Image

നഴ്‌സ് പ്രിയാ കുമാരിയുടെ സ്‌നേഹസമ്മാനത്തില്‍ കണ്ണ് നിറഞ്ഞ് നാട്

Published on 19 August, 2019
നഴ്‌സ് പ്രിയാ കുമാരിയുടെ സ്‌നേഹസമ്മാനത്തില്‍ കണ്ണ് നിറഞ്ഞ് നാട്

കാസര്‍കോട്: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് തീരാവേദന മാത്രം ബാക്കിയായവരുടെ കണ്ണീരൊപ്പാന്‍ ഭൂമിയിലെ ഈ മാലാഖ. പാലിയേറ്റീവ് നഴ്‌സ് കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശി പ്രിയാ കുമാരി സ്വന്തം ഭൂമിയുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് നാടിനെ ഒന്നാകെ അമ്ബരപ്പിച്ചത്. പത്ത് സെന്റ് ഭൂമിയാണ് ഈ നഴ്‌സ് സര്‍ക്കാറിന് കൈമാറിയത്. കുടുംബ സ്വത്തായി കിട്ടിയ 92 സെന്റ് ഭൂമിയില്‍ നിന്നുള്ള പത്ത് സെന്റാണ് കൈമാറിയത്. ഭൂമി സര്‍ക്കാര്‍ തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കട്ടെയെന്നാണ് പ്രിയാകുമാരി പറയുന്നത്.


മൂളിയാര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്‌സാണ് പ്രിയാകുമാരി. വേദനയില്‍ പുളയുന്നവര്‍ക്ക് ആശ്വാസവുമായി എത്തുന്ന പ്രിയയ്ക്ക് പ്രളയത്തില്‍ നഷ്ടം അനുഭവിച്ചവരുടെ വേദനയും മനസിലാക്കാന്‍ അധികസമയം വേണ്ടിയിരുന്നില്ല. സഹതപിച്ച്‌ മാറി നില്‍ക്കുന്നതിനു പകരം സഹജീവികളുടെ നഷ്ടം നികത്താനുള്ള പ്രവര്‍ത്തികളില്‍ ശക്തമായി തന്നെ ഇടപെടുകയായിരുന്നു പ്രിയ.

സഹതാപമല്ല മറിച്ച്‌ അനുതാപമാണ് ആവശ്യം എന്നാണ് നഴ്‌സിങ് പഠിപ്പിക്കുന്നത്. അതു തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നതും. കഴിഞ്ഞ തവണ പ്രളയം വന്നപ്പോള്‍ തന്നെ മനസില്‍ ഇങ്ങനൊയൊരു ആഗ്രഹമുണ്ടായിരുന്നുവെന്ന് പ്രിയാ കുമാരി പറയുന്നു. വൈദ്യുതി വകുപ്പില്‍ ലൈന്‍മാനായ ഭര്‍ത്താവ് രവീന്ദ്രന്റെ പൂര്‍ണ്ണ പിന്തുണയും പ്രിയാകുമാരിയുടെ തീരുമാനത്തിന് പിന്നിലുണ്ട്.


ഈ തീരുമാനമെടുത്തതിന് പിന്നാലെ, ഒട്ടും വൈകാതെ തന്നെ കളക്‌ട്രേറ്റില്‍ നേരിട്ടെത്തി ഭൂമിയുടെ രേഖകളും ഇവര്‍ കൈമാറി. കാസര്‍കോട് ജില്ലയില്‍ മാത്രം ഈ വര്‍ഷത്തെ പേമാരി ഏതാണ്ട് 29-ഓളം വീടുകളെയാണ് തകര്‍ത്തത്. നിരവധിയാളുകള്‍ക്ക് ഭൂമിയും നഷ്ടമായി. ഇത്തരത്തില്‍ ഭൂമി പോലും നഷ്ടമായവരുടെ പുനരധിവാസത്തിന് ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ സി സജിത്ത് ബാബുവും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക