Image

പരിധികള്‍ ലംഘിക്കുന്ന ജാതിരാഷ്‌ട്രീയം

Published on 02 May, 2012
പരിധികള്‍ ലംഘിക്കുന്ന ജാതിരാഷ്‌ട്രീയം
കഴിഞ്ഞ കെ.പി.സി.സി നിര്‍വാഹക സമതിയോഗം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകം തന്നെയായിരുന്നു. പിറവത്തേക്കാള്‍ വലിയ വിജയം നെയ്യാറ്റിന്‍കരയില്‍ നേടണമെന്ന്‌ ആഹ്വാനം ചെയ്‌ത നിര്‍വാഹക സമതിയോഗത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടാണെന്നും കഴിഞ്ഞ കുറച്ചുനാളായി തുടരുന്ന വിവാദങ്ങളൊന്നും ഇനി നിലനില്‍ക്കുന്നില്ലെന്നും സ്വയം വിശ്വസിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിച്ചത്‌.

കെ.മുരളീധരന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ യുഡിഎഫിനുള്ളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടുരും സുരക്ഷിതരല്ല എന്നു തന്നെയാണ്‌ മനസിലാകുന്നത്‌. അതുകൊണ്ടു തന്നെ കേരള രാഷ്‌ട്രീയം വെറും മുന്നാംതരം ജാതി രാഷ്‌ട്രീയത്തിലേക്ക്‌ തരംതാഴുന്നതും കേരളത്തിലെ ജനങ്ങള്‍ ഇനി കാണാന്‍ പോകുന്നതേയുള്ളു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജാതിപ്രീണനം എല്ലാപരിധികളും ലംഘിച്ചാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തിലെ ഒരോ ജാതിസംഘടനകള്‍ക്കും ആളെണ്ണത്തിന്റെ വലുപ്പം വെച്ച്‌ മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന സ്ഥിതിയിലേക്ക്‌ വളര്‍ന്നിരിക്കുന്നു ജാതിരാഷ്‌ട്രീയത്തിന്റെ ശക്തി.

ഈ ജാതി രാഷ്‌ട്രീയം വളര്‍ത്തിയെടുത്തതും യുഡിഎഫ്‌, അതിന്റെ തിക്തഫലം അനുഭവിക്കാന്‍ പോകുന്നതും യുഡിഎഫ്‌ എന്നത്‌ നെയ്യാറ്റിന്‍കരയില്‍ തെളിയിക്കപ്പെടും എന്നു തന്നെ കരുതാം. ജാതിസംഘടനകളുടെ സമര്‍ദ്ദതന്ത്രങ്ങളെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ നിലക്കു നിര്‍ത്തണമെന്നും, രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാണ്‌ ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ളതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍ പറഞ്ഞത്‌ ഇവിടെ നിസാരമായി കാണാന്‍ കഴിയില്ല.

പിറവത്ത്‌ എല്ലാ ജാതി സമവാക്യങ്ങളെയും ഒപ്പം നിര്‍ത്തിയായിരുന്നു യുഡിഎഫ്‌ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്‌. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോഴുണ്ടായ അഞ്ചാം മന്ത്രി വിവാദമാണ്‌ യുഡിഎഫിന്റെ സെക്യുലര്‍ പരിവേഷം മുഴുവന്‍ തകര്‍ത്തത്‌. വെറും ന്യൂനപക്ഷ രാഷ്‌ട്രീയകാര്‍ഡ്‌ കളിക്കുന്ന സംഘടനയായി യുഡിഎഫ്‌ മാറുന്നു എന്നാരോപിച്ച്‌ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയുമൊക്കെ രംഗത്തെത്തിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ യുഡിഎഫ്‌ ഉലയുന്നത്‌ കേരളം കണ്ടു.

പ്രശ്‌നങ്ങള്‍ ഒന്ന്‌ ഒതുങ്ങി കഴിഞ്ഞപ്പോഴാണ്‌ നെയ്യാറ്റിന്‍കര ഇലക്ഷന്‍ ഇങ്ങടുത്തു വന്നത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സെല്‍വരാജിന്‌ നിഷ്‌പക്ഷമായി ചിന്തിക്കുന്ന ഒരു ജനവിഭാഗത്തിന്റെ മനസില്‍ എന്ത്‌ സ്ഥാനം കിട്ടുമെന്നതാണ്‌ ആദ്യത്തെ ചോദ്യം. യുഡിഎഫില്‍ ചേരുന്നത്‌ ആത്മഹത്യപരമാണെന്ന്‌ രാജി സമയത്ത്‌ പറഞ്ഞ അതേ സെല്‍വരാജാണ്‌ ഇപ്പോള്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രീയപ്പെട്ടവനായി വീണ്ടും ജനങ്ങള്‍ക്ക്‌ മുമ്പിലേക്കെത്തുന്നത്‌. സെല്‍വരാജിന്റെ രാജിയെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നുപറഞ്ഞ കോണ്‍ഗ്രസ്‌ നേതാക്കള്‍ നാടകം കളിച്ചത്‌ തന്നെയാണെന്ന്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം വ്യക്തമാക്കുന്നു. സെല്‍വരാജിനെ ഒരു കാരണവശാലും നെയ്യാറ്റിന്‍കര സ്ഥാനാര്‍ഥിയാക്കരുതെന്ന കെ.മുരളിധരന്റെ വാക്കിന്‌ പുല്ലുവില പോലും ലഭിച്ചതുമില്ല. എന്നാല്‍ നിഷ്‌പക്ഷമായി രാഷ്‌ട്രീയം നോക്കി കാണുന്ന ജനങ്ങളുടെ മനസില്‍ സെല്‍വരാജ്‌ നാടകം സെല്‍വരാജ്‌ എന്ന വ്യക്തിക്കും ഇപ്പോള്‍ അയാളെ ഏറ്റെടുത്തിരിക്കുന്ന യുഡിഎഫിനും എന്ത്‌ സ്ഥാനം നല്‍കും എന്നത്‌ നെയ്യാറ്റിന്‍കരയില്‍ തീര്‍ച്ചയായും പ്രതിഫലിക്കും.

പറഞ്ഞു വരുമ്പോള്‍ സിപിഎം, സിപിഐ പാര്‍ട്ടികളെല്ലാം ജാതിസംഘടനകളുടെ ഓഫീസ്‌ കയറിയിറങ്ങുന്നവരാണ്‌. എന്നാല്‍ ജാതിസംഘടനകളെ നിലയ്‌ക്കു നിര്‍ത്തി വിമര്‍ശിക്കാന്‍ അറിയുന്ന ചില നേതാക്കള്‍ ഇടതുപക്ഷത്തുള്ളതാണ്‌ നിഷ്‌പക്ഷജനങ്ങള്‍ക്കിടയില്‍ ഇടതുപാര്‍ട്ടികളുടെ ശക്തി. `നായന്‍മാരുടെ അട്ടിപ്പേറ്‌ അവകാശം ആരും ഏറ്റെടുക്കേണ്ട' എന്ന്‌ സുകുമാരന്‍ നായരോട്‌ പെതുവേദിയില്‍ വെച്ച്‌ വിമര്‍ശിച്ച്‌ പ്രസംഗിക്കാന്‍ ഇന്ന്‌ പിണറായി വിജയന്‍ മാത്രമേ ധൈര്യം കാണിക്കു. ഉമ്മന്‍ ചാണ്ടിയെ കണ്ണുരുട്ടി കാണിച്ച്‌ പേടിപ്പിക്കുന്ന സുകുമാരന്‍ നായര്‍ പിണറായിക്ക്‌ മുമ്പില്‍ വാക്കുകള്‍ കിട്ടാതെ തപ്പി തടഞ്ഞിട്ടുമുണ്ട്‌.

എന്തിനേറെ, `തിരുകേശവിവാദം' വന്നപ്പോള്‍ അതിനെ `ബോഡി വേസ്റ്റ്‌' എന്ന്‌ പറയാന്‍ പോലും പിണറായി മടിച്ചില്ല. പിണറായി പറഞ്ഞത്‌ ശരിയോ തെറ്റോ എന്നതല്ല വിഷയം. ചിലപ്പോഴൊക്കെ ജാതി സംഘടനകളെ നിലക്കു നിര്‍ത്താന്‍ പിണറായി വിജയന്‍മാര്‍ ആവിശ്യം തന്നെയാണ്‌.

പിണറായി വിജയന്‍മാരില്ലാത്ത യുഡിഎഫില്‍ ജാതി പ്രീണനം കാരണം ഇനി മന്ത്രിസഭാ പുനസംഘടനയ്‌ക്ക്‌ മാത്രമേ സമയമുണ്ടാകു എന്നു വേണം കരുതാന്‍. നെയ്യാറ്റിന്‍കരയില്‍ ജയിപ്പിക്കണമെങ്കില്‍ നാടാര്‍ സമുദായമായ വി.എസ്‌.ഡി.പിക്ക്‌ മന്ത്രിസ്ഥാനം വേണെന്ന്‌ ആവിശ്യപ്പെട്ടിട്ടുണ്ട്‌. നെയ്യാറ്റിന്‍കരയിലെ ഏറ്റവും പ്രബലരായ ജാതി സംഘടനയാണ്‌ വി.എസ്‌.ഡി.പി. ഏതാണ്ട്‌ നാല്‌പത്‌ ശതമാനം വോട്ടര്‍മാര്‍ നെയ്യാറ്റിന്‍കരയില്‍ നാടാര്‍സമുദായത്തില്‍ നിന്നുമാണ്‌. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നേരിട്ട്‌ നെയ്യാറ്റിന്‍കരയിലെത്തി വി.എസ്‌.ഡി.പി നേതാക്കളെ കണ്ട്‌ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വി.എസ്‌.ഡി.പി തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം വേണമെന്ന ആവിശ്യം കര്‍ശനമായി ഉന്നയിച്ചിരുന്നു. ഇതിന്‌ രമേശ്‌ ചെന്നിത്തല തലകുലുക്കി സമ്മതിച്ചിട്ടുമുണ്ട്‌ എന്നാണ്‌ അറിയുന്നത്‌. അതല്ലാതെ ചെന്നിത്തലയ്‌ക്ക്‌ മറ്റു വഴികളുമില്ല.

നാടാര്‍ സമുദായത്തിന്‌ മന്ത്രി എന്ന ആവിശ്യം അവര്‍ മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ടത്രേ. ഇനിയിപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ്‌ വിജയിച്ചാല്‍ മന്ത്രിസഭയില്‍ വീണ്ടും പുനസംഘടന ഉണ്ടാകുമോ എന്നത്‌ കാത്തിരുന്ന്‌ കാണാം. അങ്ങനെയുണ്ടായാല്‍ അത്‌ കേരള രാഷ്‌ട്രീയം കാണാന്‍ പോകുന്ന ഏറ്റവും നാണംകെട്ട സംഭവമായിരിക്കും.

നാടാര്‍ സമുദായത്തെ മാത്രമല്ല നെയ്യാറ്റിന്‍കരക്ക്‌ വേണ്ടി എന്‍.എസ്‌.എസിനെയും എസ്‌.എന്‍.ഡി.പിയെയും മെരുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ്‌ ഇപ്പോള്‍ ചെന്നിത്തലയും കൂട്ടരും. കോണ്‍ഗ്രസുമായി തുറന്ന പോരിലേക്ക്‌ കടന്ന എന്‍.എസ്‌.എസിന്റെ നിലപാടും നെയ്യാറ്റിന്‍കരയില്‍ പ്രധാനപ്പെട്ടതാകും. അഞ്ചാം മന്ത്രിസ്ഥാനം സര്‍ക്കാരിന്‌ നല്‍കിയ നാണക്കേടിനു പുറമേ നെയ്യാറ്റിന്‍കരയില്‍ പരാജയം നേരിട്ടാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ ധാര്‍മ്മികമായി എങ്ങനെ ഭരണത്തില്‍ തുടരാന്‍ കഴിയുമെന്ന്‌ സാധാരണ ജനങ്ങള്‍ പോലും ചോദിച്ചേക്കാം. അതുകൊണ്ട്‌ തന്നെ എങ്ങനെയും നെയ്യാറ്റിന്‍കരയില്‍ ജയിച്ചു കയറേണ്ടത്‌ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്‌. അതിനു വേണ്ടി തന്നെയാണ്‌ യുഡിഎഫ്‌ ഇപ്പോള്‍ നടത്തുന്ന ജാതിപ്രീണനവും, മന്ത്രിസ്ഥാന വാഗ്‌ദാനങ്ങളും. ഇതിനെല്ലാം ഇടയില്‍ ഭരണം എങ്ങനെ നടന്നു പോകുന്നുവെന്ന്‌ ചിന്തിക്കാന്‍ ആര്‍ക്ക്‌ സമയം.
പരിധികള്‍ ലംഘിക്കുന്ന ജാതിരാഷ്‌ട്രീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക