Image

പഴയ പ്രതാപം പിടിച്ചെടുക്കുന്ന നഗരം (സലാലക്കാഴ്ചകള്‍ 5: മിനി വിശ്വനാഥന്‍)

Published on 17 August, 2019
പഴയ പ്രതാപം പിടിച്ചെടുക്കുന്ന  നഗരം (സലാലക്കാഴ്ചകള്‍ 5: മിനി വിശ്വനാഥന്‍)
മേഘങ്ങള്‍ താണിറങ്ങി വന്ന് നമ്മളെ ഉമ്മ വെക്കുന്നിടത്തേക്കാണ് ഇനി പോവുന്നത് എന്നു പറഞ്ഞു മീന. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിലുള്ള ജബല്‍ സംഹാന്‍ എന്ന പര്‍വ്വതനിരകള്‍ കയറിക്കൊണ്ടിരിക്കുകയായിരുന്നു വണ്ടി അപ്പോള്‍.
പീഢഭൂമിയുടെ പരിധിയില്‍ വരുന്ന ഭൂപ്രദേശങ്ങളാണ് ഇവ. തൂക്കായ മലയിടുക്കുകളും പാറക്കൂട്ടങ്ങളും കഴിഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ ശരിക്കും
മേഘങ്ങള്‍ താണിറങ്ങി വന്ന് മൃദുവായി മുഖത്ത് തലോടി എനിക്ക്  ചുറ്റും  നൃത്തം ചെയ്യുന്നത് പോലെ തോന്നി..  അവിടെ നിന്നുള്ള ആകാശ കാഴ്ചയും കാലാവസ്ഥയും ഒരു പോലെ നല്ലതായിരുന്നു..

മീനയുടെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടങ്ങിയ ഒരു ഗ്രൂപ്പ് പിക്‌നിക്കിനു ശേഷം അവിടെ നിന്ന് മടങ്ങുന്നുണ്ടായിരുന്നു. സലാലയിലെ മിക്ക മലയാളി കുടുംബത്തിലും ഒരംഗമെങ്കിലും ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നവരോ പഠിച്ചിറങ്ങിയവരോ ഉണ്ടാവും. അതു കൊണ്ട് യാത്രയില്‍ പലയിടത്ത് വെച്ചും മീനക്ക് ടീച്ചറുടെ ഗൗരവമുഖം അണിയേണ്ടിവന്നു. അവളിങ്ങനെ ഗൗരവിക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരി വരും. പഴയ കുഞ്ഞിപ്പെണ്ണിനെ ഓര്‍മ്മ വരും. അവളെന്നെ കണ്ണ് മിഴിച്ചു കാണിക്കും. പഴയ കുട്ടിയൊന്നുമല്ല അവളിപ്പോഴെന്ന് എന്നെ ഓര്‍മ്മിപ്പിക്കും.

വലിയ ചുണ്ണാമ്പുപാറകള്‍ക്കിടയിലെ സ്വാഭാവിക ഗുഹകളിലൊന്ന് ഇവിടെയുമുണ്ടായിരുന്നു. അതിനിടയില്‍ ചാരു ബെഞ്ചുകള്‍ സന്ദര്‍ശകരെ സ്വീകരിച്ചു. വ്യുപോയിന്റിനു ചുറ്റും കമ്പിവേലികള്‍ കെട്ടിയുറപ്പിച്ച് ആ പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ട്. ഏതു നാട്ടിലുമെന്നപോലെ അതിസാഹസികമായി ഇവിടെയെത്തി ചുമരുകളില്‍ തങ്ങളുടെ അനശ്വരപ്രണയം കൊത്തിവെച്ച മിടുക്കന്‍മാരുടെ കരവിരുതുകളും ധാരാളമായുണ്ട്. തന്റെ പ്രണയിനി ഇരുന്ന ഈ കല്‍ക്കെട്ടില്‍ ഇനി മറ്റാരും ഇരിക്കരുത് എന്ന് കൊത്തിവെച്ചിരിക്കുന്നു മറ്റൊരു കാമുകന്‍.

താഴോട്ട് തൂക്കമായ ഇറക്കമാണ്. വളരെ അപകടകരമായ ഭൂപ്രകൃതി. ജ്യോഗ്രഫി ടെക്സ്റ്റ് ബുക്കുകളില്‍ മാത്രം വായിച്ചറിഞ്ഞ പീഢഭൂമിയുടെ നേര്‍ക്കാഴ്ച നേരിട്ടറിയുകയായിരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ താഴെ പരന്നു കിടക്കുന്ന കടല്‍ തിരയിളക്കുന്നത് കാണാം. മരുഭൂമിയുടെ ബോര്‍ഡറായി കടല്‍, അതിനോട് ചേര്‍ന്ന് പവ്വതനിരകളും.

വലിയ പര്‍വ്വതങ്ങള്‍ അവസാനിക്കുന്നത് കടല്‍ത്തീരത്താണ്. അതി മനോഹരമായ കാഴ്ചകള്‍  നിറഞ്ഞ െ്രെഡവായിരുന്നു താഴോട്ടു പോവും തോറും. ഓരോ വളവിലും തിരിവിലും താഴേക്ക് നോക്കുമ്പോള്‍ ബീച്ചിന്റെ മനോഹരക്കാഴ്ച കാണം. ഈ ഇറക്കത്തില്‍ തന്നെയാണ് സുപ്രസിദ്ധമായ "ആന്‍റി ഗ്രാവിറ്റി പോയിന്റ് ".

ടൂറിസ്റ്റ് സ്‌പോട്ടുകള്‍ക്ക് ഒമാന്‍ ഗവണ്‍മെന്റ് ഒരു പ്രധാന്യവും നല്‍കുന്നില്ല എന്നതാണ് സത്യം.. ഞങ്ങള്‍ കടന്നു വന്ന വഴിയിലെവിടെയും സ്ഥലപ്പേരുകള്‍ ചൂണ്ടിക്കാണിക്കുന്ന വഴികാട്ടികളോ, അടയാളങ്ങളോ ഉണ്ടായിരുന്നില്ല.   ആന്‍റി ഗ്രാവിറ്റി പോയിന്റിന് ആ ഗതി കേട് ഉണ്ടാവില്ലെന്ന് ഞാന്‍ വെറുതെ വിശ്വസിച്ചു.

മരുഭൂമിയില്‍ ഇടക്കിടെ കാണുന്ന ചില ഒറ്റമരങ്ങളെക്കുറിച്ച് പറഞ്ഞിരുന്നല്ലോ! ഏകാകിയായി അതിങ്ങനെ ഒറ്റത്തണ്ടില്‍ ശാഖ വിരിച്ച് നില്‍ക്കും. അങ്ങിനെയൊരു മരം വഴിയരികില്‍ കണ്ടപ്പോള്‍ വണ്ടി സ്ലോ ചെയ്യാന്‍ പറഞ്ഞു ഉണ്ണി. അതു കഴിഞ്ഞ് ന്യൂട്രലിലിട്ട വണ്ടി സ്വയം നീങ്ങുന്ന അത്ഭുതം ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി, ഏത് വഴികാട്ടിയാണ് മിസ്സ് ചെയ്തത് എന്ന ആകാംക്ഷയോടെ! ഉണ്ണി പണ്ടൊരിക്കല്‍ വന്നപ്പോള്‍ അടയാളം വെച്ചതായിരുന്നത്രെ ആ ഒറ്റമരം. ഗവണ്‍മെന്റ് ഒരു ചൂണ്ടുപലക പോലും അവിടെ സ്ഥാപിച്ചിരുന്നില്ല; ഇതിനിടെ ഡോഫാര്‍ റിസര്‍വ്വ് ഫോറസ്റ്റും ഈ വഴിയിലെവിടെയോ കടന്ന് പോയിരുന്നു.
ഇവിടം മുതല്‍ ബീച്ചിന്റെ കാഴ്ചകള്‍ തുടങ്ങി. എട്ടു വരിപ്പാതകളും ആധുനിക സിഗ്‌നലുകളും നഗരത്തിലെത്തിയെന്ന സൂചനകള്‍ തന്നു. മൊബൈലുകളില്‍ മെസേജുകള്‍ വന്നു തുടങ്ങി.
ഞങ്ങള്‍ ഇറങ്ങി വന്ന ഡോഫാര്‍ മലനിരകള്‍ ഒരു വശത്തങ്ങനെ നീണ്ടു പരന്നു കിടക്കുന്നുണ്ടായിരുന്നു, കടല്‍ക്കാഴ്ച്ചകളിലേക്ക് കണ്ണും നട്ട്.

ബീച്ച് തെളിഞ്ഞു കണ്ടപ്പോള്‍ ബീച്ചിലിറങ്ങണമെന്നായി കുട്ടികളുടെ വാശി. ഞങ്ങള്‍ക്ക് കൗതുകകരമായ കാഴ്ചകളൊന്നും അവരെ അത്ഭുതപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ ആയിരുന്നില്ല. അതിനാല്‍ അവരുടെ വാശിക്കുമൊരു ന്യായീകരണമുണ്ട്. അതു കൊണ്ട് തന്നെ മിര്‍ബത്ത് റോക്ക് ബീച്ചിലേക്ക് ഞങ്ങള്‍ വെച്ചുപിടിച്ചു.

തീരദേശ പട്ടണം ആയ മിര്‍ബത്തിന് (ങശൃയമ)േ ചരിത്രപരമായ ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. തുറമുഖ പട്ടണം കൂടിയായതിനാല്‍ ആദ്യകാലത്ത് വാണിജ്യവും വ്യവസായവും ഈ പട്ടണത്തിനു ചുറ്റുമായിരുന്നു നടന്നിരുന്നത്. 1972 ല്‍ ബാറ്റില്‍  ഓഫ് മിര്‍ബത്ത് എന്നറിയപ്പെടുന്ന ഒമാന്‍ പട്ടാളവും കമ്യുണിസ്റ്റ് ഗറില്ലകളുമായുള്ള  സംഘര്‍ഷം നടന്നതും ഇവിടെ വെച്ചാണ്. ഇന്നിപ്പോള്‍ കടല്‍ത്തീരത്ത് ചരിത്രാവശിഷ്ടങ്ങളായി തകര്‍ന്ന ഗ്രാമത്തിന്റെ ശേഷിപ്പുകള്‍  കാണാവുന്നതാണ്. മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ വീടുകളുടെ അവശിഷ്ടങ്ങള്‍ അവിടെ ജീവിച്ചിരുന്നവരുടെ സംസ്കാരികാന്തരീക്ഷം വെളിവാക്കുന്നതായിരുന്നു.
മത്സ്യ ബന്ധനമായിരുന്നു ആ കാലത്ത്  ഗ്രാമീണരുടെ മുഖ്യ ജീവിതോപാധി.
പഴയ കാല പ്രതാപം പിടിച്ചെടുക്കാനായി നഗരം ആഞ്ഞു ശ്രമിക്കുകയാണ് ഇപ്പോള്‍.. പുതിയ കെട്ടിടങ്ങളും വീടുകളും ഉയരുന്നുണ്ടായിരുന്നു ബീച്ചിനു ചുറ്റും..

സ്വദേശികള്‍ നിറയെ ഉണ്ടായിരുന്നു ബീച്ചില്‍ .ഒട്ടും സൗഹാര്‍ദ്ദപരമായിരുന്നില്ല അവരുടെ സന്ദര്‍ശകരോടുള്ള ഇടപെടല്‍. പ്ലാസ്റ്റിക്ക് കുപ്പികളും ചിപ്‌സ് പാക്കറ്റുകളും അലക്ഷ്യമായി ചിതറിയെറിഞ്ഞു കൊണ്ട് കുട്ടികള്‍ പൂഴിമണ്ണില്‍ ഓടിക്കളിച്ചു.

സാധാരണ ബീച്ചുകള്‍ പോലെയല്ല, മണല്‍ത്തീരത്തിനൊടുവില്‍ കടലിനോട് ചേര്‍ന്ന്  നല്ല കറുത്ത ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തീരമാണെന്നതാണ് മിര്‍ബത്ത് റോക്ക് ബീച്ചിന്റെ പ്രത്യേകത. തിരമാലകളാല്‍ നിത്യം തഴുകി മിനുസപ്പെടുത്തിയ പാറക്കല്ലുകള്‍ക്കിടയിലൂടെ നടന്നു നീങ്ങി ഞങ്ങള്‍ വെള്ളത്തില്‍ കാല് താഴ്തിയിരുന്നു. മീന്‍ കുഞ്ഞുങ്ങള്‍ കാല് തൊട്ടു കളിക്കാനായി ഓടിയെത്തി. കൂര്‍ത്തു മൂര്‍ത്തചിപ്പികള്‍ പാറക്കല്ലിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ കാല് മുറിയാനുള്ള  സാദ്ധ്യത കൂടുതലാണെന്ന് ഉണ്ണി മുന്നറിയിപ്പ് തരുമ്പോഴേക്ക് സൂര്യക്കുട്ടി ചോരയൊഴുകുന്ന കാല്‍പാദവുമായി കരച്ചില്‍ തുടങ്ങി.

സൂര്യന്‍ അസ്തമിച്ച് പോവാനുള്ള തിടുക്കത്തിലായിരുന്നു. നോക്കിയിരിക്കെ ആ കാശച്ചെരിവില്‍ സൂര്യന്‍ വിളറിയ മഞ്ഞയില്‍ നിന്ന് തുടുത്ത ചുവപ്പ് ഗോളമായി പരിണമിച്ചു.

സമയം കളയാതെ എല്ലാവരും ഫോട്ടോകള്‍ ക്ലിക്ക് ചെയ്ത് തുടങ്ങി.

ജീവിതത്തിലെ തന്നെ അതി മനോഹരമായ  സായാഹ്ന നിമിഷങ്ങളിലൊന്ന്  ഞങ്ങള്‍ അവിടെ അനുഭവിച്ചത്. അച്ഛനും അമ്മയും ശരിക്കും ആസ്വദിച്ചു ആ ബീച്ച് കാഴ്ചകള്‍. സാധാരണ മനസ്സിലിങ്ങനെ സന്തോഷം പടര്‍ന്നൊഴുകും അറബിക്കടലിന്റെ തീരത്ത് നില്‍ക്കുമ്പോള്‍, നാടോര്‍മ്മകളില്‍, ഡാഡിയോര്‍മ്മകളില്‍ മനസ് തുടിക്കും.

പക്ഷേ  ഡാഡിയുടെ വിരല്‍ പിടിച്ച് തലശ്ശേരി കടല്‍പ്പാലത്തില്‍ നിന്ന് ചുവന്ന് തുടുത്ത സൂര്യനെ ആദ്യമായി കണ്ട സന്തോഷം കൊണ്ട് അത്ഭുതപ്പെടുപോയ പത്തു വയസുകാരി എന്റെയുള്ളില്‍ നിന്ന് എന്തിനെന്നറിയാതെ തേങ്ങി. ഡാഡിയുടെ വിരല്‍ത്തുമ്പിലെ  വാത്സല്യം മറ്റെവിടെയുമനുഭവപ്പെട്ടിട്ടില്ല എനിക്ക്; ഇന്നു വരെ.

അസ്തമിച്ചു കഴിഞ്ഞെങ്കിലും ചുവപ്പു നിറം മാറാത്ത ആകാശക്കാഴ്ചകളുമായി യാത്ര തുടങ്ങി,  എല്ലാവരും നിശബ്ദരായിരുന്നു മടക്കയാത്രയില്‍.സന്ധ്യാ മങ്ങൂഴങ്ങള്‍ എന്നും അങ്ങിനെയാണ് .മനസ്സില്‍ സ്വയമറിയാതെ വിഷാദം നിറയ്ക്കും.

അയ്യൂബ് നബിയുടെ ഖബറിടം ,മുഖ്‌സയില്‍ ബിച്ച് മുതലായി നാളത്തെ കാഴ്ചകളിലും അത്ഭുതങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞു മീനയും ഉണ്ണിയും... ചേരമാന്‍ പെരുമാളിന്റെ ഖബറിടം ലിസ്റ്റില്‍ നിന്ന് വിട്ടു പോവരുത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു ഞാന്‍.

കാഴ്ചകള്‍ തുടരും.

പഴയ പ്രതാപം പിടിച്ചെടുക്കുന്ന  നഗരം (സലാലക്കാഴ്ചകള്‍ 5: മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക