Image

അമേരിക്കക്കാരനാകണോ? ചരിത്രവും പഠിക്കണം (പൗരത്വ ലഭ്യതയിലെ കടമ്പകള്‍-1 -ഡോ. മാത്യു ജോയിസ്)

Published on 08 August, 2019
അമേരിക്കക്കാരനാകണോ? ചരിത്രവും പഠിക്കണം (പൗരത്വ ലഭ്യതയിലെ കടമ്പകള്‍-1 -ഡോ. മാത്യു ജോയിസ്)
അമേരിക്കയെന്നാല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെയും അവസരങ്ങളുടെയുംനാടാണ് (എന്നാണു വയ്പ്). ലോകത്തിലെവിടെയും അറിയപ്പെടുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന രാജ്യം, അമേരിക്ക തന്നെ എന്നതില്‍ സംശയവുമില്ല. 

അമേരിക്കയില്‍ ചെന്നാല്‍ എന്ത് ജോലിയും ചെയ്യാം, ഇഷ്ടം പോലെ പച്ച ഡോളറുകള്‍വാരിക്കൂട്ടാം, എത്ര ചെറിയ വേഷവും ധരിക്കാം, എപ്പോള്‍ വേണമെങ്കിലും ആരെയും ഇഷ്ടപ്പെടാം, വിവാഹം കഴിച്ചോ അല്ലാതെയോ ഒരുമിച്ചു ജീവിച്ചു സുഖിക്കാം തുടങ്ങിയ കുറേ തെറ്റിധാരണകളുടെ മോഹവലയത്തില്‍ അമേരിക്കയിലേക്ക് എങ്ങനെയും വന്നു ചേരാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും പല സാഹസങ്ങളും ചെയ്യുന്ന കാലമാണ്.

മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ ജീവന്‍ പണയം വെച്ച് നുഴഞ്ഞു കയറുന്നവരില്‍ കഴിഞ്ഞ വര്‍ഷം 9000 ഇന്‍ഡ്യാക്കാരുണ്ടായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നതില്‍ തെറ്റില്ല.

9/11 ലെ ഭീകരാക്രമണങ്ങള്‍ക്കു ശേഷം അമേരിക്ക നേരിടുന്ന സുരക്ഷാഭീതികള്‍ക്കു കടിഞ്ഞാണ്‍ ഇടാന്‍ പലപ്പോഴായി ഇവിടേയ്ക്ക് വരുന്നവരില്‍ കര്‍ശനമായ നിലപാടുകള്‍ കൈക്കൊള്ളുന്നതില്‍, അമേരിക്കന്‍ ഭരണസംവിധാനത്തെ കുറ്റപ്പെടുത്താന്‍ ആവില്ല. 

ഇവിടെ വന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇവിടുത്തെ കുറേ ചരിത്രവും സംസ്‌കാരവും അറിഞ്ഞിരിക്കുകയും അതിനോട് താദാത്മ്യം പ്രാപിക്കാനും തയ്യാറാവണം. അല്ലാതെ ഇവിടെ വന്ന് രക്ഷപെട്ടെന്നു തോന്നിയാല്‍, അമേരിക്കക്കാരെകുറ്റം പറയാനും, ഇവിടുത്തുകാരെ നമ്മുടെ രീതിയിലേക്കുകൊണ്ടുവരാനും ശ്രമിച്ചാല്‍, എപ്പോള്‍ ഡീപോര്‍ട്ട്ചെയ്യപ്പെട്ടു എന്ന് ചോദിക്കാന്‍ പോലും സമയം കിട്ടിയെന്നു വരികയില്ല.

അതിനോടൊപ്പം നേരായ മാര്‍ഗത്തില്‍ അമേരിക്കയില്‍ വന്ന്ഇവിടുത്തെ ഇമ്മിഗ്രെഷന്‍ വ്യവസ്ഥകള്‍ പാലിച്ചു ജീവിക്കുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ കൂടുന്നു. അതിലൊന്നാണു പൗരത്വം ലഭിക്കാനുള്ള പരീക്ഷ കൂടുതല്‍ വിഷമകരമാക്കാനുള്ള നീക്കം.

അതിനാല്‍ അമേരിക്കയുടെ ചരിത്രം, പൗരധര്‍മം എന്നിവയൊക്കെ ചെറുതായെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്.

ചരിത്രവും പൗരധര്‍മ്മവും സംബന്ധിച്ച് കുറച്ചെങ്കിലും അറിവ് പകരാന്‍ ഉദ്ദേശിച്ചുള്ളതാണു ഈ പരമ്പര. കുറച്ചു പേര്‍ക്ക് എങ്ക്‌ലിലും പ്രയോജനപ്പെട്ടാല്‍ അത്രയുമായി.

വിശാലമായ ഒരു വിഷയമായതിനാല്‍അടിസ്ഥാന വിവരങ്ങളും പുതിയ പരിഷ്‌കാരങ്ങളും മാത്രമാണ് ഈ പംക്തിയിലൂടെ ചര്‍ച്ചാവിധേയമാക്കുന്നത്, അറിവിന്റെ ജാലകങ്ങള്‍ തുറന്നിടാന്‍ ഇത് പര്യാപ്തമാകുമെന്നുള്ള ചിന്തയില്‍ ഈ ആമുഖം വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു

ഇന്റര്‍നെറ്റില്‍ കറങ്ങി നടക്കുന്ന താഴെപ്പറയുന്ന സന്ദേശത്തില്‍ ഭീഷണിയുടെയും വംശീയതയുടെയും സ്വരമുണ്ടെങ്കിലും അതില്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതു തന്നെയാണ്.

'സാക്ഷാല്‍ അമേരിക്കക്കാരല്ല, പിന്നെയോ കുടിയേറ്റക്കാരായവര്‍ ഇവിടുത്തെ രീതികള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, ഇവിടം വിട്ടു പോവുക. മറ്റാരുടെയും സംസ്‌കാരത്തെ വ്രണപ്പെട്ടുത്താന്‍ ഈ രാജ്യം താല്പര്യപ്പെടുന്നില്ല.

'നൂറ്റാണ്ടുകളിലൂടെ ലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാരുടെ സഹനങ്ങളുടെയും പോരാട്ടങ്ങളുടെയും വിജയത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെസംസ്‌കാരം ആണ് അമേരിക്കയുടേത്. 

സ്പാനിഷോ, ലെബനീസൊ, അറബിക്കോ, ചൈനീസൊ, ജാപ്പനീസോ, റഷ്യനോ മറ്റേതു ഭാഷയോ അല്ല; നമ്മള്‍ സംസാരിക്കുന്നതു ഇംഗ്ലീഷ് മാത്രമാണ്. അതുകൊണ്ടു ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗം ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളുടെ ഭാഷ പഠിക്കുക!

അമേരിക്കക്കാര്‍ ബഹുഭൂരിപക്ഷവും ദൈവത്തില്‍. വിശ്വസിക്കുന്നവരാണ്. ക്രിസ്തീയ ആദര്‍ശങ്ങളില്‍വിശ്വസിക്കുന്നവരാല്‍ സ്ഥാപിക്കപ്പെട്ടതാണ് നമ്മുടെ രാജ്യം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ഈ സത്യം നമ്മുടെ സ്‌കൂളുകളിലെ ചുവരുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും ഉചിതം തന്നെ.

ദൈവം എന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍, നിങ്ങളുടെലോകം മറ്റെവിടെയോ ആണ്. കാരണം ഞങ്ങളുടെ രാജ്യം ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്.

നിങ്ങളുടെ വിശ്വാസം എന്തായിരുന്നാലും, ഞങ്ങള്‍ അവയെ ചോദ്യം ചെയ്യുന്നില്ല. ഞങ്ങളോട് സഹകരിച്ചു ഐക്യത്തിലും സമാധാനത്തിലും ഇവിടെ ജീവിക്കണം എന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളു.

ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങളുടെ ജീവിതരീതിയാണ്; ഇവിടെ വരുന്നവര്‍ക്കും ഇതെല്ലാം അനുഭവിച്ചു ജീവിക്കാന്‍ അവസരമുണ്ട്. പക്ഷെ ഞങ്ങളുടെ പരിപാവനമായ പ്രതിജ്ഞാപത്രം, ദേശീയ പതാക, ക്രിസ്തീയ വിശ്വാസങ്ങള്‍, ജീവിതരീതികള്‍ തുടങ്ങിയവയെപ്പറ്റി വിദ്വേഷവും പരാതിയും ഉണ്ടെങ്കില്‍ നിങ്ങളുടെ സ്വതന്ത്ര അവകാശവും വിനിയോഗിക്കുക - 'എത്രയും വേഗം സ്ഥലം വിടുക.'

നിങ്ങള്‍ ഇവിടേയ്ക്ക് വരുവാന്‍ ആരും നിര്‍ബന്ധിച്ചില്ല. നിങ്ങള്‍ ആണ് ഇങ്ങോട്ടു വരുവാന്‍ ആവശ്യപ്പെട്ടത്. ആയതിനാല്‍ നിങ്ങളെ സ്വീകരിച്ച രാജ്യത്തിന്റെ കാര്യങ്ങളും സ്വീകരിക്കാന്‍ പഠിക്കുക'.

മേല്‍ ഉദ്ധരിച്ചവപ്രത്യേകം ശ്രദ്ധിക്കേണ്ട ഭാഷ തന്നെ. ഇത് മുഖവിലക്കെടുത്താല്‍, അമേരിക്കയിലോട്ട് കുടിയേറാന്‍ വെമ്പുന്നവര്‍ സ്വന്തം നാട്ടിലെ ദുഷ്പ്രവണതകളും വിദ്വേഷ ചിന്താഗതികളും പ്രതിഷേധ മനോഭാവങ്ങളും നിങ്ങളുടെ നാട്ടില്‍ ഉപേക്ഷിച്ചിട്ടേ, അമേരിക്കയിലോട്ട് കുടിയേറാന്‍ ശ്രമിക്കാവൂഎന്നൊരു മുന്നറിയിപ്പാണെന്നു ഓര്‍മ്മയിലിരിക്കട്ടെ. 

അമേരിക്കയുടെ ഭാഷയും ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊണ്ട് , അവരിലൊരാള്‍ ആയി ജീവിക്കാന്‍ കൊതിക്കുന്നവര്‍ക്കു മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ഈ പരമ്പര തുടരട്ടെ.

(തുടരും).   mattjoys@gmail.com  
Join WhatsApp News
Solution 2019-08-09 00:01:12
അമേരിക്കയിൽ ജനിച്ചു വളർന്നവർക്ക് രക്ഷയില്ല . അവരോട് നാട് വിടാൻ പറയുകായാണ് . അപ്പോൾ പിന്നെ ഇവിടെ ജനിക്കാത്തവർ അമേരിക്കൻ പൗരനായിട്ടെന്തു കാര്യം . വെളുത്തരാജ്യം വരേണമേ എന്ന് പ്രാർത്ഥിച്ചവർ അവരുടെ രാജ്യം പണിയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്   ഇല്ലാത്ത ചരിത്രം പഠിപ്പിച്ച് അതിന് ഉത്തരം എഴുതാൻ പറയുന്നത്.  ട്രംപിനെയും. വൈറ്റ് ഹൗസിൽ കുടിയിരിക്കുന്ന സ്റ്റീഫൻ മില്ലർ എന്ന് പറയുന്ന വർഗ്ഗീയവാദിയെയും പുകച്ചു പുറത്ത് ചാടിച്ചിട്ട് ഒരു ശുദ്ധികലശവും പിന്നെ ചാണക വെള്ളം ഒഴിച് ഒരു അടിച്ചു തളിക്കലും നടത്തണം 

Jose Joseph 2019-08-13 18:01:41
Good and helpful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക