Image

പാര്‍ലമെന്റിന് മുന്നില്‍ ചൂലുമായി ഇറങ്ങിയ ഹേമമാലിനിയെ ട്രോളി ഭര്‍ത്താവ് ധര്‍മേന്ദ്രയും

Published on 17 July, 2019
പാര്‍ലമെന്റിന് മുന്നില്‍ ചൂലുമായി ഇറങ്ങിയ ഹേമമാലിനിയെ ട്രോളി ഭര്‍ത്താവ് ധര്‍മേന്ദ്രയും

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി പാര്‍ലമെന്റ് മുന്നില്‍ ചൂലുമായി ഇറങ്ങിയ ഹിന്ദി സിനിമ താരവും ബി.ജെ.പി എം.പിയുമായ ഹേമ മാലിനിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പൂരമായിരുന്നു. താരത്തെ ട്രോളാന്‍ ഹേമയുടെ ഭര്‍ത്താവും സിനിമാ താരവുമായ ധര്‍മേന്ദ്രയും ഒട്ടും പുറകിലായിരുന്നില്ല. ഹേമ ജീവിതത്തില്‍ എപ്പോഴെങ്കിലും ചൂല് പിടിച്ചിട്ടുണ്ടോ എന്ന ട്വിറ്ററിലെ ചോദ്യത്തിന് സിനിമയില്‍ പിടിച്ചിട്ടുണ്ടെന്നായിരുന്നു ധര്‍മേന്ദ്രയുടെ മറുപടി.

അവള്‍ ഇതില്‍ തുടക്കക്കാരിയായാണ് തനിക്കും തോന്നുന്നത്. തന്റെ കുട്ടിക്കാലത്ത് ചെറിയ ചെറിയ വീട്ടുജോലികള്‍ ചെയ്യാന്‍ താന്‍ തന്റെ അമ്മയെ സഹായിച്ചിരുന്നെന്നും ചൂലുപയോഗിക്കുന്നതില്‍ താന്‍ മിടുക്കനായിരുന്നെന്നും ധര്‍മേന്ദ്ര ഹിന്ദിയിലുള്ള തന്റെ ട്വീറ്റില്‍ പറഞ്ഞു. ശുചിത്വം താന്‍ ഇഷ്ടപ്പെടുന്നെന്നും ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.

വലിയ സ്വീകാര്യതയാണ് ധര്‍മേന്ദ്രയുടെ മറുപടിക്ക് ട്വിറ്ററില്‍ ലഭിച്ചത്. താരത്തിന്റെ സത്യസന്ധതയെ പുകഴ്ത്തി നിരവധി പേര്‍ രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യം വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാനാണ് ഹേമ ശ്രമിച്ചതെന്നും ധര്‍മേന്ദ്ര മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.


ശനിയാഴ്ചയാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഹേമ മാലിനിയും മന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിന്റെ മുന്‍വശം വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വന്നത്. വീഡിയോയില്‍ ഹേമ മാലിനി ചൂല് പിടിച്ച രീതിയാണ് വലിയ ട്രോളുകള്‍ക്ക് കാരണമായത്. അടുത്ത ഫോട്ടോ ഷൂട്ടിന് മുന്നോടിയായി ചൂല് എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കുന്നത് നന്നാവുമെന്നായിരുന്നു ഹേമയ്ക്ക് മുന്‍ ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഉപദേശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക