Image

എല്ലാ തിങ്കളാഴ്‌ച്ചയും താജ്‌മഹലില്‍ ആരതി നടത്താന്‍ ശിവസേന

Published on 20 July, 2019
എല്ലാ തിങ്കളാഴ്‌ച്ചയും താജ്‌മഹലില്‍ ആരതി നടത്താന്‍ ശിവസേന
 ആഗ്ര: താജ്‌മഹലില്‍ ആരതി നടത്തുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന്‌ താജ്‌മഹലിന്‌ കനത്ത സുരക്ഷ.സവാന്‍ മാസത്തിലെ എല്ലാ തിങ്കളാഴച്ചയും സ്‌മാരകത്തില്‍ ആരതി നടത്താനാണ്‌ ശിവസേനയുടെ തീരുമാനം.

ഇതേതുടര്‍ന്ന്‌ പ്രണയസ്‌മാരകത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ (എ.എസ്‌.ഐ) ജില്ലാ ഭരണകൂടത്തിനോട്‌ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

പുരാതന സ്‌മാരകങ്ങളെയും പുരാവസ്‌തു സൈറ്റുകളെയും അവശിഷ്ടങ്ങളെയും സംബന്ധിക്കുന്ന 1958ലെ നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള മതപരമായ ആചാരങ്ങളോ പരമ്പരാഗതരീതികളുടെ ആരംഭമോ സ്‌മാരകത്തില്‍ നടത്തുന്നത്‌ നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ എ.എസ്‌.ഐ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്‌.

അതേസമയം താജ്‌ മഹലില്‍ ആരതി അര്‍പ്പിക്കാനുള്ള തന്റെയും അനുയായികളുടെയും ആഗ്രഹത്തെ തടയാനാകുമെങ്കില്‍ തടയാമെന്ന്‌ ആഗ്ര ശിവസേന പ്രസിഡന്റ്‌ വീണു ലവാനിയ ജൂലൈ 17 ന്‌ ജില്ലാ ഭരണകൂടത്തെയും പോലീസിനെയും വെല്ലുവിളിച്ചിരുന്നു.

താജ്‌മഹല്‍ ഒരു ശവകുടീരമല്ല, മറിച്ച്‌ ശിവന്റെ ക്ഷേത്രമായ തേജോ മഹാലയമാണെന്നും സാവന്‍ മാസത്തിലെ എല്ലാ തിങ്കളാഴ്‌ചയും ഇവിടെ `ആരതി' നടത്തുമെന്നുമാണ്‌ വീണു ലവാനിയ പ്രഖ്യാപിച്ചിരിക്കുന്നത്‌.

എന്നാല്‍ താജ്‌മഹലില്‍ ഇതുവരെ ആരും ആരതിയോ പൂജയോ നടത്തിയിട്ടില്ലെന്ന്‌ സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസ്റ്റ്‌ വസന്ത്‌ സ്വരങ്കര്‍ പറഞ്ഞു. താജ്‌മഹലിന്‌ പുറത്ത്‌ ശരിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ ജില്ലാ അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒറു സംഘം സ്‌ത്രീകള്‍ ഇവിടെയെത്തി സ്‌മാരകത്തിനുള്ളില്‍ പൂജ നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക