Image

പാടുന്നു പാഴ്മുളം തണ്‍ടു പോലെ....(അനുഭവക്കുറിപ്പുകള്‍-24-ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 02 August, 2019
പാടുന്നു പാഴ്മുളം തണ്‍ടു പോലെ....(അനുഭവക്കുറിപ്പുകള്‍-24-ജയന്‍ വര്‍ഗീസ് )
എന്റെ നാട്ടിലെ വൃദ്ധരും ദരിദ്രരും ഒക്കെ ആയിരുന്നു എന്റെ സുഹൃത്തുക്കള്‍. കടയിലിരിക്കുന്‌പോള്‍, ഞാന്‍ അടുത്തുള്ള ചായക്കടയില്‍ നിന്ന് നാലുമണിക്ക് ഒരു ചായ കുടിക്കാറുണ്ടായിരുന്നു.  അപ്പാപ്പന്‍ എന്ന എന്റെ മറ്റൊരു സുഹൃത്ത് നടത്തിയിരുന്നതായിരുന്നു ആ ചായക്കട. അപ്പാപ്പന്റെ പലഹാരങ്ങള്‍,  പ്രത്യേകിച്ചും ' ബോണ്ട ' വളരെ പ്രസിദ്ധമായിരുന്നു. ഒരെണ്ണം കഴിച്ചാല്‍ ഒരാള്‍ക്ക് വിശപ്പ് മാറുവാന്‍ തക്കവണ്ണം അത്രക്ക് വലുതായിട്ടായിരുന്നു അതിന്റെ നിര്‍മ്മാണം. മിക്കവാറും മൂന്നോ, നാലോ വൃദ്ധര്‍ എന്നോടൊപ്പം ചായ കുടിക്കാന്‍ ഉണ്ടാവും. അതിലൊരാള്‍ എന്റെ അമ്മയുടെ അപ്പന്റെ വകയില്‍ ഒരനുജനായിരുന്ന ഓനി കൊച്ചാപ്പനായിരുന്നു. വാര്‍ധക്യത്തില്‍ അല്‍പ്പം നിവര്‍ത്തി കേടു കൊണ്ടാണ് എന്നും എന്നെ കാണാന്‍ വരുന്നത്.  പിന്നെ പുറത്തു പറഞ്ഞില്ലെങ്കിലും, ഞാന്‍ ചായ കുടിക്കുന്‌പോള്‍ ഒരു ചായ പറയും എന്ന വിശ്വാസവും. സംഗീത നാടക അക്കാദമിയില്‍ ഞങ്ങള്‍ ' അസ്ത്രം 'അവതരിപ്പിക്കുന്‌പോള്‍ പ്രൊഫസര്‍ എന്ന കഥാപാത്രത്തിന്റെ വാക്കിങ് സ്റ്റിക്ക് ഇദ്ദേഹം തന്നതായിരുന്നു. ഒരു പല്ലിളിച്ച പട്ടിത്തലയുമായി പോത്തിന്‍ കൊന്പില്‍ കടഞ്ഞെടുത്ത ഈ വടി അദ്ദേഹത്തിന് ഒരു മെത്രാച്ചനില്‍  നിന്ന് സമ്മാനമായി കിട്ടിയതും, ഒരു നിധി പോലെ അദ്ദേഹം സൂക്ഷിച്ചിരുന്നതുമായിരുന്നു. ഒരു പക്ഷെ, നാടകത്തിനായി ലോകത്തില്‍ എനിക്കല്ലാതെ മറ്റാര്‍ക്കും ഈ വടി അദ്ദേഹം കൈമാറുമായിരുന്നു എന്ന് ഞാനിപ്പോളും വിശ്വസിക്കുന്നില്ല

ആവുന്ന കാലത്ത് ആവോളം അടിച്ചുപൊളിച്ചു നടന്ന ഒരു പഴയ കാല പണ്ഡിതനായിരുന്നു എന്റെ മറ്റൊരു സുഹൃത്ത്. വാറ്റുപുരയില്‍ കുട്ടന്‍ കാരണവര്‍. ഒരു ചെത്തു തൊഴിലാളിയായിരുന്ന അദ്ദേഹം നാടകവും, പാട്ടും, കഥയും, പ്രണയവും ഒക്കെയായി ജീവിതം ആസ്വദിച്ചയാളായിരുന്നു. വേദങ്ങളും, പുരാണങ്ങളും, മാത്രമല്ലാ, മഹാഭാരതവും, രാമായണവും ഒക്കെ നാവിന്‍ തുന്പിലായിരുന്ന അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കേട്ട് പഠിച്ച പാഠങ്ങള്‍ അറിവുകളായി സഭരിക്കുവാന്‍ എനിക്ക് സാധിച്ചിരുന്നു. 

ഗാന്ധിസത്തെ ആഴത്തില്‍ വിലയിരുത്തുകയും, തന്റെ ജീവിതത്തില്‍ അത് പ്രയോഗിച്ചു പരാജയപ്പെടുകയും ചെയ്ത കദളിക്കണ്ടത്തില്‍ അവറാച്ചന്‍ ചേട്ടനായിരുന്നു എന്റെ മറ്റൊരു സുഹൃത്ത്. ഗാന്ധിസത്തിന്റെ പരാജയം കൊണ്ടല്ല ഇങ്ങിനെ സംഭവിച്ചത്.  ആദര്‍ശാധിഷ്ഠിതമായ അദ്ദേഹത്തിന്റെ ചിന്തകളും, പ്രവര്‍ത്തികളും ഉള്‍ക്കൊള്ളാന്‍ മാത്രം ഗ്രാമീണ ദരിദ്ര മേഖലയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ലാ, മൊത്തം ഗ്രാമീണരും വളര്‍ച്ച നേടിയിരുന്നില്ലാ എന്നതാണ് സത്യം. മൂക്കില്ലാത്തവരുടെ നാട്ടില്‍ കസ്തൂരി വില്‍ക്കാനിറങ്ങിയവനെപ്പോലെ അദ്ദേഹം പരാജയങ്ങള്‍ ഏറ്റു വാങ്ങുന്‌പോഴും, അദ്ദേഹത്തില്‍ നിന്ന് സംവേദിച്ച ഒട്ടേറെ അറിവുകളും,ജീവിത ദര്‍ശനങ്ങളും എന്റെ ജീവിതം രൂപപ്പെടുത്തുന്നതില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.  

മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആവശ്യമില്ലാതെ കയറി ഇടപെട്ട് നാണം കെടുക എന്നത് എന്റെ ഒരു ദുശീലമായിരുന്നു. എല്ലാ മനുഷ്യര്‍ക്കും  നന്മ വരണം എന്ന എന്റെ മനസാക്ഷിയുടെ പ്രേരണ ഞാന്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും, ആളുകള്‍ക്ക് ഇതറിയില്ലല്ലോ? നല്ല നിലയില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി വിവാഹ ശേഷം ഭര്‍ത്താവും, മൂന്നു കുട്ടികളുമായി പരമ ദാരിദ്രാവസ്ഥയില്‍ കഴിയുന്നത് ഒരിക്കല്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന കോറത്തുണി ( തീരെ നിവര്‍ത്തിയില്ലാത്തവര്‍ പോലും ഈ തുണി വസ്ത്രമായി ഉപയോഗിച്ചിരുന്നില്ല ) കൊണ്ടുള്ള വേഷം ധരിച്ച് എന്റെ കടയില്‍ കസ്റ്റമറായി എത്തിയതായിരുന്നു അവള്‍. ക്രമേണ ആ യുവതി എന്റെ സുഹൃത് വലയത്തില്‍ ഒരാളാവുകയും, പല ആവശ്യങ്ങള്‍ക്കുമായി മിക്കവാറും എന്റെ കടയില്‍ വന്നു പോവുകയും ചെയ്യുമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ക്ക് എനിക്കറിയാവുന്ന പരിഹാരങ്ങള്‍ ഞാന്‍ നിര്‍ദ്ദേശിക്കുമായിരുന്നു. അത് കേള്‍ക്കുന്‌പോള്‍ കൂടുതല്‍ ആത്മ വിശ്വാസത്തോടെ പ്രശ്‌നങ്ങളെ നേരിടാന്‍  അവള്‍ക്ക് സാധിക്കുന്നുണ്ട് എന്നും അവള്‍ പറഞ്ഞിരുന്നു.  അവര്‍ക്കാവശ്യമുള്ള കുറച്ചു തുണികളൊക്കെ ( ഒരു പക്ഷെ, അവള്‍ക്ക് ഉടനെയൊന്നും തിരിച്ചു തരാന്‍ സാധിച്ചേക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ )  കടമായി  കൊടുക്കുകയും, എന്റെ പുരയിടത്തിലെ ജോലികളില്‍  പത്രുവിനോടൊപ്പം അവളുടെ ഭര്‍ത്താവിനും അവസരം കൊടുക്കുകയും ചെയ്തിരുന്നു. 

 വീട്ടില്‍  വളര്‍ത്തിയിരുന്ന ഒരു പട്ടി അവളെ  കടിച്ചുവെന്നും, ഏതാനും ദിവസം കഴിഞ്ഞ് പട്ടി ചത്തു പോയതിനാല്‍ പേയ്‌വിഷ ബാധക്കുള്ള കുത്തിവയ്പ്പ് എടുത്തു കൊണ്ടിരിക്കുകയാണെന്നും, ഒരിക്കല്‍  അവള്‍ എന്നോട് പറഞ്ഞിരുന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം അവള്‍ക്ക് പേയിളകിയെന്നും,  ആശുപത്രിയില്‍ കൊണ്ട് പോവുകയാണെന്നും ഞാനറിഞ്ഞു.  അവളുടെ ഭര്‍ത്താവും, അമ്മയും, ചേട്ടനും കൂടി ഒരു ജീപ്പില്‍  ആശുപത്രിയില്‍ കൊണ്ട് പോകാനായി വരികയാണ്. എന്റെ കൈയില്‍ നിന്ന് കുറച്ചു പൈസ പണിക്കൂലി ഇനത്തില്‍ അയാള്‍ക്ക് കിട്ടാനുള്ളത് കൊണ്ട് അത് വാങ്ങാന്‍ എന്റെ കടയുടെ മുന്പില്‍ വണ്ടി നിര്‍ത്തി. മരണ വെപ്രാളത്തില്‍ പിടയുന്ന ആ യുവതിയെ ഞാന്‍ ജീപ്പില്‍ കണ്ടു. പിന്നെ ഒന്നും ചിന്തിച്ചില്ല ' ഞാന്‍ കൂടി  വരാം ' എന്ന് പറഞ്ഞു കൊണ്ട് ഞാനും അവരോടൊപ്പം ജീപ്പില്‍ കയറി ആശു പത്രിയില്‍ പോയി. 

പരിശോധനയില്‍ .അവള്‍ക്ക് പെയ്‌വിഷ ബാധ ഒന്നുമില്ലെന്നും, ഏതോ മാനസിക വിഭ്രാന്തി കൊണ്ട് സംഭവിച്ചതാണെന്നും ഡോക്ടര്‍ കണ്ടെത്തി. ഒരു ഇന്‍ജക് ഷന്‍ ഏറ്റു വാങ്ങി യുവതി സുഖമായി ഉറങ്ങി. സമയം രാത്രിയായിരുന്നത്  കൊണ്ടും, തിരിച്ചു പോരാന്‍ ബസ് ഇല്ലാഞ്ഞത് കൊണ്ടും എനിക്കും അന്ന് ആശുപത്രിയില്‍ തങ്ങേണ്ടി വന്നു. പിറ്റേന്ന് രാവിലെ അവരോടൊപ്പം ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോളേക്കും അപവാദങ്ങളുടെ ഒരു ആറ്റം ബോംബ് തന്നെ അവിടെ പൊട്ടിയിരുന്നു. എന്റെ പേരില്‍ ആരോപിക്കപ്പെട്ട ഒരവിഹിത ബന്ധത്തിന്റെ അലയൊലികള്‍ നാട്ടിലും വീട്ടിലും ഇന്നും കുറച്ചൊക്കെ തങ്ങി നില്‍ക്കുന്നുണ്ട്.
മറ്റൊരു ചീത്തപ്പേര് കൂടി എനിക്ക് കിട്ടി. പില്‍ക്കാലത്ത് മറ്റൊരു യുവതി ' എന്തിനാ അവളുടെ കൂടെ പോയത്? ചേട്ടന്‍ വിളിച്ചാല്‍ ഞാന്‍ വരുമായിരുന്നല്ലോ ' എന്ന് നേരിട്ട് പറയുകയും ഉണ്ടായിട്ടുണ്ട്.

എന്റെ കടയിലെ മറ്റൊരു കൂട്ടം സന്ദര്‍ശകര്‍ അവശരായ ഒരു കൂട്ടം വൃദ്ധകള്‍ ആയിരുന്നു. സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷനുകള്‍ ഇവര്‍ക്ക് ലഭ്യമാക്കുന്നതിനായി ഞാന്‍ സഹായിച്ചിരുന്നു. അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതു മുതല്‍ ആപ്പീസുകളില്‍ ഇവരെയും കൂട്ടി കയറിയിറങ്ങുന്നത് വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. സ്വന്തം പോക്കാറ്റില്‍ നിന്ന് വണ്ടിക്കൂലിയും, വഴിച്ചിലവും കൊടുത്തിട്ടാണ് ഞാനിവരെ കൊണ്ട് നടന്നിരുന്നത് എന്നതിന് പുറമേ യാത്രാ മദ്ധ്യേ പല സ്ഥലത്തും ഇവരെ മലമൂത്ര വിസര്‍ജ്ജനത്തിന് കൊണ്ട് പോയിരുന്നതും ഞാനായിരുന്നു. പെന്‍ഷനൊക്കെ കിട്ടിക്കഴിയുന്‌പോള്‍ ഇരുപതും, ഇരുപത്തഞ്ചും രൂപയുമൊക്കെയായി ഇവരില്‍ ചിലരെങ്കിലും എന്നെ കാണാന്‍ വരുമായിരുന്നു. അത് വേണ്ടെന്ന് ഞാന്‍ പറയുന്‌പോള്‍ അവര്‍ക്കെന്നോട് തോന്നിയിരുന്നത് എന്ത് വികാരമായിരുന്നു എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. 

ഇതുപോലെയുള്ള ഡസന്‍ കണക്കിനാളുകളുമായുള്ള നിത്യ സന്പര്‍ക്കം മൂലം എന്നില്‍ വളര്‍ന്നു വന്ന ജീവിത അവബോധം ലോകത്ത് ഒരു യൂണിവേഴ്‌സിറ്റിയും പഠിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ എഴുത്തുകളില്‍ പ്രത്യക്ഷമാവുന്ന തീവ്രമായ ജീവിത പരിച്ഛേദങ്ങള്‍ ഇവരുടെയും കൂടി നേരനുഭവങ്ങളാണ്.  ഇത്തരക്കാരോട് ചേര്‍ന്ന് നില്‍ക്കുന്നതിന്റെ പേരില്‍ നാട്ടിലെ പൈസക്കാരില്‍ നിന്നും, രാഷ്ട്രീയക്കാരായ ചില സുഹൃത്തുക്കളില്‍ നിന്നും എനിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷെ, അവര്‍ക്കു ചെയ്‌യാന്‍ കഴിയാത്തത് ഞാന്‍ ചെയ്യുന്നത് കൊണ്ടും, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ക്കു ' തടയാറുള്ളത് ' ഞാന്‍ ഇല്ലാതാക്കുന്നത് കൊണ്ടുമാവാം ഈ എതിര്‍പ്പ് എന്നാണു എന്റെ നിഗമനം.  എങ്കിലും, ഇക്കാര്യങ്ങളില്‍  എല്ലാം എന്റെ ഭാര്യ പൂര്‍ണ്ണമായും എന്നോടൊപ്പം ആയിരുന്നു എന്നത് അഭിമാനത്തോടെയാണ് ഞാന്‍ വിലയിരുത്തുന്നത്. സാധാരണക്കാരുടെ ജീവിത വേദനകളോടും  പ്രശ്‌നങ്ങളോടും ഇടപെടുന്നതില്‍  എന്റെ ഭാര്യയും എന്നോട് സഹകരിച്ചിരുന്നു. അസാധാരണമായ ക്ഷമാ ശീലത്തിന് ഉടമ കൂടിയായിരുന്നു അവള്‍. ഒരിക്കല്‍ എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അത് തെളിയിക്കുകയും ഉണ്ടായി.

 അന്ന്  മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്നതും, മനുഷ്യ സ്‌നേഹിയായ ശിശു രോഗ വിദഗ്ധന്‍ ഉതുപ്പാന്‍ ഡോക്ടര്‍ സേവനം അനുഷ്ടിച്ചിരുന്നതുമായ  പ്വെട്ടുകാട്ടില്‍ ചില്‍ഡ്രന്‍സ് ക്ലിനിക്കില്‍ അഞ്ചു വയസുള്ള ഞങ്ങളുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടു  ഞങ്ങള്‍ താമസിക്കുകയായിരുന്നു. ( അക്കാലത്ത് ഞങ്ങള്‍ക്ക് കിട്ടിയിരുന്ന വരുമാനത്തിന്റെ സിംഹ ഭാഗവും ആശുപത്രികളില്‍ ബില്ലടക്കുക എന്നതായിരുന്നു രീതി. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയില്‍ കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരുന്നത് ഒരു പതിവായിരുന്നു. ബഹുമാന്യനായ ശ്രീ വര്‍മ്മാജിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് പ്രകൃതി ചികിത്സ പഠിച്ച് അത് അനുശാസിക്കുന്ന തരത്തില്‍ ജീവിത രീതിയില്‍ മാറ്റം വരുത്തിയതോടെയാണ് രോഗങ്ങള്‍ ഞങ്ങളുടെ പടിയിറങ്ങിപ്പോയതും, കൈയില്‍ വരുന്ന പൈസകള്‍ മറ്റു ജീവിത ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ സാധിച്ചതും.  ) അന്ന്  ക്ലിനിക്കിന്റെ മുന്‍പിലുള്ള എം. സി. റോഡിന്റെ മറ്റേ അരികില്‍ ഒരു കുടുംബം ഹോട്ടലും, ചായക്കടയും ഒക്കെ നടത്തി ജീവിച്ചിരുന്നു. പ്രായമായ,  ശരിക്കും കാഴ്ച ശക്തിയില്ലാത്ത ഒരച്ഛനും, അമ്മയും, കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന മൂന്നു പെണ്‍മക്കളും അടങ്ങുന്നതായിരുന്നു ആ കുടുംബം. ക്ലിനിക്കിലെത്തുന്ന രോഗികളും, അവരുടെ ബന്ധുക്കളും ഒക്കെ ആയിരുന്നു ഈ കച്ചവടത്തിന്റെ കസ്റ്റമേഴ്‌സ്. സ്വാഭാവികമായും ഞങ്ങളും അവിടെ നിന്നാണ് ഭക്ഷണ സാധനങ്ങള്‍ വാങ്ങിയിരുന്നത്. 

സംഭവദിവസം ഞങ്ങള്‍ ഭക്ഷണം വാങ്ങാനായി  ചെന്നിരിക്കുകയാണ്. ഞാനും മകനും അകത്തു കയറി ചായയും, തിന്നാനുള്ളതും ഒക്കെ ഓര്‍ഡര്‍ ചെയ്തിട്ടു നില്‍ക്കുന്നു. എന്റെ ഭാര്യ റോഡരികില്‍ കടയുടമയായ അച്ഛന്റെ ക്യാഷ് കൗണ്ടറിന് താഴെ ഞങ്ങളെ കാത്തു നില്‍ക്കുന്നു. ശരിക്കും കാഴ്ച ശക്തിയില്ലാത്ത അച്ഛന്‍ ചുമച്ചു, ചുമച്ച്  കാര്‍ക്കിച്ചു ഒറ്റ തുപ്പ് റോഡിലേക്ക്. കഫം ചെന്ന് വീണത് എന്റെ ഭാര്യയുടെ തലയുടെ ഒരു വശത്ത്. അത് അവിടെ നിന്ന് ഒലിച്ചിറങ്ങി, കവിളിലൂടെ, കഴുത്തിലൂടെ, ബ്ലൗസില്‍ വരെയെത്തിയിട്ടും വീണ്ടും താഴേക്ക്. കണ്ടു നിന്ന അമ്മയും, മക്കളും  ' അയ്‌യോ ' എന്നും പറഞ്ഞു കൊണ്ട് ഓടിയെത്തി അമ്മച്ചിയുടെ രണ്ടാം മുണ്ടു കൊണ്ട് കുറെയൊക്കെ തുടച്ചു. ഈ സമയമത്രയും ഒരു ചീത്ത വാക്കു പോലും പറയാതെ ' സാരമില്ല ' എന്ന നിലപാടില്‍ നില്‍ക്കുകയായിരുന്നു അവള്‍. ചായക്കടയിലിരുന്ന ചില ലോക്കല്‍ സദാചാരക്കാര്‍ക്ക് കാരണവരെ തല്ലണം. കാഴ്ചയില്ലാത്ത മനുഷ്യന് അബദ്ധം പറ്റിയതാണെന്നും, തനിക്കു പരാതിയില്ലെന്നും പറഞ്ഞു വളരെ പണിപ്പെട്ടിട്ടാണ് മേരിക്കുട്ടി അവരെ അടക്കിയത്. ഒന്നും സംഭവിക്കാത്തതു പോലെ തിരിച്ചു പോന്ന ഞങ്ങള്‍ ആശുപത്രിയിലെത്തി. വന്ന പാടേ അവള്‍ കുളിച്ചതിനു ശേഷമാണ് ഞങ്ങള്‍ വീണ്ടും പുറത്തിറങ്ങിയത്. തിരിച്ചു പോരുന്നത് വരെ ആ കുടുംബത്തിന് ഞങ്ങളോടുണ്ടായിയുന്നത് വെറും സ്‌നേഹമായിരുന്നില്ല ; ഭക്തിയും, ബഹുമാനവുമായിരുന്നു.

ജീവിതത്തില്‍ ഞാന്‍ ഇന്നുവരെയും ആത്മ ഹര്‍ഷത്തോടെ ഓര്‍ത്ത് വയ്ക്കുന്ന ചുരുക്കം സംഗതികളില്‍ ചിലതെങ്കുലും  അവശരെ തക്ക സമയത്ത് ചെറിയ നിലയിലെങ്കിലും  സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ളതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്

ഹൈറേഞ്ചസിലെ കീരിത്തോട് എന്ന സ്ഥലത്തു വച്ചുണ്ടായ ഒരനുഭവം ഇന്നും  ഓര്‍മ്മയിലുണ്ട്. അന്നൊരു ദുഃഖ വെള്ളിയാഴ്ചയായിരുന്നു. കീരിത്തോട്ടിനും അപ്പുറത്തുള്ള ചുരുളി എന്ന സ്ഥലത്തു താമസിക്കുന്ന ഭാര്യാ സഹോദരന്റെ വീട്ടില്‍ പോകാനിറങ്ങിയതാണ്  ഞാന്‍. പ്രത്യേക ജോലിയൊന്നുമില്ലാത്ത ഒരൊഴിവ് ദിവസം എന്ന നിലയിലാണ് ഈ ദിവസം തന്നെ ഇറങ്ങിത്തിരിച്ചത്. കോതമംഗലത്തു നിന്ന് മൂന്നാറിലേക്കുള്ള ബസ്സില്‍ കയറി അടിമാലിയില്‍ ഇറങ്ങി. അടിമാലിയില്‍ നിന്ന് ഇടുക്കി ഭാഗത്തേക്കുള്ള  ബസ്സിലാണ് ഇനി പോകേണ്ടത്. അടിമാലിയില്‍ ഇറങ്ങിയപ്പോളാണ് അറിയുന്നത്, ദുഃഖ വെള്ളിയാഴ്ച ആയതു കൊണ്ട് ഇന്നിനി അടിമാലിയില്‍ നിന്ന് ഒരിടത്തേക്കും ബസ് സര്‍വീസ് ഉണ്ടാവില്ല എന്നത്. ആ ഭാഗങ്ങളിലൊക്കെ അടുത്തതും, അകന്നതുമായ ബന്ധുക്കള്‍ ഉണ്ടെങ്കിലും അവരെയൊന്നും ( നിവര്‍ത്തിയുണ്ടെങ്കില്‍ ) ബുദ്ധിമുട്ടിക്കുന്നതില്‍ ഇന്നത്തെപ്പോലെ തന്നെ അന്നും താല്പര്യമുണ്ടായിരുന്നില്ല. ഒരു ടാക്‌സി പിടിച്ചു പോകുന്നതിനുള്ള ധനം കൈയില്‍ കരുതിയിട്ടുമില്ല. പിന്നെയുള്ള ഏകവഴി നടപ്പു തന്നെയാണ് എന്നറിഞ്ഞു. ഇരുപതോളം മൈല്‍ ദൂരത്തിലുള്ള ചുരുളിയിലേക്കു നടക്കുന്നത്  അത്ര എളുപ്പമല്ല എന്ന് അറിയാമായിരുന്നിട്ടും, മറ്റു മാര്‍ഗ്ഗങ്ങളൊന്നും തന്നെ മനസ്സില്‍  വന്നില്ല. 

നടന്നു. ഹൈറേഞ്ചസിലെ സസ്യ ശ്യാമളിമയും, സ്വച്ഛ ശീതളിമയും ആസ്വദിച്ചു കൊണ്ട് നടന്നു. അടിമാലിയില്‍ നിന്ന് ചാലെയുള്ള ഇറക്കമാണ് പനം കുട്ടി വരെ. അവിടെ നിന്ന് ചാലെയുള്ള കയറ്റം ഇടുക്കി വരെയുണ്ടാവും. ഒരു വശത്തു പൊങ്ങിയുയര്‍ന്നു നില്‍ക്കുന്ന പച്ച പുതച്ച മല നിരകള്‍. മറുവശത്ത് അഗാധമായ കൊക്കയിലൂടെ ആരോ വലിച്ചെറിഞ്ഞ വെള്ളിക്കൊലുസു പോലെ കുണുങ്ങിയൊഴുകുന്ന പന്നിയാറും, പെരിയാറും. ഏതൊരു സഞ്ചാരിയുടെയും അകമനസ്സു കുളിര്‍പ്പിക്കുന്ന ഇത്തരം ദൃശ്യങ്ങളിലൂടെയുള്ള നടത്തം എന്നില്‍ പുതിയൊരു ഊര്‍ജ്ജമാണ് നിറച്ചു കൊണ്ടിരുന്നത്. ക്ഷീണം തോന്നുന്നതേയില്ല. അനായാസകരവും, ആരോഗ്യ ദായകവുമായ ഒരനുഭവമാണ് പനം കുട്ടിയില്‍ എത്തുന്നത് വരെയുള്ള നടത്തം. 

പനം കുട്ടിയില്‍  നേര്യമംഗലം പവര്‍ ഹൌസിനു മുകളില്‍ പുഴക്ക് കുറുകെ കെട്ടിയിട്ടുള്ള ചപ്പാത്തിലൂടെ നടന്നാണ് അക്കരെയെത്തുന്നത്. കുളിര്‍ ജലത്തില്‍ കാലും, കൈയും, മുഖവും കഴുകി, കൈക്കുന്പിളില്‍ കോരിയെടുക്കുന്ന കുറച്ചു ജലം കുടിച്ചും കഴിയുന്‌പോള്‍, ഏതോ നാട്ടില്‍, ഏതോ മേട്ടില്‍, എങ്ങോ, എവിടെയോ വളര്‍ന്നു  നില്‍ക്കുന്ന നീലക്കോടുവേലിയുടെ വേരുകള്‍ തഴുകിയൊഴുകി എത്തുന്ന പെരിയാര്‍ ജലത്തിലെ ഔഷധ വീര്യം കൊണ്ടാവാം, അത് വരെയുള്ള നടത്തം കൊണ്ട് എന്തെങ്കിലും ക്ഷീണം ഉണ്ടായിട്ടുണ്ടെങ്കില്‍ അതതേപടി പന്പ കടന്ന് ഒരു പുതിയ ഉന്മേഷം കൈവരികയായി. 

ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന് നര്‍മ്മാണ വസ്തുമകള്‍ എത്തിക്കുന്നതിനായി കനേഡിയന്‍ സഹായത്തോടെ നിര്‍മ്മിച്ചെടുത്ത നേര്യമംഗലം  ഇടുക്കി റോഡിലൂടെയാണ് ഇനിയുള്ള യാത്ര. ചെങ്കുത്തായ മലനിരകളുടെ വശങ്ങളിലൂടെ അതി സാഹസികമായി നിര്‍മ്മിച്ചെടുത്തിട്ടുള്ള ഹെവി ഡൂട്ടി കാനന പാതയുടെ  ഒരു വശം കുത്തനെയുള്ള മലകളും, മറു വശം അഗാധമായ കൊക്കകളുമാണ്. കൊക്കകളില്‍ വെള്ളി നുരകള്‍ തുള്ളിച്ചൊഴുകുന്ന പെരിയാര്‍ സുന്ദരി. കരളില്‍ കനവുകള്‍ വിടര്‍ത്തുന്ന കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് ഞാന്‍ നടക്കുകയാണ്. ഇനിയുള്ള വഴി ചാലെയുള്ള കയറ്റമാണ്. വന മേഖല അവസാനിക്കുന്നതോടെ കൃഷിഭൂമികള്‍ കണ്ടു തുടങ്ങുകയായി. അദ്ധ്വാന ശീലരായ കര്‍ഷകരുടെ വിയര്‍പ്പു വീണു വിളഞ്ഞു നില്‍ക്കുന്ന വിളകള്‍.

കീരിത്തോട് എന്ന പ്രദേശത്തേക്ക് സമീപിക്കുകയാണ് ഞാന്‍. അപ്പോളാണ്, എനിക്ക് മുന്‍പില്‍ ഒരു അന്‍പതടി അകലത്തില്‍ എന്നെപ്പോലെ ബസ് കിട്ടാതെ പോയ ഒരു കുടുംബം നടന്നു പോകുന്നത് കണ്ടത്.  ഒരു വലിയ ചാക്ക് കെട്ടും തലയിലേന്തി ഒക്കത്ത് രണ്ടര വയസുള്ള ഒരു കുട്ടിയേയും പേറി നടക്കുന്ന ഒരു യുവതിയാണ്  മുന്നില്‍. അമ്മയുടെ നിഴല്‍ പറ്റി ഇടക്ക് നിന്നും, പിന്നെ അമ്മയുടെ പ്രലോഭന വാക്കുകള്‍ കേട്ട് വീണ്ടും നടന്നും അഞ്ചു വയസുള്ള ഒരാണ്‍ കുട്ടിയും യുവതിയുടെ ഒപ്പമുണ്ട്. അവരുടെ ഒരു പത്തടി പിറകില്‍ ഈര്‍ക്കിലി ചൂലിന്റെ പീലികള്‍ പുറത്തേക്ക് കാണാവുന്ന ഒരു ചെറിയ കെട്ടും തലയിലേന്തി,  കടുത്ത ദാരിദ്ര്യം വാര്‍ത്തെടുത്ത അസ്ഥി പഞ്ജരം പോലൊരു അമ്മച്ചി മകളുടെ ഒപ്പമെത്താന്‍ പാട് പെട്ട് കൊണ്ട് കിതച്ചു നടക്കുന്നുണ്ട്.

ഞാന്‍  നോക്കി നില്‍ക്കുന്‌പോള്‍ പെട്ടന്നാണത് സംഭവിച്ചത്. ആരോ ചുഴറ്റിയെറിഞ്ഞത് പോലെ അമ്മച്ചിയുടെ തലയിലെ ചൂല് കെട്ട് താഴെ വീണു. ഒന്ന് കറങ്ങി നിന്ന അമ്മച്ചി വെട്ടിയിട്ടത് പോലെ റോഡില്‍ വീണു. മുന്നില്‍ പോയിരുന്ന മകള്‍ ഓടിപ്പിടഞ്ഞെത്തി അമ്മച്ചിയുടെ അടുത്തെത്തി തറയിലിരുന്നു ' അമ്മേ, അമ്മേ ' എന്ന് വിളിക്കുന്നുണ്ട്. ഒക്കിലിരുന്ന കൊച്ചു കുട്ടി എന്തിനോ വേണ്ടി ഉറക്കെ നിലവിളിക്കുന്നു. സ്ഥല കാല ബോധം നഷ്ടപ്പെട്ടവനെപ്പോലെ  പകച്ചു പോയ ആണ്‍കുട്ടി എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കുന്നു. 

ഓടിയെത്തിയ ഞാന്‍ കാണുന്നത് അമ്മച്ചിയുടെ വായില്‍ നിന്ന് നുരയും പാതയും ഒഴുകുന്നതാണ്. എന്നെ നോക്കിയ യുവതിയുടെ കണ്ണുകളില്‍ നിന്ന് സഹായിക്കണേ എന്ന വാക്കു ഞാന്‍ കണ്ടു. ഒന്നുചിന്തിക്കാതെ അമ്മച്ചിയെ ഞാന്‍ വാരിയെടുത്തു. എനിക്ക് നിസ്സാരമായി പൊക്കിയെടുക്കാവുന്ന ഭാരമേ അമ്മച്ചിക്കുണ്ടായിരുന്നുള്ളു. അടുത്തെങ്ങും ഒരു വീടുള്ളതായിക്കണ്ടില്ല. ഒരു ഇരുന്നൂറടി ദൂരെ ഒരു കുടില്‍ കാണുന്നുണ്ട്. അമ്മച്ചിയേയും കൊണ്ട് അങ്ങോട്ട് പാഞ്ഞ എന്റെ പിറകെ യുവതിയും കുട്ടികളും ഓടിയെത്തി. കുടിലില്‍ ആരുമില്ല. ആരുടെ അനുവാദവും കാത്തു നില്‍ക്കാതെ അമ്മച്ചിയെ കുടിലിന്റെ ചാണകം മെഴുകിയ തറയില്‍ കിടത്തി. കുറച്ചു ദൂരെക്കണ്ട ഒരു വീട്ടില്‍ വിവരം  പറഞ്ഞ്  ഒരു അലുമിനീയ കലത്തില്‍ വെള്ളം വാങ്ങിക്കൊണ്ടു വന്നു. വെള്ളം കൈയിലെടുത്ത് അമ്മച്ചിയുടെ മുഖത്തേക്ക് തളിച്ചപ്പോള്‍ അമ്മച്ചി തലയനക്കുകയും, ക്രമേണ കണ്ണ് തുറക്കുകയും ചെയ്തു. അമ്മച്ചിയുടെ മുഖം പച്ചവെള്ളം കൊണ്ട് കഴുകിക്കുകയും, കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. സാരിത്തലപ്പ് കൊണ്ട് മകള്‍ അമ്മയെ വീശുകയും കൂടി ചെയ്തപ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ അമ്മച്ചി സംസാരിച്ചു തുടങ്ങി. 

സമീപ വീടുകളില്‍ നിന്നും പത്തു പതിനഞ്ചു പേര് ഓടിയെത്തി. അവരില്‍ ചിലര്‍ അമ്മച്ചിയുടെ ബന്ധുക്കള്‍ ആണെന്നറിഞ്ഞതോടെ അമ്മച്ചിയെ അവരെ ഏല്‍പ്പിച്ചു ഞാന്‍ നടക്കുന്‌പോള്‍ അമ്മച്ചിയുടെ വായില്‍ നിന്ന് എന്റെ ഷര്‍ട്ടില്‍ പറ്റിയ നുരയും, പതയും മുറുക്കാന്‍ തുപ്പലും ഉണങ്ങിയിരുന്നില്ല. എന്റെ പിറകേ ഓടിയെത്തിയ യുവതി എന്റെ ഷര്‍ട്ട് കഴുകിത്തരാമെന്നു പറഞ്ഞെങ്കിലും സാരമില്ലെന്ന് പറഞ്ഞു ഞാന്‍ നടന്നു. ഞാനാര്? എവിടുന്നു വരുന്നു എന്ന അന്വേഷണങ്ങളും ഉണ്ടാവാതിരുന്നില്ല. ' ഒരു വഴി യാത്രക്കാരന്‍ ' എന്ന എന്റെ ഉത്തരം അവര്‍ക്കു തൃപ്തികരമായോ എന്നെനിക്കറിയില്ല.  വീണ്ടും നടപ്പ് തുടര്‍ന്ന ഞാന്‍  രാത്രി ഏഴരക്ക് ചുരുളിയില്‍ അളിയന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക