Image

രമ്യ ഹരിദാസിന്‌ വാഹനം വാങ്ങാന്‍ പണം പിരിക്കുന്നത്‌ പൊതുജനങ്ങളില്‍ നിന്നല്ല'; യൂത്ത്‌ കോണ്‍ഗ്രസ്‌

Published on 20 July, 2019
രമ്യ ഹരിദാസിന്‌ വാഹനം വാങ്ങാന്‍ പണം പിരിക്കുന്നത്‌ പൊതുജനങ്ങളില്‍ നിന്നല്ല'; യൂത്ത്‌ കോണ്‍ഗ്രസ്‌
ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്‌ വാഹനം വാങ്ങുന്നതിന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തുന്ന പിരിവ്‌ വാര്‍ത്തകളിലിടം നേടിക്കഴിഞ്ഞു.

എം.പിയെന്ന നിലയ്‌ക്ക്‌ വാഹനം വാങ്ങാനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നിരിക്കെ എന്തിനാണ്‌ ഈ പിരിവ്‌ എന്നാണ്‌ പലരും ഉയര്‍ത്തുന്ന ചോദ്യം.

സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി കഴിഞ്ഞ ഈ പിരിവിനെ കുറിച്ച്‌ രസീത്‌ പുറത്തിറക്കിയ ആലത്തൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ പാളയം പ്രദീപ്‌
പ്രതികരിച്ചു.

`യൂത്ത്‌ കോണ്‍ഗ്രസ്‌ ആലത്തൂര്‍ പാര്‍ലമെന്റ്‌ കമ്മറ്റി ഒന്നായെടുത്ത തീരുമാനമാണ്‌ രമ്യ ഹരിദാസിന്‌ വാഹനം വാങ്ങി നല്‍കണമെന്നത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ എന്ത്‌ ചെയ്യണമെന്ന്‌ തീരുമാനിക്കുന്നത്‌ എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആളുകളല്ല.

യൂത്ത്‌ കോണ്‍ഗ്രസില്‍ നിന്ന്‌ വന്ന, യൂത്ത്‌ കോണ്‍ഗ്രസ്‌ നോമിനിയായി വന്ന രമ്യ ഹരിദാസിന്‌, പ്രത്യേകിച്ച്‌ ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്ന്‌ വന്ന എംപിക്ക്‌ വാഹനം വാങ്ങി നല്‍കി നല്‍കാനാണ്‌ കമ്മറ്റി യോഗം കൂടി ആലോചിച്ചത്‌.

പൊതുജനങ്ങളില്‍ നിന്നല്ല, ഒരു നിയോജക മണ്ഡലത്തിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളായിരിക്കുന്നവരില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപ പിരിക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. അതിന്റെ അടിസ്ഥാനത്തില്‍ ആയിരം രൂപ അക്കത്തിലും അക്ഷരത്തിലും എഴുതിയ 1400 റസീറ്റ്‌ ലീഫ്‌ ആണ്‌ നല്‍കിയിട്ടുള്ളത്‌.

ഇതിന്റെ കൃത്യമായ കണക്കുണ്ട്‌. ജൂലൈ 25ന്‌ റിവ്യൂ യോഗം വച്ചിട്ടുണ്ട്‌. ഈ യോഗത്തില്‍ ബാക്കിയുള്ള റസീറ്റ്‌ ലീഫോ പണമോ തിരികെ തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

തികച്ചും സുതാര്യമായാണ്‌ ഇക്കാര്യങ്ങള്‍ ചെയ്‌തിട്ടുള്ളത്‌. രാഷ്ട്രീയ എതിരാളികള്‍ ഇക്കാര്യത്തില്‍ നടത്തുന്ന കുപ്രചരണങ്ങളെ യൂത്ത്‌ കോണ്‍ഗ്രസ്‌ ചെവിക്കൊള്ളുന്നില്ല'- പാളയം പ്രദീപ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക