ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നവര്‍ ടെക്സസിലെ ഹ്യൂസ്റ്റണിലെ ടെക്സസ് സതേണ്‍ യൂണിവേഴ്സിറ്റിയില്‍ സെപ്റ്റംബര്‍ 12-ാം തീയതിയും വേണ്ടിവന്നാല്‍ 13-ാം തീയതിയും മൂന്നാം സംവാദം നടത്തുകയാണ്. പത്ത് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് യോഗ്യത നേടുന്നതെങ്കില്‍ ഡിബേറ്റ് ഒരു രാത്രി (സെപ്റ്റംബര്‍ 12ന്) മാത്രമേ ഉണ്ടാകൂ. ഇതുവരെ 10 സ്ഥാനാര്‍ത്ഥികള്‍ മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ.
യോഗ്യതകളായി ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത് അംഗീകൃത ദേശീയ അഭിപ്രായ സര്‍വെകളില്‍ നാല് സംസ്ഥാനങ്ങളില്‍2 % പിന്തുണ നേടുക, 1,30,000 'അതുല്യ' ദാതാക്കളില്‍ നിന്ന് 1,30,000 ഡോളറെങ്കിലും സമാഹരിച്ചിട്ടുണ്ടാവുക എന്നിവയാണ്. ഇതുവരെ ഈ യോഗ്യതകള്‍ ഉള്ള സ്ഥാനാര്‍ത്ഥികള്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്, സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്സ്(വെര്‍മോണ്ട്), എലിസബെത്ത് വാറന്‍(മാസച്യൂസറ്റ്സ്), കമലഹാരിസ് (കാലിഫോര്‍ണിയ), കോറിബുക്കര്‍(ന്യൂജേഴ്സി), ഏമിക്ലോബുച്ചര്(മിനിസോട്ട), സൗത്ത് ബെന്ഡ്മേയര് പീറ്റ്ബട്ടീജീജ്, മുന്‍ പ്രതിനിധി ബീറ്റോ ഒറൗര്‍കെ(ടെക്സസ്), വ്യവസായിയായ ആന്‍ഡ്രൂയാംഗ്, മുന്‍ ഹഡ് സെക്രട്ടറി ജൂലിയന്‍ കാസ്ട്രോ എന്നിവരാണ്. മറ്റാരും യോഗ്യത നേടിയില്ലെങ്കില്‍ ഇവര്‍ മാത്രം സംവാദം നടത്തും.
പരമ്പരാഗതമായി കറുത്ത വര്‍ഗക്കാര്‍ക്ക് ഏറെ പ്രാതിനിധ്യമുള്ള ടെക്സസ് സതേണ്‍ യൂണിവേഴ്സിറ്റിയിലെ സംവാദത്തിന് സദസ്യരായി കൂടുതല്‍ കറുത്ത വര്ഗക്കാരുണ്ടാകും. ഇത് ഹാരിസിനും ബുക്കറിനും കൂടുതല്‍ ഊര്‍ജ്ജം നല്‍കും. സ്പാനിഷ് ഭാഷയെ ഒറൗര്‍കെയും കാസ്ട്രോയും ഫലപ്രദമായി ഉപയോഗിക്കുവാന്‍ ശ്രമിക്കും. ഏബിസി, യൂണിവിഷന്, കെറ്റി ആര്‍കെ ടിവി, എബിസി ന്യൂസ് ലൈവ് എന്നിവ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാല്‍ രണ്ടാം ഡിബേറ്റിനെക്കാള്‍ കൂടതല്‍ പ്രേക്ഷകതാല്പര്യം ഉണ്ടാവാന്‍ സാധ്യതയുണ്ട്. എബിസി ന്യൂസ് ചീഫ് ആങ്കര്‍ ജോര്‍ജ് സ്റ്റെഫന പൗലോസ്, വേള്‍ഡ് ന്യൂസ് ടുനൈറ്റ് ആങ്കര്‍ ഡേവിഡ് മ്യൂയിര്, എബിസി ന്യൂസ് കറസ്പോണ്ടന്റ് ലിന്‍സി ഡേവിഡ്, യൂണിവിഷന് ആങ്കര്‍ യോര്‍ഗ് റാമോസ് എന്നിവരായിരിക്കും മോഡറേറ്റ് ചെ്ുക. ചോദ്യങ്ങള്‍ ഇവരുടെ വ്യക്തിപരമായ താല്പര്യങ്ങള്ക്ക് അനുസരിച്ച് ആകാനാണ് സാധ്യത. അഭിപ്രായ സര്‍വേകളില്‍ ഇപ്പോഴും ബൈഡനാണ് വളരെ മുന്നില്‍. ജൂണ്‍ മാസത്തില്‍ നിന്ന് 7% ന്റെ കുതിപ്പുമായി 29% പിന്തുണയാണ് ബൈഡന് ഉള്ളത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്സ്-15%- എലിസബത്ത് വാറന്‍ -14%-ഇവര്‍ മാത്രമാണ് രണ്ടക്ക പിന്തുണ നേടിയവര്‍. കമല ഹാരിസ്-5%- രണ്ടാമത്തെ ഡിബേറ്റിന് ശേഷം 12% താഴേയ്ക്ക് പോയി. ബൈഡന് കൂടുതല്‍ മദ്ധ്യപക്ഷവാദിയായാണ് വിമര്‍ശകര്‍ മുദ്രകുത്തുന്നത്. സാന്‍ഡേഴ്സ് എല്ലാവര്ക്കും മെഡികെയര്‍ എന്ന ഇടത്പക്ഷ മുദ്രാവാക്യം മുഴക്കുമ്പോള്‍ താന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നടപ്പാക്കാന്‍ ശ്രമിച്ച അഫോഡബിള്‍ കെയറാണ് ബെഡന് മുന്നോട്ട് വയ്ക്കുന്നത്.
ഇതിനിടയില്‍ ന്യൂഹാം ഷെയറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് ബൈഡന്റെ പത്നി ജില് ഡെമോക്രാറ്റുകള്‍ പ്രൈമറികളിലും കോക്കസുകളിലും ട്രമ്പിനെ തോല്പിക്കുവാന് കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. പല സ്ഥാനാര്‍ത്ഥികളുടെയും പല പദ്ധതികളും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് വരാം. എന്നാല്‍ വോട്ട് ചെയ്യുമ്പോള്‍ നമ്മുടെ ഉദ്ദേശം ട്രമ്പിനെ തോല്പിക്കണം എന്നായിരിക്കണം. അതിനാല്‍ ട്രമ്പിനെ തോല്പിക്കുവാന് കഴിവുള്ള സ്ഥാനാര്‍ത്ഥിക്ക് മാത്രം നിങ്ങളുടെ വോട്ട് നല്‍കുക, ജില് പറഞ്ഞു.
മൊത്തം 12 ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റുകളാണ്. അവയില്‍ രണ്ടെണ്ണം കഴിഞ്ഞു.