Image

ഇരവിന്റെ അന്ത്യത്തില്‍ (കഥ: ജെസ്സി ജിജി)

Published on 21 July, 2019
ഇരവിന്റെ അന്ത്യത്തില്‍ (കഥ: ജെസ്സി ജിജി)
രാവിന്റെ തണുത്ത യാമങ്ങളുടെ നിര്‍ജീവമായ കൈകളുടെ സ്പര്‍ശം ഏറ്റു കൊണ്ട് ,പിണങ്ങി മാറി നില്‍ക്കുന്ന നിദ്രാദേവതയോടു യാതൊരു പരിഭവവും ഇല്ലാതെ , ആനി മുന്‍പിലുള്ള കട്ടപിടിച്ച ഇരുട്ടിലേക്ക് തുറിച്ചുനോക്കി കൊണ്ട് കിടന്നു. "ആകുലരാകുന്നതുകൊണ്ടു ആയുസിന്റെ ദൈര്‍ഘ്യം ഒരുമുഴം കൂടി നീട്ടാന്‍ നിങ്ങള്ക്ക് സാധിക്കുമോ? നാളയെ  കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെ കുറിച്ച് ആകുലപ്പെട്ടുകൊള്ളും" . രാത്രിയില്‍ വായിച്ച ബൈബിള്‍ വാക്യങ്ങള്‍. നാളെ ഒരു ചോദ്യചിഹ്നമായി മുന്‍പില്‍ നില്‍ക്കുമ്പോള്‍.. അല്ലെങ്കില്‍ത്തന്നെ ഏതൊരു ദിവസമാണ് തന്റെ മുന്‍പില്‍ ഒരു ചോദ്യചിഹ്നം ഉയര്‍ത്താത്തത്.

അധ്യാപകരായ മാതാപിതാക്കളുടെ ഇളയ മകള്‍. ചെറുപ്പത്തിലേ അമ്മയുടെ മരണം മക്കളറിയാതിരിക്കാന്‍ നൊമ്പരങ്ങളെ താഴിട്ടുപൂട്ടി , അച്ഛന്റെയും അമ്മയുടെയും കരുതല്‍ ആവോളം നല്‍കി മക്കളെ വളര്‍ത്താന്‍ ശ്രമിച്ച അച്ഛന്‍ . പക്ഷെ ഒരിക്കലും ഒരമ്മക്ക് പകരമാകാന്‍ ഒരച്ഛനും കഴിയില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ അച്ഛന്‍ വൈകിപ്പോയോ? മക്കള്‍ ഓരോരുത്തരും കൂടുവിട്ട് തങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിപോയപ്പോള്‍ , പാവം അച്ഛന്റെ മനസ്സ് വല്ലാതെ നൊന്തുപോയിരിക്കുമോ? പുതിയ ആകാശങ്ങള്‍ തേടി താനും പറന്നുപോയി . പുതിയ ആകാശത്തു തന്റേതായ കൂടു കെട്ടി.ആ പഴയ കോലായും, ആ കോലായിലെ ചാരുകസാലയില്‍ പുറത്തേക്കു മിഴിനട്ടു കാത്തിരിക്കുന്ന ആ മിഴികളുടെ ഉടമസ്ഥനും ഒക്കെ വല്ലപ്പോഴും ഉള്ള ഒരു ഫോണ്‍ വിളികളില്‍ ഒതുക്കി. പക്ഷെ തന്റെ കൂടിന്റെ സ്വച്ഛതയും സുരക്ഷിതത്വവും കാലചക്രത്തിന്റെ അതിവേഗ കറക്കത്തില്‍ ഇളക്കം തട്ടാന്‍ തുടങ്ങുന്നത് താന്‍ അറിയാതെ പോയോ? ഒപ്പം, വിധിയാകുന്ന കഴുകന്‍ തന്റെ കൂര്‍ത്ത ചുണ്ടുകളില്‍ കുരുക്കി തന്റെ ഇണപ്പക്ഷിയെ തന്നില്‍ നിന്നും തട്ടിയെടുത്തപ്പോള്‍ ഏകാന്തതയുടെ വേദന താനും അറിഞ്ഞു തുടങ്ങി. കോളേജില്‍ പോകുന്ന മക്കള്‍. പെട്ടെന്നൊരു ദിവസം , ജീവിതനൗകയുടെ കടിഞ്ഞാണ്‍ കയ്യില്‍ നിന്നും നഷ്ടപ്പെട്ട്, കൊടുങ്കാറ്റിലും  പേമാരിയിലും പെട്ട് ആടിയുലയുന്ന കപ്പലിന്റെ കപ്പിത്താന്‍ ആയ നിമിഷം. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ മതിഭ്രമത്തില്‍ പെട്ട മക്കള്‍.ചുണക്കുട്ടികളായ തന്റെ രണ്ടു ആണ്‍മക്കളെ ഓര്‍ത്തു താന്‍ അഹങ്കരിച്ചിരുന്നോ?

ബുദ്ധിയും കഴിവും ആവോളം സൃഷ്ടാവ് അവര്‍ക്ക് വാരിക്കോരി നല്‍കിയിരുന്നു. അവരുടെ ഓരോ നേട്ടങ്ങളിലും സ്വകാര്യമായി അഹങ്കരിച്ചിരുന്ന മാതാപിതാക്കള്‍ ആയിരുന്നു , മറ്റേവരെയും പോലെ തങ്ങളും. തങ്ങളും മക്കളും മാത്രം അടങ്ങുന്ന ഒരു സ്വകാര്യലോകം, മറ്റാര്‍ക്കും പ്രെവേശനം ഇല്ലാത്ത ഒരു ലോകം തങ്ങള്‍ തന്നെ അറിയാതെ സൃഷ്ടിച്ചിരുന്നുവോ? അതിന്റെ തിക്തഫലം ആവാം എല്ലാം.

"നഗരത്തിലെ പ്രമുഖ കോളേജില്‍ സംഘട്ടനം. ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കൊലക്കു പിന്നില്‍ ക്യാമ്പസ്സിലെ പ്രമുഖ രാക്ഷ്ട്രീയ പാര്‍ട്ടിയുടെ യുവനേതാക്കള്‍. സഹോദരങ്ങളായ ഇരട്ട നേതാക്കളെ പോലീസ് തിരയുന്നു.". രണ്ടു ദിവസം മുന്‍പിലത്തെ പ്രധാന വാര്‍ത്ത. എല്ലാ ചാനലുകളിലും ഇന്നലെ നിറഞ്ഞുനിന്നത് തന്റെ പൊന്നോമന മക്കളുടെ ചിത്രങ്ങള്‍ ആയിരുന്നു. തന്റെ സ്വകാര്യ അഹങ്കാരം. എവിടെയാണ് തനിക്കു തെറ്റ് പറ്റിയത്? രണ്ടു ദിവസം ആയി പോലീസ് ഈ വീട്ടില്‍ നിരന്തരം കയറുന്നു. ചാനലുകള്‍, തന്റെ കുടുംബചരിത്രം മുഴുവന്‍ ചിക്കിചിരകുന്നു. മാതൃകാധ്യാപകനായിരുന്ന, മണ്‍മറഞ്ഞുപോയ  തന്റെ അച്ഛനെ വരെ അപമാനത്തിന്റെ ചെളിക്കുണ്ടില്‍ വലിച്ചുതാഴ്ത്തുന്നു.

നിന്ദയുടെ ഈ കയ്പുചഷകം ഒന്ന് പങ്കു വെച്ച്, ഇതിന്റെ കയ്പുരസം കുറക്കാന്‍, തന്റെ കൂടെ ആരും ഇല്ല. തന്റേതെന്ന ആ പുറം തോടില്‍ നിന്നും പുറത്തുവരാന്‍ തോന്നാതിരുന്ന ആ കഴിഞ്ഞ കാലങ്ങളെ അവള്‍ മനസാ ശപിച്ചു. ആശ്വാസത്തിന്റെ ഒരു സാന്ത്വനം, സാരമില്ല എന്ന ഒരു വാക്ക്. അത് കേള്‍ക്കുവാന്‍ ജീവിതത്തില്‍ താന്‍ ഇത്രയും കൊതിച്ച നിമിഷം ഉണ്ടായിട്ടില്ല.ജീവിതത്തിലെ സഹയാത്രികന്‍ ഒറ്റക്കാക്കി പോയപ്പോള്‍ മക്കള്‍ എന്ന തുരുത്തില്‍ ആശ്വാസം കണ്ടെത്താന്‍ താന്‍ ശ്രമിച്ചു. പക്ഷെ ഇപ്പോള്‍.. മുന്‍പ് ചടങ്ങിന് മാത്രം വായിച്ചിരുന്ന, ബൈബിള്‍ വാക്യങ്ങളില്‍ തന്റെ വേദനക്ക് ഒരാശ്വാസം, വിങ്ങുന്ന മുറിവുകളില്‍ ഒരു തൂവല്‍ സ്പര്‍ശം കണ്ടെത്താന്‍ താന്‍ ശ്രമിക്കുന്നു. മണിക്കൂറുകള്‍ കുറെ കഴിയുമ്പോള്‍, ഉദയസൂര്യന്‍ ചക്രവാള സീമയില്‍ ഉദിച്ചുയരും. ഒരു പുതിയ പ്രഭാതത്തിനായ്." നാളത്തെ ദിനം തന്നെ നാളെയെക്കുറിച്ചു ആകുലപ്പെടട്ടെ ". ആനി മിഴികള്‍ പൂട്ടി , ഇനിയും വിരുന്നെത്താത്ത നിദ്രാദേവതയെ ഓര്‍ത്തുകിടന്നു....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക