Image

മഞ്ചാടിമണികള്‍ (രമാ പ്രസന്ന പിഷാരടി, ബാംഗ്‌ളൂര്‍)

Published on 11 September, 2019
മഞ്ചാടിമണികള്‍ (രമാ പ്രസന്ന പിഷാരടി, ബാംഗ്‌ളൂര്‍)
ശ്രാവണത്തിന്റെ പൂക്കളമൊന്നിലായ്
പൂവ് തേടുന്ന സൂര്യ നീയല്ലയോ
ഗ്രാമബന്ധിതമീനഗരത്തിലായ്
ഭൂമിയോടോണമെന്നു പറയുന്നു

ബാല്യമോടിക്കളിച്ച ഗ്രാമങ്ങളില്‍
ആമ്പലിന്‍ പൂവിറുത്ത പാടങ്ങളില്‍
ചെങ്കദളികള്‍ പൂത്ത മലകളില്‍
തുമ്പകള്‍ തേടിയോടും തൊടികളില്‍

ജാലകത്തില്‍ ഋതുക്കള്‍ കുടമാറ്റി
വാനില്‍ നീലവിരിയേറ്റിയെത്തവെ
ഓണമുണ്ടായിരുന്നു കസവിന്റെ
നൂലിഴകളില്‍ നെയ്ത സ്വപ്നങ്ങളില്‍

ഓര്‍മ്മകളൊരൂഞ്ഞാല്‍പ്പടിയേറിയാ
സ്‌നേഹഭൂമിക ചുറ്റിവന്നീടവെ
പൂമരങ്ങളില്‍ ചിത്രശലഭങ്ങള്‍
പാറി വര്‍ണ്ണച്ചിറകുമായ് മുന്നിലായ്

 ശ്രാവണത്തിന്റെ സൂര്യ! മഴയുടെ
നൂപുരധ്വനി വീണ്ടുമുയരവെ
നാലുകെട്ടില്‍ പ്രളയം കവര്‍ന്നൊരു
ഓണഭൂമിയെ മെല്ലെയുയര്‍ത്തുക

എന്റെ പൂക്കളം ഗ്രാമാന്തരങ്ങളില്‍
വര്‍ണ്ണമാര്‍ന്ന് കുടനീര്‍ത്തിയെത്തവെ
മുന്നിലായ് നഗരങ്ങളാഘോഷത്തില്‍
എന്നുമോണമാണെന്നു പറയവെ

കണ്ണെഴുതിത്തുടുത്ത കുന്നിക്കുരു
കൈയിലേറ്റി നടന്നു നീങ്ങുന്നു ഞാന്‍
കണ്ണുനീര്‍ത്തുള്ളിപ്പുല്ലിന്നിടയിലായ്
കണ്ടിരുന്ന മഞ്ചാടിമണികളില്‍

കണ്ണുനീരിലോടക്കുഴല്‍ കേട്ടൊരു
പുണ്യമുണ്ടെന്ന് കാറ്റ് പറയവെ
ഇന്നൊരോണമുണരവെ മഞ്ചാടി
ക്കുന്നില്‍ ഞാനൊരു പൂക്കളം തീര്‍ക്കവെ

മെല്ലെമെല്ലെയിലപൊഴിക്കുന്നിതാ
മഞ്ഞു പോല്‍ മഴ പെയ്തു പോകുന്നിതാ
കണ്‍ തുറക്കവെ മഞ്ചാടിയേറ്റിയ
കൈകളൊന്നിലായ് വെണ്ണതന്‍  ഗന്ധമോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക