Image

നിയമ വിരുദ്ധ കുടിയേറ്റം ഡീക്രിമിനലൈസ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 August, 2019
നിയമ വിരുദ്ധ കുടിയേറ്റം ഡീക്രിമിനലൈസ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ (ഏബ്രഹാം തോമസ്)
നിയമ വിരുദ്ധമായി അതിര്‍ത്തി ലംഘിച്ച് കടന്നെത്തുന്നവരെ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കരുത് എന്ന് ഒരു വിഭാഗം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നു.
നിയമവിരുദ്ധമായി കടന്ന് കയറുന്നവരെ ഇമ്മിഗ്രേഷന്‍ നിയമത്തിന്റെ 1325-ാം വകുപ്പനുസരിച്ചാണ് ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാക്കുന്നത്. ഈ വകുപ്പ് റദ്ദാക്കണമെന്ന മുന്‍ സാന്‍ അന്റോണിയോ മേയറും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ജൂലിയന്‍ കാസ്്‌ട്രോയുടെ വാദത്തിന് പിന്തുണ ഏറിവരുന്നു, കടന്നുകയറ്റം ഒരു സിവില്‍ കുറ്റമായി പരിഗണിക്കണം എന്നാണ് കാസ്‌ട്രോയുടെ വാദം. അങ്ങനെ ആയാലും നാടു കടത്തല്‍ നടപ്പാക്കാന്‍ കഴിയും.

ഇത് കാസ്‌ട്രോ തന്റെ കയ്യൊപ്പ് പദ്ധതി ആയാണ് മുന്നോട്ട് വയ്ക്കുന്നത്. സിവില്‍ കുറ്റമായി പരിഗണിച്ചാല്‍ അതിര്‍ത്തിയില്‍ മാതാപിതാക്കളും കുട്ടികളും വേര്‍പിരിക്കപ്പെടുകയില്ല എന്ന് കാസ്‌ട്രോ പറയുന്നു. കുടിയേറ്റ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്നത് വലിയ മാനുഷിക പ്രശ്‌നമായി ലോകശ്രദ്ധനേടിയിരുന്നു.

കാസ്‌ട്രോയുടെ പദ്ധതി മറ്റ് രണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍-മാസച്യൂസെറ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറനും ന്യൂജേഴ്‌സി സെനറ്റര്‍ കോറിബുക്കറും പിന്തുണച്ചു. എന്നാല്‍ മറ്റ് വൈറ്റ് ഹൗസ് സ്ഥാന മോഹികളായവര്‍ തുറന്ന് അഭിപ്രായം പറയുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികാരി സാറ സല്‍ഡനയും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജേ ജോണ്‍സണും എതിരഭിപ്രായം പുറപ്പെടുവിച്ചു.

സെക്ഷന്‍ 1325 ന്റെ ചില ഭാഗങ്ങള്‍ നിലനിര്‍ത്തി കള്ളക്കടത്തുകാരെയും മനുഷ്യക്കടത്തുകാരെയും ക്രിമിനലുകളായി തന്നെ പരിഗണിച്ച് നടപടിയെടുക്കണം എന്ന് കാസ്‌ട്രോ കൂട്ടിച്ചേര്‍ത്തു. വീണ്ടും നിയമവിരുദ്ധമായി യു.എസില്‍ കടന്നു കയറാന്‍ ശ്രമിക്കുന്നത് സെക്ഷന്‍ 1326 അനുസരിച്ച് ഒരു ഫെലനി(വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റം)യാണ്. ഈ സെക്ഷനും റദ്ദുചെയ്യുകയും വീണ്ടും കടന്ന് കയറിയതും ഒരു സിവില്‍ കുറ്റമായി പരിഗണിക്കുകയും വേണമെന്നാണ് കാസ്‌ട്രോയുടെ നിര്‍ദ്ദേശം. ഇവ ക്രൂരമായ നിയമങ്ങളാണെന്നും ഇവ രണ്ടും റദ്ദു ചെയ്താല്‍ ഭാവി ഭരണകൂടങ്ങള്‍ക്കും ഈ ക്രൂര നിയമങ്ങള്‍ നടപ്പാക്കാനാകില്ല എന്ന് കാസ്‌ട്രോ വാദിക്കുന്നു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഒരു നിയമത്തിലൂടെ മാത്രമേ ഈ രണ്ട് വകുപ്പുകളും റദ്ദ് ചെയ്യാനാവൂ. ഗ്രാന്‍ഡ് ഓള്‍ഡ്(റിപ്പബ്ലിക്കന്‍) പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ യാഥാസ്ഥിതികര്‍ ഡെമോക്രാറ്റുകള്‍ കുടിയേറ്റപ്രശ്‌നം പരിഹരിക്കുവാന്‍ ഒന്നും ചെയ്യുന്നില്ല എന്നാരോപിക്കുന്നു. അവര്‍ ഇങ്ങനെ ഒരു നീക്കം പിന്തുണയ്ക്കുകയില്ല. ഡെമോക്രാറ്റുകള്‍ അടക്കിവാഴുന്ന ജനപ്രതിനിധിസഭയിലും ഇത് പാസ്സാക്കിയെടുക്കുക പ്രയാസമായിരിക്കും. മദ്ധ്യമാര്‍ഗം സ്വീകരിച്ച ഡെമോക്രാററുകളാണ് കഴിഞ്ഞ തവണ വിജയിച്ച ജനപ്രതിനിധികള്‍  ഏറെയും.
കുടിയേറ്റ പ്രശ്‌നത്തിന്റെ പ്രധാന ഈറ്റില്ലമായ ടെക്‌സസിലെ 13 ഡെമോക്രാറ്റിക് പ്രതിനിധികളില്‍ പലരും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. ജൂലിയന്റെ ഇരട്ട സഹോദരന്‍ സാന്‍ അന്റോണിയോ പ്രതിനിധി ജോക്കിന്‍ കാസ്‌ട്രോ സഹോദരനെ ശക്തമായി പിന്തുണച്ചു. ലോയ്ഡ് ഡോഗട്ട്(ഓസ്റ്റിന്‍), വെറോണിക്ക എസ്‌കോബാര്‍(അല്‍പാസോ), ലിസി ഫ്‌ളെച്ചര്‍, അല്‍ഗ്രീന്‍ ഷീല ജാക്‌സണ്‍ ലീ(മൂവരും ഹൂസ്റ്റണ്‍), ഹെന്റിക്യുള്ളര്‍(ലറേഡോ) എന്നിവര്‍ പ്രതികരിച്ചില്ല.

ഹൂസ്റ്റണില്‍ നിന്നുള്ള മറ്റൊരു പ്രതിനിധി ഗാര്‍സിയ സെക്ഷനുകള്‍ 1325 ന്റെ ചില ഭാഗങ്ങള്‍ നിലനിര്‍ത്തണമെന്ന് വാദിച്ചു. കാസ്‌ട്രോയുടെയും ഒറൗര്‍ കെയുടെയും വാദങ്ങള്‍ ഒന്നാം ഡെമോക്രാറ്റിക് ഡിബേറ്റില്‍ വലിയ വാര്‍ത്തയായി. ഗൃഹപാഠം നന്നായി ചെയ്യണമെന്ന് ഇരുവരും അന്യോന്യം ഉപദേശിച്ചു.

നിയമ വിരുദ്ധ കുടിയേറ്റം ഡീക്രിമിനലൈസ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക