Image

മഴ ശക്തം: കാസര്‍കോട്‌, വയനാട്‌, കോഴിക്കോട്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

Published on 20 July, 2019
മഴ ശക്തം: കാസര്‍കോട്‌, വയനാട്‌, കോഴിക്കോട്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌
തിരുവനന്തപുരം: 23 വരെ വിവിധ ജില്ലകളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ജൂലൈ 20 ന്‌ കാസര്‍ഗോഡ്‌, 21 ന്‌ കോഴിക്കോട്‌, വയനാട്‌ എന്നി ജില്ലകളിലും, ജൂലൈ 22ന്‌ ഇടുക്കി, കോഴിക്കോട്‌, വയനാട്‌ എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

റെഡ്‌ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍) മഴയ്‌ക്കുള്ള സാധ്യതയാണ്‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ്‌ റെഡ്‌ അലര്‍ട്ട്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക്‌ സാധ്യത വര്‍ധിക്കും.

20 ന്‌ ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളിലും, 21ന്‌ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും 22ന്‌ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും, 23ന്‌ കണ്ണൂര്‍ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഓറഞ്ച്‌ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിമീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ്‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകള്‍ ചുവടെ:

ജൂലൈ 20 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍. ജൂലൈ 21- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്‌.

ജൂലൈ 22 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌. ജൂലൈ 23- എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, വയനാട്‌,കാസര്‍ഗോഡ്‌.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക്‌ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്‌.

കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്‌ക്ക്‌ അലര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക