Image

പ്രതിസന്ധികളില്‍ മരവിച്ചു നില്‍ക്കാനല്ല, കൈകോര്‍ത്തു മുന്നേറാനാണ് കേരളം ശ്രമിക്കുന്നത്; തോമസ് ഐസക്

Published on 21 August, 2019
പ്രതിസന്ധികളില്‍ മരവിച്ചു നില്‍ക്കാനല്ല, കൈകോര്‍ത്തു മുന്നേറാനാണ് കേരളം ശ്രമിക്കുന്നത്; തോമസ് ഐസക്

പ്രളയം സൃഷ്ടിച്ച പ്രതിസന്ധികളില്‍ മരവിച്ചു നില്‍ക്കാനല്ല, കൈകോര്‍ത്തു മുന്നേറാനാണ് കേരളം ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കഴിഞ്ഞ ഓണം ദുരിതാശ്വാസ ക്യാമ്ബുകളിലാണ് ആഘോഷിച്ചത്. പക്ഷെ, മിഴിവിന് കുറവുണ്ടായില്ല. പൊതുസമൂഹത്തിന്റെ ഒരുമയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കരുതലും ഒത്തുചേര്‍ന്ന അസാധാരണമായ അനുഭവമായിരുന്നു അത്. ഈ ഓണത്തിന് വളരെ ചുരുക്കം സ്ഥലത്തേ ദുരിതാശ്വാസ ക്യാമ്ബുകളുള്ളൂ. മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം തൊഴിലിടം തന്നെ നഷ്ടപ്പെട്ടവരാണ് ക്യാമ്ബുകളിലെ അന്തേവാസികളില്‍ ഭൂരിഭാഗവും. അവര്‍ക്ക് ഓണം നഷ്ടമാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

സാമ്ബത്തിക പ്രയാസങ്ങള്‍ക്കു മധ്യത്തിലും ഓണാഘോഷത്തിന് പിശുക്കു വേണ്ട എന്നതാണ് തീരുമാനം. 55 ലക്ഷം കുടുംബങ്ങള്‍ക്ക് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ എന്നിവ ഉടനെ വിതരണം ചെയ്യും. മൂന്നു മാസത്തെ പെന്‍ഷനാണ് ഇപ്പോള്‍ നല്‍കുന്നത്. 2000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടന്‍ വിതരണം ചെയ്യും. അതിനുമുമ്ബേ ദുരിതബാധിതര്‍ക്ക് അടിയന്തിര ദുരിതാശ്വാസ സഹായമായി 10000 രൂപ നല്‍കും.

കഴിഞ്ഞ മന്ത്രിസഭായോഗം അടിയന്തിര സഹായം തീരുമാനിച്ചതിനുശേഷം അനര്‍ഹരായ ഒട്ടേറെപേര്‍ ക്യാമ്ബുകളില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസം അനര്‍ഹരില്‍ എത്തുന്നില്ലായെന്ന് ഉറപ്പുവരുത്തും. ക്യാമ്ബില്‍ കഴിഞ്ഞുവെന്നത് മാത്രമായിരിക്കില്ല ധനസഹായത്തിനുള്ള അര്‍ഹതയുടെ മാനദണ്ഡം. അതുപോലെ ക്യാമ്ബില്‍ എത്താത്ത ദുരിതബാധിതരുമുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കും അടിയന്തിര സഹായം ലഭ്യമാക്കും. ഈ അന്വേഷണം അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഓണച്ചന്തകളും മറ്റും നടത്തുന്നതിനും പതിവുപോലെ പിന്തുണ നല്‍കും. വിവിധ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം ആനുകൂല്യം സംബന്ധിച്ച തീരുമാനവും ഉടനുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

നമ്മുടെ ഓണ വിപണി ഉണരട്ടെ. പ്രളയത്തിന്റെ വ്യഥകള്‍ മറന്ന് സന്തോഷവും സൗഹൃദവും പങ്കുവയ്ക്കാം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകള്‍ക്കുവേണ്ടി തന്നെയാണ് നാം കൈകോര്‍ത്തതും ഇനി കൈകോര്‍ക്കുന്നതും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ. നാം ഒന്നും വില്‍ക്കുന്നില്ല. എല്ലാ പ്രയാസങ്ങള്‍ക്കിടയിലും ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളിക്കൊപ്പമുണ്ട് കേരള സര്‍ക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക