Image

നെറികേട് കാട്ടാതെ വേണം ഇതുപോലെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍: വിനയന്‍

Published on 16 July, 2019
നെറികേട് കാട്ടാതെ വേണം ഇതുപോലെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍: വിനയന്‍
''പ്രസിഡന്റ് സുരേഷ്കുമാർ, കെട്ടിടം നിൽക്കുന്ന സ്ഥലം വാങ്ങിയ മുൻ സെക്രട്ടറി ശശി അയ്യഞ്ചിറയ്ക്കു നന്ദിപറഞ്ഞത് എല്ലാവരും കേട്ടു കാണും. പക്ഷേ ശശി വാങ്ങിയ സ്ഥലത്തിന് ആധാരമില്ല, തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനെപ്പോലെ ഒരു ജനറൽ ബോഡിയിൽനിന്ന് ആറു വര്‍ഷം മുൻപ് ഇറക്കിവിട്ടത്, നമ്മുടെ രഞ്ജിത്തും സിയാദ് കോക്കറും ആന്റോ ജോസഫും സുരേഷും ഒക്കെ ചേർന്നായിരുന്നു. ആ ശശി അയ്യഞ്ചിറ ഒരു സീറ്റു പോലും കിട്ടാതെ വെളിയിൽ ടിവിയുടെ മുന്നിൽ ചടങ്ങു കണ്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആ ചടങ്ങിൽ പറയിപ്പിക്കാഞ്ഞത് തികച്ചും നന്ദികേടായിപ്പോയി.'' - വിനയന്‍ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു വിനയന്റെ പ്രതികരണം

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്നു ശശി കൂടി പറഞ്ഞതു കൊണ്ടാണ് ആശംസ പറയാന്‍ തന്നെ വിളിച്ചപ്പോള്‍ അതിനെപ്പറ്റി ഒരു വാക്കും പരാമര്‍ശിക്കാതിരുന്നതെന്നും വിനയന്‍ പറഞ്ഞു. 'എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല വിനയേട്ടാ. ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത്. അതുമതി' എന്ന് ശശി പറഞ്ഞപ്പോള്‍ അയാളുടെ ശബ്ദം ഇടറിയത് താന്‍ ശ്രദ്ധിച്ചു. ഇത്ര നെറികേടു കാട്ടിയിട്ടു വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടതെന്നും വിനയന്‍ ചോദിക്കുന്നു.

വിനയന്റെ കുറിപ്പ് വായിക്കാം

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഇന്നലത്തെ ഉല്‍ഘാടനച്ചടങ്ങ് ഭംഗിയായി നടന്നു. വളരെ സന്തോഷം. ചടങ്ങ് ധന്യമാക്കിയ ആദരണീയനായ മധുസാറിനും പ്രിയങ്കരരായ മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവരോടും നമുക്കു നന്ദി പറയാം.. പക്ഷേ ആ ചടങ്ങില്‍ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാര്യം ഇവിടെ പറയാതെ പോയാല്‍ മനസിനു സമാധാനം കിട്ടില്ല.. ഇന്നലത്തെ മീറ്റിംഗില്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലം വാങ്ങിയ മുന്‍സെക്രട്ടറി ശശിഅയ്യന്‍ചിറക്കു നന്ദിപറഞ്ഞത് എല്ലാരും കേട്ടു കാണും. 

പക്ഷേ ശ്രീ ശശി വാങ്ങിയസ്ഥലത്തിന് ആധാരമില്ല തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനേപ്പോലെ ഒരു ജനറല്‍ ബോഡിയില്‍ നിന്ന് ആറു വര്‍ഷം മുന്‍പ് ഇറക്കിവിട്ടത്.. നമ്മുടെ രന്‍ജിത്തും, സിയാദ് കോക്കറും, ആന്റോ ജോസഫും, സുരേഷും ഒക്കെ ചേര്‍ന്നായിരുന്നു. ആ ശശി അയ്യന്‍ചിറ ഒരു സീറ്റു പോലും കിട്ടാതെ വെളിയില്‍ ടിവിയുടെ മുന്നില്‍ ചടങ്ങു കണ്ടു കൊണ്ട് നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആ ചടങ്ങില്‍ പറയിപ്പിക്കാഞ്ഞത് തികച്ചും നന്ദികേടായിപ്പോയി.

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്നു ശ്രീ ശശി കൂടി പറഞ്ഞതു കോണ്ടാണ് ആശംസപറയാന്‍ എന്നെ വിളിച്ചപ്പോള്‍ അതിനേപ്പറ്റി ഒരു വാക്കും പരാമര്‍ശിക്കാതിരുന്നത്. എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല വിനയേട്ടാ ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത് അതുമതി എന്ന് ശശി പറഞ്ഞപ്പോള്‍ അയാടെ ശബ്ദം ഇടറിയത് ഞാന്‍ ശ്രദ്ധിച്ചു. ഇത്ര നെറി കേടു കാട്ടിയിട്ടു വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്. ഇന്ന് ആ ചടങ്ങില്‍ പങ്കെടുത്ത അതിഥികളും നിഷ്പക്ഷമതികളും ഒന്നോര്‍ക്കണം. 

ആറു വര്‍ഷം മുമ്പ് ഇതുപോലൊരു ദിവസം നിരവധി മന്ത്രിമാര്‍ പങ്കെടുത്ത ഒരു തറക്കല്ലിടീല്‍ ചടങ്ങ് ഇതേ കെട്ടിടത്തിനു വേണ്ടി നടന്നതാണ്. ഇന്നലെ വല്യവായില്‍ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. എന്താണതിന്റെ കാരണം.. ? ശശി അയ്യന്‍ചിറ രണ്ടു കോടിക്കു തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാക്ട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെങ്കില്‍, ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങളു ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി.. അഴിമതിയടെ സംശയം ആരെങ്കിലും പറഞ്ഞാല്‍, അവരെ തെറ്റു പറയാന്‍ പറ്റുമോ? അതിനൊക്കെ വിശദീകരണം വരും കാലങ്ങളില്‍ തരേണ്ടി വരും സംശയമില്ല.

അതൊക്കെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിനാരോടും പരിഭവിച്ചിട്ടു കാര്യമില്ല. ഇത്തരം കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയം തന്നെ ആയിരിക്കും. സാധാരണ അംഗത്തിന്റെ സാറ്റ്!ലൈറ്റ് പിച്ചക്കാശിനു പോലും പോകാതെ ഇരിക്കുമ്പോള്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തല്ലിപ്പൊളി പടങ്ങള്‍ ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വില്‍ക്കുന്നത് സംഘടനയുടെ പേരില്‍ നടത്തുന്ന അഴിമതി അല്ലേ..? അതിനുത്തരം പറയാതെ ഈ ഇലക്ഷനില്‍ നിങ്ങളെ നമ്മുടെ അംഗങ്ങള്‍ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ? നിരന്തരം ഗീബല്‍സിയന്‍ നുണ പറഞ്ഞ് ആറുവര്‍ഷം തെരഞ്ഞെടുപ്പു നടത്താതെ സ്വന്തം കാര്യം കണ്ടതിനു മറുപടി പറയേണ്ടി വരില്ലേ? 

എല്ലാ അംഗങ്ങളുടേയും വിയര്‍പ്പിന്റെ വിലയായ നമ്മുടെ ഓഫീസിന്റെ ഉത്ഘാടനം ഒരു വിഭാഗത്തിന്റെ മാത്രം വിജയമാക്കി മാറ്റി വോട്ടു തട്ടാമെന്നു ആരെങ്കിലും സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ നിര്‍മ്മാതാക്കളെ അത്ര അണ്ടര്‍ എസ്റ്റ്‌മേറ്റു ചെയ്യരുത് എന്നേ പറയാനുള്ളു. ഈ തെരഞ്ഞെടുപ്പ് ഒരു മാറ്റത്തിനു വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും നീതിയും തുല്യതയും കിട്ടുന്നതിനു വേണ്ടി. ഇതിനു മുന്‍പു ചെയ്തിട്ടുള്ളതു പോലെ പൊള്ള വാഗ്ദാനങ്ങളും തട്ടിപ്പും നടത്തി കുറച്ചു പേരുടെ കുടികെടപ്പായി അസോസിയേഷനെ മാറ്റാന്‍ അഭിമാനബോധമുള്ളവര്‍ സമ്മതിക്കില്ല. അതിനായി 27 ാം തീയതി വരെ കാത്തിരിക്കാം... നന്ദി....' വിനയന്‍ പറഞ്ഞു.

കൊച്ചി പുല്ലേപ്പടിയിലെ അരങ്ങത്ത് ക്രോസ് റോഡിലാണ് മലയാള സിനിമാ നിര്‍മാതാക്കള്‍ ആധുനിക സൗകര്യങ്ങളോടെ സൗകര്യങ്ങളോടെ ആസ്ഥാന മന്ദിരം നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങ് മലയാള സിനിമയിലെ പ്രമുഖരുടെ സംഗമവേദിയായി. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ആസ്ഥാനം തുറന്നു കൊടുത്തത്. മലയാള സിനിമയിലെ കാരണവര്‍ മധു പുതിയ കെട്ടിടത്തില്‍ നിലവിളക്കു കൊളുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക