Image

ഈ ഇട്ടിമാണി വേറെ ലെവലാണ്

Published on 07 September, 2019
ഈ ഇട്ടിമാണി വേറെ ലെവലാണ്
കഥാപരിസരവും കഥാപാത്രങ്ങള്‍ തൃശൂര്‍ ഭാഷ സംസാരിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ ഇതി#ു മുമ്പും വിജയിച്ച ചരിത്രമാണുള്ളത്. മോഹന്‍ലാലും സുമലതയും ഒരുമിച്ച തൂവാനത്തുമ്പികളും മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടനുമെല്ലാം ഇത്തരത്തില്‍ തൃശൂര്‍ ഭാഷയുടെ പ്രത്യേകമായ സംഭാഷണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയും പ്രിയങ്കരമാവുകയും ചെയ്ത ചിത്രങ്ങളാണ്. ഇട്ടിമാണിയും ആ ഗണത്തില്‍ പെടുന്ന ചിത്രം തന്നെ. അതോടൊപ്പം വാര്‍ധക്യത്തില്‍ മാതാപിതാക്കളെ ഏതെങ്കിലും ആരാധനാലയത്തിന്റെ മുന്നില്‍ നടതള്ളുന്നവര്‍ക്കുള്ള ശക്തമായ ഒരു സന്ദേശം കൂടി ഈ ചിത്രം പറയുന്നു.
 
വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയിലേക്ക് കുടിയേറിയ ഇട്ടിമാത്തന്റെ ഒറ്റമകനാണ് മാണിക്കുന്നത്ത് ഇട്ടിമാണി. ഇട്ടിമാണി ജനിച്ചതും വളര്‍ന്നതും ചൈനയിലാണ്. ഇപ്പോള്‍ ആള്‍ നാട്ടിലെത്തിയിരിക്കുന്നു. അമ്മയോടൊപ്പമാണ് താമസം. തൃശൂര്‍ കുന്നംകുളത്ത്. പണം നേടാന്‍ ഇട്ടി മാണി എന്തും ചെയ്യും. അമ്മയുടെ ഓപ്പറേഷന്റെ കമ്മീഷന്‍ പോലും ഡോക്ടറുടെ അടുത്തു നിന്ന് ചോദിക്കുന്ന തരത്തിലുള്ള സ്വഭാവമാണ് ഇട്ടിമാണിയുടേത്. ഒരിജിനലിനെ വെല്ലുന്ന വ്യാജന്‍ ഉണ്ടാക്കുന്നയാളാണ് ഇട്ടിമാണി. നാട്ടിലെത്തിയ ഇട്ടിമാണി അവിടെയും തന്റെ നമ്പറുകളുമായി മുന്നേറുകയാണ്.  അമ്മ തെയ്യാമ്മയും അവരുടെ സുഹൃത്തുക്കളുമാണ് ഇട്ടിമാണിയ്ക്ക് അടുപ്പം.  അവരുമായിട്ടാണ് അയാളുടെ ചങ്ങാത്തം. അയല്‍പക്കത്തുള്ള സുഗുണനും സൈനും പിന്നെ പ്‌ളാമൂട്ടില്‍ അന്നമ്മ ഇത്രയും പേരുമായിട്ടാണ് ഇട്ടിമാണിയുടെ ചങ്ങാത്തം.

കാര്യമിങ്ങനെയൊക്കെ ആണെങ്കിലും ഇട്ടിമാണിക്ക് കെട്ടുപ്രായം കഴിഞ്ഞിട്ടും നല്ലൊരു പെണ്ണിനെ കണ്ടെത്തി കല്യാണം കഴിപ്പിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടം തെയ്യാമ്മയ്ക്കുണ്ട്. എന്നാല്‍ ഇട്ടിമാണി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. കല്യാണം കഴിക്കാനായി ഇട്ടിമാണി തിരഞ്ഞെടുത്ത പെണ്ണു തന്നെയാണ് എല്ലാവരും ഞെട്ടാന്‍ കാരണം. അതിന്റെ പിന്നിലെ കാര്യവും കാരണവും തേടിയാണ് യാത്രയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പിന്നീട് പറയുന്നത്.

കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഇട്ടിമാണിയായി ലാല്‍ കസറിയെന്നു പറയാതെ വയ്യ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള മാര്‍ഗംകളി. ലാലിന്റെ ഓരോ ചുവടിനും പ്രേക്ഷകര്‍ കൈയ്യടിക്കുന്നു. പണത്തിനു വേണ്ടി ഇട്ടിമാണി കാട്ടിക്കൂട്ടുന്ന കാര്യങ്ങളും അതിന്റെ ചില്ലറ നമ്പരുകളും നര്‍മ്മങ്ങളുമായി മറ്റുമായി ആദ്യ പകുതി രസകരമായി പോകുന്നുണ്ട്. ഇതിനിടെ അമ്മയും മകനും തമ്മിലുളള രസകരവും ആഴമേറിയ ആത്മബന്ധവും ചിത്രത്തില്‍  കാട്ടിത്തരുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും ആകാംക്ഷഭരിതമായ നിമിഷത്തിലാണ് ആദ്യ പകുതി ഗംഭീരമായി അവസാനിക്കുന്നത്. കൊമേഴ്‌സ്യല്‍ സിനിമകളില്‍ കാണുന്ന തരത്തിലുള്ള ആക്ഷനോ, ദൈര്‍ഘ്യമേറിയ ഡയലോഗുകളോ ഒന്നും ഇട്ടിമാണിയില്‍ ഇല്ല. എങ്കിലും ഇന്നത്തെ പ്രേക്ഷകന് ആവശ്യമുള്ള എല്ലാം ചേര്‍ത്ത് വിജയഫോര്‍മുലയില്‍ തന്നെ ചിത്രമെടുക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞു. തിരക്കഥയില്‍ അല്‍പം വീഴ്ചകള്‍ വന്നെങ്കിലും കഥയുടെ രസത്തില്‍ പലപ്പോഴും അത് അറിയുന്നില്ല.

കെ.പി.എ.സി ലളിതയും മോഹന്‍ലാലും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകള്‍ എല്ലാം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പോന്നതാണ്. പ്രത്യേകിച്ച് ചൈനീസ് സംഭാഷണ രംഗങ്ങള്‍. പള്ളി വികാരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖ്, കൂടാതെ സലിം കുമാര്‍, അജുവര്‍ഗീസ്, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന രംഗങ്ങളാണ് പലതും. ചിത്രത്തില്‍ നായികയായി എത്തുന്ന ഹണി റോസ്, മാധുരി എന്നിവര്‍ക്ക് കഥയില്‍ വലിയ പ്രാധാന്യമില്ല. വെറുതേ വന്നു പോകുന്നുവെന്നു മാത്രം. രാധിക ശരത് കുമാര്‍ പതിവു പോലെ മികച്ച അഭിനയവുമായി മുന്നിട്ടു നില്ക്കുന്നു. സംഗീതം ശരാശരിയാണ്. ഷാജി കുമാറിന്റേതാണ് ഛായാഗ്രഹണം.

നവാഗത സംവിധായകരായ  ജിബിയും ജോജുവും മലയാള പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണെന്നു തെളിയിച്ചു. തുടക്കക്കാരുടെ പതര്‍ച്ച ഒരിടത്തും കാണുന്നില്ല.  ഓണക്കാലത്ത് ആഘോഷമായി കാണാന്‍ പോകാവുന്ന ആസ്വദിച്ചു കാണാനാകുന്ന സിനിമയാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.

ഈ ഇട്ടിമാണി വേറെ ലെവലാണ്  ഈ ഇട്ടിമാണി വേറെ ലെവലാണ്  ഈ ഇട്ടിമാണി വേറെ ലെവലാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക