Image

പ്രളയഭൂതത്തിന്റെ പിടിയില്‍ കേരളം, ആരാണ് ഉത്തരവാദി? (പകല്‍ക്കിനാവ് 161: ജോര്‍ജ് തുമ്പയില്‍)

Published on 13 August, 2019
പ്രളയഭൂതത്തിന്റെ പിടിയില്‍ കേരളം, ആരാണ് ഉത്തരവാദി? (പകല്‍ക്കിനാവ് 161: ജോര്‍ജ് തുമ്പയില്‍)
ഇത്ര കൃത്യമായി എങ്ങനെയാണ് പ്രളയം കേരളത്തെ, എന്റെ നാടിനെ വീണ്ടും പിടിച്ചു കുലുക്കിയത് എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണ് ഞാന്‍. കഴിഞ്ഞ വര്‍ഷം ഇതേ ഓഗസ്റ്റില്‍ നക്കിത്തുടച്ച മഴവെള്ളം ഇതാ അതു പോലെ തന്നെ വീണ്ടും ഈ കര്‍ക്കിടകത്തിലും ആവര്‍ത്തിക്കുന്നു. കഴിഞ്ഞ തവണ മധ്യകേരളത്തെയാണ് പേമാരിയും പ്രളയവും പിടിച്ചുലച്ചതെങ്കില്‍ ഇത്തവണയത് മലബാറിനെയാണെന്ന വ്യത്യാസം മാത്രമേയുള്ളു.

ഒരു വര്‍ഷത്തിനിടയില്‍ കേരളം ഒരിക്കല്‍ കൂടി പ്രളയദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ എത്രമാത്രം നിസ്സാരരാണെന്നു കൂടി തിരിച്ചേറിയണ്ടതുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശക്തമായി നടക്കേണ്ട സമയമാണിത്. എല്ലായിടത്തും അതു കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു അവിടെ നിന്നു ടിവി തത്സമയ വാര്‍ത്തകളില്‍ കാണാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്നു പോയ പുനരധിവാസവും റീബിള്‍ഡ് കേരള പദ്ധതിയും ഇപ്പോഴും എവിടെയുമെത്താതെ താളം തല്ലുമ്പോഴാണ് വീണ്ടു പ്രളയമെത്തിയിരിക്കുന്നതെന്നു കൂടി നാം ഓര്‍ക്കണം.

ഇപ്പോഴത്തെ ഈ പ്രളയത്തിനു കാരണം കനത്ത മഴയാണെന്നതില്‍ ആര്‍ക്കും യാതൊരു സംശയമില്ല. അതേസമയം ഇങ്ങനത്തെ ഈ കനത്ത മഴയൊക്കെ മുന്‍പും, ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തും കേരളത്തില്‍ പെയ്യാറുണ്ട്. പഞ്ഞ കര്‍ക്കിടകമെന്ന പേരു പോലും അങ്ങനെ വന്നതാണ്. കര്‍ക്കിടകമാസമെന്നു കേള്‍ക്കുന്നതേ പേടിയായിരുന്നു. കലി തുള്ളിയെത്തുന്ന കാലവര്‍ഷത്തെക്കുറിച്ച് അന്നത്ര ഭയവിഹ്വലതകള്‍ ഇന്നില്ലെങ്കിലും ദുരന്തം അതിന്റെ ആയിരമിരട്ടിയാണെന്നു ദുരന്ത നിവാരണ അധികൃതര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. തോരാതെ പെയ്യുന്ന മഴക്കനുപാതികമായല്ല ദുരന്തങ്ങള്‍. അതിനേക്കാള്‍ വളരെ കൂടുതലാണെന്നു പറയേണ്ട വരും. ഏതു സമയത്തും ഈ പ്രളയദുരന്തങ്ങള്‍ വിശകലനം ചെയ്താല്‍ സാധാരണക്കാര്‍ക്കടക്കം മനസ്സിലാകുന്ന പ്രധാന കാരണങ്ങള്‍ രണ്ടാണ്. ഒന്ന് പെയ്തു വീഴുന്ന മഴവെള്ളത്തിനു സ്വച്ഛന്ദമായി ഭൂമിയിലൂേെടാ ഒഴുകാനോ മണ്ണിലേക്ക് താഴാനോ ഇന്നു പറ്റുന്നില്ല. രണ്ടാമത്തേത് ഭയാനകമായി എത്തുന്ന കനത്ത ഉരുള്‍പൊട്ടലും ശക്തമായ മണ്ണൊലിപ്പുമാണ്. ഇതില്‍ രണ്ടിനും പ്രധാന കാരണമെന്താണെന്നു ചിന്തിച്ചാല്‍ നാം എത്തി നില്‍ക്കുന്നത് ഒരേയൊരു പോയിന്റിലാണ്. അതാണ് വികസനം അഥവാ ഡെവലപ്പ്‌മെന്റ്. തോന്നും പടിയാണ് വികസനം. പരിസ്ഥിതി ദുര്‍ബല പ്രദേശത്തു മാത്രമല്ല അതിതീവ്ര ലോല പ്രദേശങ്ങളില്‍ പോലും റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കി നാം വിദേശനാണ്യവും പ്രതീക്ഷിച്ചിരിക്കുകയാണ്. ഫലമോ, വികസനമാണെന്ന ധാരണയില്‍ നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്കു കൊലക്കളമായി മാറുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്രയോ കാലമായി മുന്നറിയിപ്പ് നല്‍കുന്നതാണെങ്കിലും അതൊക്കെയും ചെന്നു പതിക്കുന്നത് ബധിരകര്‍ണ്ണപുടങ്ങളിലാണ്. ഒരു കാര്യം ഉറപ്പാണ്, ഇപ്പോഴത്തെ മഴവെള്ളത്തിന് ഒഴുകാനുള്ള മാര്‍ഗ്ഗങ്ങളൊക്കെ ഏറെക്കുറെ വളച്ചുകെട്ടുന്നതാണ് നമ്മുടെ ആധുനിക വികസനമെന്നു കണ്ണടച്ചു പറയാം. കാരണം, പെയ്തു വീഴുന്ന മഴവെള്ളത്തിന് കൃത്യമായി കടലിലെത്താന്‍ പറ്റുന്നില്ലെങ്കില്‍, അതൊക്കെയും കെട്ടനിന്ന് നമ്മുടെ സമൂഹത്തെ മുക്കിക്കൊല്ലുന്നുണ്ടെങ്കില്‍ പറയുക, മറ്റെന്താണ് പ്രശ്‌നം?

ഇപ്പോഴത്തെ അവസ്ഥ നോക്കു. മലവെള്ളത്തിനു മുന്നില്‍ മുക്കുപൊത്തി പകച്ചു നിന്നത് മൂന്നാറും നിലമ്പൂരും കല്‍പ്പറ്റയുമൊക്കെയാണ്. പെയ്‌തൊഴൊകിയിരുന്ന വെള്ളത്തെ മണ്ണിലേക്ക് ആഗിരണം ചെയ്തിരുന്ന നെല്‍വയല്‍, നീര്‍ത്തടങ്ങളുടെ അവസ്ഥകളിലേക്കു കൂടി ഒന്നു കണ്ണോടിച്ചു നോക്കൂ. അവിടൊക്കെയും ഫഌറ്റുകളും പാര്‍പ്പിടസമുച്ചയങ്ങളും വന്നു കഴിഞ്ഞു. വിമാനത്താവളങ്ങള്‍ മഴ പെയ്താലുടന്‍ അടച്ചു പൂട്ടുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ മറച്ചു പിടിക്കുന്ന പരിസ്ഥിതി സ്‌നേഹമാണ് ചോദ്യം ചെയ്യപ്പെടുന്നത്. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിനായി 2008 ല്‍ സര്‍ക്കാര്‍ രൂപം നല്‍കിയ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. 'പൊതു ആവശ്യം' എന്ന പേരില്‍ സര്‍ക്കാര്‍/സ്വകാര്യ പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ അവസരം നല്‍കുക, 2008ന് മുമ്പ് നികത്തിയ വയലുകള്‍ കരഭൂമിയായി പ്രഖ്യാപിക്കുക, ഡാറ്റ ബാങ്കില്‍ വിഞ്ജാപനം ചെയ്യപ്പെടാത്ത വയലുകളെ നെല്‍വയലായി കണക്കാക്കാക്കാതിരിക്കുക, പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം എടുത്തുകളയുക തുടങ്ങിയ അപകടകരമായ തിരുത്തലുകളാണ് ഭേദഗതിയിലൂടെ കൊണ്ടുവരുന്നത്. നോക്കൂ, നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ 10 സെന്റില്‍ 1300 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകളും അഞ്ച് സെന്റില്‍ 400 ചതുരശ്രയടി വിസ്തീര്‍ണമുള്ള കടമുറികളും നിര്‍മ്മിക്കാം. 10 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് ആര്‍.ഡി.ഒയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ 10 സെന്റില്‍ 1300 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് വെക്കാം, മൊത്തം സ്ഥലത്തിന്റെ പത്ത് ശതമാനം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കണം, കൃഷിനാശമുണ്ടാകരുത്, നീരൊഴുക്ക് തടയരുത് എന്നീ നിബന്ധനകളുമുണ്ടെങ്കിലും ആരെങ്കിലും ഇതൊക്കെയും വകവെക്കുന്നുണ്ടോ?. കഴിഞ്ഞ വര്‍ഷത്തെ പ്രളയാനുഭവങ്ങള്‍ക്കുശേഷം പോലും ഈ വിഷയം പുനപരിശോധിക്കപ്പെടുന്നില്ല. ഫലമോ, അതേസമയത്തു തന്നെ വീണ്ടും പ്രളയം. ഇതുമാത്രമല്ല, കഴിഞ്ഞവര്‍ഷം പ്രളയത്തോടനുബന്ധിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി ചെലവഴിക്കാനായി മാറ്റിവച്ചിരുന്ന 144 കോടി രൂപ ഇപ്പോഴും അങ്ങനെ തന്നെ കിടക്കുന്നു. വീണ്ടും പ്രളയത്തമെത്തുമ്പോഴും രക്ഷിക്കണേ എന്ന നിലവിളിക്കു മുന്നില്‍ അന്തിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ടിവി ചാനലുകള്‍ തുറന്നാല്‍ പ്രളയത്തിന്റെ ഭീകരദൃശ്യങ്ങള്‍ മാത്രം. സൈന്യമല്ലാതെ സംസ്ഥാന സര്‍ക്കാനിന്റെ ഭാഗത്തു നിന്നും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.

പരിസ്ഥിതി ദുര്‍ബ്ബലമായ മലയോരമേഖലകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വ്യാപകമായ ഉരുള്‍പ്പൊട്ടലിനു കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ആരുമൊന്നും മിണ്ടുന്നില്ലെന്നു മാത്രം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേരെ നിര്‍ദ്ദേശിക്കപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്നതും ഇപ്പോള്‍ പ്രളയത്തില്‍ മുങ്ങി വാവിട്ടു നിലവിളിക്കുന്ന കേരളമായിരുന്നുവെന്നു കൂടി ഓര്‍ക്കണം. എല്ലാ സര്‍ക്കാരുകളും റിപ്പോര്‍ട്ടിനെതിരെ നടന്ന കലാപങ്ങള്‍ക്കൊപ്പമായിരുന്നു. ഭൂപ്രകൃതിയും ഭൂഘടനയും പരിഗണിച്ചുകൊണ്ടാണ് പശ്ചിമഘട്ട നിരകളെ ഗാഡ്ഗില്‍ കൈകാര്യം ചെയ്തപ്പോള്‍ വോട്ട് ബാങ്ക് എന്ന ഉമ്മാക്കിക്കു മുന്നില്‍ സര്‍ക്കാര്‍ പനിച്ചു വീണു. ഇപ്പോള്‍, എവിടെ ഉരുള്‍പൊട്ടുമെന്നറിയാതെ, വിലപിച്ചു കൊണ്ട് തെക്കോട്ടും വടക്കോട്ടുമോടുന്നവര്‍ക്കൊപ്പമുണ്ടെന്നു മാത്രം സമ്മതിക്കുകയാണ് സര്‍ക്കാര്‍. കുടമുടഞ്ഞതിനു ശേഷം കുടത്തെക്കുറിച്ച് ആലോചിക്കുകയാണിവര്‍. വികസനത്തിന്റെ പേരുപറഞ്ഞ് മറ്റനവധി പാരിസ്ഥിതിക നിയമങ്ങളും നാം തിരുത്തി കൊണ്ടിരിക്കുകയാണ്. മൈന്‍ ആന്റ് മിനറല്‍ ആക്ട്, ഭൂഗര്‍ഭ ജലവിനിയോഗ നിയമം, മരം വളര്‍ത്തല്‍ പ്രോത്സാഹന നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവ ഉദാഹരണം. നമുക്ക് മുകളില്‍ നാം തന്നെ ജലബോംബ് തീര്‍ക്കുമ്പോള്‍ അറിയുക, നാം നശിപ്പിക്കുന്നത് നമ്മെ മാത്രമല്ല വരും തലമുറകളെ കൂടിയാണ്.

Join WhatsApp News
abraham cherian 2019-08-15 04:25:47
148 Crore Rs evide parayenda karyam undo Mr. Thumpayil?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക