Image

വാല്മീകി രാമായണം മൂന്നാം ദിനം (ദുര്‍ഗ മനോജ്)

Published on 19 July, 2019
വാല്മീകി രാമായണം മൂന്നാം ദിനം (ദുര്‍ഗ മനോജ്)
ബാലകാണ്ഡം
നാല്‍പ്പത്തി അഞ്ചാം സര്‍ഗം മുതല്‍ അറുപത്തി അഞ്ചുവരെ

പാലാഴി മഥനവും അഹല്യാമോക്ഷവും വിശ്വാമിത്ര മഹര്‍ഷിയുടെ ബ്രഹ്മര്‍ഷിത്വ പ്രാപ്തിയും ഈ സര്‍ഗങ്ങളില്‍ വിവരിക്കുന്നു.

മിഥിലാപുരിയിലേക്കുള്ള യാത്രാമധ്യേ രാമന്റെ ആവശ്യപ്രകാരം വിശ്വാമിത്രന്‍ പാലാഴി മഥനത്തെക്കുറിച്ച് വിവരിച്ചു. കൃതയുഗത്തിലാണ് പാലാഴിമഥനം സംഭവിക്കുന്നത്. ദിതി പുത്രന്മാരും അദിതി പുത്രന്മാരും ജരാനരകള്‍ തടയുന്ന അമൃത് കരസ്ഥമാക്കുവാന്‍ പാലാഴി മഥനത്തിലേര്‍പ്പെട്ടു. മന്ദരപര്‍വ്വതത്തെ കട കോലാക്കി, വാസുകിയെ കയറാക്കി പാല്‍ക്കടല്‍ കടഞ്ഞു തുടങ്ങി. ആയിരം വര്‍ഷങ്ങള്‍ കടന്നു. അഗ്‌നിക്കു തുല്യമായ ഹാലാഹല വിഷം വാസുകി വമിപ്പിച്ചു. മഹാവിഷ്ണുവിന്റെ അപേക്ഷ പ്രകാരം അത് സ്വീകരിച്ച മഹാദേവന്‍ നീലകണ്ഠനായി. പിന്നീട്, അപ്‌സസരസുകളും ധന്വന്തരിയും, പാരിജാതവും ഉള്‍പ്പെടെ ധാരാളം ദിവ്യ വസ്തുക്കള്‍ ലഭിച്ചു. ഒടുവില്‍ അമൃതും. പിന്നീട് അമൃത് നേടുവാന്‍ ദേവന്മാരും ദൈത്യന്മാരും തമ്മില്‍ പോരാടി. ലോകം നശിക്കുമെന്നായപ്പോള്‍ മഹാവിഷ്ണു മായ കൊണ്ട് അമൃത് അപഹരിച്ചു, അതിന്റെ ശക്തിയില്‍ ദൈത്യരെ പരാജയപ്പെടുത്തുവാന്‍ ദേവകള്‍ക്കായി.

ദിതിയുടെ പുത്രന്മാര്‍ മുഴുവനും കൊല്ലപ്പെട്ടപ്പോള്‍, ഭര്‍ത്താവായ കശ്യപ നോട്, ഇന്ദ്രനെ കൊല്ലുവാന്‍ ത്രാണിയുള്ള ഒരു പുത്രനെ തരുവാന്‍ ആവശ്യപ്പെടുകയും, അതിനായി ആയിരം വര്‍ഷത്തെ തപം തുടങ്ങി ദിതി. തപ കാലഘട്ടത്തില്‍ സദാ ദിതിയെ പരിചരിച്ച ഇന്ദ്രന്‍, ഗര്‍ഭവതിയായ ദിതിയെ അവര്‍ അശുദ്ധയായി എന്ന് മനസിലാക്കിയ നിമിഷം വജ്രായുദ്ധം കൊണ്ട് അവരുടെ ഗര്‍ഭത്തെ ഏഴാക്കി മുറിച്ചു.
'എന്നെ കൊല്ലാനിരുന്നവനെ ഞാന്‍ കൊന്നു', എന്ന് ഇന്ദ്രന്‍ കുറ്റം ഏറ്റു പറഞ്ഞു.
തന്റെ ശ്രമം വിഫലമായതില്‍ ദുഃഖിത ആയെങ്കിലും ദിതി ഇന്ദ്രനോട് ആ ഗര്‍ഭത്തെ ഏഴ് മരുത്തുക്കളുടെ സ്ഥാന പാലകരാക്കുവാന്‍ ആവശ്യപ്പെട്ടു. ഇന്ദ്രന്‍ അത് അംഗീകരിക്കുകയും ചെയ്തു.

മിഥിലാപുരിയിലേക്കുള്ള യാത്രാമധ്യേ അവര്‍ നിര്‍ജ്ജനവും മനോഹരവുമായ ഒരു പഴയ ആശ്രമം കാണുകയുണ്ടായി. അതാരുടേതാണ് എന്ന ചോദ്യത്തിനുത്തരമായി മഹര്‍ഷി, അത് ഗൗതമ മഹര്‍ഷിയുടേയും, മഹര്‍ഷിയുടെ ശാപത്താല്‍ ഏവര്‍ക്കും അദൃശ്യയായി ചാരത്തില്‍ കഴിയേണ്ടി വരും എന്നും, പിന്നീട് ദശരഥ പുത്രന്‍ ആശ്രമത്തില്‍ കടക്കുമ്പോള്‍ ശാപമോക്ഷം ലഭിക്കും എന്നും പറഞ്ഞ് ആശ്രമം ഉപേക്ഷിച്ച്, ഹിമവാനില്‍ തപസ്സിനായി യാത്രയായി.
ഗൗതമ മുനിയുടെ തപസ്സു മുടക്കുവാന്‍ വേണ്ടിയാണ് ഇന്ദ്രന്‍ മുനിയുടെ വേഷം ധരിച്ച് അഹല്യയെ പ്രാപിക്കുന്നത്. സ്വന്തം ഭര്‍ത്താവല്ല എന്നറിഞ്ഞു കൊണ്ടാണ് അഹല്യ ഇന്ദ്രനെ എതിര്‍ക്കാതിരുന്നതും. ഇന്ദ്രനെ വൃഷണ ഹീനനാകട്ടെ എന്നാണ് മുനി ശപിച്ചത്.

രാമന്റെ പാദസ്പര്‍ശത്തോടെ അഹല്യക്ക് മോക്ഷം ലഭിച്ചു. ആതിഥേയത്വം സ്വീകരിച്ച് രാമന്‍ മിഥിലയിലേക്ക് പ്രവേശിച്ചു. അവിടെ ജനകന്‍ മുനിയേയും സംഘത്തേയും ആദരിച്ചാനയിക്കുകയും അവിടെ വച്ച് ഗൗതമപുത്രനായ ശതാനന്ദന്‍ അമ്മ അഹല്യയുടെ ശാപമോക്ഷ വാര്‍ത്ത അറിഞ്ഞ് സന്തുഷ്ടനാവുകയും ചെയ്തു. ഈ ഘട്ടത്തില്‍ ശതാനന്ദന്‍ വിശ്വാമിത്ര മഹര്‍ഷിയുടെ കഥ പറഞ്ഞു തുടങ്ങി.

പ്രജാപതിയുടെ പുത്രന്‍ കുശന്റെ പൗത്രനാണ് വിശ്വാമിത്രന്‍. രാജ്യ പരിപാലനത്തിനിടയില്‍ ഒരു നാള്‍ അദ്ദേഹം പടയോടും പരിവാരങ്ങളോടുമൊപ്പം വസിഷ്ഠ മുനിയുടെ ആശ്രമത്തിലെത്തി. മുനിയുടെ ഉപചാരം സ്വീകരിച്ച അദ്ദേഹം, മുനിയുടെ അതിവിശിഷ്ടമായ ശബളയെന്ന കാമധേനുവിനെ കണ്ട് ആകൃഷ്ടനായി. ആ പശുവിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. ശബള, വസിഷ്ഠന്റെ തപോ ബലത്താല്‍ ഉണ്ടായതാണ്. അതിനാല്‍ തന്നെ ശബളയെ അപഹരിക്കുവാനുള്ള യുദ്ധത്തില്‍ വിശ്വാമിത്രന്‍ പരാജിതനായി.

അങ്ങനെ കൂടുതല്‍ അസ്ത്രശസ്ത്രങ്ങള്‍ക്കായി വിശ്വാമിത്രന്‍ തപസ് ചെയ്തു. അതിനു ശേഷം നടന്ന യുദ്ധത്തിലും വസിഷ്ഠന്റെ തപശക്തിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വിശ്വാമിത്രനു സാധിച്ചില്ല. വിശ്വാമിത്രന്‍ രാജ്യമുപേക്ഷിച്ച് തപസു പുനഃരാരംഭിച്ചു. ഒടുവില്‍, ബ്രഹ്മാവ്, വിശ്വാമിത്രനില്‍ പ്രീതനായി അദ്ദേഹം രാജര്‍ഷിയായി എന്നരുളിചെയ്തു. പക്ഷേ, വിശ്വാമിത്രന്‍ തൃപ്തിപ്പെട്ടില്ല.

ഈ അവസരത്തിലാണ് ഇക്ഷ്വാ കുലത്തിലെ ത്രിശങ്കു എന്ന രാജാവ് ഉടലോടെ സ്വര്‍ഗത്തില്‍ പോകണം എന്ന ആഗ്രഹവുമായി വസിഷ്ഠനെ സമീപിക്കുന്നത്. ആവശ്യം നിരസിച്ച വസിഷ്ഠനേയും വസിഷ്ഠ പുത്രന്മാരേയും ഉപേക്ഷിച്ച് ത്രിശങ്കു വിശ്വാമിത്രനില്‍
അഭയം ചോദിച്ചു. ദേവന്‍മാരോടിടഞ്ഞ് വിശ്വാമിത്രന്‍ ത്രിശങ്കുവിനായി മറ്റൊരു സ്വര്‍ഗം പണിതു. ഈ സംഭവ വികാസങ്ങളില്‍ തപസു മുടങ്ങിയ വിശ്വാമിത്രന്‍ വീണ്ടും കഠിന തപസ് തുടങ്ങി. കോപത്തെ കീഴടക്കുവാന്‍ മൗനമായി ശ്വാസം പോലും നിരോധിച്ച തപസില്‍ ഒടുവില്‍ ദേവകള്‍ കീഴടങ്ങി അദ്ദേഹത്തില്‍ ബ്രഹ്മര്‍ഷിപദം നല്‍കി.

രാമായണം മനുഷ്യമനസിന്റെ അപഗ്രഥനവും ഭംഗിയായി നിര്‍വഹിക്കുന്നു. ലക്ഷ്യം നേടുവാന്‍ ഏത് കഠിന തപവും അനുഷ്ഠിക്കുന്ന വിശ്വാമിത്രനെ എങ്ങനെയാണ് നാം ഇനിയും തിരിച്ചറിയാതിരിക്കേണ്ടത്?

അനേകകാലത്തെ തപത്തില്‍ നിന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് കോപമാണ് സ്വന്തം പുരോഗതിയുടെ തടസം എന്നാണ്. കോപം ഒരു വില കുറഞ്ഞ വികാര വിക്ഷോഭം മാത്രമാണ്. കോപം ഒരുവനെ അന്ധനാക്കുന്നു.

രാമായണത്തിലെ വരികളോരോന്നും ധര്‍മ്മിഷ്ഠനായ ഒരു മനുഷ്യനെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി ഒരുക്കിയതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക