Image

നെയ്യാറ്റിന്‍കരയിലും ഒഞ്ചിയം സിപിഎമ്മിനെ വേട്ടയാടും

ജി.കെ Published on 06 May, 2012
നെയ്യാറ്റിന്‍കരയിലും ഒഞ്ചിയം സിപിഎമ്മിനെ വേട്ടയാടും
കര്‍ഷകസമരത്തിന്റെ രണഭൂമിയായ ഒഞ്ചിയം ഒരിക്കല്‍ കൂടി സിപിഎമ്മിന്റെ നെഞ്ചിടിപ്പ്‌ കൂട്ടുന്നു. ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കരയുടെ പ്രചാരണ ചിത്രം ഒരിക്കല്‍കൂടി മാറ്റിവരയ്‌ക്കുകയാണ്‌. നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പ്രഖ്യാപിച്ചപ്പോള്‍ പ്രചാരണത്തിലെ മുഖ്യ അജണ്‌ടകളാകുമെന്ന കരുതിയിരുന്ന ലീഗിന്റെ അഞ്ചാം മന്ത്രിയും യുഡിഎഫ്‌ സര്‍ക്കാരിലെ സാമുദായിക സന്തുലനവും ശെല്‍വരാജിന്റെ അവസരവാദ നിലപാടുകളും ബാലകൃഷ്‌ണപിള്ള-ഗണേഷ്‌കുമാര്‍ തര്‍ക്കവുമെല്ലാം പിന്‍നരയിലേക്ക്‌ പോയിരിക്കുന്നു.

നെയ്യാറ്റിന്‍കരയിലെ കരയുദ്ധം ജയിച്ചു കയറാമെന്ന സിപിഎമ്മിന്റെ ആത്മവിശ്വാസത്തിനാണ്‌ ടി.പി.ചന്ദ്രശേഖരന്റെ ദാരുണ കൊലപാതകം മങ്ങലേല്‍പ്പിച്ചിരിക്കുന്നത്‌. മരണത്തിലും ചന്ദ്രശേഖരന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നു എന്ന്‌ ചുരുക്കം. സിപിഎം വിട്ട ഒരു വിമത നേതാവിന്റെ കൊലപാതകം എന്നതിലുപരി അത്‌ ചെയ്യാനായി കണ്‌ടെത്തിയ സമയവും രീതയുമാണ്‌ സിപിഎമ്മിനെ വേട്ടയടുന്നത്‌. വിജയം ഉറപ്പിച്ച്‌ കളി തുടങ്ങിയ സിപിഎമ്മിന്‌ സഡന്‍ ഡെത്തില്‍ കാലിടറുന്ന കാഴ്‌ചയാണ്‌ നെയ്യാറ്റിന്‍കരയില്‍ കാണാനാവുന്നത്‌.

ശെല്‍വരാജിന്റെ ചതിയെക്കുറിച്ച്‌ പറഞ്ഞ്‌ വാദിഭാഗത്തു നിന്നിരുന്ന സിപിഎം ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ പെട്ടെന്ന്‌ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കേണ്‌ടി വന്ന അവസ്ഥയിലാണ്‌ ഇപ്പോള്‍. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ സിപിഎം സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ ആവര്‍ത്തിച്ച്‌ ആണയിടുമ്പോഴും ജനമനസുകളിലെ സംശയങ്ങള്‍ക്ക്‌ ഇപ്പോഴും അറുതിയിയായിട്ടില്ല. ഇതുതന്നെയായിരിക്കും നെയ്യാറ്റിന്‍കരയില്‍ സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

നെയ്യാറ്റിന്‍കരയിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ്‌ സിപിഎം വിടുമ്പോള്‍ പറഞ്ഞത്‌ തന്റെ ജീവന്‌ ഭീഷണിയുള്ളതിനാലാണ്‌ ഒടുവില്‍ പാര്‍ട്ടി വിടാനുള്ള കടുത്ത തീരുമാമമെടുത്തത്‌ എന്നാണ്‌. യുഡിഎഫ്‌ നേതാക്കളുമായി നേരത്തെ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ കൂടുമാറ്റമെന്ന്‌ പിന്നീട്‌ വ്യക്തമായെങ്കിലും ശെല്‍വരാജിന്റെ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്‌ടായിരിക്കും യുഡിഎഫിന്റെ ഇനിയുള്ള പ്രചാരണമെന്നകാര്യത്തില്‍ രണ്‌ടഭിപ്രായമില്ല. പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ നിഷ്‌കാസനം ചെയ്യുക എന്നത്‌ സിപിഎം നയമായി യുഡിഎഫ്‌ ചിത്രീകരിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ഏറെ വിയര്‍പ്പൊഴുക്കേണ്‌ടിവരും.

ചന്ദ്രശേഖരന്റെ മരണവാര്‍ത്ത വന്ന ഉടനെ യുഡിഎഫ്‌ നേതാക്കള്‍ ഒന്നടങ്കം സിപിഎമ്മിന്‌ നേരെ വിരല്‍ ചൂണ്‌ടിയതിന്‌ പിന്നിലെ രാഷ്‌ട്രീയവും മറ്റൊന്നല്ല. എന്നാല്‍ ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ പോലും സിപിഎം നേതൃത്വത്തിനാവുന്നില്ലെന്നാണ്‌ വിരോധാഭാസം. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പിറ്റേന്ന്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സിപിഎമ്മല്ലെങ്കില്‍ പിന്നെ ആര്‌ എന്ന്‌ ചോദ്യത്തിന്‌ പരോക്ഷമായെങ്കിലും ഉത്തരം നല്‍കാന്‍ അദ്ദേഹത്തിനായില്ല. ഇതുതന്നെയാണ്‌ സംശയമുന സിപിഎമ്മിലേക്ക്‌ നീളുന്നതിന്‌ കാരണവും.

ചന്ദ്രശേഖരന്‌ ഭീഷണി ഉണ്‌ടായിരുന്നുവെന്നും മതിയായ സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും പറയുമ്പോള്‍ ആരില്‍ നിന്നാണ്‌ ഭീഷണി ഉണ്‌ടായിരുന്നതെന്ന്‌ യുഡിഎഫ്‌ നേതാക്കള്‍ തിരിച്ചു ചോദിച്ചാല്‍ സിപിഎമ്മിന്‌ ഉത്തരംമുട്ടുമെന്നതാണ്‌ യാഥാര്‍ഥ്യം. ചന്ദ്രശേഖരന്റെ വധത്തോടെ പാര്‍ട്ടി കോടതിയും ഷുക്കൂര്‍ വധവും വീണ്‌ടും പ്രചാരണവിഷയങ്ങളായി കടന്നുവരുമെന്നതും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷം നല്‍കുന്ന കാര്യങ്ങളല്ല.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കരയിലെ ബിജെപിയുടെ നേരിയ സാധ്യതയ്‌ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്‌ടെന്ന്‌ കാണാതിരിക്കാനാവില്ല. നെയ്യാറ്റിന്‍കരയില്‍ കൊലപാതക രാഷ്‌ട്രീയം പ്രചാരണത്തില്‍ മുഖ്യ അജണ്‌ടയാവമ്പോള്‍ സാമുദായിക സന്തുലനമെന്ന വിഷയം പിന്‍നരയിലേക്കു തള്ളിപ്പോവുന്നു എന്നതാണ്‌ ബിജെപിക്ക്‌ തിരിച്ചടിയാകുക. പറയുന്നത്‌ ക്രൂരമാണെങ്കിലും യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിനച്ചിരിക്കാതെ അടിച്ച ലോട്ടറി തന്നെയാണ്‌ ചന്ദ്രശേഖരന്റെ കൊലപാതകം. ഒരിക്കല്‍ പോലും യുഡിഎഫ്‌ അനുകൂല നിലപാടെടുത്തിട്ടില്ലെങ്കിലും ചന്ദ്രശേഖരന്‌ അന്തിമോപാചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കെപിസിസി അധ്യക്ഷനും നേരിട്ടെത്തി രക്തസാക്ഷിയെ ഏറ്റെടുക്കുന്ന കാഴ്‌ച സന്ദേശം സിനിമയിലെ ചിലരംഗങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെന്നതാണ്‌ യാഥാര്‍ഥ്യം. ലീഗിന്‌ അഞ്ചാം മന്ത്രി അനുവദിച്ചതിലുണ്‌ടായ വിവാദങ്ങളും മുരളീധരന്റെയും ആര്യാടന്റെയും പ്രസ്‌താവനകളും ബാലകൃഷ്‌ണപിള്ള-ഗണേഷ്‌കുമാര്‍ തര്‍ക്കവും എന്‍എസ്‌എസ്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നതുമെല്ലാം ചേര്‍ന്ന്‌ യുഡിഎഫിനെ നെയ്യാറിന്റെ നടുച്ചുഴിയിലാക്കിയിരുന്നു. നിലയില്ലാക്കയത്തില്‍ മുങ്ങിത്താണുകൊണ്‌ടിരിക്കെ ലഭിച്ച കച്ചിത്തുരമ്പായാണ്‌ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ യുഡിഎഫ്‌ കണക്കാക്കുന്നത്‌. എന്തായാലും ഒഞ്ചിയത്ത്‌ പൊലീസിന്റെ നിറ തോക്കിന്‌ മുന്നില്‍ വെടിയേറ്റ്‌ മരിച്ച പത്ത്‌ കമ്യൂണിസ്‌റ്റ്‌ സഖാക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ ഇത്രയുംകാലം അഭിമാനം കൊണ്‌ടിരുന്ന സിപിഎമ്മിന്‌ ഒഞ്ചിയത്തെ മറ്റൊരു രക്തസാക്ഷിത്വം ഉണ്‌ടാക്കാനിടയുള്ള നഷ്‌ടങ്ങളെന്തൊക്കെയെന്ന്‌ കാത്തിരുന്ന്‌ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക