത്യവാചകം ചൊല്ലേണ്ട സ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ പ്രതിബന്ധത തെളിയിക്കാനാണ് ബഹുഭൂരിപക്ഷം എം.പിമാരും ശ്രമിച്ചത്. ചിലര്‍ സത്യവാചകം ചൊല്ലിക്കഴിഞ്ഞപ്പോള്‍ നരേന്ദ്രമോദിക്ക് ജയ് വിളിച്ചു. ചിലര്‍ മുദ്രാവാക്യമെന്ന പോലെ ഭാരത് മാതാ കീ ജയ് വിളിച്ചു. ജയ് ശ്രീറാം വിളിച്ചവരും തക്ബീര്‍ മുഴക്കിയവരുമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഇങ്ങനെയൊന്ന് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. ജനാധിപത്യത്തിലേക്ക് മതവും ജാതിയും കടന്നു കയറി ഫാസിസം വേരുറയ്ക്കുന്നതിന്‍റെ സൈറണ്‍ മുഴക്കമാണ് അന്ന് രാജ്യം കേട്ടത്. അവിടെയാണ് കേരളമെന്ന പച്ചത്തുരുത്തിന്‍റെ പ്രസക്തി. 
രാജ്യമൊന്നായി മതാത്മകതയിലേക്ക് സഞ്ചരിക്കുമ്പോഴും ഈ മണ്ണില്‍ ആഴ്ന്നിറങ്ങിയ സഖാവത്വം കൊണ്ട് മതേതരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കേരളത്തിന് കഴിയുന്നുണ്ട്. ആ സഖാവത്വം സിപിഎം മാത്രമായി നിര്‍മ്മിച്ചതല്ല. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും തുടങ്ങി നവോത്ഥാന നായകരുടെ നീണ്ട നിരയിലൂടെ, ദീപികയും മാതൃഭൂമിയും തുടങ്ങി മാധ്യമ മുത്തശ്ശിമാരുടെ അക്ഷര വെളിച്ചത്തിലൂടെ, ബഷീറിലും ഒവി വിജയനിലും വികെഎന്നിലും  തുടങ്ങി സാഹത്യ നായകന്‍മാരിലൂടെ വിടി ഭട്ടതിരിപ്പാടിനെപ്പോലെയുള്ള വിഷനറിമാരുടെ വെളിച്ചത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് ആ സഖാവത്വം. സിപിഎം മെമ്പറല്ലെങ്കിലും ഇടതുപക്ഷത്തിന്‍റെ വോട്ടറല്ലെങ്കിലും ഇന്ത്യന്‍ മഹാരാജ്യത്തെ ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങള്‍ക്ക് അന്യമായ സഖാവത്വം പേറുന്നുണ്ട് മലയാളികള്‍. 
എന്നാലിന്ന് സിപിഎം എന്ന കേഡര്‍പാര്‍ട്ടിയും അതിന്‍റെ പോഷക സംഘടനകളും ഏറ്റവും നിലവാരമില്ലാത്ത നിലയിലേക്ക് കേരളത്തിന്‍റെ സഖാവത്വത്തെ കൊണ്ടു ചെന്ന് എത്തിക്കുകയാണ്. ഏറ്റവുമൊടുവിലായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ എത്തി നില്‍ക്കുകയാണ് സഖാവത്വത്തിന്‍റെ കടയ്ക്കല്‍ കത്തി വെക്കാനുള്ള സഖാക്കളുടെ പ്രവര്‍ത്തനങ്ങള്‍. 
ഒരു സഖാവ് മറ്റൊരു സഖാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുക. എന്ത് തരംതാണുപോകലാണിത്. അവസാനം കൊല്ലപ്പെട്ടവന് വേണ്ടിയും കൊന്നവന് വേണ്ടിയും സിപിഎം ബക്കറ്റ് പിരിവ് നടത്തുമോ എന്ന ചോദ്യം മാത്രമേ ബാക്കിയാകുന്നുള്ളു.  
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐയുടെ കോട്ടയാണ്. അവിടെയാണ് എസ്.എഫ്ഐക്കാരനെ എസ്എഫ്ഐക്കാര്‍ കുത്തിയത്. അതിനെതിരെ അവസാനം കോളജ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം തെരുവിലിറങ്ങി. തെരുവില്‍ എസ്എഫ്ഐയ്ക്കും സിപിഎമ്മിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഗുണ്ടായിസവും ഫാസിസവും മാത്രമാണ് എസ്.എഫ്ഐ നടത്തുന്നതെന്നും അക്രമങ്ങള്‍ തുടര്‍ക്കഥയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കൂട്ടത്തിലൊരു വിദ്യാര്‍ഥിനി ചാനല്‍ കാമറയ്ക്ക് മുമ്പില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. യൂണിവേഴ്സിറ്റി ക്യാംപസില്‍ എത്തി എസ്എഫ്ഐയെ കണ്ടതോടെ കമ്മ്യൂണിസം എന്ന വാക്ക് തന്നെ വെറുത്തുപോയി എന്നായിരുന്നു ആ കമന്‍റ്. 
സിപിഎമ്മിലെ കിടമത്സരം കൊണ്ട് കണ്ണൂരില്‍ ഒരു പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തിട്ട് അധികം നാളുകളായിട്ടില്ല. ആ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ എത്തരത്തില്‍ ജനങ്ങളെ ഈ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമോ അതുപോലെ തന്നെ പാര്‍ട്ടിയെ സ്നേഹിക്കുന്ന ബഹുജനസംഘടനകളില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന സഖാക്കളെ തന്നെ അകറ്റുന്നതാണ് ഈ ഗുണ്ടായിസമെന്നത്. സിപിഎം മതരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുമ്പോള്‍ പേശിബലത്തിന്‍റെ പ്രയോഗം അനിവാര്യമെന്നൊക്കെ വാദിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഒരു സഖാവിനെ തന്നെ കുത്തിമലര്‍ത്താന്‍ എന്ത് വെല്ലുവിളിയാണ് കുത്തിയ സഖാക്കള്‍ നേരിട്ടത്. താന്‍പോരായ്മയുടെയും അഹങ്കാരത്തിന്‍റെയും ബാ്ക്കിയാണിത്. യാതൊരു പ്രതിസന്ധിയും രാഷ്ട്രീയവും മുന്നിലില്ലാത്ത ഗുണ്ടായിസം കളിക്കാന്‍ മാത്രം താത്പര്യമുള്ള ഒരുപറ്റം തെമ്മാടിക്കൂട്ടത്തെ കമ്മ്യൂണിസത്തിന്‍റെ പേര് ചേര്‍ത്ത് വിളിച്ചതുകൊണ്ട് എന്താണ് പ്രയോജനം. 
ഇന്ന് മലയാള ചലച്ചിത്ര സംവിധായകനും മഹാരാജാസ് കോളജിലെ മുന്‍ എസ്.എഫ്.ഐക്കാരനും ഇപ്പോള്‍ ഇടത്പക്ഷ സഹയാത്രികനുമായ ആഷിക് അബു യുണീവേഴ്സിറ്റി കോളജിലെ ഗുണ്ടകളോട് കുത്തരുത് മക്കളെ കത്തിക്കുത്ത് അരുത് എന്നൊക്കെ പറഞ്ഞ് വന്നിട്ടുണ്ട്. ആഷിക് അബുവിന്‍റെ എസ്എഫ്ഐക്കാലത്ത് മഹാരാജാസില്‍ ഗുണ്ടായിസം അരങ്ങ് തകര്‍ക്കുകയായിരുന്നു എസ്എഫ്ഐയിലൂടെ എന്നതാണ് സത്യം. ഇന്ന് ഇളമുറക്കാര്‍ ആ പാരമ്പര്യം തുടരുന്നു. കൈയ്യൂക്കിന്‍റെ രാഷ്ട്രയത്തിന് പോരാട്ടത്തിന്‍റെ ഭാവം പകര്‍ന്ന് ബുദ്ധിജീവികളും സിനിമക്കാരും പോപ്പുലര്‍ മീഡയയുമൊക്കെ ഇ്ന്നും യാതൊരു പ്രയോജനവുമില്ലാത്ത തെമ്മാടിത്തത്തെ ഗ്ലോറിഫൈ ചെയ്യുന്നു. അങ്ങനെ കൈയ്യില്‍ കത്തിയുമായി കേരളത്തിലെമ്പാടും എസ്എഫ്ഐക്കാരനും ഡിവൈഎഫ്ഐക്കാരനും സിപിഎം കാരനും പിറക്കുന്നു. 
ഈ ഗുണ്ടായിസം കേരളത്തില്‍ എത്രകാലം ഇടതുപക്ഷത്തെ ബാക്കിവെക്കുമെന്നതാണ് പ്രധാന ചോദ്യം. മറ്റൊരു ഓപ്ഷനില്ലാതെ ഇടതുപക്ഷ ചേര്‍ത്ത് പിടിക്കുന്ന ഗതികേടിലേക്ക് എത്രകാലം ജനങ്ങള്‍ വോട്ട് ചെയ്തുകൊണ്ടിരിക്കും. ജനം മാറി ചിന്തിക്കുമെന്ന യഥാര്‍ഥ്യത്തിലേക്ക് അധികം ദൂരമില്ല എന്ന് മനസിലാക്കുന്നത് നല്ലതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക