Image

കല കുവൈറ്റ് സുരേഷ് ചികിത്സാ സഹായനിധി കൈമാറി

Published on 26 August, 2019
കല കുവൈറ്റ് സുരേഷ് ചികിത്സാ സഹായനിധി കൈമാറി

കുവൈത്ത് സിറ്റി: രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നു നടത്തിയ ഓപ്പറേഷനു ശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട അവസ്ഥയിലായ തൃശൂര്‍ ചേലക്കര വേങ്ങനല്ലൂര്‍ സ്വദേശി സുരേഷിനെ സഹായിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സമാഹരിച്ച ചികിത്സ സഹായനിധി സുരേഷിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കൈമാറി. 

സമാഹരിച്ച തുകയായ 1026134 രൂപ മുന്‍ കേരള നിയമസഭ സ്പീക്കറും മുന്‍മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ സുരേഷിനു കൈമാറി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 

സുരേഷിന്റെ തുടര്‍ചികിത്സക്കായി കല കുവൈറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് കുവൈറ്റ് പ്രവാസി സമൂഹത്തില്‍ നിന്നും ലഭിച്ചത്.

ചേലക്കര പഞ്ചായത്ത് വാര്‍ഡ് അംഗം പി ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് ടി.എന്‍. പ്രഭാകരന്‍ (സിപിഐഎം ചേലക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), സുമിത വിശ്വനാഥന്‍ (വനിതാവേദി കുവൈറ്റ്), കെ. നന്ദകുമാര്‍ (സിപിഐഎം ചേലക്കര ഏരിയ കമ്മിറ്റി അംഗം), എം. മനോജ് കുമാര്‍ (വെങ്ങാന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെടി വിനോദ്, ബാലസുബ്രമണ്യം, അജയകുമാര്‍, മാമുകോയ, ദിവാകരന്‍ വാര്യര്‍, നിഗേഷ്, കല കുവൈറ്റ് പ്രവര്‍ത്തകരായ മുനീര്‍ബാബു, രതീഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം എം.പി. മുസ്ഫര്‍ സ്വാഗതവും കുവൈറ്റ് കല ട്രസ്റ്റ് അംഗം സജിത്ത് കടലുണ്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക