Image

മുത്തപ്പന്‍ (കഥ: ശ്യാംസുന്ദര്‍ പി ഹരിദാസ്)

Published on 14 July, 2019
മുത്തപ്പന്‍ (കഥ: ശ്യാംസുന്ദര്‍ പി ഹരിദാസ്)
മുത്തപ്പനെ മുണ്ടൂര്‍ക്കരയില്‍ അവസാനമായി കണ്ടത് അന്നായിരുന്നു. ഇഞ്ചി ചതച്ചു ചേര്‍ത്ത പതിവുള്ള ചായയും വാങ്ങികുടിച്ച്  ചായപീടികയില്‍ നിന്ന് അയാള്‍   മുണ്ടൂര്‍ക്കടവിലേക്ക് നടന്നു ഉരുളന്‍ കല്ലുകള്‍ക്ക് മേല്‍, കരിയിലകള്‍ക്ക് മേല്‍ ദൃഢമായി   ചുവടുകള്‍ വെച്ച്. മുണ്ടൂര്‍പ്പുഴ പുണര്‍തം ഞാറ്റുവേലയില്‍ ഭീതിദമായ ഭംഗിയോടെ  കരകവിഞ്ഞൊഴുകിയിരുന്നു. എത്രയടിയൊഴുക്കിലും മുണ്ടൂര്‍ പുഴ നീന്തിക്കടക്കാന്‍ കെല്‍പ്പുള്ള രണ്ടുപേരേ ഇതുവരെയ്ക്കും  മുണ്ടൂര്‍ക്കരയില്‍ ജീവിച്ചിരുന്നിട്ടുള്ളൂ .ഒന്ന് മുത്തപ്പനാണ്. പിന്നെയൊരാള്‍ ഔതയും. പണ്ടിതുപോലെ കരകവിഞ്ഞൊഴുകിയ ഇതേ പുഴയുടെ തീരത്താണ് കോലാഞ്ചി എന്ന നായാടിപ്പെണ്ണ് മുത്തപ്പനെ പെറ്റിട്ടത്. ചോരയില്‍ പൊതിഞ്ഞു  കിടന്ന മുത്തപ്പനെ മഴ അതിന്റെ നീളന്‍ വെള്ളിനൂലുകളാല്‍  തുടച്ചെടുത്തു.

മുത്തപ്പന്‍ ആഞ്ഞുവീശി  നടന്നു. നിലയ്ക്കാതെ പെയ്തുകൊണ്ടിരുന്ന മഴയില്‍ മുണ്ടൂര്‍ക്കടവ് വിജനമായിക്കിടന്നു. മുത്തപ്പന്റെ അരക്കെട്ടില്‍  ഒരു കൊലക്കയര്‍, അവനത്  ഒന്നുകൂടി വരിഞ്ഞു  മുറുക്കി കെട്ടി പതുക്കെ  പുഴയിലേക്കിറങ്ങി.കൂടുതല്‍ ആഴങ്ങളിലേക്ക്, കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക്. വെള്ളത്തിന്നടിയില്‍ എത്രനേരം വേണമെങ്കിലും ശ്വാസം പിടിച്ചു നില്‍ക്കാന്‍ മുത്തപ്പനാവും.മുണ്ടൂര്‍പ്പുഴയുടെ അടിത്തട്ടുകളില്‍ എത്രയോ തവണ, എത്രയോ നേരം മുങ്ങിക്കിടന്നിട്ടുണ്ട് മുത്തപ്പന്‍. അവനെ ആ വിദ്യ പഠിപ്പിച്ചതും പുഴ തന്നെയാണ്.  ഇടയ്ക്കിടെ അവന്റെ ആത്മാവിലെ  പകയുടെയും പ്രതികാരത്തിന്റെയുമലകള്‍ കുമിളകളായി  തികട്ടി അടിത്തട്ടില്‍ നിന്നും മേലോട്ടുയര്‍ന്ന്, മുകള്‍പരപ്പില്‍ വന്നു  പൊട്ടിത്തെറിച്ചു.

വരും ! ഔത കടവില്‍ കുളിക്കാന്‍ വരും.ഒറ്റയിഴ തോര്‍ത്ത്മാത്രം ചുറ്റി, മേലാസകലം എണ്ണതേച്ചു പിടിപ്പിച്ച്  ദീര്‍ഘകായനായ ഒരാള്‍  . മഴയില്‍ മുണ്ടൂര്‍പ്പുഴയില്‍ കുളിക്കുന്നതാണ്,  പറയത്തി പെണ്ണുങ്ങളുടെ കൊഴുത്ത ശരീരങ്ങളുടെ നിന്മോന്നതങ്ങളില്‍ മുഖം പൂഴ്ത്തുന്നത് കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് ഏറ്റവും പ്രിയമുള്ള വിനോദം . ഇന്ന് ഔതയുടേത് അവസാനത്തെ കുളിയാണ്. ഔതക്ക് അന്ത്യകൂദാശ മുണ്ടൂര്‍പ്പുഴയില്‍ തന്നെ . റാണിമോളുടെ മൃദുമേനിയെ  ആര്‍ത്തിയോടെ നുകര്‍ന്ന സമയത്ത് അവളുടെ കണ്ണീര്‍ കണ്ട് ക്രൂരമായാനന്ദിച്ച  ഔത ഇന്ന്  ശ്വാസമെടുക്കാനാകാതെ പുഴയുടെ നിലകിട്ടാത്ത ആഴങ്ങളില്‍ പിടഞ്ഞു  കരയും.   ഇരയെ കാത്തുകിടക്കുന്ന  വന്യമൃഗത്തിന്റെ ജാഗ്രതയോടെ മുത്തപ്പന്‍  പുഴവെള്ളത്തില്‍ ഒളിച്ചു. പുഴ മുത്തപ്പനെ   അമ്മയെപ്പോലെ അവളുടെ ഞൊറിവുകള്‍ക്കിടയില്‍ ഒളിപ്പിച്ചു പിടിച്ചു.

അങ്ങനെയങ്  മുണ്ടൂര്‍ക്കരക്കാരനാവുകയായിരുന്നു മുത്തപ്പന്‍, അവന്റെ പിറവിക്കും നാളുകള്‍ക്ക്   മുന്‍പേ . മുണ്ടൂര്‍ക്കരയുടെ കാവല്‍ക്കാരനാവുക എന്നതായിരുന്നു അവന്റെ നിയോഗം തന്നെ. നാട്ടുവഴികളില്‍, മുണ്ടൂര്‍ പുഴയുടെ ഓളങ്ങളില്‍, അനേകമനേകം കാറ്റേറ്റ്, മഴയിലും വെയിലിലും, നിശബ്ദമായ  ഇരുട്ടിലും നിലാവിലും മുണ്ടൂര്‍ക്കരയിലെ  പാപവിത്തുകള്‍ക്ക് മേലേ അവന്‍ വളര്‍ന്നുവന്നു.
കാലാന്തരങ്ങള്‍ക്കപ്പുറത്ത് ഒരു മഴക്കാലത്ത് തന്നെയായിരുന്നു കോലാഞ്ചി നിറവയറുമായി മുണ്ടൂര്‍ക്കരയിലെത്തിയത്. നനഞ്ഞ് ദേഹത്തോടൊട്ടിയ  വെളുത്ത ഉടുമുണ്ടിനിടയിലൂടെ  അവളുടെ വയറിലേക്കും വെള്ളം നിറഞ്ഞ പൊക്കിള്‍കുഴിയിലേക്കും  മുണ്ടൂര്‍ക്കരയിലെ ആണുങ്ങളെല്ലാം കൊതിയോടെ നോക്കി നിന്നു.  കൂട്ടത്തില്‍ ഔതയും. മുണ്ടൂര്‍ക്കരയില്‍ പാപങ്ങളുടെ വിത്ത് പാകിയ വരത്തനാണ് ഔത. ദാവീദ് മരണപ്പെട്ടപ്പോള്‍ ഒരുദേശം  മുഴുവനായും  മേരിയെയും അവളുടെ പൊടിക്കുഞ്ഞ് റാണിമോളെയും നോക്കി നിന്ന് സഹതപിച്ചു. പാവങ്ങള്‍.  അവള്‌ടെയാകെയുള്ള ആണ്‍ തുണയല്ലേ പോയത്. ഇനി ഒറ്റക്ക് ഈ പെണ്ണെങ്ങനെ? എന്ന് ചോദിച്ചുകൊണ്ട്  വ്യസനിച്ചു.  അപ്പോഴാണ് ഇട്ടുമൂടാനുള്ള സമ്പാദ്യവുമായി  രക്ഷന്റെ വേഷത്തില്‍  ഔത പ്രത്യക്ഷപ്പെട്ടത്. . മേരിയെ ഔതക്ക് ബോധിച്ചു. അവളെ കെട്ടി.നാട്ടുകാര്‍ ഔതയെ വാനോളം പുകഴ്ത്തി, എന്ത് നല്ല മനുഷ്യന്‍, എന്തൊരു ദയാവായ്പ്പ്.. പിന്നെപ്പിന്നെ  രക്ഷകന്‍ ശിക്ഷകനായി മാറിയത്  മുണ്ടൂര്‍ക്കരക്കാര്‍ തിരിച്ചറിഞ്ഞു.  ആദ്യമറിഞ്ഞത് പറയത്തി പെണ്ണുങ്ങളും അവരുടെ ഭാര്‍ത്താക്കന്മാരുമായിരുന്നു. അപ്പോഴേക്കും വെട്ടിയിടാനാവാത്ത വിധം  മുണ്ടൂര്‍ക്കരയെയാകെ നിഴലില്‍  വീഴ്ത്തിക്കൊണ്ട് ഔത ഒരു വന്മരമായി പടര്‍ന്നുപന്തലിച്ചു .  ഔത വിതച്ച പാപത്തിന്റെ വിത്തുകള്‍ കരിമ്പന കാറ്റുകളില്‍ അവിടമാകെ പാറി നടന്നു. നനവുള്ളിടത്ത് വീണ് മുളപൊട്ടി. ഇനി മുണ്ടൂര്‍ക്കരക്ക് ഒരു രക്ഷകന്‍ വേണം. മുത്തപ്പനാണ് മുണ്ടൂര്‍ക്കര കാത്തിരുന്ന ആ രക്ഷകന്‍. കോലാഞ്ചിയുടെ വയറിനുള്ളില്‍ കിടന്ന് തന്നെ അവനത് തിരിച്ചറിഞ്ഞു.

കൊതിയോടെ  നിന്ന ഔതയെ നോക്കി മുറുക്കാന്‍ കാര്‍ക്കിച്ചു തുപ്പി നിറവയറും തുണിഭാണ്ഡവുമായി കോലാഞ്ചി പതുക്കെ മുണ്ടൂര്‍ക്കരയുടെ നാട്ടുവഴികളില്‍ അലിഞ്ഞു ചേര്‍ന്നു. 'എന്തൊരു മൊതലാടാ ആ പെണ്ണ് ! ഒന്ന് വീശി നോക്കണമല്ലോ' ഔത ശിങ്കിടികളോട് പറഞ്ഞു. 'മൊതലാളി ആശിച്ചാല്‍ നടക്കാത്തതായി ഈ കരയില്‍  എന്തുണ്ട്' എന്ന് ശിങ്കിടി സംഘം മുറുമുറുക്കെ ചിരിച്ചു. ഔതയും.

വയറും താങ്ങി പിടിച്ച്  മുണ്ടൂര്‍ക്കരയിലെ വീട്ടുമുറ്റങ്ങളില്‍ ഏഴടി മാറി നിന്ന് കോലാഞ്ചി 'ഏയ് അമ്മോ' എന്ന് നീട്ടി വിളിച്ചു. അകത്തളങ്ങളില്‍ നിന്ന് കെട്ടിലമ്മമാരോ പണിക്കാരിത്തികളോ വന്ന് നായാടിപ്പെണ്ണിന് ഭിക്ഷ നല്‍കി. ചിലര്‍ മാറിയുടുക്കാന്‍ തുണി, ചിലര്‍ ഒന്നോ രണ്ടോ രൂപ, മറ്റു ചിലരോ,  വാഴയിലയില്‍ ഒരുനേരത്തെ ഭക്ഷണം. തരുന്നത് എന്ത് തന്നെയായാലും അത് സവിനയം സ്വീകരിച്ച് നായാടിമുത്തി അനുഗ്രഹിക്കുമെന്ന് ചൊല്ലി കോലാഞ്ചി അടുത്ത വീടുകളിലേക്ക് നടന്നു ചെല്ലും. വീടുകള്‍ തോറുമങ്ങനെ കയറിയിറങ്ങും. ഔതയുടെ പറമ്പില്‍ മാത്രം അവള്‍ കയറിയില്ല .മറച്ചു കെട്ടിയ വളപ്പിനകത്തേക്ക്  നോക്കുക പോലും ചെയ്തില്ല. അവിടെ പാപത്തിന്റെ ഇരുട്ട് മൂടി  നിന്നു. ഇടയ്ക്കിടെ റാണിമോളെ മാത്രം  ഇരുട്ടിലെ ഒരുതരി പ്രകാശമെന്നപോലെ പടിപ്പുരയില്‍ കണ്ടു. കോലാഞ്ചിയെ കാണുമ്പോള്‍ അവള്‍ പടിപ്പുരയില്‍ ചാരി നിന്ന്   അവളുടെ വീര്‍ത്തവയറിലേക്ക് കൗതുകത്തോടെ നോക്കി ചിരിച്ചു.  അവള്‍ക്കറിയാം, അതിനുള്ളില്‍ ഒരു ജീവനുണ്ട്. അതിന് ഭൂമിയിലേക്ക് വരണം. എപ്പോഴായിരിക്കും അത് സംഭവിക്കുക.  ചായപ്പീടികക്കാരന്‍ ബര്‍ക്കത്ത് ദാനം നല്‍കിയ മൂന്ന് കെട്ട് ഓല മറച്ചു കെട്ടിയാണ്  കോലാഞ്ചി മുണ്ടൂര്‍പ്പുഴയുടെ തീരത്ത് ഒരു കുടില്‍  കെട്ടിയത്  . രണ്ടുപേര്‍ക്ക് കഷ്ടിച്ച് നിന്നു തിരിയാന്‍ മാത്രമിടമുള്ള ഒരു കൂര.  അങ്ങനെ കോലാഞ്ചി മുണ്ടൂര്‍ക്കരക്കാരിയായി, പിറവിക്ക്  ശേഷം മുത്തപ്പനും.

മഞ്ഞ് മുണ്ടൂര്‍ക്കരയെ പൊതിയുന്ന  ചില തണുത്തുറഞ്ഞ രാത്രികളില്‍ പനങ്കള്ള് കുടിച്ച്  ലക്കുകെട്ട് ഔതയോ ഔതയുടെ ശിങ്കിടികളോ കോലാഞ്ചിയുടെ ഓലപ്പുരക്ക്   പിറകില്‍ ഒളിച്ചിരിക്കാറുണ്ട്.  ഓലപ്പുരയുടെ വിടവുകളിലൂടെ അവള്‍ മലര്‍ന്നു കിടന്നുറങ്ങുന്നത് നോക്കി നിന്ന് അവര്‍  വെള്ളമിറക്കും. ചിലപ്പോള്‍ നഗ്‌നമായ അവളുടെ  മുലക്കണ്ണികളില്‍ ചപ്പി വലിക്കുന്ന മുത്തപ്പനെ കാണാം. 'എടിയേ.. നെന്റെ മൊല ഇച്ചിരി ഞങ്ങക്കും കൂടി  താട്യേ..ഒന്ന് ചപ്പാനാണ്ടി 'എന്ന് ഓലവിടവുകളിലൂടെ കണ്ണെത്തി പറയും ഔതയും കൂട്ടരും. മുത്തപ്പനെ നെഞ്ചത്ത് നിന്ന് മാറ്റി കിടത്തി കോലാഞ്ചി വലിഞ്ഞു മുറുകിയ പേശികളും കോട്ടിപ്പിടിച്ച ചുണ്ടുമായി  സര്‍വ്വശക്തിയുമെടുത്ത് ഓലപ്പുര വാതില്‍ തുറന്ന് പുറത്ത് വരും .. വളഞ്ഞ തലയുള്ള അവളുടെ നീളന്‍ വാക്കത്തി ആഞ്ഞു ചുഴറ്റിവീശി 'പ്ഫാ.. മയിരോളേ.. ന്നാണ്ടാ.. കാണ്‌റാ ന്റെ മൊല. വന്ന് ചപ്പെറാ  ' എന്ന് പറഞ്ഞ് മുല കാണിച്ചു നില്‍ക്കും. അപ്പോള്‍ അവളുടെ പനങ്കുലത്തലമുടി മുണ്ടൂര്‍കാറ്റില്‍ അഴിഞ്ഞുലയും.പാറിപ്പറക്കും.'ഇവളാരാപ്പാ.. യക്ഷിയാണ്ടാ..ദേവ്യാണ്ടാ ? 'കാറ്റില്‍ മുടിയഴിച്ച്, മുലകള്‍ പ്രദര്‍ശിപ്പിച്ച് വാളോങ്ങി നില്‍ക്കുന്ന കോലാഞ്ചിയെ നോക്കി നടുക്കത്തോടെ അവര്‍ ചോദിക്കും.  അവളുടെ ശബ്ദത്തിന്റെ തീവ്രതയില്‍ മുണ്ടൂര്‍ക്കരയിലെ ആണുങ്ങളെല്ലാം അടിമുടി നിന്നു വിറച്ചു .കോലാഞ്ചിയുടെ തീപ്പൊരി ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി നില്‍ക്കാനുള്ള ധൈര്യമില്ലാതെ ആണ്‍കൂട്ടം മുണ്ടും പൊക്കിയോടുന്നത് നോക്കി നിന്ന് കോലാഞ്ചി പറയും 'ഒന്ന് പോയേണ്ടാ.. നെന്റെയൊക്കെ തന്തമാര്  ന്റെ മുന്നിലാ  നിന്ന് തൂറ്റും.പിന്നെയല്ലേ..  തായോളി മക്കളെ നേയൊക്കെ '..  വാതിലും ചാരി അഴിഞ്ഞുവീണ മുടി വാരിക്കോതി കോലാഞ്ചി പിന്നെയും മുത്തപ്പനെ നെഞ്ചത്ത് കിടത്തും.  ഒരു കൈയില്‍ വാക്കത്തി.  ഒരു കൈ മുത്തപ്പന്റെ പുറത്ത്. അമ്മയുടെ മാറോട് ചേര്‍ന്ന് കിടന്ന് മുത്തപ്പനുറങ്ങും. ഉറങ്ങുമ്പോള്‍ അവന്‍ കേള്‍ക്കുന്നത് അമ്മയുടെ നെഞ്ചിടിപ്പാണ്. കാരിരുമ്പിന്റെ കരുത്തുള്ള മിടിപ്പ്. അങ്ങനെ കിട്ടിയതാണ് മുത്തപ്പനീ ധൈര്യം. കുത്തിയൊലിച്ചുവരുന്ന മുണ്ടൂര്‍പ്പുഴ മുറിച്ചു കടക്കാനും , ഔതയെ ആഴങ്ങളില്‍ കെട്ടിത്താഴ്ത്താനുമുള്ള  ധൈര്യം.

പേറുകഴിഞ്ഞനാളുകളില്‍ ഒരിക്കല്‍ കോലാഞ്ചിയെ കാണാതെ റാണിമോള്‍, അവളെ തിരക്കിയാവണം, അല്ലെങ്കില്‍ കുഞ്ഞിനെ കാണാനുള്ള കൗതുകംകൊണ്ടാവണം, മുണ്ടൂര്‍ക്കടവിലെ അവരുടെ കുടിലില്‍  വന്നു. അപരിചിതത്വത്തോടെ വാതിലിനരികെ കാത്ത് നിന്നിരുന്ന അവളെ കോലാഞ്ചി അകത്തേക്ക് വിളിച്ചു കുഞ്ഞിനെ കാണിച്ചു. റാണിമോള്‍ മുത്തപ്പന്റെ വിരലുകളില്‍ സ്പര്‍ശിച്ചു. കുഞ്ഞുവിരലുകളുടെ മാര്‍ദ്ദവം അവളെ ഇക്കിളിപ്പെടുത്തി. അവള്‍ കോരിത്തരിച്ചുകൊണ്ട് കൈപിന്‍വലിക്കാന്‍ ശ്രമിച്ചു. പക്ഷേ മുത്തപ്പന്‍ അവളുടെ വിരലുകളില്‍ മുറുകെ പിടിച്ചു കിടന്നു..
'കണ്ടാ.. വാവേണ്ടീ.. ചേച്ച്യേ ഇഷ്ടായീട്ടാ.. എടുത്തോട്യേ നീയ്യ് . 'കോലാഞ്ചി പറഞ്ഞു. അവള്‍ മുത്തപ്പനെ റാണിമോളുടെ മടിയില്‍ വെച്ചുകൊടുത്തു. തുണിയില്ലാതെ കിടക്കുന്ന മുത്തപ്പന്റെ 'കിണിമണിയില്‍' നോക്കി റാണിമോള്‍ നാണത്തോടെ ചിരിച്ചു. കോലാഞ്ചി അതുകണ്ടു പൊട്ടിച്ചിരിച്ചു. 'പേരെന്താ വാവക്ക്? ' റാണിമോള്‍ ചോദിച്ചു.
'നായാടിമുത്ത്യാ തന്ന കുട്ട്യാണെ.. അപ്പൊ എന്താണ്ടീ  വിളിക്ക്യാ.. മുത്തപ്പാ ന്ന് '..
'മുത്തപ്പാ.. മുത്തപ്പാ. മുത്തപ്പാ' റാണിമോള്‍ വിളിച്ചു. പക്ഷേ മുത്തപ്പന്‍ പ്രതികരിച്ചില്ല, അവളെ വെറുതേ തുറിച്ചുനോക്കിയതല്ലാതെ . റാണിമോളോട്  മാത്രമല്ല, ആര് വിളിച്ചാലും മുത്തപ്പന്  സംസാരിക്കാന്‍  കഴിയില്ലായിരുന്നു. മുത്തപ്പന്റെ  വായില്‍ നാക്കിന് പകരം നൂലു പോലെയെന്തോ തൂങ്ങിനിന്നാടി. എല്ലാം കണ്ടും കേട്ടും  വീശിയടിക്കുന്ന മുണ്ടൂര്‍ക്കാറ്റില്‍ കരിമ്പനയോലയിളക്കങ്ങള്‍ക്കൊപ്പം നിശബ്ദനായി മുത്തപ്പന്‍ അങ്ങനേ വളര്‍ന്നു.  പിന്നെയൊരു മലമ്പനിക്കാലത്ത് കോലാഞ്ചി മരിച്ചുപോകുമ്പോഴും മുത്തപ്പന്‍ നിശബ്ദനായി നിന്നു.ഒരജ്ഞാത ജീവിപുറപ്പെടുവിക്കും വിധമൊരു മുരള്‍ച്ച മാത്രം അവന്റെ അടഞ്ഞുപോയ തൊണ്ടക്കുഴിയില്‍ നിന്ന് പുറത്ത് വന്നു. അതവന്റെ കരച്ചിലായിരുന്നു. കോലാഞ്ചി അവസാന ശ്വാസം വലിക്കുന്ന നിമിഷം അവരുടെ ഓലക്കൂരക്കുള്ളില്‍ റാണി മോളുമുണ്ടായിരുന്നു. തന്നോളം വളര്‍ന്ന  മുത്തപ്പനെ അടുത്തേക്ക് വിളിച്ച് കോലാഞ്ചി അവളുടെ മാറില്‍കിടത്തി.അമ്മയുടെ ഹൃദയമിടിപ്പ് കേട്ടുകൊണ്ട് മുത്തപ്പന്‍ ഏറെനേരം കണ്ണുകളടച്ച് കിടന്നു. ഒടുവില്‍ ആ നിമിഷത്തിന്റെ അവസാനമാത്രയില്‍ കോലാഞ്ചി അവളുടെ വളഞ്ഞതലയുള്ള വാക്കത്തിയും തുമ്പില്‍ വെള്ളികെട്ടിയ ചൂരലും മുത്തപ്പന് നേരെ നീട്ടി പറഞ്ഞു  'നേര് കെട്ട് ജീവിക്കരുത്.. നീ മുത്തപ്പനാണ്. മുണ്ടൂര്‍ക്കരയുടെ മുത്തപ്പന്‍. ചേച്ച്യേ നോക്കിക്കോളോട്ടാ'. മുത്തപ്പന്‍ ചൂരലും വാക്കത്തിയും കൈകളില്‍ വാങ്ങി.  കോലാഞ്ചിയുടെ കണ്ണുകള്‍ പതുക്കെയടഞ്ഞുപോയി  . തനിക്ക് കൈമുതലായി ആകെയുണ്ടായിരുന്ന ചങ്കിലെ ഊറ്റം  മുഴുവന്‍ മുത്തപ്പന് പകര്‍ന്നു കൊടുത്ത് കോലാഞ്ചി മരിച്ചുപോകുകയാണ്. ശവം മുണ്ടൂര്‍പ്പുഴയുടെ തീരത്ത് കുഴിച്ചിട്ട് മുത്തപ്പന്‍ പുഴയില്‍ മുങ്ങി. മുങ്ങി നിവര്‍ന്നു. പൊങ്ങി വരുമ്പോള്‍ അവന്റെ ഒരു കൈയില്‍ വാക്കത്തി, മറുകൈയില്‍ ചൂരല്‍. മുത്തപ്പന്‍ മുണ്ടൂര്‍ക്കരയുടെ രക്ഷകനായി മാറുകയായിരുന്നു.

കോലാഞ്ചി മരിച്ചുപോയ രാത്രിയാണ് മുത്തപ്പനെ എന്നെന്നേക്കുമായി ഔത ശത്രുവായി പ്രഖ്യാപിച്ചത്. ഇരുട്ട് പരന്ന ഓലപ്പുരയിലിരുന്ന് നിശബ്ദം കരയുകയായിരുന്നു അവന്‍. ഓലപ്പുരയുടെ വാതില്‍ തള്ളി തുറന്ന് ഔത അകത്ത് കയറി. മുത്തപ്പന്‍ പേടിച്ചൊരു കോണിലേക്കൊതുങ്ങി.
'നീ പേടിക്കണ്ടടാ ചെര്‍ക്കാ. നിനക്ക് ഞാനില്ലേ. 'ഔതയുടെ വിരലുകള്‍ മുത്തപ്പന്റെ ചുണ്ടുകളെ സ്പര്‍ശിച്ചു. പിന്നെ കഴുത്തിലൂടെ. പതുക്കെ താഴേക്ക്. 'നെന്റെ അമ്മ ഒരു മൊതലായിരുന്നു.. അതോ കിട്ടീല.. യ്ക്ക് നേയായാലും മതിട ചെര്‍ക്കാ ' മുത്തപ്പന്‍ ഔതയുടെ കൈ തട്ടി മാറ്റാന്‍ ശ്രമിച്ചു. ഔത അവന്റെ കൈകളില്‍ കടന്നു പിടിച്ചു. 'നേയാ   യ്‌ക്കൊന്നാ പിടിച്ചു തായോടാ.. എത്ര നാളായീടാ ആരെങ്കിലുമൊന്ന് പിടിച്ചു തന്നിട്ട്. നല്ല കുളിര്.. വാ '. ഔത നാക്ക് നീട്ടി ചുണ്ടുകള്‍ നനച്ചുകൊണ്ട് മുണ്ടഴിച്ചു.മുത്തപ്പന്റെ കൈകള്‍ ബലമായി പിടിച്ചു വലിച്ച് അയാളുടെ വഴുവഴുത്ത  ആണവയവത്തില്‍ പിടിപ്പിച്ചു. മുത്തപ്പന്‍ സര്‍വ്വശക്തിയുമെടുത്ത് കുതറിമാറി, പിന്നെ വാക്കത്തിയെടുത്ത് വീശി. ഔതയുടെ കവിളില്‍ നിന്ന് ചോര പൊടിഞ്ഞു. കൈയില്‍കിട്ടിയ തുണിഭാണ്ഡവും ചൂരലും വാക്കത്തിയും കൊണ്ട് അവന്‍ മുണ്ടൂര്‍ക്കരയുടെ ഇരുള്‍വീണ ഇടവഴികളിലൂടെ ലക്ഷ്യമില്ലാതെ ഓടി.ഒരു തരി വെളിച്ചമില്ലാതെ.  അന്ന് മുതല്‍ പുഴയുടെ തീരത്തെ കുടില്‍ അവന് എന്നെന്നേക്കുമായി നഷ്ടമായി.ഔത അവന്റെ കുടിലിന് തീവെച്ചു.  ഓലക്കൂമ്പാരത്തില്‍ നിന്നുയര്‍ന്ന് വന്ന തീനാളം ഔതയുടെ കൃഷണമണികളില്‍ നിന്ന് ജ്വലിച്ചു . മുണ്ടൂര്‍ക്കരയിലെ പീടികത്തിണ്ണകളിലും മരക്കൊമ്പുകളിലുമായി ഇരുട്ടില്‍  മുത്തപ്പന്‍ പിന്നെയും വളര്‍ന്നു. മഴയില്‍ കരപിന്നെയും പുഴയെടുത്തു. കോലാഞ്ചിയെയും. അമ്മയെ കുഴിച്ചിട്ട മണ്ണും പുഴകൊണ്ടുപോയതോടെ പുഴയായി മുത്തപ്പന്റെ അമ്മ. മുണ്ടൂര്‍ക്കര ഉണരുംമുന്‍പേ മുത്തപ്പന്‍  പുഴയില്‍ മുങ്ങും. ഏറെനേരം പുഴയില്‍ നീന്തും.മുങ്ങിക്കിടക്കും.  അമ്മയുടെ മാറില്‍ തലചേര്‍ത്തു വെച്ചതുപോലെ അപ്പോഴൊക്കെ മുത്തപ്പന് തോന്നുമായിരുന്നു.പുഴയുടെ അടിത്തട്ടില്‍ ഇളംചൂടുണ്ടായിരുന്നു . അത് കോലാഞ്ചിയുടെ ചങ്കിലെ ചൂടാണ്.  പകല്‍ സമയം ബര്‍ക്കത്തിന്റെ ചായപ്പീടികയില്‍ അവന്‍  സഹായിയായി കൂടി. രാത്രി ഏതെങ്കിലും മരക്കൊമ്പില്‍ ഉറങ്ങാതെയിരിക്കും .  അവന്‍ മുണ്ടൂര്‍ക്കരയുടെ കാവല്‍ക്കാരനായിരുന്നുവല്ലോ.  മോഷണത്തിനിറങ്ങുന്ന കള്ളന്മാരുടെ മുന്നില്‍ വാക്കത്തിയും ചൂരലുമേന്തി ഭസ്മം വാരിപ്പുതച്ച്  വിചിത്രമായൊരു ശബ്ദവും പുറപ്പെടുവിച്ച് ഇരുട്ടില്‍ മുത്തപ്പന്‍  പ്രത്യക്ഷപ്പെടും. മുത്തപ്പനെ കണ്ടു പേടിച്ചു പലരും മുണ്ടൂര്‍ക്കരയില്‍ ബോധരഹിതരായി വീണു.പേടിച്ചു പനിച്ചു.  രാത്രിയില്‍ മുണ്ടൂര്‍ക്കരയില്‍ പേക്കൂത്ത് നടത്താന്‍ സമൂഹ്യദ്രോഹികള്‍ ഭയന്നു. അവിടെ ഇരുട്ടിലൊരാള്‍ കാവലുണ്ട്. .. മുത്തപ്പന്‍.. നായാടിമുത്തപ്പന്‍. നോക്കി നില്‍ക്കെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്നവന്‍.

ടൈപ്പ് ക്ലാസ്സിന് പോകുമ്പോള്‍ റാണിമോള്‍ മുത്തപ്പനെ കാത്ത് നില്‍ക്കുമായിരുന്നു.  അവള്‍ക്കറിയാം മുത്തപ്പന്‍ എവിടെയുണ്ടാകുമെന്ന്. അവള്‍ക്ക് മുന്‍പില്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അവന്‍ കൃത്യമായി പ്രത്യക്ഷപ്പെടും. 'ന്നാ.. ഔലോസുണ്ട.  പിന്നെ  പൊകലെം'.അവള്‍ നീട്ടുന്ന ഔലോസുണ്ട  നുണഞ്ഞുകൊണ്ട് മുത്തപ്പന്‍ ടൈപ്പ് ക്ലാസ്സ് വരെ നടക്കും. ക്ലാസ്സ് കഴിയും വരെ കാത്ത് നില്‍ക്കും. തിരിച്ചു മുണ്ടൂര്‍ക്കവല വരെ കൂടെ നടക്കും. മുത്തപ്പന്‍ കൂടെയുള്ളത്  അവള്‍ക്ക് ധൈര്യമായിരുന്നു. വഴിയില്‍ പൂവാലന്മാരെല്ലാം മാറി  നിന്നു. പേടിയോടെ മുത്തപ്പനെ നോക്കി.  'അവളെയണ്ട് വിട്ടോട്ട്‌റാ . അവള്‍ക്ക് മുത്തപ്പന്‍ സേവണ്ട്' എന്ന് പറഞ്ഞു.  കുര്‍ബാന കൊള്ളാന്‍   പോകുമ്പോഴും അവള്‍ മുത്തപ്പനെ കൂടെ വിളിക്കും. മുത്തപ്പനാ നേരം പുഴയില്‍ മുങ്ങികിടക്കുകയായിരിക്കും. പുഴക്കടവില്‍ നിന്ന് അവള്‍ 'മുത്തപ്പാ' എന്ന് നീട്ടി വിളിക്കുമ്പോള്‍ അവന്‍ പൊന്തിനിവരും,മുണ്ട് മാറിയുടുത്ത് കൂടെ ചെല്ലും. 'ടൈപ്പ് ക്ലാസ്സ് പാസായാല്‍ യ്ക്ക് എവടെങ്കിലും ഒരു പണി കിട്ടും. ന്നട്ട് ഞാന്‍ നെനക്കൊരു കുഞ്ഞ് വീടാ  പണിതു തരും. അവടെ ഒരുത്തീനേം കെട്ടി നേയങ്ങനെ  കഴിയും.. ഇല്ലെടാ.. മുത്തപ്പാ ' എന്ന് ചോദിക്കുമ്പോള്‍ മുത്തപ്പന്‍ ശബ്ദമില്ലാതെ ചിരിക്കും. അപ്പോള്‍ അവന്റെ മുഖം നാണംകൊണ്ട് തുടുക്കുമായിരുന്നു. മതത്തിനും ജാതിക്കും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനുമതീതമായി ഊഷ്മളമായൊരു ബന്ധം മുത്തപ്പനും റാണിമോള്‍ക്കുമിടയില്‍, മുണ്ടൂര്‍ക്കരക്ക് മേലേ  പടര്‍ന്നു പന്തലിച്ചത് കാലം നിര്‍വൃതിയോടെ നോക്കി നിന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മേരി ജീവിച്ചിരുന്നിടത്തോളം വരെ മാത്രമായിരുന്നു  റാണിമോളുടെ നല്ലകാലം. പൊടുന്നനെ ഒരു രാത്രി മേരിയുടെ മരണത്തോടെ വെളിച്ചം റാണിമോളുടെ ജീവിതത്തില്‍ നിന്നും ഇനിയൊരിക്കലും തിരിച്ചുവരികയില്ലാത്തൊരു ദൂരത്തേക്ക് എന്നെന്നേക്കുമായി പിന്‍വലിഞ്ഞു . ഔത അവളെ വീട്ടിനുള്ളില്‍ പിടിച്ചു വെച്ചു.റാണിമോളുടെ പഠിത്തം മുടങ്ങി. അവള്‍ പള്ളിയില്‍ വരാതെയായി.  അവളുടെ ശരീരത്തിന്റെ വളര്‍ച്ച ഔതയിലെ  ആസക്തികളെ ഉദ്ധരിപ്പിച്ചു. അവിടെ, വളച്ചുകെട്ടിയ മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്നതെന്തെന്ന് ആരുമറിഞ്ഞില്ല. മുണ്ടൂര്‍ക്കരയുടെ ദൈവവുമറിഞ്ഞില്ല.  കാലം മാത്രമായിരുന്നു ഏക ദൃക്‌സാക്ഷി.

എന്നെങ്കിലുമൊരിക്കല്‍ റാണിമോള്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മുത്തപ്പന്‍ മുണ്ടൂര്‍ക്കരയങ്ങാടിയിലെ ഇലഞ്ഞികൊമ്പിലിരുന്ന് എണ്ണിയാല്‍ തീരാത്ത രാത്രികളെ ഉറങ്ങാതെ  വെളുപ്പിച്ചു. പള്ളിപ്പെരുന്നാളിന് അവള്‍ വരുമെന്ന് ഉറപ്പായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. റാണിമോള്‍ വന്നു.  പ്രദക്ഷിണം  പള്ളിയിലേക്ക് പ്രവേശിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും  ഔതയുടെ കണ്ണുവെട്ടിച്ച് അവള്‍ മുത്തപ്പനരികിലെത്തി.നീരും കാമ്പും വറ്റി അവളാകെ ഉടഞ്ഞു പോയിരുന്നു. മുത്തപ്പന്‍ അവളെ വിഷമത്തോടെ നോക്കി നിന്നു. മൗനമായിരുന്നു അവര്‍ക്കിടയില്‍ ഭാഷ. മുത്തപ്പന്റെ കൈ പതുക്കെ തന്റെ  വയറിനോട് ചേര്‍ത്തുപിടിച്ചു  റാണിമോള്‍ വിതുമ്പി  ഔത... ഔത ചീത്തയാണ് '. മുണ്ടൂര്‍ക്കരയുടെ ദൈവത്തിന്റെ കണ്ണിലൂടെ  ഇരുട്ട് ആ നിമിഷം തുളച്ചു കയറി. മുഖമുയര്‍ത്താതെ അവള്‍ തിരിഞ്ഞുനടക്കുകയായിരുന്നു. അടുത്ത പകലുദിക്കുമ്പോള്‍ മുണ്ടൂര്‍പുഴയുടെ മാറില്‍ മനസ്സിന്റെ ഭാരമെല്ലാം ഒഴുക്കി കളഞ്ഞുകൊണ്ട് റാണിമോള്‍ പൊന്തിക്കിടന്നു.ഒഴുകിയൊഴുകി കടവിലടിഞ്ഞു. അവളുടെ വയറാകട്ടെ,  വിസ്മയകരമായ വലുപ്പത്തില്‍ വീര്‍ത്തു നിന്നിരുന്നു. മുത്തപ്പന്‍  ഇലഞ്ഞികൊ മ്പിലിരുന്ന് ശബ്ദമില്ലാതെ  തേങ്ങി. റാണിമോളെയും വഹിച്ചു വിലാപയാത്ര അങ്ങാടിയിലൂടെ കടന്നു പോയി. വഴിയില്‍ ഇലഞ്ഞിപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നു, ഒപ്പം മുത്തപ്പന്റെ കണ്ണീരും.  ദൈവം നിസ്സഹായനായി നോക്കി നിന്നു. രൂപക്കൂട്ടിലെ രൂപങ്ങള്‍ക്കോ കല്‍പ്രതിമകള്‍ക്കോ മുണ്ടൂര്‍ക്കരയെ രക്ഷിക്കാനായില്ല.ചൂരും ചൂടുമുള്ള ഒരു ഗര്‍ഭപാത്രത്തില്‍ നിന്ന് പിറവിയെടുത്ത ഒരു മനുഷ്യനേ  ഇനിയത് സാധിക്കൂ. ഞാന്‍ തന്നെയാണ് അവന്‍. മുണ്ടൂര്‍ക്കരയുടെ മുത്തപ്പന്‍.ഇനി അന്തിമ വിധി.പ്രായശ്ചിത്തമില്ലാത്ത പാപത്തിന്റെ ഫലം മരണമാണ്. അതു നടപ്പാക്കേണ്ടത് ഞാന്‍ തന്നെയാണ്.   മുത്തപ്പന്റെ മേല്‌കോരിയേറ്റി.രോമങ്ങള്‍ എഴുന്നുനിന്നു. തിരിച്ചറിവിന്റെ നിമിഷം വെള്ളികെട്ടിയ ചൂരല്‍ വടിയും കത്തിയും ഇലഞ്ഞിചുവട്ടില്‍ ഉപേക്ഷിച്ച് മുത്തപ്പന്‍ മുണ്ടൂര്‍ പുഴയിലിറങ്ങി. പുഴയില്‍ കോലാഞ്ചിയുണ്ട്.  കോലാഞ്ചിയെ അടക്കം ചെയ്ത മണ്ണ് പുഴയുടെ അടിത്തട്ടില്‍ അവനെ പുണരാന്‍  കാത്ത് കിടന്നു. അമ്മയുടെ മാറിലെ  ചൂടുമായി..

ഔത വന്നു.
ജലത്തിന്റെ സുതാര്യമായ പാളികളിലൂടെ മുത്തപ്പന്‍ വ്യക്തമായി ഔതയെ കണ്ടു. ഒറ്റയിഴ തോര്‍ത്ത് ചുറ്റി അയാള്‍ വരികയാണ്. മുണ്ടൂര്‍ക്കരയുടെ മണ്ണില്‍ എന്നെന്നേക്കുമായി അടക്കം ചെയ്യപ്പെട്ട പറയത്തി പെണ്ണുങ്ങളുടെ ഗദ്ഗദങ്ങളെയും നെഞ്ചുകീറിയ പ്രാക്കുകളെയും ആവാഹിച്ച മഴ കലിതുള്ളി ഔതയുടെ പുറത്ത് വീണു. ഔത പുഴയിലേക്കിറങ്ങാന്‍ തുടങ്ങുകയാണ്. ഒരു നിമിഷം. അത്രയും വേണ്ടി വന്നില്ല. രണ്ടു കണ്ണിമവെട്ടലുകള്‍ക്കിടയിലെ ഒരു മാത്ര നേരം, അത്രയും നേരമേ വേണ്ടി വന്നുള്ളൂ. ചാട്ടുളി പോലെ മുത്തപ്പന്‍ ഔതയുടെ കാലില്‍ പിടുത്തമിട്ടു, ആഞ്ഞു വലിച്ചു. ഒരിക്കലുമയയാത്ത പിടുത്തം. നിലതെറ്റി ഔത തല തല്ലി വീണു. കണ്ണില്‍ ഇരുട്ട് പടര്‍ന്നു. ഇരുട്ടിലും അയാള്‍ മുത്തപ്പന്റെ മുഖം വ്യക്തമായി കണ്ടു. മല്പിടുത്തത്തില്‍ ഔതയുടെ കഴുത്തിലെ കൊന്ത പൊട്ടിവീണു. തോര്‍ത്തഴിഞ്ഞു. അയാളുടെ കഴുത്തില്‍ പല്ലുകള്‍ ആഴ്ന്നിറങ്ങി.ഒന്ന് പൊന്തി നിവര്‍ന്ന്  മുത്തപ്പന്‍ ഔതയുടെ ചുടുരക്തം വായില്‍ നിന്നും പുഴവെള്ളത്തിലേക്ക് തുപ്പിക്കളഞ്ഞു. ഓളപ്പരപ്പുകളില്‍ ചുവന്ന ചിത്രങ്ങള്‍ തീര്‍ത്ത്  രക്തം മുണ്ടൂര്‍പ്പുഴയില്‍ കലര്‍ന്നു. മുണ്ടൂര്‍ക്കര പാപവിമുക്തയാകുന്ന നിമിഷം,  കാലത്തിന്റെ അനിവാര്യത. ഔതയുടെ കണ്ണുകള്‍ മലര്‍ന്നു. കൈത ചെടികള്‍ക്കിടയിലേക്ക് അയാളെ വലിച്ചു നീക്കി മുത്തപ്പന്‍ കാത്തിരുന്നു. നഗ്‌നനായി കിടന്ന് രക്തം വാര്‍ന്ന് ഔത മരിച്ചു. ഔതയുടെ ശവം കല്ലില്‍ കെട്ടി മുണ്ടൂര്‍പ്പുഴയില്‍ താഴ്ത്തി മുത്തപ്പന്‍ ഒന്നുകൂടി മുങ്ങി നിവര്‍ന്നു. ഇരുട്ടുവോളം കടവിലിരുന്നു. ഒടുവില്‍ ഒരുപിടി മണ്ണ് വാരി നെഞ്ചില്‍ തേച്ചു പിടിപ്പിച്ച്  കരകവിഞ്ഞൊഴുകുന്ന മുണ്ടൂര്‍പ്പുഴ നീന്തികടന്ന് ഇരുട്ടില്‍ അലിഞ്ഞു പോയി.

മുണ്ടൂര്‍ക്കരയിലെ  ഇരുട്ടിന് മേല്‍ പ്രകാശം പരന്നു. ഔതയുടെ തോര്‍ത്തും കൊന്തയും കൈതചെടികള്‍ക്കിടയില്‍ കുടുങ്ങി കിടന്നു. ഔത പുഴയില്‍ മുങ്ങിയ വാര്‍ത്ത നാട് നീളെ പരന്നു. ആയുധങ്ങള്‍ ഉപേക്ഷിച്ച് മുത്തപ്പന്‍ അപ്രത്യക്ഷനായത് വിശ്വസിക്കാനാകാതെ മുണ്ടൂര്‍ക്കരക്കാര്‍ പരസപരം വാ പൊളിച്ചു നിന്നു. മുണ്ടൂര്‍പ്പുഴ നീന്തി കടക്കാന്‍ കെല്‍പ്പുള്ള ഔത എങ്ങനെ മുങ്ങി.? മുങ്ങിയതല്ല. മുക്കിയതാണ്.. ആര്? മുത്തപ്പന്‍...? ! ഔതയുടെ ശവം പൊന്തുന്നതും കാത്ത് അവര്‍ പുഴക്കടവില്‍ അക്ഷമരായി  നിന്നു. ഔതയൊരിക്കലും പൊന്തി വന്നില്ല.. 'ആരായിരുന്നു മുത്തപ്പന്‍?' 'എവിടേക്കാണ് മുത്തപ്പന്‍ അപ്രത്യക്ഷനായത്?  'ആരായിരുന്നു കോലാഞ്ചി.?' ' ഇതൊക്കെ സ്വപ്നമായിരുന്നോ?', അല്ലെന്ന് ഇലഞ്ഞിചുവട്ടില്‍ ഉപേക്ഷിക്കപ്പെട്ട ചൂരലും കത്തിയും പറഞ്ഞു കൊണ്ടിരുന്നു.

'ദൈവം. മുണ്ടൂര്‍ക്കരയെ രക്ഷിക്കാന്‍ വന്ന ദൈവം. എന്റെ മുണ്ടൂര്‍ക്കര മുത്തപ്പാ '. ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള ഉത്തരം ഒടുവില്‍ മുണ്ടൂര്‍ക്കരക്കാര്‍ തന്നെ കണ്ടെത്തി.  ഇലഞ്ഞിച്ചുവട്ടിലെ ചൂരല്‍ വടിയിലും കത്തിയിലും മുണ്ടൂര്‍ക്കരയിലെ 'വിശ്വാസികള്‍' തൊട്ട് വണങ്ങി.

കാലമൊരുപാട് കൊഴിഞ്ഞു പോയി. മുണ്ടൂര്‍ക്കരയങ്ങാടിയിലെ പഴയ ഓട് മേഞ്ഞ  കെട്ടിടങ്ങളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഇടംപിടിച്ചു.  ആഡംബര ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഉയര്‍ന്നു. മുണ്ടൂര്‍പ്പുഴക്കു കുറുകെ പാലം വന്നു. ഔത രക്തം വാര്‍ന്ന് കിടന്ന പഴയ കടവ് ബസ്സ്റ്റാന്‍ഡ് ആയി മാറി.ഒന്ന് മാത്രം മാറിയില്ല.  കഠിനമായ ഏകാന്തതകളിലും പ്രതിസന്ധികളിലും മുണ്ടൂര്‍ക്കരയിലെ പുത്തന്‍ തലമുറയും  'എന്റെ മുത്തപ്പാ' എന്ന് തന്നെ  നിശബ്ദം നിലവിളിച്ചു. അതൊരു മന്ത്രമായി മാറി. ഒരു ജനതയുടെ  പ്രതിരോധത്തിന്റെ മന്ത്രം. മുത്തപ്പനു വേണ്ടി പണികഴിപ്പിച്ച അമ്പലത്തില്‍ ദര്‍ശനത്തിന് വേണ്ടി ആഗോളമലയാളികള്‍ മൊത്തമായും അന്യദേശക്കാരും ക്ഷമയോടെ വരി നിന്നു.കാഴ്ചകള്‍ സമര്‍പ്പിച്ചു. കള്ളും പുകയിലയും നടയില്‍ വെച്ച് തൊഴുതു. പണക്കിഴികളും സ്വര്‍ണ്ണക്കിഴികളും വഴിപാടുകളായി കുന്നുകൂടി.ചൂരല്‍ വടിയും കത്തിയും പുതിയ വിശ്വാസ പ്രതീകങ്ങളായി. വിധിയെ പിടിച്ചു നിര്‍ത്താനാകാതെ, ജീവിതത്തെ അങ്ങേയറ്റം വെറുത്തുപോകുന്ന ആത്മഹത്യാമുനമ്പുകളില്‍ നിന്ന്
'മുത്തപ്പാ ശരണം.. എന്റെ മുണ്ടൂര്‍ക്കര മുത്തപ്പാ ശരണം' എന്ന് ഉച്ചത്തില്‍ ശരണം വിളിക്കുമ്പോഴെല്ലാം കണ്ണുകള്‍ക്ക് അപ്രാപ്യനായ ആരോ ഒരാള്‍ വന്ന് തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുമെന്ന് അവര്‍  അകമഴിഞ്ഞു വിശ്വസിച്ചു. പക്ഷേ അപ്പോഴും ഔതയെന്ന തിന്മയുടെ കൈയില്‍ നിന്നും റാണിമോളെ രക്ഷിക്കാനാവാതെ പോയതിന്റെ കുറ്റബോധത്തില്‍ നീറി നീറി, ജരാനരകള്‍ ഏറ്റുവാങ്ങി മുണ്ടൂര്‍ക്കരയുടെ ദൈവം, നിസ്സഹായനായി,  ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത, പേരറിയാത്ത അജ്ഞാതമായ ഏതോ ഒരു ദേശത്ത് അലഞ്ഞു കൊണ്ടിരുന്നു. നിശബ്ദനായി.. മുണ്ടൂര്‍ക്കരയില്‍ ശരണം വിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു. അവിടെ പുതിയചരിത്രം നിര്‍മ്മിക്കപ്പെടുകയാണ്. പുതിയ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, കീഴ് വഴക്കങ്ങള്‍..

ശ്യാംസുന്ദര്‍ പി ഹരിദാസ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക