Image

സോനഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നെഹ്‌റുവിനല്ല, യോഗി സര്‍ക്കാരിനാണ്‌'; പ്രിയങ്കാ ഗാന്ധി

Published on 20 July, 2019
സോനഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നെഹ്‌റുവിനല്ല, യോഗി സര്‍ക്കാരിനാണ്‌'; പ്രിയങ്കാ ഗാന്ധി

മിര്‍സാപുര്‍: ഏറെനേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സോനഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെക്കണ്ടശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച്‌ ദല്‍ഹിക്കു പോകാനൊരുങ്ങുന്നു.

താന്‍ മടങ്ങിവരുമെന്നായിരുന്നു മിര്‍സാപുരിലെ ഗസ്റ്റ്‌ ഹൗസിനു മുന്‍പില്‍ വെച്ച്‌ പ്രവര്‍ത്തകരോട്‌ അവര്‍ പറഞ്ഞത്‌.

`എന്റെ ലക്ഷ്യം അവരെ കാണുകയായിരുന്നു. ഞാനിപ്പോഴും തടവിലാണ്‌. നോക്കാം എന്താണ്‌ ഭരണകൂടം പറയുന്നതെന്ന്‌.'- മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെ അവര്‍ പറഞ്ഞു.

സോനഭദ്രയൊഴിച്ച്‌ മറ്റെവിടെയും പോകാമെന്നായിരുന്നു ഒരു യു.പി ഉദ്യോഗസ്ഥന്‍ നേരത്തേ പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചു പറഞ്ഞത്‌. ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന്‌ 10 പേര്‍ വെടിയേറ്റു മരിച്ച സ്ഥലമാണ്‌ സോനഭദ്ര.

സോനഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്വം യോഗി സര്‍ക്കാരിനാണെന്നും നെഹ്‌റുവിനല്ലെന്നും പ്രിയങ്ക തുറന്നടിച്ചിരുന്നു. കൊല്ലപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന്‌ 10 ലക്ഷം രൂപ വീതം കോണ്‍ഗ്രസ്‌ നല്‍കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം, കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുക, ഈ കുടുംബങ്ങള്‍ക്കു സുരക്ഷയൊരുക്കുക, ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ ഇവരുടെ പേരിലുള്ള കേസ്‌ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രിയങ്ക യോഗി സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്‌.

നിരോധാനാജ്ഞ നിലനില്‍ക്കെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ്‌ പ്രിയങ്കയെ തടഞ്ഞതെന്നായിരുന്നു യു.പി സര്‍ക്കാര്‍ പ്രതികരിച്ചത്‌.

അതേസമയം 144 നിലനില്‍ക്കെ തന്നെയാണ്‌ എസ്‌.പി, ബി.എസ്‌.പി, സി.പി.ഐ.എം നേതാക്കള്‍ ഉംഭ സന്ദര്‍ശിച്ചത്‌.

പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത്‌ മിര്‍സാപ്പൂര്‍ ഗസ്റ്റ്‌ ഹൗസിലേക്ക്‌ മാറ്റി അറസ്റ്റ്‌ രേഖപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു.

സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ്‌ ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു.

നാല്‌ സ്‌ത്രീകളടക്കം പത്ത്‌ ദളിതരാണ്‌ സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌.

ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമായത്‌.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന്‌ ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന്‌ ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക