Image

പടിയിറക്കം (കവിത: ഗംഗ ദേവി. ബി)

Published on 10 September, 2019
പടിയിറക്കം (കവിത: ഗംഗ ദേവി. ബി)
പൂട്ടിയ വാതിലിനും
കൊട്ടിയടച്ച ജനലുകള്‍ക്കും
പലതും പറയാന്‍ കാണില്ലേ ?

ഓരോ പടിയിറക്കവും
കൊത്തി നുറുക്കുന്ന
വേദന പകരുമ്പോള്‍
ഓര്‍മ ചില്ലയില്‍
ഓരോ ഇറക്കവും
ഓരോ ദുരന്തത്തിന്റെ
ബാക്കിപത്രമാകുമ്പോള്‍


തിരിഞ്ഞു നോക്കി
മൗനാനുവാദം തേടി
ഇനിയൊരിക്കലീ പടി
കയറില്ല എന്ന തിരിച്ചറിവില്‍
തലയാട്ടാനാവാതെ
മൂകരായി വാക്കുകള്‍
മൗനത്തില്‍ ഒളിപ്പിച്ച്
വിട എന്ന് മാത്രം മന്ത്രിച്ച്

എത്രയോ പടികള്‍ ഇറങ്ങി
ഇനിയും ഒരിറക്കമില്ലെന്ന്
മനസ്സില്‍ പറഞ്ഞുറപ്പിച്ച്
പക്ഷെ കയറ്റങ്ങള്‍
എന്തോ ഇറക്കത്തിനായ് മാത്രം
ചേര്‍ത്തു വച്ച പോലെ

ഓരോ വാതിലും ജനലും
പ്രതീക്ഷയോടെ നോക്കിയിരിക്കാം
ഈ കയറ്റത്തിന് ഒരിറക്കമില്ലെന്ന
ആശ്വാസ വചനം ശ്രവിയ്ക്കാന്‍

ഓടാമ്പലുകള്‍ തേങ്ങി കരയുമ്പോള്‍
ഇനിയും കാത്തിരിക്കാന്‍
വിധിക്കപ്പെട്ട കതകും ജനലും
വിതുമ്പുന്നതിന്റെ നോവ്
ഹൃത്തടത്തില്‍ ഒരശനിപാതം പോലെ.

പിന്‍വിളികള്‍ക്ക് കാത് നല്‍കാതെ
മൂടപ്പെട്ട കണ്ണുകളുമായി ഒരു പടിയിറക്കം
അതി വിദൂരമല്ലെന്ന തിരിച്ചറിവില്‍
ഇറക്കത്തിന്റെ ചവര്‍പ്പ് വേണ്ടുവോളം കുടിച്ച്
ശാന്തയായി  ഇറങ്ങട്ടെ ഈ പടികള്‍ വീണ്ടും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക