Image

രാമലിംഗ റെഡ്ഡിയേയും കൂട്ടി വിമതരെ 'പിടിക്കാന്‍' കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും മുംബൈയിലേക്ക്

Published on 20 July, 2019
രാമലിംഗ റെഡ്ഡിയേയും കൂട്ടി വിമതരെ 'പിടിക്കാന്‍' കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും മുംബൈയിലേക്ക്

ബെംഗളൂരു: വിമത എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുംബൈയിലേക്ക് പോകും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തി മുംബൈയില്‍ തുടരുന്ന 15 വിമത എംഎല്‍എമാരില്‍ നാല് പേരെയങ്കിലും തിങ്കളാഴ്ച്ചയ്ക്ക് മുമ്ബ് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഭരണ പക്ഷത്തിന്‍റെ പ്രതീക്ഷ. വ്യാഴാഴ്ച്ച സഭയില്‍ വിശ്വാസ പ്രമേയം അവതിരിപ്പിച്ചതിന് ശേഷം വെള്ളിയാഴ്ച്ച സഭ പിരിയുന്നത് വരെ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചമാത്രമാണ് നടന്നത്.


തിങ്കളാഴ്ച്ച സഭ ചേരുമ്ബോള്‍ സര്‍ക്കാറിന് വിശ്വാസ വോട്ടെടുപ്പ് തേടേണ്ടി വന്നേക്കും. അതിനു മുമ്ബ് വിമത പക്ഷത്ത് നിന്ന് ചിലരെയെങ്കിലും തിരികെ എത്തിച്ച്‌ സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിന്‍റെ ഭാഗമായാണ് കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും മുംബൈയിലേക്ക് പുറപ്പെട്ടത്. ആദ്യം വിമതസ്വരം ഉയര്‍ത്തുകയും പിന്നീട് കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത രാമലിംഗ റെഡ്ഡിയേയും മുംബൈയിലേക്ക് പോവുമ്ബോള്‍ കുമാരസ്വാമി കൂടെകൂട്ടിയേക്കും.

ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ്, ശ്രീമന്ത് പാട്ടീല്‍, എംടിബി നാഗരാജ് എന്നിവരിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. സ്പീക്കര്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്നലെ സഭയില്‍ എത്തിയത് 204 പേരായിരുന്നു. ഇതില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 102 പേരുടെ പിന്തുണയാണ്. 98 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഭരണപക്ഷത്തിന് ഉള്ളത്. വിമതരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കുമാരസ്വാമിയേയും സംഘത്തേയും മഹാരാഷ്ട്ര പോലീസ് അനുവദിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.


ശ്രീമന്ത് പാട്ടീലിനെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ബന്ധുക്കളും ആശുപത്രി അധികൃതരും തടഞ്ഞിരുന്നു. അതേസമയം കുമാരസ്വാമിയുടേയും കോണ്‍ഗ്രസ്സിന്റെയും നീക്കങ്ങള്‍ ഫലം കാണില്ലെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. കുമാരസ്വാമി സര്‍ക്കാരിന്റെ അവസാന ദിനമാകും തിങ്കളാഴ്ചയെന്നും ന്യൂനപക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്നുമാണ് യദ്യൂരപ്പ അഭിപ്രായപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക