Image

മാണി സി കാപ്പന്റെ പ്രചാരണത്തുടക്കവും പാലാ വിശേഷങ്ങളും (ശ്രീനി)

ശ്രീനി Published on 29 August, 2019
 മാണി സി കാപ്പന്റെ പ്രചാരണത്തുടക്കവും പാലാ വിശേഷങ്ങളും (ശ്രീനി)
ഉറച്ച വിജയം പ്രതീക്ഷിച്ച് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി, എന്‍.സി.പിയുടെ മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. വോട്ടെടുപ്പ് സെപ്റ്റംബര്‍ 23ന് നടക്കുമെന്നതിനാല്‍ ഇനിയുള്ള 26 ദിവസങ്ങളിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. പഞ്ചായത്ത് കണ്‍വെന്‍ഷനുകളും ബൂത്ത് കണ്‍വെന്‍ഷനുകളും സെപ്റ്റംബര്‍ മൂന്നാം തീയതിയോടെ പൂര്‍ത്തിയാക്കി വീടുകള്‍ കയറിയുള്ള പ്രചാരണം നടത്താനാണ് കാപ്പന്റെ പ്ലാന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാവാത്തതിനാല്‍ യു.ഡി.എഫിനും, എന്‍.ഡി.എയ്ക്കും മുമ്പേ കളത്തിലിറങ്ങി 'അഡ്വാന്റേജ്' എടുത്തിരിക്കുകയാണ്  നാലാമങ്കത്തില്‍ മാണി സി കാപ്പന്‍. പാലായിലെങ്ങും കാപ്പന്റെ ഫ്‌ളക്‌സുകളും ചുവരെഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പാലാ പിടിച്ചെടുക്കുമെന്നും ജോസ് കെ മാണി എതിര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കാന്‍ എളുപ്പമാണെന്നും സഹതാപ തരംഗമുണ്ടാകില്ലെന്നും മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സെപ്റ്റംബര്‍ നാലിന് പാലായില്‍ നടക്കുന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നേരത്തെ മൂന്നുതവണ കെ.എം മാണിക്കെതിരെ പോരിനിറങ്ങിയ ചരിത്രമാണ് മാണി സി കാപ്പനുള്ളത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം മാണിക്കൊപ്പമായിരുന്നു. എന്നാല്‍ കെ.എം മാണിയുടെ അസാന്നിധ്യത്തില്‍ പാലാ പിടിക്കാന്‍ മാണി സി കാപ്പന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. 2016ലെ തിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ ഭൂരിപക്ഷം 4,703 വോട്ടാക്കി കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞിതാണവരുടെ ആത്മവിശ്വാസം കൂട്ടുന്നത്. നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചനകളെങ്കിലും ഭിന്നതകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയാണ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നേരത്തെ പി.ജെ ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു.

മണ്ഡലത്തിലെ പൊതു വിശേഷങ്ങള്‍ ഇങ്ങനെയാണ്...പാലായിലെ ആകെ വോട്ടര്‍മാര്‍ 1,77,550 ആണ്. ഇതില്‍ 90,514 പേര്‍ സ്ത്രീകളാണ്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം നാലായിരത്തേളം വോട്ടര്‍മാര്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയോജകമണ്ഡലത്തില്‍ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായി 176 ബൂത്തുകളാണ് സജ്ജീകരിക്കുക. വോട്ടിങ് മഷീനും വി.വി പാറ്റ് യന്ത്രവും ഉപയോഗിച്ചായിരിക്കും തിരഞ്ഞെടുപ്പ്. യന്തങ്ങളുടെ പ്രാഥമിക പരിശേധന ഏറ്റുമാനൂര്‍ സത്രം കോമ്പൗണ്ടിലുള്ള ഇ.വി.എം വെയര്‍ഹൗസില്‍ സെപ്റ്റംബര്‍ മൂന്നിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടക്കും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓഗസ്റ്റ് 25ന് കോട്ടയം ജില്ലയില്‍ നിലവില്‍വന്ന പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ 29 വരെ പ്രാബല്യത്തിലുണ്ടാവും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25 ലക്ഷം രൂപയാണ്. പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണ സാമഗ്രികളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രതിനിധികള്‍ക്കുള്ള പരിശീലനം ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

മണ്ഡലത്തിലെ പഞ്ചായത്ത് കാര്യമിങ്ങനെ...കരൂര്‍ (ഭരണം യു.ഡി.എഫ്), മീനച്ചില്‍ (ഭരണം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ വിമത വിഭാഗം, ഇടതുപക്ഷ പിന്തുണയോടെ), മുത്തോലി (ഭരണം യു.ഡി.എഫ്), കൊഴുവനാല്‍ (ഭരണം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, ഇടതുപക്ഷ പിന്തുണയോടെ), രാമപുരം (ഭരണം യു.ഡി.എഫ്), മേലുകാവ് (ഭരണം യു.ഡി.എഫ്), തലപ്പലം (ഭരണം യു.ഡി.എഫ്), തലനാട് (ഭരണം ഇടതുപക്ഷം), മൂന്നിലവ് (ഭരണം യു.ഡി.എഫ്), എലിക്കുളം (ഭരണം ഇടതുപക്ഷം, നറുക്കെടുപ്പിലൂടെ), ഭരണങ്ങാനം (ഭരണം യു.ഡി.എഫ്), കടനാട് (ഭരണം ഇടതുപക്ഷം), എന്നീ പഞ്ചായത്തുകളും പാലാ നഗരസഭയുമാണ് പാലാ അസംബ്‌ളി മണ്ഡലത്തിലുള്ളത്. പാലാ നഗരസഭയുയെ ഭരണം യു.ഡി.എഫിനാണ്. അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാം പഞ്ചായത്തുകളിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ.

മുന്നണികളെല്ലാം പുറമെ അത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ ആശങ്കയുണ്ടെന്നാണ് പാലായിലെ ഹൃദയമിടിപ്പുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ കാര്യത്തില്‍ തെറ്റ് സംഭവിച്ചെന്ന് സി.പി.എം ഏറ്റുപറഞ്ഞ് നിലപാട് മാറ്റിയിട്ടുണ്ട്.  സുപ്രീം കോടതി ഇനിയും തീര്‍പ്പാക്കാത്ത ഈ സെന്‍സിറ്റീവ് വിഷയം പാലായില്‍ പ്രചാരണായുധമാകും. യു.ഡി.എഫും എന്‍.ഡി.എയും മുന്‍ നിലപാടില്‍ തന്നെയാണ്. ഇത്തവണയും പ്രളയത്തില്‍ മുങ്ങിയ നഗരമാണ് പാലാ. അതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും.

മറ്റൊന്ന് കെ.എം മാണി ഫാക്ടര്‍ ആണ്. 55 വര്‍ഷമായി മാണിയല്ലാതെ മറ്റൊരാള്‍ പാലായുടെ ജനപ്രതിനിധിയായിട്ടില്ല. മാണി വളര്‍ത്തി പരിപാലിച്ച് വികസന നേട്ടമുണ്ടാക്കിയ പട്ടണം എന്നാണ് യു.ഡി.എഫിന്റെ സെന്റിമെന്റല്‍ മുദ്രാവാക്യം. എന്നാല്‍ മാണിയെന്ന അതികായന്റെ ഭൂരിപക്ഷം കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും തങ്ങള്‍ക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് എല്‍.ഡി.എഫ് ജനസമക്ഷം നിരത്തുന്നത്. ജോസ്-ജോസഫ് ഭിന്നതയും അവര്‍ കാര്‍ഡായിറക്കും. എന്നാല്‍ കൊഴുവനാല്‍ പഞ്ചായത്തില്‍ ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി കൈകോര്‍ത്ത് ഭരിക്കുന്നതും മീനച്ചില്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ വിമത വിഭാഗം, ഇടതുപക്ഷ പിന്തുണയോടെ ഭരിക്കുന്നതും ചോദ്യം ചെയ്യപ്പെടും. എന്‍.സി.പിയിലെ ചേരിപ്പോരും ഇടതുമുന്നണിക്ക് തലവേദനയാണ്.

ഏതായാലും പാലായില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിക്കഴിഞ്ഞു. സെപ്റ്റംബര്‍ നാലുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് സൂക്ഷ്മ പരിശോധന. ഏഴാം തീയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ളഅവസാന ദിവസം. 23ന് വോട്ടടുപ്പും 27ന് ഫലപ്രഖ്യാപനവും നടക്കും. 

സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞടുപ്പ് നടക്കേണ്ടത്. രണ്ട് അംഗങ്ങള്‍ മരിച്ചതും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് എം.പിമാരായ നാല് എം.എല്‍.എമാര്‍ സ്ഥാനം ഒഴിഞ്ഞതുമാണ് ഉപതിരഞ്ഞെടുപ്പിന് കളം ഒരുക്കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ്, പാല എന്നിവയാണ് യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങള്‍. അരൂര്‍ മാത്രമാണ് എല്‍.ഡി.എഫിന്റെ കയ്യിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളിലും മേധാവിത്വം യു.ഡി.എഫിനായിരുന്നു. ഒഴിവ് വരുന്ന മണ്ഡലങ്ങളില്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാലിപ്പോള്‍ പാലായില്‍ മാത്രം ഇലക്ഷന്‍ കമ്മിഷന്‍ തിരഞ്ഞടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.


 മാണി സി കാപ്പന്റെ പ്രചാരണത്തുടക്കവും പാലാ വിശേഷങ്ങളും (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക