Image

സമരം ഫലം കണ്ടു; സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കണ്ടു

Published on 20 July, 2019
സമരം ഫലം കണ്ടു; സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കണ്ടു


ന്യൂഡല്‍ഹി: സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കള്‍ പ്രിയങ്കയെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഗസ്റ്റ്‌ ഹൗസിലെത്തിയാണ്‌ പ്രിയങ്കയെ കണ്ടത്‌. ഇതോടെ പ്രിയങ്ക 24 മണിക്കൂറായി നടത്തി വന്ന കുത്തിയിരുപ്പ്‌ സമരത്തിന്‌ ഫലം കണ്ടു.

അതേസമയം, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ പ്രിയങ്കയെ കാണാന്‍ അധികനേരം അനുവദിച്ചില്ലെന്നും ആരോപണമുണ്ട്‌. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ പ്രിയങ്ക ഉറച്ചുനിന്നതോടെയാണ്‌ അധികൃതര്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറായത്‌.

പത്തുപേര്‍ വെടിയേറ്റ്‌ മരിച്ച സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ്‌ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. പൊലീസ്‌ തടഞ്ഞതിനേത്തുടര്‍ന്ന്‌ മിര്‍സാപുര്‍ ഗസ്റ്റ്‌ ഹൗസിലാണ്‌ വെള്ളിയാഴ്‌ച രാത്രിയില്‍ പ്രിയങ്ക തങ്ങിയത്‌.

ഗസ്റ്റ്‌ഹൗസിലെ വൈദ്യുതിബന്ധം അധികൃതര്‍ വിഛേദിക്കുകയും ചെയ്‌തു. ഇതോടെ പ്രിയങ്ക രാത്രിമുഴുവന്‍ കഴിച്ചുകൂട്ടിയത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നല്‍കിയ മെഴുകുതിരിവെട്ടത്തിലാണ്‌. രാത്രി മൊബൈല്‍ ഫോണ്‍ ലൈറ്റിന്റെ വെട്ടത്തില്‍ പ്രവര്‍ത്തകരുമായി സംവദിക്കാനും പ്രിയങ്ക സമയം കണ്ടെത്തി.


രാത്രി മുഴുവന്‍ നീണ്ട സമരം 24 മണിക്കൂര്‍ പിന്നിട്ട വേളയില്‍ യുപി പോലീസ്‌ വഴങ്ങി. ശനിയാഴ്‌ച രാവിലെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ ചിലരെ ഗസ്റ്റ്‌ ഹൗസില്‍ വച്ച്‌ കാണാന്‍ പ്രിയങ്കയ്‌ക്ക്‌ പോലീസ്‌ അവസരമൊരുക്കി. യുപിയിലെ യോഗി സര്‍ക്കാരിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌ കോണ്‍ഗ്രസ്‌ ദേശീയ തലത്തില്‍ നടത്തിയ സമ്മര്‍ദ്ദ തന്ത്രമാണ്‌.

വെള്ളിയാഴ്‌ചയാണ്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്കാ ഗാന്ധി മിര്‍സാപൂരില്‍ എത്തിയത്‌. ഗസ്റ്റ്‌ ഹൗസില്‍ പ്രിയങ്കയെ തടഞ്ഞതോടെ അവര്‍ സമരം തുടങ്ങുകയായിരുന്നു.
കുടുംബങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന്‌ പറഞ്ഞ പ്രിയങ്ക സമരം തുടങ്ങിയവേളയില്‍ കോണ്‍ഗ്രസ്‌ ദേശീയ തലത്തില്‍ സമരത്തിന്‌ ഒരുങ്ങിയിരുന്നു. യുപിയിലും ദില്ലിയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കൊല്ലപ്പെട്ടവരുടെ രണ്ടു ബന്ധുക്കളെ കാണാന്‍ മാത്രമാണ്‌ തന്നെ അനുവദിച്ചതെന്ന്‌ പ്രിയങ്ക പറഞ്ഞു. 15 പേരെ കാണാന്‍ സമ്മതിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു. നിയമം താന്‍ ലംഘിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനാണ്‌ വന്നത്‌. അത്‌ കണ്ടിട്ടേ പോകൂ എന്നും പ്രിയങ്ക നേരത്തെ പോലീസിനെ അറിയിച്ചിരുന്നു.

വെള്ളിയാഴ്‌ച എത്തിയ വേളയില്‍ പ്രിയങ്ക പരിക്കേറ്റ്‌ ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു. ശേഷമാണ്‌ 80 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക്‌ പുറപ്പെടാന്‍ തീരുമാനിച്ചത്‌. ഈ വേളയില്‍ പോലീസ്‌ തടസം നില്‍ക്കുകയായിരുന്നു. പിന്നീടാണ്‌ മറ്റു സംഭവങ്ങളെല്ലാമുണ്ടായത്‌.


ശനിയാഴ്‌ച രാവിലെ സംഭവസ്ഥലത്തേക്ക്‌ വന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ എംപിമാരെയും പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഇവരെ വാരണാസി വിമാനത്താവളത്തില്‍വച്ചു തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രിയങ്കയെ തടഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ്‌ ദേശീയ നേതാക്കള്‍ സോന്‍ഭദ്രയിലേക്ക്‌ പുറപ്പെട്ടു.
ഇതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന്‌ ഉറപ്പായിരിക്കെയാണ്‌ പോലീസ്‌ നിലപാട്‌ മയപ്പെടുത്തിയത്‌.

സോന്‍ഭദ്രയില്‍ കൂട്ടക്കൊല നടന്ന പ്രദേശത്ത്‌ യുപി പോലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌. പ്രദേശത്ത്‌ നടന്ന കാര്യങ്ങള്‍ മൂടിവെക്കാനാണ്‌ യുപിയിലെ ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു. വെള്ളിയാഴ്‌ച പ്രിയങ്കാ ഗാന്ധി താമസിച്ച ഗസ്റ്റ്‌ ഹൗസിലേക്കുള്ള വെള്ളവും വെളിച്ചവും പോലീസ്‌ തടഞ്ഞുവെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.

സോന്‍ഭദ്ര ഗ്രാമത്തിലെ പ്രമുഖനും ആദിവാസി കര്‍ഷകരും തമ്മില്‍ ഏറെ നാളായി തുടരുന്ന ഭൂമി തര്‍ക്കത്തിന്റെ പരിണിത ഫലമായിരുന്നു ജൂലൈ 17ന്‌ നടന്ന വെടിവെയ്‌പ്‌. 10 ആദിവാസികളെയാണ്‌ സംഘടിച്ചെത്തിയ സംഘം വെടിവച്ചുകൊന്നത്‌. 24 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. ഇവര്‍ വാരണാസിയിലെയും മറ്റും ആശുപത്രിയില്‍ ചികില്‍സയിലാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക