Image

'ഫാഷിസത്തെ തിരിച്ചറിയുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടു'

Published on 12 September, 2019
'ഫാഷിസത്തെ തിരിച്ചറിയുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടു'

ജിദ്ദ: ഫാഷിസത്തെ കൃത്യമായി മനസിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ഹിന്ദുത്വ അജണ്ട നേരിടുന്നതില്‍ കൃത്യമായ ആസൂത്രണമില്ലാത്തതുമാണ് രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി. പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക പാര്‍ട്ടികളടക്കം മതേതര കക്ഷികളുടെ ഐക്യനിര രാജ്യത്ത് ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ കാര്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയടക്കം മതേതര കക്ഷികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ചില നേതാക്കളുടെ സ്വാര്‍ത്ഥതക്ക് മുന്നില്‍ തകര്‍ന്നു പോവുകയായിരുന്നു.

എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ബാങ്കുകളുമടക്കം രാജ്യത്തിന്റെ വിഭവങ്ങളെല്ലാം കുത്തകകളുടെ കൈകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നു. രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്ന സാമ്പത്തിക നിലപാടാണ് രാജ്യം ഭരിക്കുന്ന സംഘ് പരിവാര്‍ ഗവണ്‍മെന്റിന്റേത്. കോര്‍പ്പറേറ്റുകള്‍ക്കെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസിനും ഇടതു കക്ഷികള്‍ക്കും സാധിക്കാതെ വരുന്നു. രാഷ്ട്രീയ വിമോചനം കേവലം അധികാരത്തിലൂടെ മാത്രം പരിഹരിക്കാന്‍ സാധിക്കുന്നതാണെന്നു വെല്‍ഫെയര്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല. അതിന് എല്ലാ ജനവിഭാഗത്തിന്റേയും സാമൂഹ്യമായ ഉന്നമനം ആവശ്യമാണ്. രാജ്യത്തെ മര്‍ദിത പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ശബ്ദങ്ങള്‍ ചില കേന്ദ്രങ്ങളിലെങ്കിലും കേള്‍ക്കാന്‍ സാധിക്കുന്നു എന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.


ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട്, ബഷീര്‍ ചുള്ളിയന്‍, വേങ്ങര നാസര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.കെ. സൈതലവി, സി.എച്ച്. ബഷീര്‍, അഡ്വ.ഷംസുദ്ദീന്‍, സലിം എടയൂര്‍, അമീന്‍ ഷറഫുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്, ദാവൂദ് രാമപുരം, സി.പി. മുസ്തഫ, അബ്ഷീര്‍, സുഹൈര്‍ മുത്തേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എം.പി അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ ഇ.പി. സിറാജ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക