Image

ആവര്‍ത്തിക്കപ്പെടാത്ത വാചാലതയുമായി പ്രസന്നയുടെ കവിതകള്‍ (സുമം)

Published on 21 July, 2019
ആവര്‍ത്തിക്കപ്പെടാത്ത വാചാലതയുമായി പ്രസന്നയുടെ കവിതകള്‍ (സുമം)
ക്രിയാത്മകതയില്‍ ,ചിന്തകളില്‍ പെണ്ണിനും ആണിനും വേര്‍ത്തിരിവ് കല്‍പ്പിക്കുന്നതിനോട് എന്നും വിയോജിപ്പാണ്.കൂട്ടമായി ജീവിക്കുന്ന സമയത്ത് ആണിന് എത്രത്തോളം പങ്കുണ്ടോ അത്ര തന്നെ പെണ്ണിനും പങ്കുണ്ട്... പെണ്ണിന് ചെയ്യാനാവുന്നത് പെണ്ണ് ചെയ്യുമ്പോഴും, ആണിന് ചെയ്യാനാവുന്നത് ആണ് ചെയ്യുമ്പോഴും രണ്ടു പേരും ഒരുമിച്ചിരുന്ന് ചെയ്യേണ്ടത് ഒന്നിച്ചു ചെയ്യുമ്പോഴും മാത്രമാണ് സമത്വമണ്ഡലത്തിന് സ്ഥിരത കൈവരുന്നത്..

പുരുഷന്റെ സമസ്ത കര്‍മ്മ മേഖലകളിലേക്ക് സ്ത്രീയെ കുത്തിക്കൊള്ളിക്കുക എന്നതല്ല സ്ത്രീ സമത്വം... സ്ത്രീയുടെ താല്‍പര്യങ്ങള്‍ക്കു കൂടി ഒരിടം നല്‍കുക എന്നതാണ്.

പ്രസന്ന  പാര്‍വതിയുടെ കവിതകള്‍ക്ക് പെണ്ണിന് നഷ്ടമാവുന്ന പ്രസന്നതയുണ്ട്.... അതിന്റെ കാരണങ്ങളുണ്ട്.പെണ്ണെഴുതുന്ന വരികള്‍ക്ക് ദുഃഖത്തിന്റെയും നിരാശയുടേയും ഭാവമാണ് പ്രകടമാവുന്നതെങ്കില്‍ ജീവിതത്തില്‍ തൃപ്തമാക്കപ്പെടാത്ത ബന്ധങ്ങളുടെ നോവ് ഒളിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കാം..

" അയലത്തുകാരന്റെ
വീടിനുമുകളില്‍
ആകാശം വാങ്ങിച്ചത്
സ്വന്തമായി
മേഘം നട്ടുവളര്‍ത്താനാണ്..
മൊത്തമായി
എന്റെ ജലസംഭരണിയിലേക്ക്
വീഴത്തക്കവിധം "
മേഘം  പ്രസന്ന പാര്‍വ്വതി

സ്വന്തമായി ലഭിക്കേണ്ട ആകാശവും മേഘവും ഹൃദയത്തിനു മേല്‍ തണുപ്പായ് പെയ്‌തൊഴിഞ്ഞില്ലെങ്കില്‍ കൃതൃമമായ സ്‌നേഹവും താത്പര്യവും പ്രതീക്ഷിച്ച് മറ്റെവിടെയെങ്കിലും ആകാശം പണിഞ്ഞെന്നു വരും.എല്ലാ തണുപ്പും സ്വന്തമാക്കാന്‍ വേണ്ടി.....

കുടുംബ ബന്ധങ്ങള്‍ക്ക് വിള്ളല്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ എവിടെയോ അതൃപ്തിയുടെ വിത്ത് പൊട്ടുകയും വളരുകയും ചെയ്തിട്ടുണ്ടാവും.മറച്ച് വെച്ചെതെന്തെങ്കിലും അണപൊട്ടിയൊലിച്ചിട്ടുണ്ടാവും.. സ്വന്തമായൊരു  ഭാഷയില്ലാത്തവളാവും... പ്രതികരിച്ചാല്‍ ഫെമിനിച്ചിയെന്ന് പരക്കെ വിളിക്കും.. അവളൊരു തീപിടിച്ച കവിതയാകും.... മനസ്സില്ലാത്തവളെന്നും, ആത്മാവില്ലാത്തവളെന്നും അടയാളപ്പെടുത്തും...

പ്രസന്നയുടെ കവിതകളെ കൂട്ടത്തില്‍ പെട്ടൊരു ഓണച്ചെടിയായി കാണാനാവില്ല... പുതിയൊരു ഗന്ധമാണ്.. ഉടലാണ്.... സ്ത്രീയെന്നാല്‍ നാടനായിരിക്കണം, നാണം കുണുങ്ങിയായിരിക്കണം, പതിഞ്ഞ് മിണ്ടുന്നവളാവണം തുടങ്ങി പഴഞ്ചന്‍ മൂടല്‍മഞ്ഞിനെ ഉരുക്കിക്കളഞ്ഞു കൊണ്ട് പുത്തന്‍ പെണ്ണുങ്ങള്‍ രംഗത്തു വന്നിരിക്കണം.. പക്ഷെ,സ്വത്വം പറയുന്ന നിരുപദ്രവപരമായ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിനിടയില്‍ നിഷേധികളായിയെത്തുന്നവരിലധികവും അവളുടെ വേണ്ടപ്പെട്ടവര്‍ തന്നെയാവും എന്നതാണ് ഏറ്റവും വലിയ പോരാട്ടങ്ങളിലേക്കും അമര്‍ഷങ്ങളിലേക്കും എത്തിക്കുക... എങ്ങനെയെങ്കിലും അതിനെ മറികടന്ന് സ്വന്തമായൊരു തിയറി പെണ്ണ് രൂപപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ വിപ്ലവനായികയായി... അവര്‍ക്കവള്‍ അവര്‍ പറയുമ്പോള്‍ ചിരിക്കുകയും അവര്‍ കണ്ണുരുട്ടുമ്പോള്‍ കരയുകയും ചെയ്യുന്ന ഏറ്റവും മനോഹരമായ ഒരലങ്കാര വസ്തു മാത്രമായിരിക്കണം..

''ഡിസെക്ഷന്‍ " ഒരു ദീര്‍ഘ കവിതയാണ്.. ആധുനികതയുടെ ശക്തമായ ഭാഷ കൊണ്ട് കാലത്തെ കീറി മുറിച്ച് വിസ്മയിപ്പിച്ച്  നിര്‍ത്തുന്ന കവിത.. മനുഷ്യന്റെ പ്രകടമായ അവയവ ധര്‍മ്മവും അമൂര്‍ത്തമായ മാനസിക ധര്‍മ്മവും സാമൂഹിക ധര്‍മ്മവും സമ്മിശ്രപ്പെട്ട് നനഞ്ഞുറച്ചുണങ്ങിയ ഒരു കവിതയായി ഇതിനെ വായിക്കാം..
ഓരോ കവിതകളിലും ഓരോ ഭാവമുണ്ടെന്നും ആവര്‍ത്തിക്കപ്പെടാത്ത വാചാലതയുണ്ടെന്നും പ്രസന്നയുടെ കവിതകള്‍ പഠനം ഉറപ്പാക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക