Image

ഇന്‍ഡ്യ ഒറ്റപാര്‍ട്ടി, പ്രതിപക്ഷ മുക്ത ജനാധിപത്യത്തിലേക്കോ? (ദല്‍ഹികത്ത് : പി.വി.തോമസ്) )

പി.വി.തോമസ് Published on 19 July, 2019
ഇന്‍ഡ്യ ഒറ്റപാര്‍ട്ടി, പ്രതിപക്ഷ മുക്ത ജനാധിപത്യത്തിലേക്കോ?  (ദല്‍ഹികത്ത് : പി.വി.തോമസ്) )
ഇപ്പോള്‍ ഇന്‍ഡ്യയില്‍ ചുരുളഴിയുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് അവകാശപ്പെടുന്ന, അഭിമാനിക്കുന്ന ഒരു രാഷ്ട്രത്തിന് ശുഭകരമായ വാര്‍ത്ത അല്ല. കര്‍ണ്ണാടകയോ ഗോവയോ അല്ല ഇവിടെ പരാമര്‍ശ വിഷയം. അത് വിഷയം വേറെ. തുടര്‍ന്ന് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണ്ണാടക ആവര്‍ത്തിക്കപ്പെട്ടേക്കാം.

ഇവിടെ, ഇന്‍ഡ്യയില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ ഒരു പ്രതിപക്ഷം ഇല്ല. അതാണ് ഇന്ന് ഇന്‍ഡ്യന്‍ ജനാധിപത്യം  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോണ്‍ഗ്രസ് നേതൃരഹിതമായിരിക്കുന്നു. അനാഥമായിരിക്കുന്നുവെന്നുതന്നെ പറയാം. പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവും വിഘടിതവും ദുര്‍ബ്ബലവും ആണ്. അതുകൊണ്ടാണ് ഇന്‍ഡ്യ ഒറ്റ പാര്‍ട്ടി, ദേശീയ പ്രതിപക്ഷ മുക്ത ജനാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യം തലക്കെട്ടില്‍ ഉന്നയിച്ചത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് മോഡിയുടെയും അമിത്ഷായുടെയും ബി.ജെ.പി.യുടെയും മുദ്രാവാക്യം ആണ്. ഒരു രാജ്യം ഒരു നികുതി. ഒരു രാജ്യം ഒരു സിവില്‍ കോഡ്. ഇങ്ങനെ ഒട്ടേറെ പ്രഖ്യാപിത ഉദ്ദേശങ്ങളും മോഡി-ഷാ കൂട്ടുകെട്ടിന് ഉണ്ട്. അപ്രഖ്യാപിത മുദ്രാവാക്യങ്ങളില്‍ വരുന്നത് ആയിരിക്കാം ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു നേതാവ്(അല്ലെങ്കില്‍ രണ്ട്) തുടങ്ങി ഒട്ടേറെ ഏകാധിപത്യപരമായവ.
ഇന്‍ഡ്യ ഇന്ന് ഒറ്റ പാര്‍ട്ടി ജനാധിപത്യത്തിന്റെ പാതയില്‍ ആണ് നിര്‍ഭാഗ്യവശാല്‍. ദേശീയകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ തകര്‍ച്ചയുടെ വക്കില്‍ ആണ്. അവ അഴിമതികേസുകളുടെ നീരാളിപിടുത്തത്തില്‍ ആണ്. ഒപ്പം കുടുംബരാഷ്ട്രീയത്തിന്റെ മതമാത്സര്യത്തിലും.

കോണ്‍ഗ്രസിന്റെ പതനത്തിന്റെ കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. പിന്നെ ഉള്ളത് പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവും ആണ്. കഷ്ടമാണ് ആ കഥ.
ആദ്യം ഉത്തര്‍പ്രദേശിന്റെ കഥ എടുക്കുക. അവിടെ പ്രധാനമായും അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് ഉള്ളത്. ബി.ജെ.പി. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ്, ഇന്‍ഡ്യന്‍ നാ്ഷ്ണല്‍ ലോക്ദള്‍. സമാജ് വാദി പാര്‍ട്ടിയും ബഹുജന സമാജ് പാര്‍ട്ടിയും ഇന്‍ഡ്യന്‍ നാ്ഷ്ണല്‍ ലോക് ദളും ഒന്നായി മത്സരിച്ചെങ്കിലും അവര്‍ക്ക് ബി.ജെ.പി.ക്ക് എതിരെ ശക്തമായ ഒരു വെല്ലുവിളിയും ഉയര്‍ത്തുവാന്‍ സാധിച്ചില്ല. 2014-ലും 2017ലും(നിയമസഭ) അവര്‍ വേറിട്ട് മത്സരിച്ചെങ്കിലും തോറ്റു. ഇ്‌പ്പോഴും തോറ്റ സഖ്യം പിളരുകയും ചെയ്തു. പ്രധാനമന്ത്രി ആകുവാനുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുടെ സ്വപ്‌നവും പൊലിഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് വഴിയാധാരവും ആയി. കോണ്‍ഗ്രസിന് ഒരേ ഒരു സീറ്റാണ് 80 ലോക സഭ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ലഭിച്ചത്(റായ്ബറേലി-്േസാണിയഗാന്ധി). രാഹുല്‍ഗാന്ധി അമേഠിയില്‍ പൊട്ടി. വേറെന്തു വേണം? അപ്പോള്‍ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്പാര്‍ട്ടിയും കോണ്‍ഗ്രസും തകര്‍ന്നു തരിപ്പണമായി. അവരുടെ വോട്ട്്ബാങ്ക് ബി.ജെ.പി. ചോര്‍ത്തി. 2022-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇവരുടെ കഥ എന്തായിരിക്കുമെന്ന് അറിയുവാന്‍ കൗതുകം ഉണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ പ്രതിപക്ഷം ഇല്ല.

വടക്കെ ഇന്‍ഡ്യിലെ മറ്റൊരു പ്രധാന സംസ്ഥാനമായ ബീഹാറിലും പ്രാദേശിക പാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പ്രധാനകക്ഷി ആയ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതദള്‍ ഒറ്റസീറ്റുപോലും ലോകസഭ തെരഞ്ഞെടുപ്പില്‍ നേടിയില്ല. ലാലു അഴിമതികേസില്‍ ജയിലിലും ആണ്. നിതീഷ്‌കുമാറിന്റെ ജനതതള്‍(യുണൈറ്റഡ്) 16 സീറ്റുകള്‍ നേടിയെങ്കിലും അത് മോഡി തരംഗത്തില്‍ ആയിരുന്നു. ആ പാര്‍ട്ടിയും തകര്‍ച്ചയുടെ വക്കില്‍ ആണ്. നേട്ടം ബി.ജെ.പി.ക്ക് ആയിരിക്കും, ഭാവിയില്‍.
ഒഡീഷയില്‍ ബിജു ജനതാദള്‍(ബിജു പട്‌നായിക്ക്) സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയെങ്കിലും, തുടര്‍ച്ചയായി നാലാം പ്രാവശ്യം, ലോകസഭ തെരഞ്ഞെടുപ്പില്‍ അടിപതറി. ബി.ജെ.പി. എട്ട് സീറ്റുകള്‍ നേടി. പട്‌നായിക്കിന്റെ കാലം കഴിഞ്ഞാല്‍ ഒഡീഷ ബി.ജെ.പി.യുടെ കയ്യിലാകും. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകരുകയാണ്. ബി.ജെ.പി. ആണ് പ്രധാന പ്രതിപക്ഷം. ഇടതുപക്ഷവും കോണ്‍ഗ്രസും പിന്തള്ളപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി ആകുവാനുള്ള മമതബാനര്‍ജിയുടെ ദിവാസ്വപ്‌നങങള്‍ തര്‍ന്നടിഞ്ഞു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പ് മമതക്കും ബി.ജെ.പി.ക്കും നിര്‍ണ്ണായകം ആയിരിക്കും.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശരദ് പവാറിന്റെ നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും തോറ്റയിടുകയാണ്. മറാഠാ സംവരണ നിയമത്തോടെ ബി.ജെ.പി.യും ശിവസേനയും കുതിക്കുകയാണ്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി.ക്ക് ശക്തരായ എതിരാളികള്‍ ഇല്ല. തെക്കെ ഇന്‍ഡ്യയില്‍ മാത്രം ആണ് ബി.ജെ.പി.ക്ക് പ്രതിപക്ഷം ഉള്ളത്. കേരളവും തമിഴ്‌നാടും ബി.ജെ.പി.ക്ക് ബാലികേറാ മലയാണ് തല്‍ക്കാലം. കര്‍ണ്ണാടകവും തെലുങ്കാനയും അങ്ങനെ അല്ല. കര്‍ണ്ണാടകത്തില്‍ 28-ല്‍ 25 ലോകസഭ സീറ്റുകളും ബി.ജെ.പി. നേടി. ജെ.ഡി.(സെക്യൂലര്‍)-കോണ്‍ഗ്രസ് സഖ്യം തോറ്റ് മണ്ണ് കപ്പി. ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായ്ഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി തോറ്റു തുന്നം പാടിയതു മാത്രം അല്ല അദ്ദേഹത്തിന്റെ രാജ്യസഭ അംഗങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പി.യില്‍ ചേരുകയാണ്. ഇതാണ് അവസ്ഥ. തെലുങാകനയില്‍ ബി.ജെ.പി. തെലുങ്കാന രാഷ്ട്രസമതിയെ വെള്ളം കുടിപ്പിച്ച് അഞ്ച് ലോകസഭ സീറ്റുകള്‍ നേടി. തമിഴ്‌നാട്ടില്‍ ബി.ജെ.പി.ക്ക് കച്ചി തൊടാനായിട്ടില്ല. അവിടെ പ്രാദേശിക പാര്‍ട്ടി ആയ ഡി.എം.കെ.യുടെ ആധിപത്യം ആണ്. ബി.ജെ.പി.യുടെ പാര്‍ശ്വവര്‍ത്തിയായ, അണ്ണ ഡി.എം.കെ. ഏതാണ്ട് തകര്‍ന്ന അവസ്ഥ ആണ്. പക്ഷേ, ആന്ധ്രപ്രേദേശില്‍ ഭരണകകഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ബി.ജെ.പി.ക്ക് ഒപ്പം ആണ്.

ബി.ജെ.പി. അടുത്തയിടെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റുപോയ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഝാത്തീസ്ഘട്ടിലും ലോകസഭതെരഞ്ഞെടുപ്പിലൂടെ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നു. കോണ്‍ഗ്രസ് ആണ് ഇവിടെ തോറ്റത്.
ഇനി ഇടതുപക്ഷത്തിന്റെ കാര്യം പശ്ചിമബംഗാളില്‍ മൂന്നാംസ്ഥാനത്ത് ആയി. ത്രിരുപരയിലെ ഭരണം ന്ഷ്ടപ്പെട്ടു. കേരളം മാത്രം ആണ് ആകെ ബാക്കിയുള്ളത്. 2004-ല്‍ സി.പി.എം.-ന് 42 സീറ്റുകള്‍ ആണ് ലോകസഭയില്‍ ഉണ്ടായിരുന്നത്. ഇടതുപക്ഷത്തിന് മൊത്തം 62-സീറ്റും. ഇന്ന് സി.പി.എം.-ന് മൂന്ന് സീറ്റും ഇടതുപക്ഷത്തിന് മൊത്തം അഞ്ച് സീറ്റുകളും.

ഇതുകൊണ്ടാണ് ഇന്‍ഡ്യ ദേശീയ പ്രതിപക്ഷ മുക്ത ഏകപാര്‍ട്ടി ജനാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് നിഗമിച്ചത്. ഏതാണ്ട് ഇതേ അവസ്ഥ ആയിരുന്നു സ്വാതന്ത്ര്യലബ്ദാനന്തര ഇന്‍ഡ്യയില്‍ മൂന്ന് പതിറ്റാണ്ടുകളോളം. പക്ഷേ, കോണ്‍ഗ്രസ് പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റുവിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും നേതൃത്വത്തില്‍ ആ ഏകപാര്‍ട്ടി ഭരണം ദുരുപയോഗിച്ചില്ല. ഇന്ദിരഗാന്ധി മാത്രം 1975-77 കാലത്ത് അടിയന്തിരാവസ്ഥയിലൂടെ അത് ദുരുപയോഗിച്ചു.

പ്രതിപക്ഷ മുക്ത ജനാധിപത്യം അപകടകരം ആണ്. അത് ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും വഴി തെളിക്കും. നരേന്ദ്രമോഡിക്കും അമിത്ഷാക്കും ഫാസിസ്റ്റ് പ്രവണതകള്‍ ഏറെ ഉണ്ട്. ഗുജറാത്തിലും ദല്‍ഹിയിലും(2014-19) അത് അവര്‍ തെളിയിച്ചതാണ്. പ്രതിപക്ഷരഹിത ഭരണത്തില്‍ ഭരണകക്ഷിക്ക് ഇഷ്ടാനുസരണം നിയമങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കും. സ്വേച്ഛാധിപത്യപ്രകാരം ഭരിക്കുവാന്‍ സാധിക്കും. മനുഷ്യാവകാശത്തെ കാറ്റില്‍ പറത്തുവാന്‍ സാധിക്കും. ബി.ജെ.പി.ക്ക് രാജ്യസഭയിലും താമസിയാതെ ഭൂരിപക്ഷം ലഭിക്കുമ്പോള്‍ കാര്യങ്ങള്‍ ഏറെ സുഗമം ആകും. ലോകസഭയില്‍ ആകട്ടെ അതിന് തനിച്ച് ഭൂരിപക്ഷം ഉണ്ട് താനും(303).
ബി.ജെ.പി.യുടെ 37; 44 ശതമാനം വോട്ടും സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള 45 ശതമാനം വോട്ടും പരിപൂര്‍ണ്ണ ഇന്‍ഡ്യ ആകുന്നില്ല. 55 ശതമാനം വോട്ട് പ്രതിപക്ഷത്തിന്റേതായിട്ടും ഉണ്ട്. 2014-ല്‍ ബി.ജെ.പി.ക്ക് 31 ശതമാനവുംപ്രതിപക്ഷത്തിനു 69 ശതമാനവും ഉണ്ടായിരുന്നു. അവരുടെ ശബ്ദവും ഈ പ്രതിപക്ഷ മുക്ത ജനാധിപത്യ ഭരണത്തില്‍ ചെവികൊള്ളണം. ഭരണഘടനയും, കോടതിയും മനുഷ്യാവകാശവും മതേതരത്വവും സംരക്ഷിക്കപ്പെടണം.

ഇന്‍ഡ്യ ഒറ്റപാര്‍ട്ടി, പ്രതിപക്ഷ മുക്ത ജനാധിപത്യത്തിലേക്കോ?  (ദല്‍ഹികത്ത് : പി.വി.തോമസ്) )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക