Image

വാല്മീകി രാമായണം ആറാം ദിനം (ദുര്‍ഗ മനോജ്)

Published on 21 July, 2019
വാല്മീകി രാമായണം ആറാം ദിനം (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം
മുപ്പത്തി ഒന്നാം സര്‍ഗ്ഗം മുതല്‍ അമ്പത്തി ഒന്ന് വരെ

ജാനകി, രാമനോടൊപ്പം വനവാസത്തിന് പോകുവാന്‍ തീരുമാനിച്ചതറിഞ്ഞ് ലക്ഷ്മണന്‍, താനും രാമനോടൊപ്പം കാട്ടിലേക്ക് പോവുകയാണ് എന്ന് തീര്‍ച്ചയാക്കി. രാമന്റെ പല വിധത്തിലുള്ള അനുനയത്തിനും ലക്ഷ്മണന്‍ തെല്ലും വഴങ്ങിയില്ല. ഒടുവില്‍ രാമന്‍, ലക്ഷ്മണനും തന്നോടൊപ്പം പോരുവാന്‍ അനുവാദം നല്‍കി. ഒപ്പം, വനവാസ ജീവിതത്തിനാവശ്യമായ അസ്ത്രശസ്ത്രങ്ങളും തൂണീരവും പൊന്നണിഞ്ഞ വാളുകളും, കവചങ്ങളും പൂജിച്ച് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഒപ്പം വനവാസത്തിന് മുമ്പായി ചെയ്യേണ്ട ദാന കര്‍മങ്ങള്‍ ചെയ്യേണ്ടതിനാല്‍, രാമന്‍ തന്റെ ധനമെല്ലാം വിപ്രന്മാര്‍ക്കും ദാസീദാസന്മാര്‍ക്കും വിതരണം ചെയ്യുവാന്‍ നിശ്ചയിച്ചു. അതിനായി ആദ്യം വസിഷ്ഠപുത്രനായ സുയജ്ഞനു സ്വര്‍ണ്ണാഭരണങ്ങള്‍ ദാനം ചെയ്തു. അദ്ദേഹത്തിന്റെ പത്‌നിക്ക് സീതയുടെ ആഭരണങ്ങളും. നല്‍കി. പിന്നീട് ലക്ഷ്മണനോടൊപ്പം ബ്രാഹ്മണര്‍, വൃദ്ധര്‍, ബാലകന്മാര്‍ക്കും ദാനം നല്‍കി.

ദാനകര്‍മ്മങ്ങള്‍ക്ക് ശേഷം രാമന്‍, സീതയോടും ലക്ഷ്മണനോടുമൊപ്പം അച്ഛനെ കാണുവാന്‍ പുറപ്പെട്ടു. വഴി നീളെ പ്രജകള്‍ ദശരഥനേയും കൈകേയിയേയും നിന്ദിക്കുകയും രാമന് വന്നു പെട്ട ദുര്‍ഗതിയില്‍ ഖിന്നരാവുകയും ചെയ്തു.

ദശരഥനു സമീപം രാമന്‍ എത്തിയപ്പോള്‍ അദ്ദേഹം വീണ്ടും വനവാസത്തിന് പോകരുത് എന്ന് പറഞ്ഞു കേണു. പലപ്പോഴും അദ്ദേഹം ബോധരഹിതനായി. പിന്നീട് ദശരഥന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ മുന്നൂറ്റി അമ്പത് ഭാര്യമാരും അദ്ദേഹത്തിന് സമീപമെത്തി. അവര്‍ മുന്നൂറ്റി അമ്പതു അമ്മമാരുടേയും കണ്ണിലുണ്ണിയായ രാമാനിതാ.. വല്‍ക്കലധാരിയായി കാട്ടിലേക്ക്. ആ മാതാക്കള്‍ ഹാ.... രാമാ എന്ന് ആര്‍ത്തരായ് തുടങ്ങി.

ഇത് കണ്ട് സുമന്ത്രനും രാജസമ്മതനായ സിദ്ധാര്‍ത്ഥന്‍ എന്ന വൃദ്ധനും കൈകേയിയോട് രാമനെ വനവാസത്തിനയക്കരുതേ എന്ന് കെഞ്ചി. പക്ഷേ ഒരോ അപേക്ഷയും കൈകേയി അവജ്ഞയോടെ തള്ളിക്കളഞ്ഞു.

പ്രജകള്‍ അയോധ്യ ഉപേക്ഷിച്ച് രാമനൊപ്പം കാനനവാസമാണ് നല്ലത് എന്ന് തീരുമാനിച്ച് രാമനെ പിന്തുടരുക തന്നെ എന്ന് പ്രഖ്യാപിച്ചു. ഈ വാക്കുകള്‍ കേട്ട രാമന്‍ അവരോട് ആ കൃത്യത്തില്‍ നിന്നും പിന്തിരിയുവാന്‍ ആവശ്യപ്പെട്ടു. ഒപ്പം തനിക്ക് മരവുരിയാണ് ആവശ്യം എന്നും അറിയിച്ചു. അത് കേട്ടപാതി കൈകേയി, രാമനും ലക്ഷമണനും സീതയ്ക്കും ധരിക്കുവാന്‍ മരവുരിയുമായി എത്തി.

ഇങ്ങനെ മൂവരും കൗസല്യയോടും സുമിത്രയോടും ദശരഥനോടും വിടചൊല്ലി. സുമിത്ര ലക്ഷമണനോട്, രാമനെ ദശരഥനെന്നറിയുക, സീതയെ ഞാനെന്നോര്‍ക്കുക, കാടിനെ നാടെന്നു കരുതുക എന്ന് ഉപദേശിച്ചു.

അനന്തരം സുമന്ത്രന്‍ തെളിക്കുന്ന തേരില്‍ രാമനും സീതയും ലക്ഷ്മണനും വനത്തിലേക്ക് യാത്ര തിരിച്ചു. അയോധ്യ മരണവീട് പോലെ അനാഥമായി. വിപ്രന്മാര്‍ അതിലൊന്നും തെല്ലും കുലുങ്ങാതെ രാമനെ പിന്തുടര്‍ന്നു. ഒടുവില്‍ അന്ന് രാവില്‍ അവര്‍ തമസാ നദിക്കരയില്‍ പാര്‍ക്കാന്‍ നിശ്ചയിച്ചു. ആ രാവില്‍ രാമനും സീതയും കാട്ടിലകള്‍ കൊണ്ട് തയ്യാറാക്കിയ ശയ്യയില്‍ ഉറങ്ങി. അവര്‍ക്ക് കാവലായി ലക്ഷ്മണനും സുമന്ത്രരും നിലകൊണ്ടു. ഉറക്കമുണര്‍ന്ന രാമന്‍, ഉറങ്ങുന്ന വിപ്രന്മാരെ ഉണര്‍ത്താതെ തങ്ങളെ തമസാനദി കടത്തി ബഹുദൂരം മുന്നോട്ട് പോകുവാന്‍ സുമന്ത്രരോട് ആവശ്യപ്പെട്ടു.
സുമന്ത്രന്‍ തേര് പായിച്ചു. ഒരു പകലും ഇരവും കൊണ്ട് അവര്‍ കോസലവും സരയുവും കടന്നു ഗംഗാതീരത്തണഞ്ഞു. അവിടെ അന്ന് തങ്ങുവാനവര്‍ തീരുമാനിച്ചു. ആ കാനന രാജ്യത്തിന്റെ അധിപന്‍, ഗുഹന്‍, പരിവാരങ്ങള്‍ക്കൊപ്പം വന്ന് രാമനെ കണ്ട് വണങ്ങി. അന്ന് രാവില്‍ കാനനഭൂവില്‍ വെറും മണ്ണില്‍ രാമനും സീതയും ശയിക്കവേ ലക്ഷ്മണന്‍ ഗുഹനുമൊത്ത് അവര്‍ക്ക് കാവല്‍ നിന്നു. ഗുഹന്‍ പലവട്ടം ലക്ഷ്മണനോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിന് ലക്ഷ്മണന്‍ ചെവി കൊടുത്തില്ല.

ഇന്ന് ആറാം ദിവസം പിന്നിടുമ്പോള്‍ രാമായണം മുന്നോട്ട് വക്കുന്ന ചിന്ത, സഹോദര സ്‌നേഹം എന്നതാണ്. ഇവിടെ വനവാസം വിധിച്ചത് രാമനാണ്. സീത രാമനെ പിന്തുടരുവാന്‍ കാരണം ഭര്‍തൃ ഭക്തിയാണ്. എന്നാല്‍ ലക്ഷ്മണനോ?

സഹോദര സ്‌നേഹത്തിന്റെ ബിംബമാണ് ലക്ഷ്മണന്‍. സഹോദരന്‍ വനത്തിലെ വെറും നിലത്ത് ഉറങ്ങുമ്പോള്‍ താനെങ്ങനെ കൊട്ടാരത്തില്‍ പട്ടുമെത്തയില്‍ ശയിക്കും എന്നു ചോദിക്കുന്ന അദ്ദേഹം, ഗംഗാ തീരത്ത് പൊടിമണ്ണില്‍ വിരിച്ച കരിയിലകള്‍ക്കു മുകളില്‍ ശയിക്കുന്ന രാമനെ കണ്ട് കണ്ണ് നിറഞ്ഞ് ഗുഹന്‍ എത്ര നിര്‍ബന്ധിച്ചിട്ടും കിടക്കാന്‍ ഒന്നിരിക്കാന്‍ പോലും കൂട്ടാക്കാതെ വില്ലും അമ്പും ധരിച്ച് കാവലിരിക്കുകയാണ്.

അത്തരം സഹോദര സ്‌നേഹം ഏത് കുടുംബത്തിലുണ്ടാകുന്നുവോ അവിടെ ശ്രീ വിളയാടുമെന്ന് നിസ്സംശയം പറയുവാനാകും.

രാമായണം ആറാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക