Image

രണ്ടാമത്തെ ഡിബേറ്റിന് ശേഷം കമല ഹാരിസിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 13 August, 2019
രണ്ടാമത്തെ ഡിബേറ്റിന് ശേഷം കമല ഹാരിസിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല (ഏബ്രഹാം തോമസ്)
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കോക്കസുകളിലും പ്രൈമറികളിലും മത്സരിക്കുവാന്‍ രണ്ട് ഡസനിലേറെ സ്ഥാനാര്‍ത്ഥികളുണ്ട്. ഇനിയും ചിലര്‍ കൂടി രംഗപ്രവേശം നടത്താന്‍ സാധ്യതയുണ്ട്. പ്രൈമറികള്‍ക്ക് മുമ്പായി ആരംഭിച്ച ഡിബേറ്റുകള്‍ രണ്ടെണ്ണം കഴിഞ്ഞു. മൂന്നാമത്തെ ഡിബേറ്റിന് മുമ്പുള്ള ഇടവേളയാണിപ്പോള്‍. ഒന്നാമത്തെ ചില അസുഖകരങ്ങളായ ചോദ്യങ്ങള്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനോട് ചോദിച്ച് കാലിഫോര്‍ണിയ സെറ്റര്‍ കമല ഹാരിസ് മുന്നേറി. ജനപ്രിയതയില്‍ ആരംഭം മുതല്‍ ബൈഡന്‍ മുന്നിലാണെങ്കിലും രണ്ടാം ഡിബേറ്റ് ആരംഭിക്കുമ്പോള്‍ ഹാരിസ് സാന്‍ഡേഴ്‌സിനും വാറനും പിന്നിലായി നാലാം സ്ഥാനത്തായിരുന്നു.

രണ്ടാമത്തെ ഡിബേറ്റിന് ശേഷം നടന്ന അഭിപ്രായ സര്‍വേകളില്‍ ബൈഡന്‍ 28.4% ജനപിന്തുണയുമായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. എന്നാല്‍ ഡിബേറ്റിന് മുമ്പ് 30.2% ജനങ്ങള്‍(ഡെമോക്രാറ്റുകള്‍) ബൈഡനെ പിന്തുണച്ചിരുന്നു. ജനപിന്തുണയില്‍ നേട്ടം ഉണ്ടാക്കിയവര്‍ സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്‌സും(15.3% നിന്ന് 17.1%) എലിസബെത്ത് വാറനും(13.0% ല്‍ നിന്ന് 14.6%) ആണ്. എന്നാല്‍ ഹാരിസ് 10.7% പിന്തുണയില്‍ നിന്ന് 7.9% ലേയ്ക്ക് കീഴ്‌പോട്ട് പോയി. രണ്ടാമത്തെ ഡിബേറ്റിലെ ഹാരിസിന്റെ പ്രകടനത്തിനും തുടര്‍ന്നുള്ള അവരുടെ പ്രഖ്യാപനങ്ങള്‍ക്കും ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല.
സ്ഥാനാര്‍ത്ഥികളുടെ മുഴവന്‍ ശ്രദ്ധയും ഇപ്പോള്‍ അയോവയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു. അയോവ ബൈഡനെ ഇതുവരെ അനുകമ്പാപൂര്‍വ്വം പരിഗണിച്ചിട്ടില്ല. 1987 ല്‍ ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ചപ്പോള്‍ സ്‌റ്റേറ്റ് ഫെയറില്‍ നടത്തിയ പ്രസംഗം ഒരു ബ്രിട്ടീഷ് രാഷ്ട്രീയ നേതാവില്‍ നിന്ന് കടം വാങ്ങിയതാണെന്ന ആരോപണം ഉയരുകയും വലിയ വിവാദം ആകുകയും ചെയ്തു. 2008-ല്‍ അയോവയില്‍ അഞ്ചാം സ്ഥാനത്തെത്തിയ ബൈഡന്‍ പ്രൈമറി മത്സരങ്ങളില്‍ നിന്ന് സ്വയം പിന്‍മാറി. ഇത്തവണ അയോവ കനിയുമോ എന്ന് കാത്തിരുന്ന് കാണാം. അയോവയില്‍ ധനാഢ്യരായ ദമ്പതികള്‍ ബോബും സൂവും(ഡവോഴ്‌സികിമാര്‍) ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചത് സ്ഥാനാര്‍ത്ഥിക്ക് വലിയ നേട്ടമായി. 2007 ല്‍  ദമ്പതിമാര്‍ ബരാക്ക് ഒബാമയെ പിന്തുണച്ചിരുന്നു. അയോവ കോക്കസ് ഒബാമ വിജയിക്കുവാന്‍ ഈ പിന്തുണ സഹായിച്ചു. ഒബാമ പ്രചരണത്തിന്റെ ജോണ്‍സണ്‍ കൗണ്ടി കോ ചെയറായും സൂ പ്രവര്‍ത്തിച്ചു. 2016 ല്‍ ദമ്പതികള്‍ ഹിലരി ക്ലിന്റണെ പിന്തുണച്ചു.

ഇപ്പോള്‍ മഹാരിസ് അയോവയില്‍ വലിയ വീറോടെ പ്രചരണം നടത്തുകയാണ്. ആറക്ക സംഖ്യ ചെലവഴിച്ച് ടെലിവിഷനിലും ഡിജിറ്റല്‍ മീഡിയയിലും പരസ്യം നടത്തുന്നു. അയോവില്‍ നദി മുതല്‍ നദി വരെയാണ് തങ്ങളുടെ പ്രചരണം എന്ന് സംഘാടകര്‍ പറയുന്നു.

കോക്കസുകളുടെ പ്രക്രിയ സങ്കീര്‍ണ്ണമാണ്. പോളിംഗ് ദിവസം വോട്ടര്‍മാര്‍ വോട്ട് ചെയ്തതിന് ശേഷം പ്രാദേശിക കേന്ദ്രങ്ങളില്‍ ഒന്നിക്കുന്നു. അവിടെ വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവര്‍ പ്രത്യേകം പ്രത്യേകം സംഘങ്ങളായി മാറുന്നു. തീരെ ചെറിയ സംഘങ്ങളെ പിരിച്ചുവിട്ട് വലിയ സംഘങ്ങളില്‍ ലയിപ്പിച്ച് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന 'വോട്ടുകള്‍' എണ്ണുന്നു. ഇങ്ങനെ സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നു. ഈ സംവിധാനത്തില്‍ വലിയ ജനാധിപത്യമില്ല എന്ന് ആരോപണം ഉയരാറുണ്ട്.

ഹാരിസിന്റെ പിന്തുണ ഒരക്കത്തില്‍(10% ല്‍ താഴെ) നില്‍ക്കുന്നത് ആശങ്കാജനകമാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഹാരിസ് വലതു വശത്ത് ബൈഡനും ഇടത് വശത്ത് സാന്‍ഡേഴ്‌സിനും വാറനും ഇടയിലാണ്. ക്വിന്നി പിയാക് അഭിപ്രായ സര്‍വേയില്‍ സമ്പന്നരുടെയോ, യുവാക്കളുടെയോ, കറുത്ത വര്‍ഗക്കാരുടെയോ ഒരു വിഭാഗത്തിന്റെയും 10% ല്‍ കൂടുതല്‍ പിന്തുണ ഹാരിസിന് ലഭിച്ചില്ല. എന്നാല്‍ ബൈഡനും, വാറനും സാന്‍ഡേഴ്‌സിനും ആശ്രയിക്കാവുന്ന, അവരുടേതായ മൂല ശക്തി കേന്ദ്രങ്ങളുണ്ട്.

ബൈഡന്റെ പിന്തുണ ഡിബേറ്റിന്‌ശേഷം 2% കുറഞ്ഞു. എന്നാല്‍ ഇത് ഡിബേറ്റിലെ പ്രകടനത്തിന്റെ വിലയിരുത്തലാണോ എന്ന് വ്യക്തമല്ല. സര്‍വേ ഫലത്തിന് പുറത്ത് ബൈഡന്റെ പ്രകടനം മോശമായിരുന്നു എന്ന് പറയുന്നവരെ അപേക്ഷിച്ച് പ്രകടനം മെച്ചമായരുന്നു എന്ന്പറയുന്നവരുടെ എണ്ണം ചെറിയ തോതില്‍ കൂടുതലായിരുന്നു. ഡിബേറ്റുകള്‍ ഒരു കൃത്യമായ അളവുകോലായി കരുതാനാവില്ല. എന്നാല്‍ വോട്ടര്‍മാരുടെ താല്‍പര്യ സൂചി എങ്ങോട്ടാണ് നീങ്ങുന്നതെന്ന് മനസിലാക്കുവാന്‍ ഇത് ഉപകരിക്കും. ഒന്നാം ഡിബേറ്റിന് ശേഷം താഴേയ്ക്ക് പോയ ജനപിന്തുണ വീണ്ടെടുക്കുവാന്‍ ബൈഡന് കഴിഞ്ഞു.ഇതൊരു വലിയ നേട്ടമാണ്.

രണ്ടാമത്തെ ഡിബേറ്റിന് ശേഷം കമല ഹാരിസിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക