Image

കസ്റ്റഡി മരണം ; ഇന്നേക്ക് ഒരു മാസം : ആരോപണങ്ങള്‍ അവസാനിക്കുന്നില്ല

Published on 21 July, 2019
കസ്റ്റഡി മരണം ; ഇന്നേക്ക് ഒരു മാസം : ആരോപണങ്ങള്‍ അവസാനിക്കുന്നില്ല

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരുമാസം. രാജ്‍കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തെങ്കിലും ഉന്നതരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ആരോപണ വിധേയനായ ഇടുക്കി മുന്‍ എസ്‍പിയെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല.


കഴിഞ്ഞമാസം 21നാണ് സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്‍കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പൊലീസ് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ഇതിനിടെ രാജ്‍കുമാറിന്‍റെ മൃതദേഹത്തില്‍ 22 പരിക്കുകള്‍ ഉണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. ഇതോടെ നെടുങ്കണ്ടത്തേത് കസ്റ്റഡിക്കൊലയെന്ന് ആരോപിച്ച്‌ പ്രതിപക്ഷം പലകുറി നിയമസഭ സ്തംഭിപ്പിച്ചു.


ഭരണകക്ഷിയായ സിപിഐ കൂടി പ്രതിഷേധം അറിയിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തില്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച്‌ രാജ്‍കുമാറിന് ക്രൂരമര്‍ദ്ദനമേറ്റെന്ന് കണ്ടെത്തി. ഈര്‍ക്കില്‍ പ്രയോഗവും, മുളക് പ്രയോഗവും അടക്കമുള്ള മൂന്നാംമുറകളാണ് പൊലീസുകാര്‍ രാജ്‍കുമാറിന് മേല്‍ പ്രയോഗിച്ചത്. ഇതോടെ നെടുങ്കണ്ടം എസ്‍ഐ സാബു അടക്കം നാല് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.


എന്നാല്‍ മുന്‍ എസ്പി കെ ബി വേണുഗോപാലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് എസ് ഐ സാബു കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തില്‍ നല്ലരീതിയില്‍ പോയിരുന്ന അന്വേഷണം കേസിലെ ഉന്നതരുടെ പങ്ക് വെളിവായതോടെ മന്ദഗതിയിലായി. കുടുംബത്തിന്‍റെ ആവശ്യപ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രമാണ്. എസ്‍പി അടക്കമുള്ള ഉന്നതരെ എപ്പോള്‍ കമ്മീഷന്‍ വിസ്തരിക്കുമെന്ന് ഒരു വ്യക്തതയില്ല. രാജ്‍കുമാര്‍ പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസിന്‍റെ അന്വേഷണവും ഏങ്ങുമെത്തിയിട്ടില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക