Image

നഴ്‌സുമാരുടെ സമരവും മിത്രങ്ങളുടെ നിശബ്‌ദതയും

Published on 05 May, 2012
നഴ്‌സുമാരുടെ സമരവും മിത്രങ്ങളുടെ നിശബ്‌ദതയും
ഫിലാഡല്‍ഫിയ: വൈദ്യശാസ്‌ത്രത്തിന്റെ ബാലപാഠങ്ങള്‍ നഴ്‌സുമാരില്‍ നിന്നാണ്‌ പഠിച്ചതെന്നും എക്കാലവും അവരോട്‌ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും പെന്‍സില്‍വേനിയ ഹെല്‍ത്ത്‌ സെക്രട്ടറി ഡോ. എലൈ അവില. പ്രൈമറി ഹെല്‍ത്ത്‌ കെയര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ എല്ലാവരുടേയും സേവനം സ്റ്റേറ്റിന്‌ ആവശ്യമാണെന്നും ന്യൂയോര്‍ക്കില്‍ ഡോക്‌ടറായും അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പറഞ്ഞു.

പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ ഓര്‍ഗൈസേഷന്റെ (പിയാനോ) നഴ്‌സസ്‌ ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ വര്‍ധിച്ചുവരുന്ന ചെലവുകള്‍, മാറാരോഗം ബാധിച്ചു കിടക്കുന്നവരുടെ ചികിത്സ എന്നിവയെല്ലാം മെഡിക്കല്‍ രംഗം നേരിടുന്ന പ്രശ്‌നങ്ങളാണ്‌. നഴ്‌സുമാരുടെ ശാക്തീകരണം
ഉണ്ടാവുന്നതിനു പുറമെ നഴ്‌സുമാര്‍ ഹെല്‍ത്ത്‌ കെയര്‍ പ്ലാനിംഗില്‍ മുന്നിട്ടിറങ്ങി അര്‍ഹമായ അംഗീകാരം നേടുകയും വേണം- അദ്ദേഹം പറഞ്ഞു.

പോലീസിന്റേയും നഴ്‌സുമാരുടേയും ജോലി പലപ്പോഴും സമാനതകളുള്ളതാണെന്ന്‌ ഫിലാഡല്‍ഫിയ പോലീസ്‌ കമ്മീഷണര്‍ ചാള്‍സ്‌ റാംസി പറഞ്ഞു. ദീര്‍ഘനേരം ജോലി ചെയ്യുന്നവരാണ്‌ നിങ്ങളും. തന്റെ അമ്മ നഴ്‌സായിരുന്നു. ചിക്കാഗോയില്‍ ആശുപത്രിയുടെ അന്തരീക്ഷത്തില്‍ ജീവിച്ച താന്‍ പ്രീ മെഡിസിന്‌ ചേര്‍ന്നതാണ്‌. അവിടെ നിന്നാണ്‌ പോലീസില്‍ എത്തിയത്‌.

വെടിയേറ്റ സുഹൃത്തിനെ അന്വേഷിച്ച്‌ ആശുപത്രയിലെത്തിയ താന്‍ അവിടെ കണ്ട നഴ്‌സിനെയാണ്‌ പിന്നീട്‌ ജീവിതസഖിയാക്കിയത്‌. 27 വര്‍ഷം കഴിഞ്ഞിട്ടും ആ ബന്ധം തുടരുന്നു. നഴ്‌സുമാരുടെ സേവനങ്ങള്‍ക്ക്‌ എത്ര നന്ദി പറഞ്ഞാലും അധികമാവില്ല- അദ്ദേഹം പറഞ്ഞു.

എളിയ നിലയില്‍ ഏഴുവര്‍ഷം മുമ്പ്‌ തുടങ്ങിയ പിയാനോയുടെ വളര്‍ച്ച പ്രസിഡന്റ്‌ ബ്രിജീറ്റ്‌ വിന്‍സെന്റ്‌ വിവരിച്ചു. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ്‌ മെയ്‌ 6 മുതല്‍ 12 വരെ നഴ്‌സസ്‌ വാരം ആചരിക്കുന്നത്‌. പിയാനോയ്‌ക്ക്‌ ഇവിടെ മാത്രമല്ല ഇന്ത്യയിലേയും നഴ്‌സുമാരുടെ നന്മയ്‌ക്കായി കഴിയാവുന്നത്ര പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌.

ജനിച്ചുവീഴുന്ന കുഞ്ഞ്‌ ആദ്യം കാണുന്ന മുഖം നഴ്‌സിന്റേതും, ആദ്യ സ്‌പര്‍ശനം നഴ്‌സിന്റേതുമാണെന്ന്‌ ഇന്ത്യന്‍ നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഉഷാ കൃഷ്‌ണകുമാര്‍ പറഞ്ഞു. പിന്നീടാണ്‌ കുട്ടിയെ അമ്മയ്‌ക്ക്‌ കൈമാറുന്നത്‌. എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരമോ അര്‍ഹമായ വേതനമോ ഇപ്പോഴും ഇന്ത്യയില്‍ നഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്നില്ല.
യാദൃശ്ചികമായാണ്‌ താന്‍ നഴ്‌സുമാരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്നത്‌. തുടര്‍ന്ന്‌ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ്‌ പിടിച്ചുവയ്‌ക്കുന്നതിനെതിരേ കേസ്‌ കൊടുത്തു. ഇതേ അവശ്യത്തിന്‌ പിയാനോയും കേസുകൊടുത്ത കാര്യം പിന്നീടറിഞ്ഞു. നഴ്‌സുമാരുടെ സമരങ്ങളില്‍ സഹകരിക്കാനായി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ ഇന്ത്യയില്‍ വന്നതും താന്‍ അനുസ്‌മരിക്കുന്നു. ഭാവിയില്‍ നഴ്‌സുമാരുടെ വലിയ കുറവ്‌ ഉണ്ടാവുമെന്നാണ്‌ താന്‍ കരുതുന്നത്‌.

സമരങ്ങളും കേസുകളും മൂലം
ഇന്ത്യയില്‍ നഴ്‌സിംഗ്‌ രംഗത്ത്‌ വലിയ മാറ്റം ഉണ്ടാവുമെന്നവര്‍ പിന്നീട്‌ പറഞ്ഞു. വിദേശങ്ങളിലേക്കുള്ള വാതില്‍ നഴ്‌സുമാര്‍ക്ക്‌ അടയുകയാണ്‌. അതിനാല്‍ ഇന്ത്യയില്‍ തന്നെ മാന്യമായ ജോലിയും വേതനവും അവര്‍ക്ക്‌ ഉണ്ടാവേണ്ടതാണ്‌.

ക്രിസ്‌തുവിന്റെ ജീവിതകാലത്ത്‌ രോഗികള്‍ക്ക്‌ സൗഖ്യമേകിയത്‌ ഫാ. ജോസ്‌ മേലേപ്പുറം അനുസ്‌മരിച്ചു. അതേ ദൗത്യം വഹിക്കുന്നവരാണ്‌ നഴ്‌സുമാരും. സമൂഹത്തിന്‌ ലഭിച്ച
വരദാനമാണു അവര്‍.

ശത്രുവിന്റെ അട്ടഹാസമല്ല, മിത്രത്തിന്റെ നിശബ്‌ദതയാണ്‌ തന്നെ വേദനിപ്പിക്കുന്നതെന്ന ചൊല്ല്‌ ഡോ. എം.വി. പിള്ള അനുസ്‌മരിച്ചു. നഴ്‌സുമാര്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ ഡോക്‌ടര്‍മാര്‍ അടക്കമുള്ള മറ്റ്‌ പ്രൊഫഷണലുകള്‍ അര്‍ഹമായ പിന്തുണ നല്‍കിയതായി കണ്ടില്ല. നഴ്‌സുമാര്‍ കൂടുതല്‍ ശമ്പളം പറ്റുന്നുവെന്നും മറ്റുമുള്ള വിമര്‍ശനങ്ങളെ ശക്തിപൂര്‍വ്വം നേരിടണം. ഇവിടെയും രണ്ടാംകിടക്കാരായി നില്‍ക്കാതെ എല്ലാവരുടേയും ആദരവ്‌ നേടിയെടുക്കാന്‍ കഴിയണം. അദ്ദേഹം പറഞ്ഞു.

നഴ്‌സിംഗ്‌ രംഗത്തെ അനുഭവങ്ങള്‍ പങ്കുവെച്ച റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ രാഷ്‌ട്രീയ രംഗവും സേവനത്തിന്റെ മറ്റൊരു മുഖമാണെന്ന്‌ ചൂണ്ടിക്കാട്ടി.

മലയാളി സമൂഹത്തിലെ നട്ടെല്ലായി നില്‍ക്കുന്ന വിഭാഗമാണ്‌ നഴ്‌സുമാരെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രസ്‌താവിച്ചു. നമ്മുടെ സമൂഹം അവരോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു. ഫോമയുടെ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യിലേക്ക്‌ ഊരാളില്‍ എല്ലാവരേയും സ്വാഗതം ചെയ്‌തു.

ഓര്‍മ്മ പ്രസിഡന്റ്‌
ജോസ് ആറ്റുപുറം, ട്രൈസ്റ്റേറ്റ്‌ കേരള ഫോറം പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌, ഫാ. സന്തോഷ്‌ മാത്യു എന്നിവരും പ്രസംഗിച്ചു.

പിയാനോ വൈസ്‌ പ്രസിഡന്റ്‌ റോസി പടയാറ്റില്‍,
ലൈലാ മാത്യു, ജോര്‍ജ്‌ നടവയല്‍, സൂസന്‍ സാബു, ബ്രിജിറ്റ്‌ ജോര്‍ജ്‌, മറിയാമ്മ ഏബ്രഹാം, അമ്മുക്കുട്ടി ഗീവര്‍ഗീസ്‌, വത്സമ്മ തട്ടാര്‍കുന്നേല്‍ , മേരി ഏബ്രഹാം, മറിയാമ്മ തോമസ്‌, ടീന ചെംബ്ല, മോളി രാജന്‍, ആലീസ്‌ ആറ്റുപുറം, സലോമി പൗലോസ്‌, ലീലാമ്മ ഡൊമിനിക്‌ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കുകയും, അതിഥികളെ പരിചയപ്പെടുത്തുകയും ചെയ്‌തു.

ചടങ്ങില്‍ വെച്ച്‌ ഫിലാഡല്‍ഫിയ ഫ്രീഡം അവാര്‍ഡ്‌ ഉഷാ കൃഷ്‌ണകുമാറും, വിന്‍സെന്റ്‌ ഇമ്മാനുവേലും കമ്മീഷണര്‍ ചാള്‍സ്‌ റാംസിയില്‍ നിന്നും ഏറ്റുവാങ്ങി. മറ്റൊരു അവാര്‍ഡ്‌ ജേതാവായ ആന്റോ ആന്റണി എം.പി ചടങ്ങില്‍ വരികയുണ്ടായില്ല.

സമ്മേളനത്തിന്‌ തിരി തെളിയിച്ചത്‌ അസോസിയേഷന്‍ അംഗങ്ങള്‍ തന്നെയാണ്‌.
(see photos at: http://emalayalee.com/varthaFull.php?newsId=19403
നഴ്‌സുമാരുടെ സമരവും മിത്രങ്ങളുടെ നിശബ്‌ദതയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക