Image

പാകിസ്ഥാൻ തൊട്ട് ചന്ദ്രനിൽ വരെ ആളെ കയറ്റി വിടുന്ന ബിജെപി

കലാകൃഷ്ണൻ Published on 26 July, 2019
പാകിസ്ഥാൻ തൊട്ട് ചന്ദ്രനിൽ വരെ ആളെ കയറ്റി വിടുന്ന ബിജെപി


കേരളത്തിലെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണന് വിസ അടിച്ചു കൊടുത്തിരിക്കുന്നത് ചന്ദ്രനിലേക്കാണ്.  കാരണം വളരെ ലളിതമാണ്. ജയ് ശ്രീം വിളിച്ച് ആളുകളെ അടിച്ചു കൊല്ലുന്ന ഹിന്ദുത്വ തീവ്രവാദം നാട്ടിലെമ്പാടുമായി വളരുന്നുവെന്നും അത് തടയേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഒരുപറ്റം സാമൂഹിക സാംസ്‌കാരിക നായകൻമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അടൂർ ഗോപാലകൃഷ്ണനെപ്പോലെ തന്നെ ചലച്ചിത്ര സാഹചത്യ രംഗത്ത് പ്രഗത്ഭരാണ് കത്തിൽ ഒപ്പിട്ടവരെല്ലാം. ഇന്ത്യൻ സിനിമയിൽ ഏറെ ആദരിക്കിപ്പെടുന്ന ചലച്ചിത്ര സംവിധായകരായ മണിരത്‌നം, അനുരാഗ് കശ്യപ്, അപർണാ സെൻ, ചരിത്രകാരൻ രാമചന്ദ്രഗുഹ തുടങ്ങി നിരവധിപ്പേർ അടൂരിനൊപ്പം കത്തിൽ ഒപ്പിട്ടിരുന്നു. ഇവർ ഇങ്ങനെയൊരു കത്ത് അയച്ചതുകൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിക്കുന്നവരുണ്ട്, ഇതൊക്കെയൊരു വഴിപാടല്ലേ എന്ന് പറയുന്നവരുമുണ്ട്. 

എന്നാൽ അടൂർ അടക്കമുള്ളവർ നരേന്ദ്രമോദിക്ക് അയച്ച കത്തിന്റെ കാര്യം അത്ര നിസാരമായ ഒന്നല്ല. ഒന്നാമതായി അവർ കത്ത് അയച്ചത് ഇന്ത്യൻ പ്രധാനമന്ത്രി എന്ന രാജ്യത്തെ ഏറ്റവും സുപ്രധാനമായ ഭരണഘടനാ പദവിക്കാണ്. കത്ത് അയച്ചവർ രാജ്യത്തിന്റെ സിവിലിൻ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ളവരും അവരുടേതായ കർമ്മപഥങ്ങളിൽ ലോകത്തിന് മുമ്പിൽ രാജ്യത്തിന്റെ യശസ് ഉയർത്തിയവരുമാണ്. അങ്ങനെ വരുമ്പോൾ അടൂർ അടക്കമുള്ളവർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഈ രാജ്യത്തെ ജനാധിപത്യത്തിന് പൊള്ളൽ ഏൽക്കുന്നതിന്റെ ആകുലത വ്യക്തമാണ്. ആ കത്തിന് വലിയ പ്രധാന്യമുണ്ട് ഇന്നത്തെ വർമാനകാല ഇന്ത്യയിൽ.

പ്രധാനമന്ത്രിയുടെ ഓഫീസ് ആ കത്തിനെ കൈകാര്യം ചെയ്യുക ഭരണഘടനാപരമായ രീതിയിൽ തന്നെയാവും എന്ന്  പ്രതീക്ഷിക്കാം. എന്നാൽ പോത്തിന് എന്ത് ഏത്തവാഴ എന്ന പഴമൊഴി പോലെയാണ് ബിജെപിക്ക് ജനാധിപത്യമെന്നത്. അടൂർ ഗോപാലകൃഷ്ണൻ നരേന്ദ്രമോദിക്ക് കത്തയച്ച് ഭീഷിണിപ്പെടുത്തിയെന്ന മട്ടിൽ കേരളത്തിലെ ബിജെപിക്കാർ നേർക്ക് നേരെ വിഷയം ഏറ്റെടുത്തു. നോർത്ത് ഇന്ത്യൻ ബിജെപിക്കാരും യഥേഷ്ടം അടൂരിനെ വിളിച്ച്  ചീത്തിവിളിച്ചു. എന്നാൽ കേരളത്തിലെ തലമുതിർന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനാണ് വിഷയം ശരിക്കും ഏറ്റെടുത്തത്. 

അടൂർ ചന്ദ്രനിലേക്ക് പൊക്കോണം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആദ്യത്തെ ഉത്തരവ്. ഭാഗ്യത്തിന് പാകിസ്ഥാനിലേക്ക് പോക്കോണം എന്ന് പറഞ്ഞില്ല. അടൂർ മുസ്ലിമല്ലാത്തതിനാലാണ് പാകിസ്ഥാനിലേക്ക് പോകണം എന്ന് പറയാത്തത്. ഇന്ത്യയിലെ മുസ്ലിംങ്ങൾക്ക് മാത്രമേ ബിജെപിക്കാർ പാകിസ്ഥാനിലേക്ക് വിസ കൊടുക്കു. അടൂർ സിപിഎം സഖാവ് അല്ലാത്തതിനാൽ ചൈനയിലേക്ക് പോകാനും പറഞ്ഞില്ല. അടൂർ ഹിന്ദുവായിപ്പോയല്ലോ. പോരാത്തതിന് ബി.ഗോപാലകൃഷ്ണനും അടൂർ ഗോപാലകൃഷ്ണനും ഒരേ നാമധേയം പോലുമാണ്. മാത്രവുമല്ല കൃഷ്ണൻ എന്നത് ദൈവനാമവുമാണ്. അപ്പോൾ പിന്നെ പാകിസ്ഥാനിലേക്കോ, ചൈനയിലേക്കോ ടിക്കറ്റ് കൊടുക്കുക പറ്റില്ല. അപ്പോൾ തന്നെ ഹൈന്ദവ നാമധാരിയായ അടൂരിനെ പറഞ്ഞുവിടാൻ പറ്റിയൊരു സ്ഥരം ബി.ഗോപാലകൃഷ്ണൻ കണ്ടെത്തി. അത് ചന്ദ്രനാണ്. ചന്ദ്രഗ്രഹത്തിലേക്കാണ് ബി.ഗോപാലകൃഷ്ണൻ അടൂരന് ടിക്കറ്റെടുത്തത്. 

അടൂരിന് പുരസ്‌കാരങ്ങൾ കിട്ടാത്തതുകൊണ്ടാണോ മോദിക്ക് കത്തയച്ചത് എന്നായിരുന്നു ഗോപലകൃഷ്ണന്റെ മറ്റൊരു ചോദ്യം. പോത്തിന് എന്ത് ഏത്ത വാഴ എന്ന പഴമൊരു ബിജെപിക്കാരുടെ കാര്യത്തിൽ സത്യമാകുന്നത് ഇവിടെയാണ്. അടൂർ ഗോപലകൃഷ്ണൻ എന്ന ഫിലിം മേക്കർ ഇക്കാലം കൊണ്ട് കരസ്ഥമാക്കിയ പുരസ്‌കാരങ്ങളുടെ പട്ടിക വായിക്കാൻ തന്നെ ബി.ഗോപാലകൃഷ്ണൻ മണിക്കൂർ ഒന്നെടുക്കും. പുരസ്‌കാരങ്ങൾക്കായി സിനിമയെടുക്കുന്ന പുരസ്‌കാരങ്ങൾക്ക് പിന്നാലെ പോയ വ്യക്തിയല്ല ഒരിക്കലും അടൂർ. അടൂർ അക്ഷരാർഥത്തിൽ മലയാളത്തിലെ ജീനിയസാണ്. അത് ബിജെപിക്ക് മനസിലാകാൻ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാവുന്ന കാലം വരേണ്ടി വരും. 

ലോകവിവരവും ജനാധിപത്യബോധവും ഉണ്ടായിരുന്നെങ്കിൽ അടൂരിനെപ്പോലെയൊരാളെ കഴമ്പില്ലാതെ എതിർക്കാൻ ബിജെപി നേതാവ് ഇത്തരത്തിൽ മുന്നോട്ടു വരുമായിരുന്നില്ല. എ്ന്നാൽ ബി.ഗോപാലകൃഷ്ണന്റെ ഈ പ്രവർത്തിയിൽ നിന്ന് മനസിലാവുന്നത് നോർത്ത് ഇന്ത്യൻ ശൈലിയിൽ എതിർക്കുന്നവർക്ക്  വിസയും ടിക്കറ്റും അടിച്ചു കൊടുക്കുന്ന നടപടിയിലേക്ക് കേരളത്തിലും ബിജെപി കടന്നുവെന്നാണ്. അസഹിഷ്ണുതയുടെ മറ്റൊരു ശൈലിയാണിത്. ഈ ശൈലിയെ ഇവിടെ വെച്ചു തന്നെ മലയാളി എതിർത്ത് തോൽപ്പിച്ചില്ലെങ്കിൽ കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യവും ജനാധിപത്യവും വലിയ വില തന്നെ കൊടുക്കേണ്ടി വരും.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക