Image

ഒറ്റക്ക് പാടുന്നവന്‍(കഥ: അഞ്ജലി രാജന്‍)

Published on 26 August, 2019
 ഒറ്റക്ക് പാടുന്നവന്‍(കഥ: അഞ്ജലി രാജന്‍)
കര്‍ക്കിടകത്തില്‍ പത്ത് ഒണക്കൊണ്ടാവും. ആ ഒണക്കുകളിലൊന്നില്‍,പൊന്നിന്‍ ചിങ്ങത്തെ വരവേല്ക്കാനായി, ഞാറക്കലെ മുറ്റം ചെത്തിമിനുക്കലായിര്ന്ന് ഇന്നത്തെ പണി.

പണി തീര്‍ത്ത് തൂമ്പയും, ചവറു വരണ്ടിയും, മമ്മട്ടിയും പറമ്പീന്നെട്ത്ത് പെരേടെ എറമ്പിലേക്ക് വയ്ക്കവെയാണ് മഴ ആര്‍ത്തലച്ചോടി വന്നത്.

ഞാനപ്പിടീം നനഞ്ഞ്.

നെറുകേ രണ്ട് തൊള്ളി വെള്ളം നിന്നാലപ്പം ജലദോഷോം തുമ്മലും വരും.

എന്റെ മിശിഹായേ,മേലാഴിക ഒന്നും വരുത്തല്ലേ, വേലേടുക്കാനുള്ള ആരോഗ്യം തരണേ.ഓണമാ വരുന്നത്. എന്തോരം ചെലവ്‌ളളതാ. അതിന്റെടേ ഉണ്ണികൃഷ്ണന്‍ ഡോക്ടറുടടുത്തേക്ക് ഓടണ്ടി വരല്ലേ.

' എന്നതാ മോനച്ചാ, എങ്ങോട്ടോടുന്ന കാര്യാ നീ പറയുന്നത്?'

ഓ! പലിശക്കാരന്‍ രാജപ്പനാണ്.

ഹും! അവന്റൊരിളി.ഇവനോടൊന്നും മറുപടി പറയാന്‍ പോകണ്ട.

നനഞ്ഞ പുല്ലിമ്മേല് ചെരിപ്പിടാത്ത പാദം അമര്‍ത്തി ചവുട്ടി വേഗത്തില്‍ ഞാന്‍ നടന്നു.

ഞാന്‍ തന്നത്താന്‍ വര്‍ത്താനം പറയുമെന്നാ എന്നെപ്പറ്റീള്ള ആക്ഷേപം.

എനിക്ക് പിരിയാണെന്നാ ഇവറ്റോള് പറേണത് .

ശ്ശെടാ ! ഞാന്‍ എന്നോട്  വര്‍ത്താനം പറേന്നതിന് ഇവമ്മാര്‍ക്കെന്നാ?

പണിയെടുക്കാതെ, കുടിച്ച് പൂസായി, കണ്ടടം നെരങ്ങി നടക്കുന്നില്ലല്ലോ ഞാന്‍.

എന്റെ കാര്യങ്ങള്‍ ഇവമ്മാരോട് പറഞ്ഞാ ഇവമ്മാര് എന്നെ സഹായിക്കുവാ.?

ഇല്ല, അപ്പപ്പിന്നെ എന്നാ കാര്യത്തിനാ ഇവമ്മാരോട് പറേണത് ?

സര്‍ക്കാറ് പള്ളിക്കൂടത്തി ഒന്നാം ക്ലാസ്സി ഞാന്‍ ചേരുമ്പോ ഒരുടുപ്പും നിക്കറുമേ ഒണ്ടാര്ന്നുള്ളു.

ചെല ദെവസി, പണീം കഴിഞ്ഞേച്ച് വന്ന് വൈകുന്നേരം അമ്മച്ചി നിക്കറുമുടുപ്പും കഴുകീടും .

കഴുകീട്ടാലും നല്ലോണമൊണങ്ങാത്തോണ്ട് കനച്ച നാറ്റോണ്ടാവും, കഴുകാത്തപ്പൊ വിയര്‍പ്പു നാറ്റോമുണ്ടാവും.

മോനിച്ചനെ നാറുന്നെന്ന കൂട്ടുകാരുടെ പറച്ചില് കേട്ടാണ് സാറെന്നെ തറേലിരിത്തീത്.

കൂട്ടുകാരാരും കൂടെ കൂട്ടാഞ്ഞപ്പൊ ഒറ്റക്ക് കളിക്കാനും, ചിരിക്കാനും തൊടങ്ങി.

പത്താമത്തെ വയസ്സ് തൊട്ട് പണിക്ക് പോയി തൊടങ്ങിയപ്പോ പ്രായത്തിന് ചേരണ കൂട്ടുകാരാരും ഇല്ലായിരുന്ന്.മുതിര്‍ന്നവരൊട്ട് കൂടെ കൂട്ടിയതുമില്ല. അന്ന് തൊട്ട് ഞാന്‍ എന്നോട് തന്നെ മിണ്ടീം, പറഞ്ഞും തൊടങ്ങി.

എന്റെ സങ്കടങ്ങള് ഞാനെന്നോട് പറഞ്ഞു, എന്നെ ഞാന്‍ തന്നെ ആശ്വസിപ്പിക്കേം ചെയ്ത് .

എന്റെ ചോദ്യവും പറച്ചിലും എന്നോട് തന്നേയായിര്ന്ന് .

ഞാന്‍ എടുക്കേണ്ടതായ് തീര്‍ന്ന തീരുമാനങ്ങളെല്ലാം ഞാന്‍ എന്നോട് മാത്രം കൂടിയാലോചിച്ചു.

എന്റെ ഒരേ ഒരു കൂട്ടുകാരന്‍ ഞാന്‍ തന്നെയാണ്.

ചെല നേരത്ത് എന്നോടുള്ള എന്റെ വര്‍ത്താനം ഇച്ചിരി ഒറക്കെ ആയിപ്പോകും.

ഇന്നാള്, കുന്നേലെ സതീശന്‍ മൊതലാളീടെ വീട്ടില് ബംഗാളികളെ പണിക്കെറക്കിച്ചപ്പോ ഞാനവിടെച്ചെന്ന് എനിക്കും പണി വേണോന്ന് പറഞ്ഞ്. അന്നേരം മൊതലാളി  'ഈരെട്ത്താ മോനച്ചന്‍ തള്ളപ്പേന്‍ കൂലീ മേടിക്കൂന്ന് '  പറഞ്ഞ് എനിക്ക് പണി തന്നില്ല.ആ പണിക്കാരെ പണിയെടുക്കാന്‍ സമ്മതിക്കാതെ ഞാന്‍ അവിടെ നിന്ന് ബഹളോണ്ടാക്കി.ഒടുവില് എന്നെ പണി ക്കെട്ത്ത്.

അതീപ്പിന്നെ, എവിടേലും പണീം തെരക്കിച്ചെന്നാ, പണി തന്നില്ലേ ഞാന്‍ അലമ്പൊണ്ടാക്കുന്ന് പേടിച്ച് എനിക്ക് പണി തരാറൊണ്ട് .

രണ്ടാം ക്ലാസ്സി, രണ്ട് കൊല്ലം പഠിച്ചേച്ചും പണിക്ക് പോയി തൊടങ്ങീതാ. ഇന്ന് വയസ്സ് പത്തമ്പത് കഴിഞ്ഞു.

ഇതിനെടേ, പള്ളീന്ന് സഹായം കിട്ടീട്ടാണേലും പെരേം വച്ചു, ചാകോളം അപ്പനേമമ്മച്ചീനേം നോക്കിയേം ചെയ്ത് .

ചേട്ടന്റെം കൂടെ സഹായത്തോടെ രണ്ട് പെങ്ങമ്മാരേം കെട്ടിച്ചയച്ചു.

എനിക്കൊര് പെണ്ണിനേം തെരക്കി കൊറെ നടന്നെങ്കിലും, ഞാന്‍ തന്നത്താന്‍ വര്‍ത്താനം പറയുമെന്നും എനിക്ക് പിരിയാണെന്നും പറഞ്ഞ് ചെലര് കല്യാണം മൊടക്കിച്ച് .

എന്നിട്ടും മഞ്ഞ അലുവാ പോലിരിക്കണ ലിസമ്മയെ അവടപ്പന്‍ എന്നാ കണ്ടിട്ടാ, കറുത്ത്, വെറക് കൊള്ളി പോലിരിക്കണ എനിക്ക് കെട്ടിച്ച് തന്നതെന്ന് ചോദിച്ചോരൊടൊക്കെ അങ്ങേര് പറഞ്ഞത്,

'മോനച്ചന്‍ ആണൊരുത്തനാ, അവന് തണ്ടും തടീം ഒള്ളടൊത്തോളം കാലം വേലേട്ത്ത് എന്റെ കൊച്ചിനെ നോക്കിക്കോളും.'

ലിസമ്മ വീട്ടീര്ന്ന് കയറ് പിരിക്കും, പിന്നെ ഒള്ള സ്ഥലത്ത് ശകലം പച്ചക്കറി കൃഷീമൊണ്ട് .പൊറമ്പണിക്കൊന്നും ഞാനവളെ വിടാറില്ല.

എനിക്ക് രണ്ട് പെമ്മക്കള് ജനിച്ചപ്പഴും ചെലര് പറഞ്ഞ്,

'ഹൊ! ഇനി മോനച്ചന്റെ പിരി മൂക്കും, രണ്ടും പെണ്ണല്ലേ? പ്രാരാബ്ദം കൂടില്ലേ?'

ആണായാലും, പെണ്ണായാലും അതുങ്ങക്ക് എന്നും ആരോഗ്യം ഒണ്ടാവണേന്ന  ഒരു പ്രാര്‍ത്ഥനേ എനിക്ക്  മിശിഹായോടൊണ്ടാര്‌ന്നൊള്ള്.

മൂത്തവള് പഠിക്കാന്‍ മണ്ടിയാര്ന്ന്. പത്തീ പഠിത്തം നിര്‍ത്തി അവള് തുണിക്കടേ പണിക്ക് പോയി.

അവക്ക് കല്യാണാലോചനകള്‍ വന്നു തൊടങ്ങിയപ്പൊ, നാട്ടിലെ കൊറെ അവമ്മാര് പെണ്ണിന്റപ്പന് പിരിയാന്നും പറഞ്ഞ് അതെല്ലാം മൊടക്കിച്ച്.

എബിമോന്റാലോചന വന്നപ്പൊ മൊടക്കാന്‍ ചെന്നവരോട് അവനും, അവന്റപ്പനും പറഞ്ഞത്

' പിരി പെണ്ണിനല്ലല്ലാ, അവടപ്പനല്ലേ? അത് സാരമില്ല.'

ഇപ്പം ദേ മാസം രണ്ട് കഴിഞ്ഞാ അവര്‍ക്ക് കൊച്ചൊന്നാ .

എളേ മോള് ഷാലി നല്ലോണം പഠിക്കും.അവക്കിനി നേഴ്‌സ് ആകണോന്നാ പറയണത്.

ആ പണി എനിക്കുമിഷ്ടാ.

ഉണ്ണികൃഷ്ണന്‍ ഡോക്ടറുടെ ആശൂത്രീല് അന്നമ്മ നേഴ്‌സൊണ്ട് .

ഡോക്ടറ് ചീട്ടേലെഴുതി പറേണതെല്ലാം, ഒന്നും കൂടി അന്നമ്മ നേഴ്‌സ് പറഞ്ഞു തരും. എന്നേച്ചും ' ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ മോനിച്ചാ' എന്നു പറയും.

എനിക്കന്നേരം എടവകപ്പളളീലെ ചൊമരില്‍ തൂക്കിയ മാലാഖേടെ മൊഖം ഓര്‍മ്മ വരും.

ഷാലി മോള് പഠിച്ച് പണി കിട്ടി കഴിഞ്ഞാ, ചങ്കൊറപ്പുളള ചെറുക്കനെ കൊണ്ട് അവളെ കെട്ടിക്കണം.

പിന്നെ, ഞാനുമെന്റെ ലിസമ്മപ്പെണ്ണും കൂടി അടുക്കള തിണ്ണേലിരുന്ന്, തേങ്ങേം, കാന്താരീം, മഞ്ഞളും,ഉപ്പും ചേര്‍ത്തരച്ചിട്ട് വേവിച്ച കപ്പ, കൊടമ്പുളീട്ട് പൊള്ളിച്ച മത്തീല് മുക്കിതിന്ന് വര്‍ത്താനം പറഞ്ഞിരിക്കും. കൊറേ പറയാനൊണ്ട്.

' ഇച്ചായോ.... കൊറച്ചൂടൊറക്കെ പറ. എനിക്ക് തിരിഞ്ഞില്ല '

ലിസമ്മയാണല്ലാ, ഓഹോ! ഞാന്‍ എന്നോട് വര്‍ത്താനം പറഞ്ഞ് പറഞ്ഞ് വീടെത്തീത് അറിഞ്ഞില്ല.

നനഞ്ഞ് നാറിയ ഞാന്‍ അവളെ നോക്കി പുഞ്ചിരിച്ചപ്പോ,കണ്ണുകളില്‍ കരുണ നിറഞ്ഞ മാതാവിന്റെ മൊഖായിരുന്നു അവള്‍ക്ക്.

 ഒറ്റക്ക് പാടുന്നവന്‍(കഥ: അഞ്ജലി രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക