Image

ഉദ്യോഗസ്ഥപിഴവിന് കര്‍ഷകരെ ക്രൂശിക്കാന്‍ അനുവദിക്കില്ല: വി.സി.സെബാസ്‌റ്‌റ്യന്‍

Published on 13 September, 2019
ഉദ്യോഗസ്ഥപിഴവിന് കര്‍ഷകരെ ക്രൂശിക്കാന്‍ അനുവദിക്കില്ല: വി.സി.സെബാസ്‌റ്‌റ്യന്‍
കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി കര്‍ഷകര്‍ കൃഷിചെയ്ത് നിലനിര്‍ത്തുന്ന പുരയിടങ്ങള്‍ റവന്യു രേഖകളില്‍ തോട്ടങ്ങളായി മാറ്റിയെഴുതി കര്‍ഷകരെ ദ്രോഹിക്കുന്ന റവന്യു വകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരെ സംഘടിച്ച് പ്രക്ഷോഭമാരംഭിക്കുവാന്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം തീരുമാനിച്ചു. സെപ്തംബര്‍ 18ന് പാലായില്‍ പ്രക്ഷോഭസമരങ്ങള്‍ക്ക് തുടക്കമാകും.
റവന്യൂ ഉദ്യോഗസ്ഥര്‍ക്കും റീ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിനും പറ്റിയ തെറ്റ് തിരുത്താതെ കര്‍ഷകനെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മൂന്നു സെന്റുകാരനെപ്പോലും തോട്ടമുടമയായി ചിത്രീകരിച്ചിരിക്കുന്നത് ഏറെ വിചിത്രമാണ്. വിവിധ വില്ലേജുകളില്‍ ക്വാറി ഖനന മാഫിയകള്‍ക്കും റവന്യൂ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമായി പുരയിടമെന്ന് രേഖകളില്‍ നിലനില്‍ത്തിയിരിക്കുന്നുവെന്ന പ്രചരണം അന്വേഷണവിധേയമാക്കണം. റവന്യു വകുപ്പ് കര്‍ഷകരില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്ന സത്യവാങ്മൂലം കൈവശഭൂമിപോലും നഷ്ടപ്പെടുത്തുന്ന കുതന്ത്രമാണ്. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ജനകീയപ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുന്നത് ദുഖകരമാണ്. ജനാധിപത്യത്തെ നിര്‍വീര്യമാക്കുന്നതും ജനപ്രതിനിധികളെ നോക്കുകുത്തികളായി മാറ്റി നിര്‍ത്തുന്നതുമായ ഉദ്യോഗസ്ഥഭരണമാണ് കാലങ്ങളായി കേരളത്തില്‍ നടക്കുന്നത്. ഇക്കൂട്ടരെ തീറ്റിപ്പോറ്റാന്‍ കര്‍ഷകര്‍ പട്ടിണികിടക്കുന്ന അതിക്രൂരവും ദയനീയവുമായ സ്ഥിതിവിശേഷം ഇനിയും തുടരാനാന്‍ പാടില്ല. രാഷ്ട്രീയ അടിമകളും വോട്ടുചെയ്യാനുള്ള ഉപകരണങ്ങളും മാത്രമായി കര്‍ഷകര്‍ അധപതിക്കരുതെന്നും ഇത്തരം ജനദ്രോഹവിഷയത്തില്‍ ചങ്കൂറ്റത്തോടെ ഒറ്റക്കെട്ടായി സംഘടിതരായി മുന്നോട്ടുവന്ന് പ്രതികരിക്കണമെന്നും വി,സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ ഇന്‍ഫാം പാലാ കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫാം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണവും ഇന്‍ഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍ ആമുഖപ്രഭാഷണവും നടത്തി. പുരയിടം-തോട്ടം പ്രശ്‌നത്തെക്കുറിച്ച് റ്റോമിച്ചന്‍ സ്കറിയ (കര്‍ഷകവേദി പാലാ), സെപ്തംബര്‍ 18ലെ കര്‍ഷകപ്രക്ഷോഭസംഗമത്തെക്കുറിച്ച് ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

കിസാന്‍ മിത്ര ചെയര്‍മാന്‍ ഡിജോ കാപ്പന്‍, സിജോ മഴുവഞ്ചേരില്‍, ജയിംസ് ചൊവ്വാറ്റുകുന്നേല്‍, തോമസ് എം. ഈറ്റത്തോട്ട്, സണ്ണി മുത്തോലപുരം, ബേബി പതിപ്പള്ളി എന്നിവര്‍ സംസാരിച്ചു. സെപ്തംബര്‍ 18ലെ പാല സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ കര്‍ഷകപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് 101 അംഗ സംഘാടകസമിതിക്കും സമ്മേളനം രൂപം നല്‍കി.

ഉദ്യോഗസ്ഥപിഴവിന് കര്‍ഷകരെ ക്രൂശിക്കാന്‍ അനുവദിക്കില്ല: വി.സി.സെബാസ്‌റ്‌റ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക