Image

പോഷകങ്ങളില്ലാത്ത ഭക്ഷണക്രമം, നമ്മുടെ ഭാവി തുലാസില്‍? (പകല്‍ക്കിനാവ് 163- ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 29 August, 2019
പോഷകങ്ങളില്ലാത്ത ഭക്ഷണക്രമം, നമ്മുടെ ഭാവി തുലാസില്‍?  (പകല്‍ക്കിനാവ് 163- ജോര്‍ജ് തുമ്പയില്‍)
'ചോറ് എന്നൊരു വസ്തുവിനെ മലയാളിയുടെ മെനുവില്‍ നിന്നും ഓടിച്ചു വിട്ടാല്‍ ശരാശരി മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം പത്ത് ശതമാനം കൂടും. ചികിത്സാ ചിലവ് നാലിലൊന്നു കുറയുകയും ചെയ്യും. കേരളം ദരിദ്രമായിരുന്ന ഒരു കാലത്താണ് ഒരുപയോഗവും ഇല്ലാതെ ഈ കിട്ടുന്ന ചോറെല്ലാം അകത്താക്കി വയര്‍ നിറയ്ക്കുന്ന സ്വഭാവം മലയാളിക്ക് ഉണ്ടായത്. ഇപ്പോള്‍ നമുക്ക് പോഷകഗുണമുള്ള ആഹാരം കഴിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട്. അപ്പോള്‍ കുന്നുകണക്കിന് ചോറുണ്ണുന്നത് ഒഴിവാക്കി പഠിക്കണം.'- മുരളി തുമ്മാരുകുടി.
ഇനിയിപ്പോള്‍ ചോറ് ഒഴിവാക്കിയാലും പ്രശ്‌നം തീരുന്നില്ലെന്നതാണ് പുതിയ പ്രശ്‌നം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനും പഌനമറി ഹെല്‍ത്ത് അലയന്‍സിന്റെ ഡയറക്ടറുമായ സാമുവല്‍ മലയേഴ്‌സ് ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിസര്‍ച്ച് പേപ്പര്‍ പ്രകാരം 2050-ഓടെ ചോറിലെ വൈറ്റമിന്‍ ബി-യുടെ അംശം 17 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയുമത്രേ. ഇതോടെ ചോറിലുള്ള ഫോളേറ്റ് (ബി9), തയാമിന്‍ (ബി2), റൈബോ ഫ്‌ളേവര്‍ (ബി2) എന്നിവ ക്രമാനുഗതമായി അപ്രത്യക്ഷമാകും. കാലാവസ്ഥ വ്യതിയാനവും ഗ്രീന്‍ഹൗസ് ഗ്യാസുമൊക്കെയാണ് വില്ലന്‍.

അരി ഉള്‍പ്പെടെ, നമ്മുടെ ആഹാരത്തിലെ പോഷകമൂല്യം നമുക്ക് അന്യമാവുമോ? അത്തരമൊരു ഭീകര ദുരന്തം അതിവിദൂരത്തല്ലാതെ സംഭവിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ആഗോളതാപനത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന ഈ ഭീകരാവസ്ഥ വരുന്ന മൂന്നു പതിറ്റാണ്ടിനുള്ളില്‍ മാനവരാശിയെ കാര്യമായി തന്നെ ബാധിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ ക്രമാതീതമായ വര്‍ദ്ധനവാണ് ഭക്ഷണത്തിലെ പ്രോട്ടീനുകളെ ഇല്ലാതാക്കുന്നത്. ധാന്യവിളകളിലാണ് പ്രതിസന്ധി രൂക്ഷമാകാന്‍ പോകുന്നത്. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ ധാന്യമണികളിലെ ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെയും അംശത്തില്‍ വലിയ വ്യത്യാസമാണത്രേ സംഭവിക്കുന്നത്. ഇത് ധാന്യമണികളുടെ കാര്യത്തില്‍ മാത്രമാണെന്നു കരുതണ്ട. പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിധത്തില്‍ പ്രോട്ടീന്‍ ശോഷണം വര്‍ദ്ധിച്ചേക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വികസിത രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇക്കാര്യം ചര്‍ച്ച  ചെയ്യാനായി അടുത്ത വര്‍ഷം പ്രത്യേക യോഗം വിളിക്കുന്നുണ്ട്.
ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ പുറന്തള്ളല്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു വശത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ മറുവശത്ത് നിലനിലപ്പിന്റെ ആവശ്യഘടകമെന്നു കരുതി പോരുന്ന വൈറ്റമിനുകളുടെയും പ്രോട്ടീനുകളുടെയും അഭാവം സൃഷ്ടിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ. 2050 ആകുമ്പോഴേയ്ക്കും കോടിക്കണക്കിനു മനുഷ്യരിലേക്കാണ് ഈ പ്രോട്ടീന്‍ അഭാവം വലിയ പ്രശ്‌നം സൃഷ്ടിക്കാനൊരുങ്ങുന്നത്. പ്രധാന ഭക്ഷണമായ അരി, ഗോതമ്പ് എന്നിവയിലെ ധാതുശോഷണം വികസ്വര- മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളെ മാത്രമല്ല, ഒന്നാംകിട ഭക്ഷണം മാത്രം കഴിച്ചു കഴിയുന്ന വികസിത രാജ്യങ്ങളിലെ സമൂഹത്തെയും പിടിച്ചുലയ്ക്കുക തന്നെ ചെയ്യും. പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ഹരിതവാതകങ്ങളുടെ പുറന്തള്ളില്‍ ഏതാണ്ട് 40 ശതമാനത്തോളം ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു പരിസ്ഥിതിയെ മാത്രമല്ല ഭക്ഷ്യസുരക്ഷയെ തന്നെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ജനീവ സമ്മേളനത്തിലെ പ്രധാന വിഷയവും ഇതു തന്നെയായിരുന്നു. എന്നാല്‍, പരിസ്ഥിതിയും ഭക്ഷ്യസുരക്ഷയും തമ്മിലുള്ള ബന്ധം ഉയര്‍ത്തിയ വാദത്തെ ശാസ്ത്രലോകം ഇന്നും കാര്യമായി പിന്തുണക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പോഷകാഹാര കുറവിന്റെ കറുത്തപാടുകള്‍ ഇപ്പോള്‍ തന്നെ ആഫ്രിക്കുടെ ഇരുണ്ട രാജ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സൊമാലിയയും സുഡാനും എത്യോപിയയും അടക്കം ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പോഷക ആഹാരക്കുറവിനെ യുഎന്‍ ഇന്നു നേരിടുന്നത് കൃത്രിമമായി ഉത്പാദിപ്പിക്കുന്ന വൈറ്റമിന്‍ മരുന്നുകള്‍ കൊണ്ടാണ്. എന്നാല്‍ ആഗോള താപനം തകര്‍ത്തെറിയുന്ന ആഗോള ആവാസ വ്യവസ്ഥതിയെ സംരക്ഷിച്ചു കൊണ്ടു ഒരു പരിസ്ഥിതി ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ വാദത്തെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അനുകൂലിക്കുന്നുമില്ല. അതാണ് പ്രതിസന്ധി അതിരൂക്ഷമാക്കുന്നത്. വരുന്ന തലമുറയെ കാര്യമായി ബാധിക്കുന്ന ഈ പ്രതിസന്ധി രണ്ടുപതിറ്റാണ്ടുകള്‍ക്ക് ശേഷം കുട്ടികളെ/സ്ത്രീകളെ മുതല്‍ക്കാണ് ബാധിച്ചു തുടങ്ങുന്നത്. കാര്യമായ പോഷകങ്ങള്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഏകദേശം മൂന്നു ലക്ഷത്തോളം നവജാത ശിശുക്കള്‍ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നാണ് കണക്കുകള്‍. ആറു ലക്ഷത്തോളം പേര്‍ക്ക് ധാതുലവണങ്ങളുടെ അഭാവം മൂലം ജീവന്‍ നഷ്ടപ്പെടും. അതിലുമേറെയാണ് രോഗങ്ങള്‍ പിടിയില്‍ അകപ്പെട്ട് ദുരിതമനുഭവിക്കാന്‍ പോകുന്നത്. ഇതാവട്ടെ ലോകത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തന്നെ കാര്യമായി ബാധിച്ചേക്കുമെന്നും ഭയപ്പെടേണ്ടിയിരിക്കുന്നു. പോഷക ആഹാര ദൗര്‍ബല്യം മൂലം മാനുഷിക ഉത്പാദനത്തിന്റെ ചെറിയ ഘട്ടം മുതല്‍ വലിയ പ്രത്യാഘാതം സംഭവിച്ചേക്കും. തൊഴില്‍ ചെയ്യാന്‍ ആളെ കിട്ടാതെ വരുന്നതു മൂലം വികസിത രാജ്യങ്ങളില്‍ സംഭവിക്കാന്‍ പോകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. അതിനെ അതിജീവിക്കാനുള്ള ശേഷി കമ്പ്യൂട്ടറുകള്‍ക്കും റോബോട്ടുകള്‍ക്കും ഉണ്ടാവുകയുമില്ല.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കാര്യമായ ഉത്പാദനമാണ് ലോകത്തിന്റെ പ്രകൃതിവിഭവങ്ങളെ ഇല്ലാതാക്കുന്നത്. സ്വാഭാവിക/തനതു പ്രകൃതി വളര്‍ച്ചയെയാണ് ഇതു നശിപ്പിക്കുന്നത്. ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന അറുപതു ശതമാനത്തോളം പ്രോട്ടീനുകള്‍ ഇല്ലാതാകുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ ലോകം നേരിടാന്‍ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഏകദേശമൊരു ധാരണ കിട്ടും. ആഗോള ജനസംഖ്യയുടെ രണ്ടു ശതമാനം പേരെ നേരിട്ടും പത്തു ശതമാനത്തോളം പേരെ പരോക്ഷമായും ബാധിക്കുന്ന പ്രശ്‌നമാണിത്. ഭക്ഷ്യസുരക്ഷ എന്നത് വെല്ലുവിളിയില്‍ നിന്നും വലിയ ജീവന്‍ മരണ പ്രശ്‌നത്തിലേക്കാണ് മുന്നേറുന്നത്.

ഇവിടെ എടുത്തു പറയേണ്ട കാര്യം, ഇന്ത്യ അടക്കമുള്ള കാര്‍ഷിക രാജ്യങ്ങളാണ് വലിയ വിപത്ത് നേരിടേണ്ടി വരുന്നത് എന്നതാണ്. ഇന്ത്യയും ചൈനയും ഉത്പാദിപ്പിക്കുന്ന കാര്‍ഷികവസ്തുക്കള്‍ അവിടുത്തെ ജനങ്ങള്‍ക്ക് തന്നെ മതിയാകാതെ വരുന്ന ഒരു സാഹചര്യമാണ് അടുത്ത മൂന്നു പതിറ്റാണ്ടിനുള്ളില്‍ സംഭവിക്കുന്നത്. അതു തന്നെ പോഷകാഹാരമില്ലാത്ത ആഹാരവസ്തുക്കള്‍ കൂടിയാണെങ്കിലോ, ഓര്‍ക്കുക നമ്മുടെ രാജ്യത്തിന്റെ ഭാവി എവിടെ പോയി നില്‍ക്കും. നാം ഇപ്പോഴും മോട്ടോര്‍ വാഹനങ്ങളും ഏസിയും ഫ്രിഡ്ജും നമ്മുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ഭാവി തലമുറ അതിനെ കാണുന്നത് ജീവന്മരണ പോരാട്ടത്തിന്റെ നേര്‍ ബോംബുകള്‍ എന്ന രീതിയിലാവും. അതിനു വേണ്ടി നാം ഉള്‍പ്പെടുന്നവര്‍ പ്രതിരോധത്തിന്റെ പുതിയ നാമ്പുകള്‍ പുഷ്പിച്ചെടുത്തേ തീരൂ. ഇല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നിലാവും എല്ലും തോലുമായ ഒരു മനുഷ്യജീവന്‍ പിടിഞ്ഞു മരിക്കുന്നത് നമുക്ക് കാണേണ്ടി വരുന്നത്.

മറ്റ് എന്തൊക്കെ ഇല്ലാതായാലും ചോറില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് മലയാളിക്ക് ആലോചിക്കാനേ വയ്യ. ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും കുത്തരിച്ചോറും ഇത്തിരി പുളിശേരിയും മീന്‍ക്കറിയും കൂട്ടി ഭക്ഷണം കഴിക്കുന്നതാണ് അതിന്റെ ഒരു സുഖം. ആ ഒരു നിര്‍വൃതി ഒന്നു വേറെയൊന്നു തന്നെയാണ്. നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഇല്ലെങ്കില്‍ രാവിലെ പഴങ്കഞ്ഞിയും ഉച്ചയ്ക്ക് ചോറും വൈകിട്ടു കഞ്ഞിയും പയറും കഴിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പരമസുഖമെന്നു കരുതുന്നവരാണ് മലയാളികള്‍. ആ മലയാളിയുടെ നെഞ്ചത്താണ് പുതിയ വാര്‍ത്ത ഇടിത്തീ പോലെ വീണിരിക്കുന്നത്. സ്വന്തമായി അരിയില്ലെങ്കിലും ഭൂമിയിലെവിടെയെങ്കിലും ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ അവിടെ നിന്ന് എത്ര വില കൊടുത്താണെങ്കിലും ഇറക്കുമതി ചെയ്തു കഴിക്കുന്ന മലയാളിക്ക് ഇനി അതില്‍ പോഷകങ്ങള്‍ ഇല്ലെന്നു പറഞ്ഞാലും വിടുന്ന മട്ടു കാണുന്നില്ല. മലയാളി ഓക്‌സിജന്‍ ഇല്ലെങ്കിലും ജീവിക്കും, ചോറില്ലാതെ കഴിയാനാകുമോ എന്നത് അല്‍പ്പം അതിശയോക്തിയാണെങ്കിലും അതില്‍ അല്‍പ്പം യാഥാര്‍ത്ഥ്യമുണ്ടു താനും. ചോറും മലയാളിയും തമ്മിലുള്ള നാഭീനാള ബന്ധത്തെ ഏതൊക്കെ തരത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചാലും അതിലൊന്നും മലയാളി വീഴില്ലെന്നത് മറ്റൊരു സത്യം!

പോഷകങ്ങളില്ലാത്ത ഭക്ഷണക്രമം, നമ്മുടെ ഭാവി തുലാസില്‍?  (പകല്‍ക്കിനാവ് 163- ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
JACOB EASO 2019-08-29 10:12:32
ഉണ്ട ചോറിനു നന്ദി! 
ഉണ്ണാത്ത ചോറിനും നന്ദി!
മുന്നറിയിപ്പിനും നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക