Image

ഓണം കഴിഞ്ഞു.ഒരു മംഗാളി ഓണം (ജയ് പിള്ള)

Published on 11 September, 2019
ഓണം കഴിഞ്ഞു.ഒരു മംഗാളി ഓണം (ജയ് പിള്ള)
അങ്ങിനെ ഒരു തിരുവോണ നാള്‍ കൂടി കടന്നു പോകുന്നു. മലയാളികള്‍ക്ക് എന്നും ആഘോഷങ്ങള്‍ ആണ്. അതില്‍ ഏറ്റവും പ്രധാനം ആണ് ഓണം. പുതു വസ്ത്രങ്ങള്‍,വിഭവ സമൃദ്ധമായ സദ്യ,ഇഷ്ടാനങ്ങള്‍ അങ്ങിനെയൊക്കെ നടത്തിയിരുന്ന ഓണം ഇന്ന് ഗൃഹോപകരണങ്ങള്‍,വിദേശ ടൂറുകള്‍,കാറ്ററിങ് സദ്യ വരെ ഒക്കെ ആയി നില്‍ക്കുന്നു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കാന്‍ അറിയാവുന്നവര്‍ വിരളം,അതിലും പരിമിതമായ സമയം മാത്രം. പ്ലാസ്റ്റിക് ഓണത്തപ്പന്‍,വാഴയില,പ്ലാസ്റ്റിക് അരി വരെ ഓണത്തിന് സുലഭം.അതും ഓണ്‍ലൈന്‍.
മലയാളികളേക്കാള്‍ കൂടുതല്‍ സന്തോഷത്തോടെ ഓണം ആദോഷിക്കുന്നത് ഇന്ന് ബംഗാളികള്‍ ആണെന്ന് തോന്നുന്നു.ഒരു തൂശന്‍ ഇലയില്‍ നിറയെ കേരള വിഭവങ്ങള്‍ നിമിഷനേരം കൊണ്ട് പാചകം ചെയ്യുവാന്‍ മിനിറ്റുകള്‍ മതി അവര്‍ക്കു.കുറച്ചു വര്ഷങ്ങള്‍ക്ക് മുന്‍പ് മാവേലിക്കരയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തു ഹരികൃഷ്ണയില്‍ കയറി നല്ല മസാല ദോശയും,വടയും കഴിച്ച ഓര്‍മ്മയുണ്ട്. അവിടെ അടുക്കളയില്‍ പാചകം മുതല്‍ ഓര്‍ഡര്‍ എടുക്കുന്നത് വരെ ബംഗാളി. വളരെ രുചികരമായ ഭക്ഷണം.ചില കള്ളുഷാപ്പുകളിലെ മീന്‍കറിയും,കപ്പയും ബീഫും വരെ പാചകം ചെയ്യുന്നത് ബംഗാളികള്‍.

കേരളത്തില്‍ ബംഗാളില്‍ നിന്നും വന്നു മലയാള ഭാഷ പഠനത്തില്‍ അവര്‍ മുന്നിട്ടു നില്കുന്നു.തിരുവോണ പരിപാടികള്‍ ചില ചാനലുകളില്‍ കണ്ടപ്പോള്‍ അതിശയം തോന്നി.അവതാരികമാര്‍ മലയാളം പല്ലു കോട്ടയ്ക്കകത്തു നാക്കിനെ തടവയില്‍ ആക്കി സംസാരിയ്ക്കുന്നു. മലയാള സാഹിത്യ പ്രവര്‍ത്തകര്‍ പിഎസ്‌സി പരീക്ഷകള്‍ മലയാളീകരിയ്ക്കാന്‍ കുത്തിയിരുപ്പ് നടത്തിയ ഓണനാളില്‍ ബംഗാളി മലയാളം നന്നായി എഴുതുന്നു സംസാരിയ്ക്കുന്നു. മലയാളി മംഗ്‌ളീഷ് പരിപാടികള്‍ നടത്തി കോമഡി ഷോകള്‍,മുഖാമുഖം പരിപാടികളില്‍ ഒക്കെ അരങ്ങു തകര്‍ക്കുന്നു.

മലയാളിയ്ക്ക് മഞ്ഞകറികള്‍ ഒരുക്കുന്ന അന്യദേശ തൊഴിലാളികള്‍ കൂട്ടത്തില്‍ മലയാളി മലയാളത്തിന് തീര്‍ത്ത മഞ്ചല്‍ മനസ്സില്‍ ചുമക്കുന്നു (നെഞ്ചോട് ഏറ്റുന്നു). ബംഗാളില്‍ ഇടതു രാഷ്ട്രീയം തകര്‍ന്നടിഞ്ഞു എങ്കിലും കേരളത്തിലെ ബംഗാളികളുടെ താമസസ്ഥലലങ്ങളുടെ ഭിത്തികളില്‍ ഇടതു ഭരിയ്ക്കുന്ന സഹകരണ സംഘങ്ങള്‍,ദേശാഭിമാനി മലയാളം കലണ്ടര്‍ പല തൊഴില്‍ ദാദാക്കള്‍ ആയ കരാറുകാരുടെ പേരുകള്‍ മലയാളത്തില്‍ രേഖപ്പെടുത്തി നമ്മെ നോക്കി ചിരിയ്ക്കുന്നു.
ബംഗാളി എന്ന് പറയുവാന്‍ നമുക്ക് മടി.അന്യദേശ തൊഴിലാളി.അന്യദേശങ്ങളില്‍ എന്നെയും മറ്റു പലരെയും പോലെ തൊഴില്‍ എടുക്കുന്ന പ്രവാസി,കുടിയേറ്റക്കാരന്‍,ഇമ്മിഗ്രന്റ് എന്ന നല്ല കേരളീയര്‍ നമുക്ക് വേണ്ടി സര്‍വം ചെയ്യാന്‍ അവന്‍/ അവള്‍ വേണം. പാടത്ത്, പറമ്പില്‍, അലക്കു കല്ലില്‍, ഇസ്തിരിയിടാന്‍, കല്ലു വെട്ടാന്‍, മണ്ണു കുഴയ്ക്കാന്‍, കമ്പി വളയ്ക്കാന്‍, അറബാനതള്ളാന്‍,ഓണം,വിഷു,ആണ്ടു പെരുന്നാള്‍,ക്രിസ്മസ്,ഈദ് നു ഒക്കെ തരാതരം വച്ച് വിളമ്പാന്‍, മരിപ്പിനു കുഴിവെട്ടാന്‍,മാവുമുറിയ്ക്കാന്‍,മഞ്ഞം ചുമക്കാന്‍,അത് വീഡിയോയില്‍ പകര്‍ത്താന്‍ വരെ എന്‍ആര്‍ഐ തൊഴിലാളിയായ (മുതലാളി) നമ്മുടെ തൊഴിലാളികള്‍.
തൊഴിലാളി സമത്വവും,അവകാശവും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ സമരം ചെയ്തു നേടിയെടുത്ത മലയാളി നാടും നഗരവും വിട്ടു.എന്നെ പോലെ തന്നെ. മറ്റുരാജ്യങ്ങളില്‍ പണിയെടുത്തു,നാട്ടില്‍ ഉള്ള ചെറുപ്പക്കാരെ വെറുതെ ഇരുത്തി. ഇന്ന് ഇന്ത്യയില്‍ മലയാളികളും,പഞ്ചാബികളും പാലായനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ആണ്. ലക്ഷകണക്കിന് തൊഴിലാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പണി എടുക്കുന്ന കേരളത്തില്‍ ലക്ഷകണക്കിന് മലയാളികള്‍ തൊഴില്‍ ഇല്ലായ്മ വേതനം കൈപ്പറ്റുന്നു. അപ്പൊ അന്യ സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്ന തൊഴിലുകള്‍ തൊഴില്‍ അല്ലെ? അപ്പൊ തിരിച്ചു നിങ്ങള്‍ ചോദിയ്ക്കും നിങ്ങളോ എന്ന്? (13 / 14 വയസ്സുമുതല്‍ കാര്‍ഷിക ജോലികള്‍ ചെയ്തു പഠനം കഴിഞ്ഞു നിരവധി വര്ഷം നാടിനു വേണ്ടി സേവനം ചെയ്തു എന്ന ഒരു ആത്മവിശ്വാസം എന്നില്‍ ഉണ്ട്).വെറുതെ നടന്നു തൊഴില്‍ ഇല്ലായ്മ വേതനം കൈപറ്റി അന്യദേശക്കാര്‍ക്കു തൊഴില്‍ നല്‍കുന്നവരെ കുറിച്ചാണ് പരാമര്‍ശം.

ഇന്നവര്‍ മലയാളം അറിയാവുന്ന,വായിയ്ക്കുന്ന,എഴുതുന്ന,അവരുടെ കുട്ടികള്‍ മലയാളം സ്കൂളില്‍ പഠിക്കുന്ന മലയാളികള്‍ ആണ്. അവര്‍ നമ്മെക്കാള്‍ നന്നായി മലയാളത്തെയും,കേരളത്തെയും അറിയുന്നു,സ്‌നേഹിക്കുന്നു,സമ്പാദിയ്ക്കുന്നു.ചെളിയും,മണ്ണും പുരണ്ട തറയില്‍ കിടന്നുറങ്ങിയും,അടുപ്പുകള്‍ വല്ലപ്പോഴും ഒക്കെ പുകയ്ക്കുകയും ചെയ്ത ആസാമിലും,ബംഗാളിലും,ഒറീസയിലും ഉള്ള ദരിദ്ര വോട്ടര്‍മാര്‍ അല്ല. കേന്ദ്ര സര്‍ക്കാര്‍ പണിതു നല്‍കിയ കംഫര്‍ട്ട് സ്‌റേഷനുകളെക്കാള്‍ മെച്ചമുള്ള ടോയ്‌ലറ്റുകള്‍,കേരളത്തിലെ ആദിവാസി മേഖലയിലെ മണ്വീടുകളേക്കാള്‍ നല്ല വീടുകള്‍ ഉള്ള ഭാഷയും,വിശ്വാസവും,ബന്ധങ്ങളും,തൊഴിലിന്റെ മഹത്വവും അറിയുന്നവര്‍ ആണ്. അവരില്‍ രാഷ്ട്രീയ ബോധവും,ഭരണ മികവും ഉള്ളവര്‍ ഉണ്ട്. കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ വരെ അന്യദേശക്കാര്‍ എന്ന് മുദ്രയടിച്ചു തൊഴില്‍ കാര്‍ഡുകള്‍ നല്‍കുമ്പോള്‍ മലയാളികളില്‍ നല്ലൊരു ശതമാനവും അന്യദേശ തൊഴിലാളികള്‍ മാത്രമാണ് എന്ന് സ്വയം അറിയണം. ഗള്‍ഫ്,അമേരിയ്ക്ക,ആസ്‌ട്രേലിയ,യുകെ,മലേഷ്യ,സിംഗപ്പൂര്‍ ഇങ്ങനെ ലോകത്തിന്റെ വിവിധകോണില്‍ അടിസ്ഥാന വേതനം കൈപ്പറ്റി തൊഴിലാളികള്‍ ആയി 60 ശതമാനത്തില്‍ അധികം മലയാളികള്‍ പ്രവാസി ആയി ഇടം പിടിയ്ക്കുന്നു. വെറും 5 ശതമാനം പോലും പ്രവാസി മലയാളികള്‍ ബിസിനസ്സ് ചെയ്തു മാത്രം വരുമാനം ഉണ്ടാക്കുന്നില്ല. ഇനി തൊഴില്‍ രഹിതര്‍ ആയ മലയാളി പ്രവാസികള്‍ 12 ശതമാനത്തിനും മേലെയാണ്. അമേരിയ്ക്ക,കാനഡ യൂറോപ്പ് ഇതില്‍ മുന്നില്‍ നില്കുന്നു.

മലയാളത്തിന് വേണ്ടി സാമൂഹിക നായകര്‍ കുത്തി ഇരിപ്പു സമരം ചെയ്യുമ്പോള്‍,തൊഴിലില്ലാത്തവര്‍ കേരളത്തില്‍ പെരുകുമ്പോള്‍,സാമ്പത്തീക മാന്ദ്യം അറപ്പുരയില്‍ ചിതല്‍ ആയി കയറുമ്പോള്‍,പ്രളയം പട്ടടകൂടി വിഴിങ്ങിയിട്ടും എല്ലാം നാം മലയാളികള്‍ തൊഴില്‍ തേടി പാലായനം ചെയ്യുന്നു. നമുക്ക് വേണ്ടി ,നമ്മുടെ മുറ്റത്തു തൊഴില്‍ ചെയ്യുന്ന മറ്റു ഭാഷക്കാരെ നമുക്കൊപ്പം തിരുത്തിയില്ല എങ്കിലും, അവരെ ഞങ്ങളെപ്പോലുള്ള പ്രവാസികള്‍ ആയെങ്കിലും മലയാളിയും,സര്‍ക്കാരും,രാഷ്ട്രീയ പ്രവര്‍ത്തകരും കാണണം. ഓണ നാളില്‍ എങ്കിലും മാവേലിയുടെ മഹത്വവും, ആ സങ്കല്‍പ്പവും നാം മറക്കുവാന്‍ പാടില്ലായിരുന്നു.

ഇനിയെങ്കിലും പ്രവാസി സംസ്കാരത്തില്‍ (അന്യദേശ തൊഴിലാളി ആയി ) കഴിഞ്ഞ നാലര പതിറ്റാണ്ടുകള്‍ ആയി ഉപജീവനം നടത്തുന്ന കേരള സമൂഹം ബംഗാളികള്‍,ആസാമികള്‍, ഒറീസ്സക്കാര്‍,തമിഴര്‍ രെ ഒക്കെ നമ്മെ പോലുള്ളവര്‍ ആയി കാണണം.അവര്‍ നമ്മളെപോലുള്ള സഖാക്കള്‍ ആണ്,സങ്കികള്‍ ആണ്,കൊങ്ങികള്‍ ആണ്. സഖാക്കള്‍ ആണ് ഭൂരിഭാഗവും.കൂലിക്കുറവില്‍. ബംഗാളികള്‍. അവരെ നിന്ദിച്ചും അവഗണിച്ചും കാണാതേയും മലയാളി നടന്നു. അവരും തൊഴിലാളികളെന്ന് തൊഴിലാളി പാര്‍ടികള്‍ അറിഞ്ഞില്ല. ആ സഖാക്കള്‍ വെറും സഖാക്കള്‍ അല്ല.പതിറ്റാണ്ടുകള്‍ ആയി ചെങ്കൊടി നെഞ്ചില്‍ ഏറ്റിയവര്‍ ആണ്. അവര്‍ക്കു ക്ഷേമനിധിയില്ല,പ്രളയ ആശ്വാസം ഇല്ല, ഓണം ഇല്ല,ഹോളി ഇല്ല. കിടപ്പാടം ഇല്ല.ഇതാണോ മാവേലിയുടെ സോഷ്യലിസം,? ഇതാണോ വിദേശത്തുനിന്നു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവിഭക്ത ഭാരതത്തില്‍ വിവിധ മത പ്രവാചകരെ,പ്രവര്‍ത്തകരെ,കച്ചവടക്കാരെ സ്വീകരിച്ച മലയാളിയുടെ ഓണ നാളുകള്‍.? മംഗാളി ഓണം ?!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക