Image

വാല്മീകി രാമായണം ഇരുപത്തൊമ്പതാം ദിനം (ദുര്‍ഗ മനോജ്)

Published on 14 August, 2019
വാല്മീകി രാമായണം ഇരുപത്തൊമ്പതാം ദിനം (ദുര്‍ഗ മനോജ്)
ഉത്തരകാണ്ഡം
അറുപതാം സര്‍ഗ്ഗം മുതല്‍ എണ്‍പത്തിയഞ്ച് വരെ

വസന്തകാലം അയോധ്യയില്‍ വന്നെത്തി. ഒരു നാള്‍ സുമന്ത്രന്‍ വന്ന് ചവന്യ മുനി കാത്തുനില്‍ക്കുന്നു എന്നറിയിച്ചു. വേഗം തന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരുവാന്‍ ശ്രീരാമന്‍ കല്പിച്ചു. ചവന്യ മുനിയെ സ്വീകരിച്ചാനയിച്ച് എന്താണ് അദ്ദേഹത്തിന്റെ ആഗമനോദ്ദേശം എന്ന് അന്വേഷിച്ചു.

അദ്ദേഹം പറഞ്ഞു, മധു എന്ന രാക്ഷസന്റെ പുത്രനായ ലവണന്‍ എന്ന മഹാസുരന്‍ മുനിമാര്‍ക്കും ജന്തുജാലങ്ങള്‍ക്കും വല്ലാതെ ഭീഷണി ഉയര്‍ത്തുന്നു. അവന്, രുദ്രനില്‍ നിന്ന് മധുവിന് ലഭിച്ച ദിവ്യമായ ഒരു വേല്‍ പാരമ്പര്യമായി കൈവന്നിട്ടുണ്ട്. അത് കയ്യിലുള്ളപ്പോള്‍ അവന്‍ അവധ്യനാണ്. അവനെ കൊന്ന് സൈ്വര്യജീവിതം പ്രാപ്തമാക്കണം.

രാമന്‍ സഹോദരന്‍മാരോടു കൂടി ആലോചിച്ച് ലവണാസുരവധത്തിന് ശത്രുഘ്‌നനെ അയക്കുവാന്‍ തീരുമാനിച്ചു. ശത്രുവിനെ നിഗ്രഹിച്ച് ലവണരാജ്യത്ത് പുരി സ്ഥാപിച്ച് രാജ്യപാലനം ചെയ്യുവാന്‍ കല്പിച്ചു. അതിന്‍ പ്രകാരം ശത്രുഘ്‌നന്റെ അഭിഷേകം നടത്തി. പിന്നെ സൈന്യത്തേയും മറ്റ് സേവകരേയും മുമ്പേ അയച്ച്, പിന്നാലെ ശത്രുഘ്‌നനും ഗമിച്ചു. യാത്രയില്‍ ഗംഗാതീരത്ത് വാല്മീകിമഹര്‍ഷിയുടെ ആശ്രമത്തില്‍ ഒരുനാള്‍ തങ്ങി. ആ രാവില്‍ സീത രണ്ട് പുത്രന്മാര്‍ക്ക് ജന്മം നല്‍കി. മഹര്‍ഷി ആദ്യം ജനിച്ച കുഞ്ഞിന് കുശനെന്നും രണ്ടാമന് ലവനെന്നും പേര് നല്‍കി.

രാമപുത്രന്മാരുടെ ജനനകഥ കേട്ടറിഞ്ഞ് മോദത്തോടെ ശത്രുഘ്‌നന്‍ ലവണവധത്തിന് ഏകനായി തിരിച്ചു. ലവണന്‍ എന്ന മഹാസുരനെ നായാട്ടിനു ശേഷം പുരിയ്ക്കകം പുക്കും മുമ്പ് യുദ്ധത്തിന് ക്ഷണിച്ചു. കാരണം പുരിയ്ക്കകം പൂകിയാല്‍ വേലിന്റെ ശക്തി കൊണ്ട് അവന്‍ അവധ്യനായി തുടരും. മടങ്ങിയെത്തുമ്പോള്‍ കോട്ടക്കു മുന്നില്‍ നില്‍ക്കുന്ന ശത്രുഘ്‌നനെ കണ്ട് ലവണന്‍, ഇപ്പോള്‍ നിന്നെ കാലപുരിക്ക് അയക്കും എന്ന് ആക്രോശിച്ചു. പിന്നെ നടന്ന ഘോരയുദ്ധത്തില്‍ ലവണന്റെ ആക്രമണത്തില്‍ ശത്രുഘ്‌നന്‍ ഒരു വട്ടം വീണു പോയെങ്കിലും പിന്നീട് രാമന്‍ നല്‍കിയ ബാണം കൊണ്ട് അവന്റെ കഥ കഴിച്ചു. പിന്നീട് പന്ത്രണ്ട് വര്‍ഷം കൊണ്ട് ശത്രുഘ്‌നന്‍ അവിടെ പുരി നിര്‍മ്മിച്ച് രാജ്യപാലനം നടത്തി. പന്ത്രണ്ടാം വര്‍ഷത്തില്‍ അയോധ്യയിലേക്ക് പോകുവാന്‍ ശത്രുഘ്‌നന്‍ തീരുമാനിച്ചു. പോകും വഴി വാല്മീകി ആശ്രമത്തില്‍ സേവകരോടൊപ്പം തങ്ങി. ആ രാത്രി മധുരശബ്ദത്തില്‍ ആരോ രാമചരിതം പാടുന്നത് ശത്രുഘ്‌നന്‍ കേട്ടു. എന്നാല്‍ എന്തെന്നും ഏതെന്നും മഹര്‍ഷിയോട് അന്വേഷിക്കാന്‍ മുതിര്‍ന്നില്ല. ആ രാവില്‍ നിദ്ര ശത്രുഘ്‌നനെ വിട്ടു നിന്നു. പിറ്റേനാള്‍ അയോധ്യയില്‍ എത്തി ഏവരേയും കണ്ട് മോദമാര്‍ന്നു. എന്നാല്‍ ഏഴുദിനങ്ങള്‍ക്ക് ശേഷം രാമന്‍ ശത്രുഘ്‌നനെ തിരികെ അയച്ചു. 

പിന്നീട് ഒരു നാള്‍ രാമന്‍ പുഷ്പകവിമാനത്തില്‍ സഞ്ചരിക്കവേ അഗസ്ത്യമുനിയുടെ ആശ്രമത്തില്‍ എത്തി അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. അപ്പോള്‍ മുനി ഒരു വിശിഷ്ടമായ ആഭരണം രാമനു നല്‍കി. അത് തനിക്ക് ലഭിച്ചത് എങ്ങനെ എന്നും വിശദീകരിച്ചു.

പണ്ട്, മഹര്‍ഷി മൃഗങ്ങളും പക്ഷികളും മറ്റും ഇല്ലാത്ത ഒരു വലിയ കാട്ടിലെത്തി. അവിടുത്തെ ഒരു പൊയ്കയില്‍ കുളിക്കുവാനായി എത്തിയപ്പോള്‍ ഒരു തടിച്ച ജഡം അവിടെ അടിഞ്ഞുകിടക്കുന്നത് കണ്ടു. അപ്പോള്‍ ആകാശത്തു നിന്നും ഒരു സുവര്‍ണ്ണരഥം വരികയും അതില്‍ നിന്ന് ഒരു തേജസ്വി ഇറങ്ങിവന്ന് ആ മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തു. എന്നാല്‍ മഹര്‍ഷിയെ കണ്ടപ്പോള്‍ അയാള്‍ വേഗം അദ്ദേഹത്തെ പ്രണമിച്ചു. അപ്പോള്‍ മഹര്‍ഷി, എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത് എന്ന് ആരാഞ്ഞു. മറുപടിയായി ആ ദിവ്യന്‍ പറഞ്ഞു, താന്‍ ഒരുപാട് കാലം തപസ്സ് അനുഷ്ഠിച്ച് സ്വര്‍ഗം പ്രാപ്തമാക്കിയവനാണ്. പക്ഷേ അല്പം പോലും ദാനം ചെയ്യാത്തതിനാല്‍ സ്വര്‍ഗത്തിലെത്തിയിട്ടും വിശപ്പ് വിട്ടു പോയില്ല. അതിന് പ്രതിവിധി സ്വന്തം മാംസം തന്നെ നിത്യവും ഭക്ഷിക്കുക എന്നതായിരുന്നു. എന്ന് അഗസ്ത്യമുനിയെ കാണുന്നുവോ അന്ന് ശാപമോക്ഷം കിട്ടും എന്നും അറിഞ്ഞിരുന്നു. ഇപ്പോള്‍ അങ്ങ് മുന്നിലുണ്ട്, എന്റെ ദാനം സ്വീകരിച്ചാല്‍ എനിക്ക് ശാപമോക്ഷം ലഭിക്കും. അതിന്‍ പ്രകാരം അഗസ്ത്യന്‍ അവന്റെ ദാനം സ്വീകരിച്ചതോടെ അയാളുടെ ശരീരം നശിച്ച്, അവന് മോക്ഷം ലഭിച്ചു.

ഇത് കേട്ട് രാമന്‍ ആ കാട്ടില്‍ എന്താണ് പക്ഷിമൃഗാദികള്‍ ഇല്ലാതായത് എന്ന് ചോദിച്ചു. മറുപടിയായി അഗസ്ത്യന്‍ പറഞ്ഞു, പണ്ട് കൃതയുഗത്തില്‍ ഒരു മനു ഉണ്ടായിരുന്നു. ഇക്ഷ്വാകു ആയിരുന്നു അദ്ദേഹത്തിന്റെ പുത്രന്‍. പുത്രനെ വാഴിച്ച് പല ഉപദേശങ്ങളും നല്‍കി മനു സ്വര്‍ഗസ്ഥനായി. ഇക്ഷ്വാകുവിന് നൂറ് പുത്രന്‍മാര്‍ ജനിച്ചതില്‍ ഇളയവന്‍ മൂഢനായിരുന്നു. അതിനാല്‍ അവന് ദണ്ഡന്‍ എന്ന് പേര് നല്‍കി. അവന് വിന്ധ്യശൈല പര്‍വ്വതനടുവില്‍ രാജ്യം നല്‍കി. അതില്‍ അവന്‍ പുരി ചമച്ച് മധുമന്തം എന്ന് പേരുനല്‍കി പരിപാലിച്ചു. ഒരു നാള്‍ അവന്‍ ഭാര്‍ഗ്ഗവമുനിയുടെ ആശ്രമത്തിന്‍ ഭാര്‍ഗ്ഗവജ്യേഷ്ഠന്റെ പുത്രിയെ കണ്ടു മോഹിതനായി, അവളുടെ അനുവാദം കൂടാതെ പ്രാപിച്ചു. മുനി അതറിഞ്ഞ് അവനെ അവന്റെ കുലത്തോടെ മുടിയും എന്ന് ശപിച്ചു. ആ രാജ്യം ഏഴുനാള്‍ കൊണ്ട് പൊടി കൊണ്ട് മൂടി അപ്രത്യക്ഷമാകും എന്നായിരുന്നു ശാപം. ആ കന്യകയോട് അവളുടെ മരണം വരെ ആ ആശ്രമത്തില്‍ തന്നെ തുടരാനും കല്പിച്ചു. അതിനാല്‍ ആ ആശ്രമവും അതിന് ചുറ്റുമുള്ള വനവും പൊയ്കയും മാത്രം അവശേഷിച്ചു. ദണ്ഡന്‍ പാലിച്ച ആ നാട് ദണ്ഡകാരണ്യം എന്ന് അറിയപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക